You are Here : Home / USA News

ഷിക്കാഗോയില്‍ മിനിമം വേതനം വര്‍ധിപ്പിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 12, 2014 12:37 hrs UTC

ഷിക്കാഗോ: സിറ്റിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം ഗണ്യമായി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള നിയമത്തിന്‌ ഷിക്കാഗോ സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി. നിലവിലുള്ള മണിക്കൂറിന്‌ 8.25 ഡോളര്‍ വേതനം എന്നത്‌ ഘട്ടംഘട്ടമായി മണിക്കൂറിന്‌ 13 ഡോളറായിട്ടാണ്‌ ഉയര്‍ത്തിയിട്ടുള്ളത്‌. 2015 ജൂലൈ 1 മുതല്‍ മണിക്കൂറിന്‌ 10 ഡോളറായി ഉയര്‍ത്തപ്പെടുന്ന മിനിമം വേതനം പടിപടിയായി ഓരോ വര്‍ഷവും ഉയര്‍ന്ന്‌ 2019-ല്‍ 13 ഡോളര്‍ മണിക്കൂറിന്‌ എന്ന നിരക്കില്‍ എത്തും. സിറ്റി കൗണ്‍സിലില്‍ ബഹുഭൂരിപക്ഷം അംഗങ്ങളും മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നതിന്‌ അനുകൂലമായിട്ടാണ്‌ വോട്ട്‌ നല്‍കിയത്‌. മേയര്‍ റാം എമ്മാനുവേലിന്റെ ഉറച്ച നിലപാടാണ്‌ വേണ്ടത്ര എതിര്‍പ്പ്‌ കൂടാതെ മിനിമം വേതനവര്‍ദ്ധനവ്‌ സിറ്റി കൗണ്‍സിലില്‍ പാസാക്കുവാന്‍ കഴിഞ്ഞത്‌.

 

ഫെഡറല്‍ മിനിമം വേതനം മണിക്കൂറിന്‌ 7.50 ഡോളറും, ഇല്ലിനോയിയില്‍ 8.25 ഡോളറുമാണ്‌ നിലവില്‍. തൊഴിലാളി സംഘടനകളും പൊതുസമൂഹവും മിനിമം വേതനം വര്‍ദ്ധിപ്പിച്ച നടപടിയെ പൊതുവെ സ്വാഗതം ചെയ്‌തിട്ടുണ്ടെങ്കിലും, റെസ്റ്റോറന്റ്‌ വര്‍ക്കേഴ്‌സ്‌ ഓര്‍ഗനൈസേഷന്‍ ഈ വര്‍ധനവ്‌ അപര്യാപ്‌തമാണെന്നും, വര്‍ദ്ധിച്ച ജീവിത ചെലവിന്റെ അടിസ്ഥാനത്തില്‍ മിനിമം വേതനം 15 ഡോളറായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ചെറുകിട വ്യവസായ സ്ഥാപനങ്ങളും, റീട്ടെയില്‍ സ്റ്റോര്‍ ഉടമകളും മിനിമം വേതന വര്‍ധനവിനെതിരേ രംഗത്തുവന്നിട്ടുണ്ട്‌. സിറ്റി കൗണ്‍സിലുകള്‍ക്ക്‌ മിനിമം വേതനം വര്‍ദ്ധിപ്പിക്കുവാന്‍ അധികാരമില്ലെന്നും , സംസ്ഥാന തലത്തില്‍ മാത്രമേ ഇത്തരം വര്‍ദ്ധനവ്‌ നിയമപരമായി അനുവദിച്ചിട്ടുള്ളുവെന്നുമാണ്‌ ഇവരുടെ നിലപാട്‌.

പുതിയ നിയമം കോടതിവഴി റദ്ദാക്കാനുള്ള സാധ്യത തേടുകയാണ്‌ വ്യാപാര-വ്യവസായ സംഘടനാ നേതൃത്വം. സംസ്ഥാനതലത്തില്‍ മിനിമം വേതനം മണിക്കൂറിന്‌ 10 ഡോളറായി ഉയര്‍ത്തുന്നതിന്‌ ഗവര്‍ണ്ണര്‍ പാറ്റ്‌ ക്യൂനും, സംസ്ഥാന സെനറ്ററും അനുകൂലമായി നിലപാട്‌ സ്വീകരിച്ചുവെങ്കിലും, സംസ്ഥാന പ്രതിനിധി സഭ വിഷയം ചര്‍ച്ചയ്‌ക്കെടുക്കുവാന്‍ വിസമ്മതിച്ചു. നവംബര്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ നടത്തിയ ഹിതപരിശോധനയില്‍ ഷിക്കാഗോയില്‍ 80 ശതമാനം വോട്ടര്‍മാരും, സംസ്ഥാനത്തൊട്ടാകെ 67 ശതമാനം വോട്ടര്‍മാരും മിനിമം വേതനം വര്‍ദ്ധനവിന്‌ അനുകൂലമായാണ്‌ വോട്ട്‌ ചെയ്‌തത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.