You are Here : Home / USA News

വാഷിംഗ്‌ടണ്‍ ഡി.സിയെ പ്രകമ്പനം കൊള്ളിച്ച ജെ.എഫ്‌.എയുടെ ഉജ്വലപ്രകടനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 29, 2013 04:56 hrs UTC

ന്യൂയോര്‍ക്ക്‌: മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അമ്പത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ മാര്‍ച്ചിന്റെ ഓര്‍മ്മ പുതുക്കുന്നതിനുവേണ്ടി അമേരിക്കയിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ അല്‍ഷാര്‍പ്‌ടന്റെ ആഹ്വാനമനുസരിച്ച്‌ 2013 ഓഗസ്റ്റ്‌ 24-ന്‌ ശനിയാഴ്‌ച വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന്‌ ജസ്റ്റീസ്‌ ഫോര്‍ ഓള്‍ (ജെ.എഫ്‌.എ) എന്ന സംഘടനയുടെ ബാനറില്‍ ന്യൂയോര്‍ക്കില്‍ നിന്ന്‌ ജെ.എഫ്‌.എ ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂരിന്റെ നേതൃത്വത്തിലും, ന്യൂജേഴ്‌സിയില്‍ നിന്നും ജെ.എഫ്‌.എയുടെ വക്താവും ഡയറക്‌ടറുമായ അലക്‌സ്‌ കോശി വിളനിലത്തിന്റെ നേതൃത്വത്തിലും രണ്ടു ബസുകളിലായി ജെ.എഫ്‌.എ ഭാരവാഹികളും അനുഭാവികളുമായി 33 -ഓളം പേര്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ രണ്ടുകൂട്ടരും വാഷിംഗ്‌ടണ്‍ ഡി.സിയിലുള്ള റോബര്‍ട്ട്‌ എഫ്‌ കെന്നഡി സ്റ്റേഡിയത്തിലെത്തിച്ചേരുകയും അവിടെ നിന്നും മെട്രോ റെയിലില്‍ ലിങ്കണ്‍ മെമ്മോറിയലില്‍ എത്തി കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവിലൂടെ ജെ.എഫ്‌.എയുടെ എട്ട്‌ അടി നീളമുള്ള, ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്ന ബാനറും, മഹാത്മാഗാന്ധിയുടേയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റേയും കളര്‍ ഫോട്ടോയോടുകൂടിയ ബാനറും, ഇന്ത്യന്‍ ദേശീയ പതാകയുമായി അണിനിരന്ന്‌ മുദ്രവാക്യം മുഴക്കിയപ്പോള്‍ റോഡിനു വെളിയിലുണ്ടായിരുന്ന ജനങ്ങള്‍ ഓടിക്കൂടുകയും ജെ.എഫ്‌.എയുടെ ബാനറിനു പിന്നില്‍ നിന്ന്‌ മുദ്രവാക്യം ഏറ്റുപറയുവാനും തുടങ്ങി.

 

 

