You are Here : Home / USA News

ഫീനിക്‌സില്‍ ഇടവക ദിനവും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 14, 2014 10:27 hrs UTC

ഫീനിക്‌സ്‌: ഫീനിക്‌സ്‌ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക ദിനാചരണവും, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഭക്തിസാന്ദ്രമായി. ആഘോഷപരിപാടികളോടനുബന്ധിച്ച്‌ നടന്ന വിവിധ തിരുകര്‍മ്മങ്ങളില്‍ ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ഫിലിപ്പ്‌ തീമ്പലങ്ങാട്ട്‌, ഫാ. ജോര്‍ജ്‌ കല്ലൂക്കാരന്‍ എന്നിവര്‍ സഹകാര്‍മികരായി. പരിശുദ്ധാത്മാവിന്റെ സഹായത്തോടെ വിശ്വാസത്തില്‍ സ്ഥിരതയോടെ പ്രവര്‍ത്തിക്കുവാന്‍ ശക്തിലഭിക്കുന്നത്‌ കൂദാശകള്‍ സ്വീകരിക്കുന്നതുവഴിയാണെന്ന്‌ ബിഷപ്പ്‌ വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തില്‍ സൂചിപ്പിച്ചു. കൃതഞ്‌ജതാബലിയര്‍പ്പിണത്തിനുശേഷം ദേവാലയത്തോടനുബന്ധിച്ച്‌ പുതുതായി പണികഴിപ്പിച്ച അഡോറേഷന്‍ ചാപ്പലിന്റെ കൂദാശാകര്‍മ്മവും പിതാവ്‌ നിര്‍വഹിച്ചു. തുടര്‍ന്ന്‌ നടന്ന വിവിധ കലാപരിപാടികളിലും സ്‌നേഹവിരുന്നിലും ബിഷപ്പ്‌ മുഖ്യാതിഥിയായി. ക്രൈസ്‌തവമൂല്യങ്ങള്‍ പ്രതിഫലിക്കുന്ന കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ വിശ്വാസപ്രഘോഷണത്തിന്റെ ഭാഗമായി കണക്കാക്കണമെന്ന്‌ പിതാവ്‌ അഭിപ്രായപ്പെട്ടു.

 

മാധ്യമങ്ങള്‍ക്ക്‌ വന്‍ പ്രധാന്യമുള്ള ഇന്നത്തെ തലമുറയില്‍ ക്രൈസ്‌തവ പ്രമേയങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്ന കലാ-സാഹിത്യസൃഷ്‌ടികള്‍ ഉണ്ടാകണമെന്നും മാര്‍ അങ്ങാടിയത്ത്‌ എടുത്തുപറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ കണ്ട്‌ മനസിലാക്കി, പ്രഥമദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുകയും അവരോടൊപ്പം സ്‌നേഹവിരുന്നില്‍ പങ്കുചേരുകയും ചെയ്‌തത്‌ ഇടവകാംഗങ്ങള്‍ക്ക്‌ പ്രത്യേക അനുഭവമായി മാറി. ട്രസ്റ്റിമാരായ റ്റോമി സിറിയക്‌, അശോക്‌ പാട്രിക്‌, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു എന്നിവര്‍ പരിപാടികളുടെ മുഖ്യ സംഘാടകരായിരുന്നു. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.