You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ സമ്മേളനം അവിസ്മരണീയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, January 18, 2015 04:52 hrs UTC

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിലെ മലയാള ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ക്രിസ്തുമസ്- പുതുവത്സരാഘോഷം വര്‍ധിച്ച ജനപങ്കാളിത്തവും പുതുമയുംകൊണ്ട് അവിസ്മരണീയമായി. മലങ്കര ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപനും, മികച്ച വാഗ്മിയും വേദപണ്ഡിതനുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കി. സ്റ്റാറ്റന്‍ഐലന്റില്‍ ഇദംപ്രദമമായി രൂപീകരിച്ച എക്യൂമെനിക്കല്‍ ക്വയര്‍ നടത്തിയ ഗാനശുശ്രൂഷ ഏറെ ഹൃദ്യമായി. പ്രമുഖ ഗായകനും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമായ റവ.ഫാ. അലക്‌സ് കെ. ജോയി, പിയാനിസ്റ്റ് ജോസഫ് പാപ്പന്‍ (റെജി), ലീനസ് വര്‍ഗീസ് എന്നിവരാണ് എക്യൂമെനിക്കല്‍ ക്വയറിന് നേതൃത്വം നല്‍കിയത്.

 

മുഖ്യാതിഥിയും വൈദീകശ്രേഷ്ഠരും , എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഭാരവാഹികളും ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ആദരവ് നല്‍കുകയും, ക്വായര്‍ സ്വാഗതമോതുകയും ചെയ്തു. തുടര്‍ന്ന് പ്രസിഡന്റ് റവ.ഫാ. ചെറിയാന്‍ മുണ്ടയ്ക്കലിന്റെ മഹനീയ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സെക്രട്ടറി ഡോ. ജോണ്‍ കെ. തോമസ് സ്വാഗതം ആശംസിച്ചു. റവ. മാത്യൂസ് ഏബ്രഹാം പൊതുസമ്മേളനത്തിന്റെ അവതാരകനായിരുന്നു. മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ സംയുക്ത ആരാധന നടത്തപ്പെട്ടു. വിവിധ ഇടവക പ്രതിനിധികള്‍ വേദപുസ്തകപാരായണം നടത്തി. എക്യൂമെനിക്കല്‍ ക്വയറിന്റെ ഗാനശുശ്രൂഷ ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ക്ക് കെസിയ ജോസഫ്, ശ്രേയ സന്തോഷ് എന്നിവര്‍ എം.സിമാരായി പ്രവര്‍ത്തിച്ചു.

 

വിവിധ ഇടവകകളുടെ കരോള്‍ ഗാനങ്ങള്‍, ടാബ്ലോ, നൃത്തങ്ങള്‍, സന്ദേശം എന്നിവ ഉന്നത കലാമൂല്യം പുലര്‍ത്തി. എക്യൂമെനിക്കല്‍ കൗണ്‍സില്‍ ട്രഷറര്‍ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് കൃതജ്ഞത രേഖപ്പെടുത്തി. റവ.ഫാ. ടി.എ. തോമസ് സ്‌തോത്രകാഴ്ച സമര്‍പ്പണ പ്രാര്‍ത്ഥനയും, റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല ആശീര്‍വാദ പ്രാര്‍ത്ഥനയും നിര്‍വഹിച്ചു. സഖറിയാ തോമസ് (വൈസ് പ്രസിഡന്റ്), ടോം തോമസ് (ജോ.സെക്രട്ടറി), പൊന്നച്ചന്‍ ചാക്കോ, കോര കെ. കോര, മാണി വര്‍ഗീസ്, ദേവസ്യാച്ചന്‍ മാത്യു, വര്‍ഗീസ് എം. വര്‍ഗീസ്, ബിജു ചെറിയാന്‍ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി. പി.ആര്‍.ഒ ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.