You are Here : Home / USA News

കുറ്റവാളികളെ രക്ഷപെടുത്തുന്ന പോലീസിന്റെ വിവേചനാ നയത്തിനെതിരേ ജെ.എഫ്‌.എ രംഗത്ത്‌

Text Size  

Story Dated: Friday, December 19, 2014 10:17 hrs UTC

ന്യൂയോര്‍ക്ക്‌: ടെക്‌സസിലെ റൈസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2014 മാര്‍ച്ച്‌ ഒന്നാം തീയതി 22 കുട്ടികളോടൊപ്പം അഞ്ച്‌ കാറുകളിലായി ടൂറിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന ഫ്‌ളോറിഡയിലെ പനാമ സിറ്റിയില്‍ വെക്കേഷനു പോയ ന്യൂയോര്‍ക്ക്‌ സ്വദേശിയായ റെനി ജോസിനെ കാണാതായിട്ട്‌ ഇതിനോടകം ഒമ്പത്‌ മാസങ്ങള്‍ കഴിഞ്ഞു. റെനി ജോസിനെപ്പറ്റിയുള്ള വേദനിക്കുന്ന ഓര്‍മ്മകളുമായി റെനിയുടെ മാതാപിതാക്കളും മറ്റ്‌ കുടുംബാംഗങ്ങളും ദിവസങ്ങള്‍ തള്ളിനീക്കിക്കൊണ്ടിരിക്കുകയാണ്‌. ഇതേവരെ പോലീസിന്റേയോ മറ്റ്‌ അധികാരികളുടേയോ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാതിരുന്ന സാഹചര്യത്തില്‍ റെനി ജോസിന്റെ മാതാപിതാക്കള്‍ ജസ്റ്റീസ്‌ ഫോര്‍ ഓള്‍ (ജെ.എഫ്‌.എ) എന്ന സംഘടനയുമായി ബന്ധപ്പെടുകയുണ്ടായി. അതനുസരിച്ച്‌ ജെ.എഫ്‌.എ കേസ്‌ അന്വേഷണം ത്വരിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കേസ്‌ അമ്പേഷണം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ആദ്യപടിയായി പൊതുജനങ്ങളില്‍ നിന്നും വളരെ കഷ്‌ടപ്പെട്ട്‌ സമാഹരിച്ച 20,000 ഒപ്പുകളടങ്ങിയ പരാതികള്‍ ഒരു സി.ഡിയിലാക്കി ഫ്‌ളോഡ, ടെക്‌സാസ്‌, അരിസോണ, ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, ഇല്ലിനോയിസ്‌ എന്നീ സ്റ്റേറ്റുകളില്‍ നിന്നുള്ള യു.എസ്‌ സെനറ്റര്‍മാര്‍ക്കും, ഫ്‌ളോറിഡ ഗവര്‍ണര്‍ക്കും, റെനി ജോസിനെപ്പറ്റിയുള്ള അന്വേഷണത്തില്‍ എഫ്‌.ബി.ഐ ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ട്‌ ഓണ്‍ലൈനിലൂടെ പരാതികള്‍ നല്‍കിക്കഴിഞ്ഞു.

 

