You are Here : Home / USA News

എന്‍.കെ പ്രേമചന്ദ്രന്‌ മയാമിയില്‍ ഫോമയുടെ സ്വീകരണം

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Thursday, November 13, 2014 10:06 hrs UTC



മയാമി: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസ്‌ ഫോമായുടെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രിയും ഇപ്പോള്‍ എംപിയുമായ എന്‍ കെ പ്രേമചന്ദ്രനു ഫോര്‍ട്ട്‌ ലോഡര്‍ഡേയിലെ ഇന്ത്യന്‍ ചില്ലീസ്‌ റെസ്‌റ്റോറന്റില്‍ വച്ചു നടത്തിയ സ്വീകരണ പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിന്നും പ്രമുഖര്‍ പങ്കെടുത്തു. യോഗത്തില്‍ ആദ്യമായി കേരള രാഷ്ട്രീയത്തിലെ ശക്ത്‌തരായ നേതാക്കളില്‍ ഒരാളായിരുന്ന ശ്രീ എം വി രാഘവന്റെ (എം വി ആര്‍) നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട്‌ ഫോമാ 2016 കണ്‍വെന്‍ഷന്‍ ചെയര്‍മാനും പരിപാടിയിലെ എംസിയുമായിരുന്ന മാത്യു വര്‍ഗീസ്‌ സംസാരിച്ചു. തുടര്‍ന്ന്‌ ഫോമാ നാഷണല്‍ കമ്മിറ്റി മെംബ്ബര്‍ എബി ആനന്ദ്‌ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിലേയും എംബസ്സിയിലേയും ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകുന്ന എം പിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും, തങ്ങള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കിത്തരാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്‌ അദ്ദേഹത്തിന്‍റെ അധ്യക്ഷ പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു.

മറുപടി പ്രസംഗത്തില്‍ ബഹുമാന്യനായ എം പി ഫോമായുടെ സ്‌നേഹോഷ്‌മളമായ സ്വീകരണത്തിനു ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുകയും,ഫോമാ 2016 മയാമി കണ്‍വെന്‍ഷന്‍ ഒരു ചരിത്ര വിജയമാകട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്‌തു.ഫോമാ പ്രസിഡന്റ്‌ സൂചിപ്പിച്ച എംബസ്സിയില്‍ നിന്നും മറ്റുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലം തീര്‍ച്ചയായും പാര്‍ലിമെന്റില്‍, ഗവര്‍മെണ്ടിന്റെ ശ്രദ്ധയില്‍ കൊണ്ട്‌ വരുമെന്നും, അതിനു കിട്ടുന്ന അവസരങ്ങള്‍ പരമാവതി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പു നല്‌കി. മലയാള ഭാഷയേയും സാഹിത്യത്തെയും എക്കാലത്തും സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ വിധ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നു.

ഫോമാ അഡ്വൈസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ്‌, ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രതിനിധി സുനില്‍ തൈമറ്റം, കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ലോറിഡയുടെ പ്രതിനിധി ജോയ്‌ കുട്ട്യാനി, നവ കേരള ആര്‍ട്‌സ്‌ ക്ലബ്‌ പ്രസിഡന്റ്‌ റെജി തോമസ്‌, കേരള അസോസിയേഷന്‍ ഓഫ്‌ പാം ബീച്ച്‌ പ്രസിഡന്റ്‌ ലൂക്കോസ്‌ പൈനുംകല്‍ എന്നിവര്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കു ആശംസകള്‍ നേര്‍ന്നു കൊണ്ട്‌ സംസാരിച്ചു.

തുടര്‍ന്നു നടന്ന ചോദ്യോത്തര വേളയില്‍, വിവിധ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ സദസ്സിന്റെ ചോദ്യങ്ങള്‍ക്ക്‌ ബഹുമാനപ്പെട്ട എംപി മറുപടി നല്‌കി. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസ്‌ കൃതജ്ഞത അറിയിച്ചു പരിപാടികള്‍ അവസാനിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.