ജെ.എഫ്‌.എ പ്രവര്‍ത്തകരെല്ലാം തന്നെ ഈയിടെ ഹഡ്‌സണ്‍ നദിയില്‍ ബോട്ട്‌ അപകടമുണ്ടായി നീതിരഹിതമായി അറസ്റ്റ്‌ ചെയ്യപ്പെട്ട ജോജോ ജോണിന്റേയും കാലിഫോര്‍ണിയയില്‍ ജയിലില്‍ 59 വര്‍ഷത്തെ ജയില്‍ ശിക്ഷയ്‌ക്ക്‌ വിധേയനായി വിധികാത്ത്‌ കഴിയുന്ന ആനന്ദ്‌ ജോണിന്റേയും ടീ ഷര്‍ട്ടുകളായിരുന്നു ധരിച്ചിരുന്നത്‌. ആഫ്രിക്കന്‍ അമേരിക്കന്‍സും, വെള്ളക്കാരും, സ്‌പാനീഷുകാരും, ജപ്പാന്‍കാരും എന്നുവേണ്ട ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയവരെ ജാഥയില്‍ കാണാന്‍ കഴിഞ്ഞു. റോക്ക്‌ലാന്റില്‍ നിന്നുമുള്ള ഇന്നസെന്റ്‌ ഉലഹന്നാനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അജിന്‍ ആന്റണി, ഷാജു പാപ്പന്‍, രാജു യോഹന്നാന്‍, അലക്‌സ്‌ ഏബ്രഹാം, യോഹന്നാന്‍ ജോണ്‍, അന്നമ്മ ജോണ്‍, മേരിക്കുട്ടി മാത്യു, ജൂബിന്‍ രാജു, മനു റോയി എന്നിവരും, ജെ.എഫ്‌.എ ഡയറക്‌ടമാരായ ഫിലിപ്പ്‌ തോമസ്‌, എലിസബത്ത്‌ ഫിലിപ്പ്‌, അവരുടെ കോളജില്‍ പഠിക്കുന്ന കാതറൈന്‍ ഫിലിപ്പ്‌ എന്നിവരും, ജെ.എഫ്‌.എയുടെ ലീഗല്‍ അഡൈ്വസറും ഡയറക്‌ടറുമായ രവീന്ദ്രന്‍ നാരായണന്‍, ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂര്‍, സിസിലി കൂവള്ളൂര്‍, സോയി ജോസഫ്‌, ബംഗ്ലാദേശ്‌ സ്വദേശി മറിയം അക്തര്‍, പാക്കിസ്ഥാന്‍ സ്വദേശി അബ്ബാസ്‌, ജെ.എഫ്‌.എയുടെ അനുഭാവിയായ റജീസ്‌ നെടുങ്ങാടപ്പള്ളി, ജെ.എഫ്‌.എയുടെ ഡയറക്‌ടറും ഔദ്യോഗിക വക്താവുമായ അലക്‌സ്‌ വിളനിലം, അദ്ദേഹത്തിന്റെ പുത്രന്‍, പഞ്ചാബികളായ കുല്‍വന്ദ്‌ കൗര്‍, വികോടറിയ കൗര്‍ എന്നിവരും ഒത്തുചേര്‍ന്ന്‌ മുദ്രവാക്യം മുഴക്കിയപ്പോള്‍ അത്‌ വാഷിംഗ്‌ടണ്‍ ഡി.സിയില്‍ ഇടിമുഴക്കംപോലെ മുഴങ്ങിക്കേട്ടു. അല്‍ഷാര്‍പ്‌ടണിന്റെ ആളുകള്‍ എല്ലാവരും ചെറിയ പ്ലാക്കാര്‍ഡുകളും ചെറിയ ബാനറുകളുമാണ്‌ പിടിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ അവര്‍ ജാഥയില്‍ പങ്കെടുക്കുന്നവരായി തോന്നിയില്ല. അവരെല്ലാം തികച്ചും അടുക്കും ചിട്ടയുമില്ലാതെയാണ്‌ വഴിയരികിലൂടെ നിരനിരയായി പൊയ്‌ക്കൊണ്ടിരുന്നത്‌.

 

 

എന്നാല്‍ ജെ.എഫ്‌.എയുടെ ബാനര്‍ വഴിയുടെ നടുവില്‍ പിടിച്ച്‌ രണ്ടുവശവും കെട്ടിയിരുന്ന പൈപ്പില്‍ ഉയര്‍ത്തിയപ്പോള്‍ അതിനെ സംരക്ഷിക്കുവാനെന്നോണം വഴിയുടെ ഇരുവശത്തും പോലീസും അണിനിരന്നു. എന്നുതന്നെയല്ല ലോകമെമ്പാടുമുള്ള ടിവി ചാനലുകാരും ഫോട്ടോഗ്രാഫര്‍മാരും ഓടിക്കൂടി. അതൊരു മഹാസംഭവംതന്നെയായിരുന്നു. അശോകചക്രമുള്ള വലിയൊരു ത്രിവര്‍ണ്ണ പതാകയാണ്‌ ന്യൂജേഴ്‌സിയില്‍ നിന്നും അലക്‌സ്‌ കോശി കൊണ്ടുവന്നത്‌. വാസ്‌തവത്തില്‍ അമ്പത്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ നടത്തിയ മാര്‍ച്ച്‌ കറുത്ത വര്‍ഗ്ഗക്കാരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും, അവര്‍ക്ക്‌ വെള്ളക്കാരോടൊപ്പം ജോലി ലഭിക്കുന്നതിനും, അമേരിക്കയില്‍ ഇന്ത്യയിലെപ്പോലെ ജനാധിപത്യം വരുന്നതിനും വേണ്ടിയായിരുന്നെങ്കില്‍ അമ്പത്‌ വര്‍ഷങ്ങള്‍ക്കുശേഷം വെറും സ്വാതന്ത്ര്യം മാത്രം ലഭിച്ചാല്‍ പോര എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കണമെന്നും, അനാവശ്യമായി കേസുകള്‍ ചാര്‍ജ്‌ ചെയ്‌ത്‌ ജയിലില്‍ ഇട്ടിരിക്കുന്നവര്‍ക്കെല്ലാം നീതി ലഭിക്കണമെന്നും, നീതി ലഭിക്കാത്തവര്‍ക്ക്‌ അത്‌ ഏതുവിത്തിലുമായിക്കൊള്ളട്ടെ, നീതി ലഭിക്കണമെന്നുമുള്ള മുദ്രാവാക്യവും സന്ദേശവും കാലത്തിനനുസരിച്ച്‌ അമേരിക്കന്‍ ഭരണകൂടത്തിന്റെ സിരാകേന്ദ്രത്തില്‍ തന്നെ പ്രകടമാക്കുന്നതിന്‌ ജെ.എഫ്‌.എ എന്ന സംഘടനയ്‌ക്ക്‌ കഴിഞ്ഞു എന്നുള്ളത്‌ ഒരു ബില്യനിലധികം വരുന്ന മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന ഒന്നാണ്‌. ഇവിടെ നാം ഓര്‍ക്കേണ്ട ഒരു കാര്യംനമ്മുടെ അശോക ചക്രത്തിന്റെ അര്‍ത്ഥം ശരിയായി മനസിലാക്കിയിട്ടുള്ളവര്‍ക്ക്‌ ലോകത്തില്‍ ഒരു ജനതയ്‌ക്കും ഇന്നുവരെ വാഗ്‌ദാനം ചെയ്യാന്‍ കഴിയാത്ത 24 സന്ദേശങ്ങളാണ്‌ അശോകചക്രത്തില്‍ അടങ്ങിയിരിക്കുന്നതെന്ന്‌ കാണാന്‍ കഴിയും. 1963-ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ കറുത്ത വര്‍ഗ്ഗക്കാര്‍ക്കുവേണ്ടി സ്വാതന്ത്ര്യത്തിനും തുല്യതയ്‌ക്കും വേണ്ടി വാദിച്ചു.

