You are Here : Home / USA News

രാഷ്ട്രീയം ജന ജീവിതത്തിന്‍െറ ഭാഗമാക്കിയത് ന്യൂസ് ചാനലുകളാണെന്ന് ജോണി ലൂക്കോസ്

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Tuesday, November 11, 2014 11:20 hrs UTC

ന്യൂയോര്‍ക്ക് : രാഷ്ട്രീയം ജന ജീവിതത്തിന്‍െറ ഭാഗമാക്കിയത് ന്യൂസ് ചാനലുകളാണെന്ന് ഇന്ത്യ പ്രസ് ക്ലബ് മാധ്യമ പുരസ്കാര ജേതാക്കളിലൊരാളായ മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്. ഇതിനു ഗുണവും ദോഷവുമുണ്ട്. 24 മണിക്കൂര്‍ ചാനല്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ബാബ്റി മസ്ജിദ് തകര്‍ക്കുന്ന സ്ഥിതി ഉണ്ടാവില്ലായിരുന്നു എന്നു പറയുന്നത് ഉദാഹരണം. ഇന്ത്യയിലെ രാഷ്ട്രീയ മാറ്റവും മാധ്യമ രംഗവും എന്ന വിഷയത്തെക്കുറിച്ച് ഇന്ത്യാ പ്രസ് ക്ലബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുനിലപാടില്‍ നിന്ന് മാറി നില്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് പറ്റാത്ത സ്ഥിതി ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. ബാന്‍ഡ് വാഗണ്‍ മെന്റാലിറ്റി എന്നതിനെ പറയുന്നു. ചാരക്കേസില്‍ ഇതു പ്രകടമായിരുന്നു. ചാരക്കേസ് സത്യമാണെന്നതായിരുന്നു അന്നത്തെ പൊതു സമൂഹത്തിന്‍െറ നിലപാട്. രാഷ്ട്രീയമെല്ലാം അതിനു പിന്നിലുണ്ടായിരുന്നു. അന്ന് ഒരു പത്രത്തിന് മാത്രം മറിച്ച് ഒരു നിലപാട് എടുക്കുക സാധ്യമായിരുന്നില്ല എന്നതാണ് വസ്തുത. മുല്ലപ്പെരിയാറിന്‍െറ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. വകുപ്പ് മന്ത്രി പി. ജെ. ജോസഫ് അണക്കെട്ട് എപ്പോള്‍ വേണമെങ്കിലും തകരാമെന്നു പറയുന്ന സ്ഥിതിക്ക് അതു തകരില്ലെന്ന് എഴുതുക എളുപ്പമല്ല. അമേരിക്കയില്‍ മാധ്യമങ്ങള്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ എന്‍ഡോഴ്സ് ചെയ്യുമ്പോള്‍ ഇന്ത്യയില്‍ അങ്ങനെ ഒരു പതിവില്ല. ഏബ്രഹാം ലിങ്കണെ, ന്യൂയോര്‍ക്ക് ടൈംസ് എന്‍ഡോഴ്സ് ചെയ്തുവെന്നത് ചരിത്രം. മുകളില്‍ ഒരു ശക്തി എല്ലാം കാണുന്നുണ്ട് എന്നു പറയുന്നതുപോലെ മാധ്യമങ്ങള്‍ എല്ലാം കാണുന്നു എന്ന പേടിയാണ് മാധ്യമശക്തി. ജനാധിപത്യവും ഫ്രീ പ്രസും ഉളള രാജ്യത്ത് ക്ഷാമം ഉണ്ടാവില്ലെന്ന് ബംഗാള്‍ ക്ഷാമത്തിന്‍െറ കാര്യം ചൂണ്ടിക്കാട്ടി പറയാറുണ്ട്. അതു സത്യവുമാണ്. എന്തിനേയും വിമര്‍ശിക്കാന്‍ മടിക്കാത്തവരാണ് ഇന്ത്യക്കാര്‍. ഏറ്റവും ആരാധ്യനായ ശ്രീരാമനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ രാമായണത്തില്‍ തന്നെയുണ്ട്. പടക്കളത്തില്‍ ദുഃഖിതനായിരിക്കുന്ന അര്‍ജുനന് പുതിയൊരു തത്വം ഉപദേശിക്കുകയായിരുന്നു ഭഗവാന്‍ ശ്രീകൃഷ്ണന്‍. അതുപോലെ ധര്‍മ്മ പുത്രര്‍ക്കെതിരെ കടുത്ത വിമര്‍ശനവും മഹാഭാരതത്തില്‍ കാണാം. ഇത്തരം ഒരു സമൂഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വന്നതോടെ നാനാത്വം ഇല്ലാതാകുന്നുവോ എന്ന സംശയമാണ് പലരിലും ഉയര്‍ന്നിരിക്കുന്നത്. ഭരണാധികാരികള്‍ എപ്പോഴും അവര്‍ പറയുന്നത് മറ്റുളളവര്‍ കേള്‍ക്കണമെന്നാഗ്രഹിക്കുന്നവരാണ്. (വണ്‍വേ കമ്യൂണിക്കേഷന്‍). മാധ്യമങ്ങളുമായി സംവദിക്കുമ്പോള്‍ ചിലപ്പോള്‍ എതിര്‍ത്തുളള