You are Here : Home / USA News

ചിക്കാഗോയില്‍ കേരളാ കോണ്‍ഗ്രസ്‌ സുവര്‍ണ്ണജൂബിലി വര്‍ണ്ണാഭമായി ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, October 28, 2014 09:50 hrs UTC



ചിക്കാഗോ: അമ്പത്‌ വര്‍ഷക്കാലം പൂര്‍ത്തിയാക്കിയ കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ചിക്കാഗോയില്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. തദവസരത്തില്‍ കേരളാ കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയ്‌ക്ക്‌ ഊഷ്‌ളമായ സ്വീകരണവും നല്‍കി. ജൂബിലി സമ്മേളനത്തില്‍ ചിക്കാഗോയില്‍ നിന്നുള്ള നിരവധി രാഷ്‌ട്രീയസാമൂഹ്യസംഘടനാ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.

കേരള രാഷ്‌ട്രീയത്തില്‍ കഴിഞ്ഞ അമ്പത്‌ വര്‍ഷക്കാലം വിസ്‌മരിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ള കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടി എക്കാലവും കര്‍ഷകര്‍ക്കൊപ്പം നിലകൊണ്ട പാര്‍ട്ടിയാണ്‌. അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തവും ജനോപകാരപ്രദമായ ബജറ്റുകളും കേരളത്തിന്‌ പ്രദാനം ചെയ്‌ത കേരള രാഷ്‌ട്രീയത്തിലേയും ഭരണത്തിലേയും ചാലക ശക്തിയായി പ്രവര്‍ത്തിച്ചുവരുന്ന കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടി കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും ആശയും ആവേശവുമാണ്‌. രാഷ്‌ട്രീയത്തിന്‌ അതീതമായി ചിക്കാഗോയിലെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളേയും പങ്കെടുപ്പിച്ച്‌ ജൂബിലി സമ്മേളനം നടത്തിയത്‌ പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ സംഘാടക മികവാണ്‌.

ജൂബിലി സമ്മേളനത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നാഷണല്‍ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര അധ്യക്ഷതവഹിച്ചു. യു.ഡി.എഫ്‌ കണ്‍വീനര്‍ ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌ ആമുഖ പ്രസംഗം നടത്തി. വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയുടെ രാഷ്‌ട്രീയ പശ്ചാത്തലത്തെപ്പറ്റി വിശദീകരിച്ചു. തുടര്‍ന്ന്‌ കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ ആശംസകള്‍ അര്‍പ്പിക്കുകയും മോന്‍സ്‌ ജോസഫിന്‌ ഭാവുകങ്ങള്‍ നേരുകയും ചെയ്‌തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുവേണ്ടി തോമസ്‌ മാത്യു, പോള്‍ പറമ്പി, സന്തോഷ്‌ നായര്‍ എന്നിവരും, എല്‍.ഡി.എഫിനുവേണ്ടി പീറ്റര്‍ കുളങ്ങര, ജോണ്‍ പാട്ടപതി എന്നിവരും, കെ.എസ്‌.സിക്കുവേണ്ടി സാജു കണ്ണമ്പള്ളി, അഗസ്റ്റിന്‍ ആലപ്പാട്ട്‌, ജോമോന്‍ തെക്കേപ്പറമ്പില്‍ എന്നിവരും പ്രസംഗിച്ചു. പ്രസ്‌ ക്ലബിനെ പ്രതിനിധീകരിച്ച്‌ ബിജു കിഴക്കേക്കുറ്റ്‌, ജോയിച്ചന്‍ പുതുക്കുളം എന്നിവരും ചിക്കാഗോ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച്‌ ടോമി അംബേനാട്ടും, കടുത്തുരുത്തി നിയോജകമണ്‌ഡലത്തെ പ്രതിനിധീകരിച്ച്‌ ജയിന്‍ മാക്കീലും പ്രസംഗിച്ചു. സജി പുതൃക്കയില്‍ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായിരുന്ന സമ്മേളനത്തില്‍ മാത്യു തട്ടാമറ്റം സ്വാഗതവും, ഷിബു മുളയാനിക്കുന്നേല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ ആശംസകള്‍ക്ക്‌ മറുപടി പറഞ്ഞുകൊണ്ട്‌ മോന്‍സ്‌ ജോസഫ്‌ ജൂബിലി കേക്ക്‌ മുറിച്ചു. ചിക്കാഗോ മലയാളികള്‍ കേരളത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്‍കുന്ന സമഗ്ര സംഭാവനകള്‍ക്ക്‌ മോന്‍സ്‌ ജോസഫ്‌ നന്ദി പറഞ്ഞു. എബി തോമസും കിറ്റിയും ചേര്‍ന്ന്‌ രൂപകല്‍പ്പന ചെയ്‌ത പുതിയ മലയാളം ടൈപ്പിംഗ്‌ സംവിധാനത്തിന്റെ ഉദ്‌ഘാടനം തദവസരത്തില്‍ മോന്‍സ്‌ ജോസഫ്‌ നിര്‍വഹിച്ചു. മലബാര്‍ കേറ്ററിംഗ്‌ ഒരുക്കിയ രുചികരമായ ഡിന്നറോടുകൂടി ജൂബിലി സമ്മേളനം സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.