You are Here : Home / USA News

ഹിറൊയിന്‍-റിഥം 2014 നൃത്തവിസ്‌മയത്തിന്റെ നേര്‍ക്കാഴ്‌ച

Text Size  

Story Dated: Tuesday, November 11, 2014 11:02 hrs UTC

- മണ്ണിക്കരോട്ട്‌ (www.mannickarottu.net)

ഹ്യൂസ്റ്റന്‍: നവംബറില്‍ 1-ന്‌ (2014) വൈകീട്ട്‌ 6 മണിയ്‌ക്ക്‌ ഹ്യുസ്റ്റന്റെ സമീപനഗരമായ സ്റ്റാഫര്‍ഡിലെ സിവിക്‌ സെന്ററില്‍ അരങ്ങേറിയ ഷിഗാരി സ്‌ക്കൂള്‍ ഓഫ്‌ റിഥമിന്റെ ആറാമത്‌ വാര്‍ഷികം റിഥം ?14-ഹിറോയിന്‍ എല്ലാ അര്‍ത്ഥത്തിലും നൃത്തവിസ്‌മയത്തിന്റെ ഒരു നേര്‍ക്കാഴ്‌ചയായിരുന്നു. അത്യാധുനിക സാങ്കേതിക മികവില്‍ കണ്ണഞ്ചിക്കുന്ന വൈദ്യുതിപ്രഭയിലും ശബ്‌ദതരംഗങ്ങളിലും പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട്‌ നര്‍ത്തകര്‍ വൈദ്യുതി വേഗത്തില്‍ ചുവടുകള്‍ വച്ചു. തുടക്കം മുതല്‍ ഒടുക്കം വരെ ഇടതടവില്ലാതെ മലവെള്ളപ്പാച്ചില്‍പോലെ ഒഴുകിക്കൊണ്ടിരുന്ന ഒരു നൃത്തസുനാമിയായിരുന്നു പ്രേക്ഷകര്‍ വീക്ഷിച്ചത്‌. അതുല്യ പ്രതിഭകളായ സൗത്തേഷ്യന്‍ സ്‌ത്രീകളുടെ ആദരാര്‍ത്ഥം പ്രത്യേകം തയ്യാറാക്കിയ ഒരു നൃത്തപരിപാടിയായിരുന്നു റിഥം 14-ഹിറോയിന്‍.

 

പ്രതിബന്ധങ്ങളും പ്രതിസന്ധികളും തരണം ചെയ്‌ത്‌ ഈ പ്രതിഭകള്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ അനേകര്‍ക്ക്‌ പ്രചോദനം നല്‍കിയിട്ടുണ്ട്‌. അവരെ അവതരിപ്പിക്കുന്നതിലൂടെ മറ്റനേകര്‍ക്കും അത്‌ ഉത്തേജനത്തനും ഉത്സാഹത്തിനും കാരണമാകും.

 

ഈ അവബോധമാണ്‌ ഷിഗാരിയെ ഇത്തരം ഒരു പ്രമേയത്തിനു പ്രേരിപ്പിച്ചത്‌. ബഹിരാകാശയാത്ര മദ്ധ്യേ അകാലത്തില്‍ പൊലിഞ്ഞ കല്‍പന ചൗള, ആഗോള സൗന്ദര്യത്തിന്റെ നെറുകയില്‍ വിരാചിച്ച്‌ ബോളിവുഡില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച മാധുരി ഡിക്‌സിട്‌, ഐശര്യ റായ്‌, അമേരിക്കന്‍ രാഷ്ടീയത്തില്‍ ഉന്നതപദം അലങ്കരിക്കുന്ന നിക്കി ഹെയ്‌ലി, വ്യവസായ രംഗത്ത്‌ മുഖ്യപദവിയില്‍ വിരാചിക്കുന്ന ഇന്ദിര നൂയ്‌യിവരെ പല പ്രമുഖ സ്‌ത്രീരത്‌നങ്ങളെ ഈ പരിപാടിയില്‍ അംഗീകരിച്ചാദരിച്ചു. പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച മദര്‍ തെരെസ, കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രവര്‍ത്തിക്കുന്ന മലാല യുസഫാസി, അമേരിക്കയിലെ സൗന്ദര്യലോകം പടിച്ചടക്കിയ നീന ദവ്‌ല്‌രി (Nina Davuluri) എന്നിവരും ഈ പരിപാടിയില്‍ ആദരിക്കപ്പെട്ടു.