 

 

 

പക്ഷെ അതുകൊണ്ടുമാത്രം ആയില്ല. അദ്ദേഹം തന്നെ ഗുരുവായി സ്വീകരിച്ചത്‌ മഹാത്മാഗാന്ധിയെ ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ ആ ഇന്ത്യയുടെ ദേശീയ പതാക അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്‌ടണ്‍ ഡി.സിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവിലൂടെ കാറ്റില്‍ പറത്തിക്കൊണ്ട്‌ 71 വയസ്‌ പ്രായമുള്ള അലക്‌സ്‌ കോശി വിളനിലത്തോടൊപ്പം നടന്നുനീങ്ങിയപ്പോള്‍ ഇനി മരിച്ചാലും സാരമില്ല എന്ന്‌ ഈ ലേഖകന്‍ ഓര്‍ത്തുപോകുകയും ശരീരം കോരിത്തരിക്കുകയും ചെയ്‌തു എന്നുള്ള സത്യം പറഞ്ഞേ തീരൂ. അമേരിക്കയില്‍ അഞ്ച്‌ മില്യനോടടുത്ത്‌ ഇന്ത്യക്കാരുണ്ടായിട്ടും ഇത്തരത്തിലുള്ള പ്രകടനങ്ങളിലും മാര്‍ച്ചുകളിലും പങ്കെടുക്കാതെ ഒഴിഞ്ഞുമാറി നില്‍ക്കുന്ന പ്രവാസികള്‍ക്ക്‌ ഞങ്ങളുടെ പ്രകടനം ഉത്തേജനം നല്‍കട്ടെ എന്നു ഞങ്ങള്‍ ആശിക്കുന്നു. ജെ.എഫ്‌.എ എന്ന പ്രസ്ഥാനം ഇന്ന്‌ അമേരിക്കയിലുടനീളം ഒരു ചര്‍ച്ചാവിഷയംതന്നെ ആയിത്തീര്‍ന്നിരിക്കുകയാണ്‌. വെറും ആറുമാസംകൊണ്ട്‌ ഇത്രയധികം ജനശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞ ഒരു പ്രസ്ഥാനം അമേരിക്കയില്‍ ഉണ്ടായിട്ടുണ്ടെന്നും തോന്നുന്നില്ല. `നീതിതന്‍ പേടക വാതില്‍ തുറന്ന്‌ അനീതിക്കെതിരേ ശബ്‌ദമുയര്‍ത്തി വാക്കുകളാലെ വീചികള്‍ മാറ്റി ന്യായാസനങ്ങളെ ഞെട്ടിവിറപ്പിച്ച്‌...' ജെ.എഫ്‌.എ മുന്നോട്ടു പോകുന്നു. അതാണ്‌ ജെ.എഫ്‌.എ. അശോകചക്രത്തില്‍ പറഞ്ഞിരിക്കുന്ന 24 കാര്യങ്ങളും ഭൂമുഖത്ത്‌ നടപ്പാക്കാന്‍ ജെ.എഫ്‌.എ പ്രവര്‍ത്തകര്‍ക്ക്‌ കഴിയട്ടെ എന്നും ആശംസിക്കുന്നു. ഞങ്ങളുടെ പ്രവര്‍ത്തനശൈലിയിലൂടെ ഞങ്ങളെ വിലയിരുത്തുക, തെറ്റുകളും കുറ്റങ്ങളും ക്ഷമിക്കുക. സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വേണ്ടി നിലകൊള്ളുക. എല്ലാ ജീവജാലങ്ങളേയും സ്‌നേഹിക്കുക. അതുവഴി മനുഷ്യ നന്മയും ദൈവീകദാനവും താനേ കൈവരും. യേശുക്രിസ്‌തു പറഞ്ഞിരിക്കുന്നതുപോലെ നല്ല സമരിയാക്കാരനായിത്തീരുക. ജെ.എഫ്‌.എയ്‌ക്കുവേണ്ടി തോമസ്‌ കൂവള്ളൂര്‍ (ചെയര്‍മാന്‍) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.