വാസ്‌തവത്തില്‍ 20,000 പേരുടെ ഒപ്പുകള്‍ പേപ്പറില്‍ നിന്നും സി.ഡിയില്‍ ആക്കിയശേഷം ഓണ്‍ലൈനില്‍ ലിങ്ക്‌ ഉണ്ടാക്കുക എന്ന ശ്രമകരമായ ജോലി യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ചെയ്‌തു തീര്‍ത്തത്‌ ജെ.എഫ്‌.എയുടെ മാസ്റ്റര്‍മൈന്റും, ജനറല്‍ സെക്രട്ടറിയുമായ അരിസോണയില്‍ നിന്നുള്ള ചെറിയാന്‍ ജേക്കബ്‌ എന്ന ചെറുപ്പക്കാരന്‍ ആണെന്നുള്ളത്‌ സംഘടനയെ സംബന്ധിച്ചടത്തോളം അഭിമാനകരമാണ്‌. അദ്ദേഹത്തെ സഹായിക്കാന്‍ ന്യൂജേഴ്‌സിയില്‍ താമസക്കാരനായ രാജ്‌ സദാനന്ദനും സ്‌തുത്യര്‍ഹമായ രീതിയില്‍ ജെ.എഫ്‌.എയ്‌ക്കുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. ഇവര്‍ രണ്ടുപേരും കംപ്യൂട്ടര്‍ ജീനിയസുകളുമാണ്‌. 2014 മെയ്‌ മാസം റൈസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറായി ഗ്രാജ്വേറ്റ്‌ ചെയ്യേണ്ടിയിരുന്ന 4.0 ജി.പി.എയുള്ള സമര്‍ത്ഥനായ ഒരു ചെറുപ്പക്കാരനായിരുന്നു റെനി ജോസ്‌. അദ്ദേഹത്തിന്റെ തിരോധാനം നമ്മുടെ സമൂഹത്തിന്‌ ഒരു തീരാനഷ്‌ടമാണ്‌. ഇത്തരത്തില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പഠനം പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ ഓരോന്നോരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പ്രവണതയാണ്‌ അമേരിക്കയില്‍ അങ്ങോളമിങ്ങോളം കാണാന്‍ കഴിയുന്നത്‌. ചിക്കാഗോയിലെ പ്രവീണ്‍ വര്‍ഗീസും, ന്യൂയോര്‍ക്കില്‍ നിന്നുള്ള ജാസ്‌മിന്‍ ജോസഫുമെല്ലാം ഈ ഗണത്തില്‍പ്പെടുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തേച്ചുമായ്‌ച്ചുകളഞ്ഞ്‌, അവയ്‌ക്കെല്ലാം മയക്കുമരുന്നിന്റെ പരിവേഷം നല്‍കി കേസുകള്‍ ഇല്ലാതാക്കുന്ന ഒരു പ്രവണതയാണ്‌ ഇതുമായി ബന്ധപ്പെട്ട മിക്ക പോലീസ്‌ ഉദ്യോഗസ്ഥരും, നിയമപാലകരും ചെയ്‌തുകൊണ്ടിരിക്കുന്നത്‌ എന്നുള്ളത്‌ പ്രവീണ്‍ വര്‍ഗീസിന്റെ കേസില്‍ നിന്നും നമുക്ക്‌ വ്യക്തമായി മനസിലാക്കാന്‍ കഴിയും. തുടക്കത്തില്‍ പ്രവീണ്‍ വര്‍ഗീസിന്റെ മരണകാരണം മയക്കുമരുന്നായിരുന്നു എന്നായിരുന്നു പോലീസ്‌ റിപ്പോര്‍ട്ട്‌.

 

 

