You are Here : Home / USA News

സീറോമലബാര്‍ മതബോധന സ്‌കൂള്‍ കുട്ടികള്‍ ബൊറോമിയോ സെമിനാരി സന്ദര്‍ശിച്ചു

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Sunday, December 14, 2014 08:57 hrs UTC

   
ഫിലാഡല്‍ഫിയ: ആഗോളകത്തോലിക്കാസഭ 2014 നവംബര്‍ 30 മുതല്‍ 2016 ഫെബ്രുവരി 2 വരെ സമര്‍പ്പിതവര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ സഭയുടെ ഉള്‍വിളി നെഞ്ചിലേറ്റി ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്‌കൂള്‍ കുട്ടികളും അദ്ധ്യാപകരും ഫിലാഡല്‍ഫിയ അതിരൂപതയുടെ വൈദികപഠനകേന്ദ്രമായ സെ. ചാള്‍സ് ബോറോമിയോ സെമിനാരി സന്ദര്‍ശിച്ചു.
 
ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ അഭാവത്തില്‍ സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്്ടറും, കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം മുന്‍ പ്രസിഡന്റുമായ റവ. ഡോ. മാത്യു മണക്കാട്ടിന്റെ നേതൃത്വത്തില്‍ മതബോധനസ്‌കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, മതാദ്ധ്യാപകരായ ജോസഫ് ജയിംസ്, ജോസ് ജോസഫ്, സോബി ചാക്കോ, മഞ്ജു സോബി, ജേക്കബ് ചാക്കോ, ജോസ് മാളേയ്ക്കല്‍, തോമസ്‌കുട്ടി സൈമണ്‍, റോഷന്‍ ഫിലിപ് എന്നിവര്‍ എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സണ്ടേസ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം സെമിനാരി സന്ദര്‍ശിച്ചു.
 
ഡിസംബര്‍ 7 ഞായറാഴ്ച്ച ഇടവകയില്‍ ദൈവവിളി ദിനമായി ആചരിക്കുകയും റവ. ഡോ. മാത്യു മണക്കാട്ട് ദിവ്യബലി അര്‍പ്പിച്ച് സമര്‍പ്പിതജീവിതം നയിക്കുന്ന അനേകായിരം ദൈവികശുശ്രൂഷകരെ അനുസ്മരിച്ച് അവര്‍ക്കായി പ്രത്യേകപ്രാത്ഥനകള്‍ അര്‍പ്പിക്കുകയും, സെമിനാരി പ്രൊഫസറായിരുന്ന തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ദൈവവിളിയുടെ പ്രാധാന്യം ദിവ്യബലി സന്ദേശത്തിലൂടെ യുവതലമുറക്കു പറഞ്ഞുകൊടുക്കുകയും ചെയ്തു.
 
വടക്കേ അമേരിക്കയിലെ സെമിനാരികളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സെ. ചാള്‍സ് ബോറോമിയോ സെമിനാരി 1832 ല്‍ ഫിലാഡല്‍ഫിയായുടെ മൂന്നാമത്തെ ബിഷപ്പായ ഫ്രാന്‍സിസ് കെന്‍ഡ്രിക്ക് ആണു സ്ഥാപിച്ചത്. അഞ്ചു വൈദികവിദ്യാര്‍ത്ഥികളുമായി ഫിലാഡല്‍ഫിയാ ഫിഫ്ത് സ്ട്രീറ്റിലുള്ള തന്റെ വസതിയില്‍ സെമിനാരിക്കാരുടെയും, സണ്ടേസ്‌കൂളിന്റെയും മദ്ധ്യസ്ഥനായ വിശുദ്ധ ചാള്‍സ് ബൊറോമിയോയുടെ പേരില്‍ തുടക്കമിട്ട സെമിനാരി 1871 ല്‍ ഫിലാഡല്‍ഫിയായുടെ പ്രാന്തപ്രദേശമായ ഓവര്‍ബ്രൂക്കിലുള്ള ഇപ്പോഴത്തെ വസതിയിലെത്തി. ഒരു നൂറ്റാണ്ടിനപ്പുറമുള്ള വളര്‍ച്ചയില്‍ 4 പ്രമുഖ പഠനകേന്ദ്രങ്ങളുള്ള ഒരു മേജര്‍ സെമിനാരിയായി ഇത് ഇന്ന് ഉയര്‍ന്നിരിക്കുന്നു.
ഫിലാഡല്‍ഫിയായുടെ നാലാമത്തെ ബിഷപ്പായിരുന്ന സെ. ജോണ്‍ ന്യൂമാന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധന്‍ എന്ന പദവിയിലെത്തുകയും ഇന്നു നാം കാണുന്ന അമേരിക്കയിലെ കാത്തലിക് സ്‌കൂള്‍ സിസ്റ്റത്തിനു തുടക്കമിടുകയും ചെയ്തു.
 
