You are Here : Home / USA News

എസ്.ബി അലുംമ്‌നി മാര്‍ ജോയി ആലപ്പാട്ടിന് സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 23, 2014 02:17 hrs UTC

ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ മാര്‍ ജോയി ആലപ്പാട്ടിന് സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. ഇന്ത്യയ്ക്ക് വെളിയില്‍ സ്ഥാപിച്ച സീറോ മലബാര്‍ സഭയുടെ പ്രഥമ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പ്രഥമ സഹായ മെത്രാനായി സെപ്റ്റംബര്‍ 27-ന് അഭിഷിക്തനായതാണ് മാര്‍ ജോയി ആലപ്പാട്ട്. ഒക്‌ടോബര്‍ 27-ന് വൈകിട്ട് 7.30-ന് ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളിലായിരുന്നു സ്വീകരണ സമ്മേളനം നടന്നത്. റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റേയും, റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റേയും സാന്നിധ്യം സമ്മേളനത്തെ കൂടുതല്‍ ആത്മീയതേജസുറ്റതാക്കി. റവ.ഡോ ജോര്‍ജ് മഠത്തിപ്പറമ്പില്‍ ഹൃസ്വസന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയതാണ്. അദ്ദേഹം സംഘടനയുടെ രക്ഷാധികാരിയും, സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയുമാണ്. റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലിന്റെ പുതുതായി ചുമതലയേറ്റ വികാരിയാണ്.

 

 

മേഘാ മുത്തേരിലിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് ചെറിയാന്‍ മാടപ്പാട്ട് അദ്ധ്യക്ഷതവഹിച്ചു. ഷിബു അഗസ്റ്റിന്‍ സ്വാഗതം ആശംസിച്ചു. സമൂഹത്തിന്റെ നാനാതുറകളിലേക്ക് നിരവധി പ്രമുഖ വ്യക്തികളെ സംഭാവന ചെയ്ത ഒരു ബ്രാന്‍ഡ് നെയിമാണ് ചങ്ങനാശേരി എസ്.ബി കോളജ്. തിരക്കില്‍നിന്നും ബഹളത്തില്‍ നിന്നും വിട്ട് കുറച്ചു സമയം പൗരോഹിത്യത്തിന്റെ പൂര്‍ണ്ണതയില്‍ എത്തിയ മാര്‍ ജോയി ആലപ്പാട്ടിന്റേയും, വൈദീക ശ്രേഷ്ഠരായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റേയും, റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പിലിന്റേയും മഹനീയ സാന്നിധ്യത്തോടൊപ്പം എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാംഗങ്ങളും കുടുംബംഗങ്ങളും ഒന്നുചേര്‍ന്നപ്പോള്‍ സങ്കോചംവിട്ട് പരസ്പരം മനസു തുറക്കുന്ന അടുപ്പത്തിലേക്ക് തങ്ങളുടെ ഒത്തുചേരലുകള്‍ വന്നടുക്കുന്നതിന് നിമിത്തമായി.

 

ഷിക്കാഗോ രൂപതയുടെ പുതിയ സഹായ മെത്രാനായി അഭിഷിക്തനായ മാര്‍ ജോയി ആലപ്പാട്ടിനേയും ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയായി ചുമതലയേറ്റ റവ.ഡോ.അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിനേയും, ഉന്നത വിദ്യാഭ്യാസ രംഗത്തെ മഹത്തായ സംഭാവനകള്‍ക്ക് അംഗീകാരമായി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന് ലഭിച്ച മോണ്‍സിഞ്ഞോര്‍ ജോണ്‍ കച്ചിറമറ്റം അവാര്‍ഡിനുള്ള അനുമോദനങ്ങളും, ഓരോരുത്തര്‍ക്കും പുതിയ സ്ഥാനങ്ങളാല്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളുടെ നിര്‍വഹണത്തിനാവശ്യമായ ദൈവാനുഗ്രഹങ്ങളും, ആയുരാരോഗ്യവും എക്കാലവും സര്‍വ്വശക്തനായ ദൈവം പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു സമ്മേളനത്തില്‍ പ്രസംഗിച്ച ചെറിയാന്‍ മാടപ്പാട്ടും, ഡോ. ഫിലിപ്പ് വെട്ടിക്കാട്ടും. മാര്‍ ജോയി ആലപ്പാട്ട് തനിക്ക് നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗത്തില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. വല്ലപ്പോഴുമൊക്കെ ഇങ്ങനെ ഒത്തുചേരാന്‍ കഴിയുന്നത് നമ്മുടെ കൂട്ടായ്മയേയും ഐക്യത്തേയും വളര്‍ത്തുന്നതിന് ഉപകരിക്കുമെന്നും മറ്റ് പല കമ്യൂണിറ്റികളും പലവട്ടം ശ്രമിച്ചിട്ടും അവരെക്കൊണ്ട് ചെയ്യുവാന്‍ പറ്റാത്ത ഒരു കാര്യമാണ് നാമിപ്പോള്‍ ഇവിടെ ചെയ്തതെന്നും എടുത്തു പറഞ്ഞു.