പ്രവീണിന്റെ കേസ്‌ അന്വേഷിക്കാന്‍വരെ പോലീസ്‌ തയാറായില്ല. പക്ഷെ, എന്തുവിലകൊടുത്തും സത്യാവസ്ഥ പുറത്തുകൊണ്ടുവന്നേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തോടെ ജാന്‍സി റാണിയെപ്പോലെ രംഗത്തിറങ്ങിയ പ്രവീണിന്റെ മാതാവ്‌ ലൗലി വര്‍ഗീസിന്റെ മുന്നില്‍ ഇല്ലിനോയിസ്‌ ഗവര്‍ണര്‍ വരെ മുട്ടുമടക്കി. നിയമയുദ്ധത്തില്‍ അവര്‍ക്ക്‌ പിന്നില്‍ തുണയുമായി ഒരു സമൂഹം തന്നെ ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ മറ്റ്‌ സമൂഹങ്ങളിലുള്ളവര്‍ പോലും അവര്‍ക്ക്‌ പിന്തുണയുമായെത്തി. പ്രവീണിന്റെ മരണത്തിനുത്തരവാദിയായ കാര്‍ബണ്‍ഡെയില്‍ പോലീസ്‌ ചീഫിനെതിരേയും അവിടുത്തെ സിറ്റിക്കെതിരായും പ്രവീണിന്റെ മാതാപിതാക്കള്‍ സിവില്‍ റൈറ്റ്‌സ്‌ അനുസരിച്ച്‌ കേസ്‌ ഫയല്‍ ചെയ്‌തപ്പോള്‍ ഒടുവില്‍ പോലീസ്‌ മേധാവിയെ വരെ ഫയര്‍ ചെയ്‌ത വിവരം ഇതിനോടകം നാം കണ്ടുകഴിഞ്ഞു. പ്രവീണിന്റെ കേസില്‍ അവരെ സഹായിക്കാന്‍ 'ആര്‍ക്കെയിഞ്ചല്‍സ്‌ ഓഫ്‌ ജസ്റ്റീസ്‌' എന്ന സംഘടനയും മുന്നോട്ടുവന്നിരിക്കുന്നത്‌ നമ്മുടെ സമൂഹത്തിന്‌ വളരെ സഹായകരമാണ്‌. അവരെല്ലാം തന്നെ റിട്ടയര്‍ ചെയ്‌ത പോലീസ്‌ ഉദ്യോഗസ്ഥരാണ്‌. പോലീസുകാരുടെ നഷ്‌ടപ്പെട്ടുപോയ വിശ്വാസം പുനസ്ഥാപിക്കാന്‍ നടപടികള്‍ എടുക്കണമെന്ന്‌ അവര്‍ ആവശ്യപ്പെടുന്നു. ജെ.എഫ്‌.എയും അവരുമായി ഒത്തുചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. ലൗലി ജോസും റെനി വര്‍ഗീസിന്റെ കാര്യത്തില്‍ മുന്‍കൈ എടുക്കാമെന്ന്‌ സമ്മതിച്ചിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ റെനി ജോസിന്റെ കേസ്‌ മയക്കുമരുന്നുമായി ബന്ധപ്പെട്ടതാണെന്നു പറഞ്ഞ്‌ മാതാപിതാക്കളെ നിരാശരാക്കുവാന്‍ ശ്രമിച്ച ബേ കൗണ്ടി പോലീസ്‌ സാര്‍ജന്റ്‌ ജെങ്ക്‌സിനെതിരേ എഫ്‌.ബി.ഐയുടെ സഹായത്തോടെ ജസ്റ്റീസ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സിവില്‍ റൈറ്റ്‌സ്‌ ഡിവിഷന്‍ അന്വേഷണം നടത്തണമെന്ന്‌ ജെ.എഫ്‌.എ ആവശ്യപ്പെടുന്നു. ബേ കൗണ്ടി പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ റെനി ജോസിന്റെ കേസുകള്‍ തേയ്‌ച്ച്‌മായ്‌ച്ച്‌ കളയാന്‍ ശ്രമിച്ചു എന്നതിന്റെ വ്യക്തമായ തെളിവുകള്‍ ഞങ്ങള്‍ക്ക്‌ ലഭിച്ചുകഴിഞ്ഞു. അന്വേഷണത്തിന്റെ ചുമതല വഹിച്ചിരുന്ന സാര്‍ജന്റ്‌ ജങ്ക്‌സിന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ റെനി ജോസ്‌ എല്‍.എസ്‌.ഡി എന്ന മയക്കുമരുന്നിന്റെ പിടിയിലായിരുന്നു എന്നാണ്‌. അതേസമയം റെനി ജോസിന്റെ റൂംമേറ്റുകളായ നാലു കുട്ടികളുമായി റെനിയുടെ മാതാപിതാക്കളും സഹോദരിയും സംസാരിച്ചപ്പോള്‍ റെനി മയക്കുമരുന്ന്‌ കഴിച്ചിരുന്നില്ല എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.

 

ഈ വിവരം സാര്‍ജന്റ്‌ ജങ്ക്‌സിനോട്‌ പറഞ്ഞപ്പോള്‍ അയാള്‍ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി വിരട്ടാന്‍ ശ്രമിച്ചതായും റെനി ജോസിന്റെ സഹോദരി രേശ്‌മ ഈ ലേഖകനോട്‌ പറയുകയുണ്ടായി. എന്നു തന്നെയല്ല, റെനിയോടൊപ്പമുണ്ടായിരുന്ന ബാക്കി 22 പേരെ ചോദ്യം ചെയ്‌തോ എന്ന ചോദ്യത്തിന്‌ പോലീസ്‌ ഓഫീസര്‍ പറഞ്ഞത്‌ ഇന്റര്‍വ്യൂ ചെയ്‌തിരുന്നു എന്നാണ്‌. പക്ഷേ, പോലീസ്‌ റിപ്പോര്‍ട്ടു വന്നപ്പോള്‍ ഏതാനും ചില കുട്ടികളെ മാത്രം ഫോണിലൂടെ മാത്രമേ ബന്ധപ്പെട്ടിട്ടുള്ളൂ എന്നും അറിയാന്‍ കഴിഞ്ഞു. ടൂറീസ്റ്റുകളുടെ പറുദ്ദീസ എന്നറിയപ്പെടുന്ന ഫ്‌ളോറിഡായിലെ പനാമാ സിറ്റി മയക്കു മരുന്നു വിയവസായികളുടെ വിഹാര രംഗവും, കത്തിക്കുത്തുകളുടെയും കൊലപാതകങ്ങളുടെയും നാടാണെന്നുള്ള സത്യം ഇപ്പോഴെങ്കിലും നമുക്കു വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. റെനി ജോസിന്റെ തിരോധാനത്തില്‍ കൃത്രിമത്വം നടത്താന്‍ പോലീസ്‌ ശ്രമിച്ചിട്ടുണ്ട്‌ എന്നുള്ളതിനു തെളിവാണ്‌ 5 കാറുകളില്‍ റൈസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പനാമാ സിറ്റി ബീച്ചിലെത്തിയ കുട്ടികളില്‍ 16 പേര്‍ സംഭവത്തിനുശേഷം പോലീസില്‍ വിവരമറിയിച്ച ശേഷം 4 കാറുകളിലായി സ്ഥലംവിട്ടതും, അവരുടെ കാറുകള്‍ പരിശോധിക്കാന്‍ പോലീസ്‌ തയ്യാറാകാത്തതും. റെനി ജോസിന്റെ മാതാപിതാക്കള്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ളവരായതുകൊണ്ട്‌ കേസ്‌ നിഷ്‌പ്രയാസം തേച്ചുമാച്ചുകളയാമെന്ന്‌ ബേ കൗണ്ടി പോലീസ്‌ ഡിപ്പോര്‍ട്ടുമെന്റും അന്വേഷണ ഉദ്യോഗസ്ഥരും ഒരു പക്ഷേ കരുതിയിരിക്കും. റെനിയുടെ മാതാപിതാക്കള്‍ ഒരു െ്രെപവറ്റ്‌ ഇന്‍വെസ്റ്റിഗേറ്ററെ വച്ചെങ്കിലും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല.

