You are Here : Home / USA News

താഴികക്കുട സ്ഥാപനവും ദീപാവലി ആഘോഷങ്ങളും ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തി

Text Size  

Story Dated: Wednesday, October 29, 2014 09:11 hrs UTC

    

ഷിക്കാഗോ: ഗീതാമണ്‌ഡലത്തിന്റെ ഹാനോവര്‍ പാര്‍ക്കിലുള്ള കെട്ടിടത്തില്‍ താഴികക്കുടം സ്ഥാപിച്ചു. പ്രത്യേക പൂജകള്‍ക്കുശേഷം ശ്രീ ശ്യാം ഭട്ടതിരിയാണ്‌ താഴികക്കുടസ്ഥാപനം നിര്‍വഹിച്ചത്‌. തങ്കമ്മ അപ്പുക്കുട്ടനും, അപ്പുക്കുട്ടന്‍ കാലാക്കലും ആണ്‌ താഴികക്കുടം ഗീതാണ്‌ഡലത്തിന്‌ സമര്‍പ്പിച്ചത്‌. ശ്രീ നാരായണന്‍ കുട്ടപ്പന്റെ ശില്‌പകലയില്‍ തീര്‍ത്ത സ്‌തൂപത്തില്‍, താഴികക്കുടം സ്ഥാപിച്ചപ്പോള്‍, അവിടെ കൂടിയ നൂറുകണക്കിന്‌ ആളുകള്‍ക്ക്‌ അത്‌ നിര്‍വൃതിയുടെ നിമിഷങ്ങളായിരുന്നു.

പ്രത്യേക പൂജകളും ഭജനയും, തുടര്‍ന്ന്‌ പടക്കംപൊട്ടിച്ചും, ദീപാവലി കാഴ്‌ചകള്‍ ഒരുക്കിയും ഈവര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ തകൃതിയായ നടന്നു. `ഗര്‍ബാ' നൃത്തത്തില്‍ സ്‌ത്രീകള്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. തിന്മയ്‌ക്കുമേല്‍ നന്മയുടെ വിജയസന്ദേശമാണ്‌ ദീപാവലി. ആ നന്മയുടെ ദീപപ്രഭയായി ആഘോഷിക്കുവാന്‍ സാധിച്ചത്‌ പുണ്യമായി കരുതുന്നുവെന്ന്‌ ഗീതാമണ്‌ഡലം പ്രസിഡന്റ്‌ ജയ്‌ ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ശ്രീകൃഷ്‌ണ ജയന്തിക്കും, നവരാത്രി ഉത്സവത്തിനും ശേഷം നടന്ന ദീപാവലി ആഘോഷങ്ങളിലും ഗീതാമണ്‌ഡലത്തിന്റെ ചരിത്രത്തിലാദ്യമായി അസംഖ്യം ആളുകള്‍ പങ്കെടുക്കുകയുണ്ടായി. ഷിക്കാഗോയിലെ മലയാളി ഹിന്ദുക്കളെ സംബന്ധിച്ചടത്തോളം അചഞ്ചലമായ ഭക്തിനിര്‍വൃതിയുടെ നാളുകളിലൂടെയുള്ള യാത്ര തുടങ്ങുമ്പോള്‍ ഓരോ ഗീതാമണ്‌ഡലം അംഗങ്ങള്‍ക്കും ജീവിതംതന്നെ ആദ്ധ്യാത്മികതയില്‍ ഊന്നിയ ആഘോഷമായി അനുഭവപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 16 മുതല്‍ 2015 ജനുവരി 17 വരെ എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും ശ്രീ അയ്യപ്പമണ്‌ഡലകാലം പ്രത്യേക അയ്യപ്പ ഭജനകളോടെ ഗീതാമണ്‌ഡലം കൊണ്ടാടുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബൈജു മേനോന്‍ (847 749 7444), അരവിന്ദ്‌ പിള്ള (847 769 0519).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.