ചോദ്യങ്ങള്‍ വരാം. വണ്‍വേ കമ്യൂണിക്കേഷന്‍ ഇഷ്ടപ്പെടുന്ന നേതാക്കള്‍ കൂടി വരികയാണ്. മോദി മാധ്യമങ്ങളെ കണ്ടില്ലെന്നു പറയുമ്പോള്‍ തന്നെ മന്‍മോഹന്‍ സിങ് മൂന്ന് തവണയാണ് പത്രസമ്മേളനം നടത്തിയതെന്നും ഓര്‍ക്കണം. എങ്കിലും അദ്ദേഹത്തിന്‍െറ വിമാന യാത്രയില്‍ പത്രക്കാരെ കൊണ്ടുപോകുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യുമായിരുന്നു എന്നു മറക്കാനാവില്ല. മുന്‍പൊക്കെ പ്രധാനമന്ത്രി അല്ലെങ്കില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ, പ്രസ് സെക്രട്ടറിയോ ഒക്കെ മാധ്യമങ്ങളെ വിവരം ധരിപ്പിക്കാറുണ്ടായിരുന്നു. ചൈനക്കാരുമായി പ്രശ്നം ഉണ്ടാകുമ്പോള്‍ പോലും വിശദ വിവരം പത്രക്കാരെ അറിയിക്കും. പക്ഷെ അതൊന്നും റിപ്പോര്‍ട്ട് ചെയ്യാനല്ല. മറിച്ച് കൃത്യമായ വിവരം ലഭ്യമാക്കാന്‍ വേണ്ടിയാണ്. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പത്രക്കാര്‍ക്ക് കാര്യങ്ങളെ വിലയിരുത്താനാകും. ഇപ്പോഴത് ഇല്ലാതായിരിക്കുന്നു. മാധ്യമങ്ങള്‍ ആണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന ചിന്താഗതി ശരിയല്ല. ഒരു സിനിമയെപ്പറ്റി മാധ്യമങ്ങള്‍ എന്തെഴുതിയാലും ആദ്യ ഷോ കണ്ട് പുറത്തിറങ്ങുന്ന ജനം പറഞ്ഞു കേട്ടുണ്ടാകുന്ന അഭിപ്രായമാണ് അതിന്‍െറ വിജയ പരാജയം നിര്‍ണയിക്കുന്നത്. 1857 ല്‍ സ്വാതന്ത്യ്ര പോരാട്ടത്തിന്‍െറ കാലത്ത് മാധ്യമങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ വാര്‍ത്തകള്‍ മിന്നല്‍ വേഗത്തിലാണ് കൈമാറപ്പെട്ടത്. അടിയന്തരാവസ്ഥയിലും പത്രമാധ്യമങ്ങളുടെ വായടപ്പിച്ചു. പക്ഷെ ജനം വിവരം അറിഞ്ഞുകൊണ്ടിരുന്നു. ഒരു ഓറല്‍ ട്രഡീഷന്‍ ഇന്ത്യയില്‍ നിലനില്ക്കുന്നുവെന്നര്‍ത്ഥം. കിംവദന്തിയുടെ ശക്തിയാണ് തന്നെ തോല്‍പിച്ചതെന്ന് ഇന്ദിരാഗാന്ധി പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ മാധ്യമങ്ങള്‍ കീഴടങ്ങിയാലും ജനങ്ങള്‍ക്ക് വിവരം കിട്ടാതെ വരില്ല. എന്നാലും മോദിയുടെ വരിവിനുശേഷം മൊത്തം ഭരണകൂടം മാധ്യമങ്ങള്‍ക്ക് അപ്രാപ്യമായി നില്‍ക്കുന്ന സ്ഥിതിയുണ്ട്. പക്ഷെ അറിയാനുളള അവകാശത്തെ നിഷേധിക്കാന്‍ മാധ്യമങ്ങള്‍ ജാഗ്രവത്തായിരിക്കുന്നിടത്തോളം കാലം സാധ്യമാവില്ല. ഒരു കൂട്ടര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ വേറൊരു വിഭാഗം രംഗത്തുവരും. അതിനാല്‍ പേടിയുടെ ആവശ്യമില്ല. ഡിബേറ്റിനു പകരം ഏകാഭിപ്രായം മതി എന്ന് കോര്‍പറേറ്റ് മീഡിയയും ഗവണ്‍മെന്റും യോജിച്ച് തീരുമാനിച്ചാല്‍ അതു ദോഷകരമാകും. ഡോ. കൃഷ്ണ കിഷോര്‍ ആയിരുന്നു മോഡറേറ്റര്‍. തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ ഒരാളെ മുക്കി കൊന്നത് സൂര്യ ടിവി കാണിച്ചപ്പോള്‍ കാഴ്ചക്കാരായി നിന്ന ജനത്തിന്‍െറ നിസ്സംഗതയെപ്പറ്റി വ്യാപകമായ ചര്‍ച്ച നടന്നു. അന്നു വന്ന പൊലീസുകാരനു നീന്തല്‍ അറിയില്ലായിരുന്നു. അതിനുശേഷം പൊലീസില്‍ ചേരാന്‍ നീന്തല്‍ അറിഞ്ഞിരിക്കണമെന്ന നിബന്ധന വന്നു. ഒരു ദുരന്തമുണ്ടായെങ്കിലും അത്തരം ചില ഗുണങ്ങളുണ്ടായി എന്നര്‍ത്ഥം മറ്റൊരു പുരസ്കാര ജേതാവായ എം. ജി. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.