 

 

റൈസ്‌ യൂണിവേഴ്‌സിറ്റി പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റിന്റെ ഭാഗത്തുനിന്നും ഇതേവരെ യാതൊരു സഹകരണവും മാതാപിതാക്കള്‍ക്കു ലഭിച്ചിട്ടില്ല. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ ഇന്ത്യാക്കാരായ നാം വെറുതെ കൈയും കെട്ടി നോക്കി നില്‍ക്കുന്നത്‌ അനുചിതമാണ്‌. അമേരിക്കന്‍ ഭരണഘടനയില്‍ ഓരോ പൗരനും ഉറപ്പുനല്‍കിയിട്ടുള്ള സിവില്‍ റൈറ്റ്‌സ്‌ നിയമങ്ങളനുസരിച്ച്‌ റെനി ജോസിന്റെ തിരോധാനം അന്വേഷണിക്കാന്‍ ജസ്റ്റിസ്‌ ഡിപ്പാര്‍ട്ടുമെന്റിന്റെ സഹായം നമുക്ക്‌ ആവശ്യപ്പെടാവുന്നതാണ്‌. മൂന്നു സ്‌റ്റേറ്റുകളുമായി ബന്ധപ്പെട്ട കേസ്‌ ആയതിനാല്‍ ഫെഡറല്‍ ഗവര്‍മെന്റിന്റെയും, എഫ്‌.ബി.ഐ യുടെയും ഇടപെടല്‍ അനിവാര്യമാണ്‌. ബേ കൗണ്ടി പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റിനെതിരെ യു.എസ്‌.ഡിപ്പാര്‍ട്ടുമെന്റ്‌ ഓഫ്‌ ജസ്റ്റിസുമായി ബന്ധപ്പെട്ട്‌ സിവില്‍ റൈറ്റ്‌സ്‌ കംപ്ലെയിന്റ്‌ ഫയല്‍ ചെയ്യുന്നതോടൊപ്പം റെനി ജോസിനെ കാണാതായ സിറ്റിക്കെതിരെയും കേസ്‌ ഫയല്‍ ചെയ്യാവുന്നതാണ്‌. വേണ്ടിവന്നാല്‍ നാഷണല്‍ വെലലില്‍ ഒരു സിവില്‍ റൈറ്റ്‌സ്‌ മൂവ്‌മെന്റു തന്നെ സംഘടിപ്പിക്കാനും ജെ.എഫ്‌.എ പ്ലാനിട്ടിരിക്കുകയാണ്‌. യോജിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളുമായും ഇക്കാര്യത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ ജെ.എഫ്‌.എ തയ്യാറാണ്‌. 2014 അവസാനിക്കുന്ന ഈ ക്രിസ്‌തുമസ്‌ വേളയില്‍ ഈ വര്‍ഷം നമുക്കു നഷ്ടപ്പെട്ട എല്ലാ കുഞ്ഞുങ്ങളുടെയും ആത്മ ശാന്തിക്കുവേണ്ടി പ്രാവര്‍ത്ഥിക്കുന്നതോടൊപ്പം, മേലില്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഉണ്ടാവാതിരിക്കാനും നമുക്കു പ്രാര്‍ത്ഥിക്കാം. ആര്‍ക്കെങ്കിലും ഭാവിയില്‍ ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായാല്‍ത്തന്നെ പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും സത്വര നടപടികള്‍ സ്വീകരിക്കുകയും, കുറ്റവാളികളെ കൈയോടെ പിടിക്കാനുള്ള സ്ഥിതിവിശേഷം ഉണ്ടാകണമെങ്കില്‍ നാം സംഘടിച്ചേ മതിയാവൂ. ഈയിടെ ന്യൂജേഴ്‌സിയിലെ ഇന്ത്യാക്കാരുടെ വീടുകള്‍ കൊള്ളയടിച്ചപ്പോള്‍, ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി സംഘടിച്ചു നിന്നതിന്റെ ഫലമായി എഫ്‌.ബി.ഐ ഇടപെടുകയും പ്രതികളെ കൈയോടെ പിടിച്ചതും നാം കാണുകയുണ്ടായല്ലോ. ലോക്കല്‍ പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുകയുണ്ടായി.