ഇപ്പോഴത്തെ റെക്ടര്‍ അഭിവന്ദ്യ ബിഷപ്പ് തിമോത്തി സീനിയര്‍ ഉള്‍പ്പെടെ ധാരാളം ബിഷപ്പുമാരെ സംഭാവനചെയ്തിട്ടുള്ള ബൊറോമിയോ സെമിനാരി ഫിലാഡല്‍ഫിയാ അതിരൂപതയുടെ ഉന്നത വൈദികവിദ്യാഭ്യാസകേന്ദ്രം കൂടിയാണു.
 
സെമിനാരിയന്മാരായ ഷിലേന്ദ്ര, ടിം എന്നിവര്‍ ടീമംഗങ്ങളെ സെമിനാരിയിലെ വിവിധ പഠനകേന്ദ്രങ്ങളും, ചാപ്പലുകളും, റയന്‍ മെമ്മോറിയല്‍ ലൈബ്രറിയും കൊണ്ടുനടന്നു കാണിച്ചു. ഒരു ലക്ഷത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളൂന്ന റയന്‍ ലൈബ്രറി അമേരിക്കയിലെ തന്നെ വലിയ ലൈബ്രറികളിലൊന്നാണു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നേറ്റിവിറ്റി സെറ്റുകള്‍ അവിടെ പ്രദര്‍ശനത്തിനു വച്ചിരുന്നു.
 
ഫസിലിറ്റി ടൂറിനെ തുടര്‍ന്ന് സെമിനാരി വൊക്കേഷന്‍ ഡയറക്ടര്‍ റവ. ഫാ. സ്റ്റീവന്‍ ഡീലാസിയുടെ രസകരമായ ക്ലാസ് കുട്ടികളും അദ്ധ്യാപകരും വളരെയധികം ആസ്വദിച്ചു. വൊക്കേഷനെ സംബന്ധിച്ച് വളരെ ലലിതമായ ഭാഷയില്‍ നര്‍മ്മത്തില്‍ ചാലിച്ച് അദ്ദേഹം അവതരിപ്പിച്ച ക്ലാസ് കുട്ടികള്‍ കയ്യടിയോടെ സ്വീകരിച്ചു. തുടക്കത്തില്‍ അദ്ദേഹം നടത്തിയ മല്‍സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സെമിനാരിയുടെ വക ടീ ഷര്‍ട്ടുകള്‍ സമ്മാനമായി ലഭിച്ചു. എല്ലാവര്‍ക്കുംവേണ്ടി തോമസ്‌കുട്ടി സൈമണ്‍ നന്ദി പ്രകാശിപ്പിച്ചു.
 
ലഘുഭക്ഷണത്തിനുശേഷം സെമിനാരിയന്മാര്‍ അവതരിപ്പിച്ച ക്രിസ്മസ് കണ്‍സേര്‍ട്ട് എല്ലാവരും ആസ്വദിച്ചു. സെമിനാരി റെക്ടര്‍ അഭിവന്ദ്യ ബിഷപ്പ് തിമോത്തി സീനിയര്‍ ക്രിസ്മസ് സന്ദേശം നല്‍കി.
സമര്‍പ്പിതരുടെ പഠനരീതികളെയും, ജീവിതരീതികളെയും, പ്രവര്‍ത്തനമേഖലകളെകളെയും കുറിച്ച് അവഗാഹമായ അറിവും, അനുഭവസമ്പത്തും ആര്‍ജിക്കുന്നതിനും, പ്രേഷിതരംഗങ്ങളില്‍ ജോലിചെയ്യുന്ന എല്ലാവരോടും ആദരവു പുലര്‍ത്തുന്നതിനുള്ള മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനും ഈ സെമിനാരി സന്ദര്‍ശനം ഉപകരിച്ചു.
 
ഫോട്ടോ: ജോസ് ജോസഫ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.