 

അറിയിച്ചിരുന്നതുപോലെ 6 മണിയ്‌ക്കുതന്നെ മുഖ്യാതിഥി നീന ദവ്‌ല്‌രി, വിശിഷ്ടാതിഥി സ്റ്റാഫര്‍ഡ്‌ സിറ്റി മേയര്‍ സ്‌ക്കാര്‍സെല, കൗണ്‍സില്‍മന്‍ കെന്‍ മാത്യു, റവ. റോയി എ. തോമസ്‌, ഷിഗാരി മുതലായവര്‍ ദീപം തെളിയിച്ച്‌ പരിപാടിയ്‌ക്ക്‌ തുടക്കം കുറിച്ചു. നീന ദവ്‌ല്‌രിയും മേയര്‍ സ്‌ക്കാര്‍സെലയും മെഗാ സ്‌പോണ്‍സര്‍ ബോബി ചെമ്മണ്ണൂരും സദസ്യരെ അഭിസംബോധനചെയ്‌ത്‌ പ്രസംഗിച്ചു. തുടര്‍ന്നങ്ങോട്ട്‌ ഇടതടവില്ലാതെ നൃത്തപരിപാടിയുടെ അനസ്യൂത പ്രവാഹമായിരുന്നു. തുടക്കം ബൃഹദാരണ്യകോപനിഷത്തിലെ സുപ്രസിദ്ധമായ പ്രാര്‍ത്ഥനാമന്ത്രത്തിന്റെ വരികളുടെ നൃത്താവ്‌ഷ്‌ക്കാരമായിരുന്നു. അസതോമാ സത്‌ഗമയ, തമസോമാ ജ്യോതിര്‍ഗമയ, മൃതോര്‍മാ അമൃതംഗമയ, ഒം ശാന്തി, ശാന്തി, ശാന്തി. തുടര്‍ന്ന്‌ ആദരിക്കപ്പെടേണ്ട പ്രതിഭകളുടെ ജീവിതത്തിലെ പ്രസക്ത ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ ഹൃസ്വദൃശ്യം വെള്ളിത്തിരയില്‍ തെളിയിച്ചുകൊണ്ടായിരിക്കും നൃത്താവിഷ്‌ക്കാരം. ഇങ്ങനെയൊരു പരിപാടിയില്‍ സംബന്ധിക്കാന്‍ കഴിഞ്ഞതില്‍ നീന ദവ്‌ല്‌രി സന്തോഷം പ്രകടിപ്പിച്ചു.

 

ഇതിന്റെ പ്രമേയം തിരഞ്ഞെടുക്കാന്‍ പ്രേരണയായതില്‍ ഞാന്‍ വിനയാന്യുതയാണ്‌. എന്നെ ഈ പരിപാടിയിലേക്ക്‌ ക്ഷണിച്ചതിലും ആദരിച്ചതിലും ഷിഗാരിയ്‌ക്കും അവരുടെ ടീമിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വികാരഭരിതമായ സന്ധ്യയായിരുന്നു. മിസ്‌. ദവ്‌ല്‌രി എഴുതിക്കൊടുത്തു. ഈ സംരംഭം ആസൂത്രണം ചെയ്യുകയും നിയന്ത്രിയ്‌ക്കുകയും നിര്‍വഹിക്കുകയും ചെയ്‌തത്‌ ഷിഗാരി സ്‌ക്കൂള്‍ ഓഫ്‌ റിഥമിന്റെ സ്ഥാപകയും ഡിറക്ടറുമായ ഷിഗാരി കുര്യക്കോസ്‌ തന്നെയാണ്‌. അവരുടെ ടീംമിന്റെ സഹായത്തോടെ ഒരു അവിസ്‌മരണീയമായ കലാസന്ധ്യ കാഴ്‌ചവയ്‌ക്കാന്‍ കഴിഞ്ഞതില്‍ ഷിഗാരി സന്തോഷം പ്രകടിപ്പിച്ചു. എല്ലാവര്‍ക്കും പ്രത്യേകിച്ച്‌ മുഖ്യാതിഥി മിസ്‌ അമേരിക്ക 2014-നും വിശിഷ്ടാതിഥി സ്റ്റാഫ്‌ഡ്‌ മേയര്‍ സ്‌ക്കാര്‍സെലയ്‌ക്കും ഷിഗാരി നന്ദി അറിയിച്ചു.

 

പരിപാടിയുടെ അവസാനം ഇരൂന്നൂറോളം നര്‍ത്തകര്‍ ചേര്‍ന്നുള്ള ഗ്രാന്‍ഡ്‌ ഫിനാലെയായിരുന്നു. ഇത്രയും കലാകാര്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച ഗ്രാന്‍ഡ്‌ ഫിനാലെയില്‍ സദസ്യര്‍ ആര്‍ത്തുല്ലസിച്ചു. തുടര്‍ന്ന്‌ ഒരു അത്യപൂര്‍വ്വ കലാസന്ധ്യകണ്ട്‌ ആസ്വദിച്ച സംതൃപ്‌തിയോടും ഇനിയും ഇതുപോലൊരു പരിപാടിയ്‌ക്ക്‌ അടുത്തവര്‍ഷം സാക്ഷ്യം വഹിക്കാം എന്ന പ്രതിക്ഷയോടും ജനങ്ങള്‍ മടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.