 

സംഘടനകളിലും, പ്രസ്ഥാനങ്ങളിലും, പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ ഇതുപോലുള്ള സംഭവങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ തങ്ങളുമായി ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണ്‌. വെറുതെ ക്രിസ്‌തുമസും, ഈസ്റ്ററും, വിഷുവും, ഓണവും ഘോഷിക്കുന്നതിലും ആവശ്യം നമ്മുടെ ഇടയില്‍ ഉണ്ടാകാറുള്ള പ്രശ്‌നങ്ങളില്‍ പങ്കെടുക്കാനും സഹകരിക്കാനും അതുമായി ബന്ധപ്പെട്ടവരെ പ്രാപ്‌തരാക്കേണ്ടിയിരിക്കുന്നു. പള്ളികളിലും, അമ്പലങ്ങളിലും, മോസ്‌ക്കുകളിലും മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു സമൂഹമായി നമ്മുടെ ജനതയെ മാറ്റാതെ, സമൂഹത്തിന്‍ നടക്കുന്ന ഉച്ചനീചത്വങ്ങള്‍ക്കും, അതിക്രമങ്ങള്‍ക്കും, ജാഗരൂഗരായിരിക്കാന്‍ അവര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, വേണ്ടി വന്നാല്‍ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അവരെ പ്രാപ്‌തരാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ചിക്കാഗോയില്‍ പ്രവീണ്‍ വറുഗീസിന്റെ സംഭവത്തില്‍ ജനങ്ങളുടെ കൂട്ടായ്‌മ നാം കണ്ടു കഴിഞ്ഞു. മഹാത്മജിയുടെ പിന്‍ഗാമികളെന്നവകാശപ്പെടുന്ന നാം അഹിംസയില്‍ ഉറച്ചുനിന്നുകൊണ്ട്‌ സത്യത്തിനും നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയാല്‍ ഏതു കാര്യവും നേടിയെടുക്കാനാവും. ഈയിടെ നോബേല്‍ െ്രെപസിന്‌ അര്‍ഹയായ മലാലയുടെ മുദ്രാവാക്യം തന്നെ ശബ്ദമുയര്‍ത്തുക എന്നതാണല്ലോ. മീഡിയാക്കാരും, മതനേതാക്കളും, സംഘടനാ നേതാക്കളും ഒറ്റക്കെട്ടായി റെനി ജോസിന്റെ കാര്യത്തില്‍ ഒന്നിച്ചു നിന്നാല്‍ നമുക്ക്‌ തീര്‍ച്ചയായും നീതി ലഭിക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. റെനി ജോസിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ ആ ചെറുപ്പക്കാരന്റെ മാതാപിതാക്കളോടൊപ്പം ഉറച്ചു നിന്നു പോരാടാന്‍ 2015 സമാഗതമായിരിക്കുന്ന ഈ അവസരത്തില്‍ നമുക്കു പ്രതിജ്ഞ എടുക്കാം. സാധിക്കുന്നവര്‍ ഈ വാര്‍ത്തയുടെ കൂടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്കു ചെയ്‌താല്‍ അതാതു സ്‌റേററ്റുകളിലുള്ള യു.എസ്‌. സെനറ്റര്‍മാരുടെ പേരുവിവരം ലഭിക്കുന്നതായിരിക്കും. സാധിക്കുന്നവരെല്ലാം ഞങ്ങളുടെ ഈ സംരംഭത്തില്‍ ഭാഗഭാക്കുകളാകണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

www.JFAAMERICA.com

US senate Website : http://www.senate.gov/general/contact_information/senators_cfm.cfm

1. Select the Senator of your state.

2. Click on the link for their own website

3. Select he Contact US / Email Senator link.

4. Provide basic information (name / email and address)

5. Modify the salutation line from the following petition format.

6. Submit the application.

 

 - തോമസ്‌ കൂവള്ളൂര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.