 

 

സരസമായി സംസാരിക്കുകയും, നയിക്കുകയും ചെയ്യുന്നതില്‍ പ്രത്യേക വിരുതുള്ള മാര്‍ ജോയി ആലപ്പാട്ട് അണയാത്ത ആത്മീയ തേജസിന്റേയും നൈര്‍മല്യത്തിന്റേയും പിന്‍ബലത്താല്‍ തന്റെ ആയുസു മുഴുവന്‍ ദൈവവഴികളില്‍ നടക്കുവാന്‍ ക്രിസ്തുവിനു വേണ്ടി വാഴിക്കപ്പെട്ട ജീവിതമാണ്. അനുദിന ജീവിതത്തില്‍ പ്രതിസന്ധികള്‍ വെല്ലുവിളികളായി മുന്നില്‍ വരുമ്പോള്‍ അതിനെ പുഞ്ചിരിയോടെ നേരിടാനും, അതിജീവിക്കുവാനും കഴിയുന്ന കരുത്ത് നല്‍കുന്നത് ആത്മീയ ജീവിതമാണ്. സേവനത്തിനുള്ള വ്യഗ്രത, സത്യത്തിലുള്ള നിഷ്ഠ, തികഞ്ഞ നര്‍മ്മബോധം ഇതു മൂന്നും ഒത്തുചേരുമ്പോള്‍ ശാന്തിയിലേക്കും സമാധാനത്തിലേക്കുമുള്ള മാര്‍ഗ്ഗം തെളിഞ്ഞുവരും. മാര്‍ ജോയി ആലപ്പാട്ടിന്റെ സൗമ്യഭാവത്തിനു പിന്നിലെ രഹസ്യമിതാണ്. റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ തന്റെ രക്ഷാധികാരി സന്ദേശത്തില്‍ വിദ്യാഭ്യാസം ഒരു വ്യക്തിയുടെ സമഗ്ര വ്യക്തിത്വവളര്‍ച്ചയെ ലക്ഷ്യം വെച്ചുള്ളതായതിനാല്‍ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിനു പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തിനു കൂടുതല്‍ പ്രധാന്യം കൊടുക്കുകയും കുട്ടികള്‍ക്ക് കൂടുതല്‍ സമയംകൊടുക്കുകയും ചെയ്യുന്നതില്‍ താത്പര്യം എക്കാലത്തേയുംകാള്‍കൂടുതല്‍ ഇക്കാലത്ത് കാണിക്കണമെന്നു പറഞ്ഞു. റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ തനിക്ക് നല്‍കിയ സ്വീകരണത്തിന് സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു. തനിക്ക് പ്രവാസി മലയാളി വിശ്വാസികളുടെ ഇടയില്‍ കേവലം നാലുവര്‍ഷത്തെ പരിചയമേ ഉള്ളുവെന്നും എന്നാല്‍ തനിക്ക് അതുമതിയെന്നും ചോറിന്റെ വേവ് നോക്കുന്നതിന് ഒന്നോ രണ്ടോ ചോറ് അമര്‍ത്തി നോക്കിയാല്‍ മതിയാകും എല്ലാ ചോറിന്റേയും വേവിന്റെ തോത് അറിയാന്‍ എന്നു പ്രസംഗിച്ചപ്പോള്‍ അത് ശാന്തഗംഭീരവും പ്രൗഢഗംഭീരവുമായ ഒരു പ്രഖ്യാപനം കൂടിയായിരുന്നു. അറിവിന്റെ അക്ഷയഖനിയും നല്ല അനുഭവസമ്പത്തുമുള്ള മനോനിയന്ത്രണത്തിന്റെ പരിശീലനത്താല്‍ അന്തസുറ്റ പെരുമാറ്റവും മനസിലെ ശുഭവിചാരത്താലുള്ള ചിന്തയാലും ഷിക്കാഗോ കത്തീഡ്രലിന്റെ ആത്മീയചിന്താസരണി, നേതൃഭാവം എന്നിവ നിശ്ചയിക്കുന്നതില്‍ പിഴവ് പറ്റില്ല എന്നു പ്രഖ്യാപിച്ച പ്രൗഢഗംഭീരമായ പ്രസംഗമായിരുന്നു അദ്ദേഹം നടത്തിയത്. ഉത്തരവാദിത്വങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ താന്‍ എന്തെല്ലാമാണ് ചെയ്യാന്‍ ബാദ്ധ്യസ്ഥനായിരിക്കുന്നത് എന്നതിനെപ്പറ്റി വളരെ വ്യക്തമായ കാഴ്ചപ്പാടും തെളിമയുള്ള ദര്‍ശനവും ബഹു. അഗസ്റ്റിന്‍ പലയ്ക്കാപ്പറമ്പിലിന്റെ മനസിലുണ്ട് എന്നു ഞങ്ങള്‍ മനസിലാക്കുന്നു. നാലുവര്‍ഷക്കാത്തെ തന്റെ അമേരിക്കന്‍ പ്രവാസികള്‍ക്കിടയിലെ ആത്മീയശുശ്രൂഷയിലൂടെ വിശ്വാസികളുടെ സ്വപ്നങ്ങളത്രയും ഉള്‍ക്കൊള്ളുവാനുള്ള വലിപ്പം അദ്ദേഹം നേടി. കഴിഞ്ഞനാലു വര്‍ഷംകൊണ്ട് പണിതുയര്‍ത്തിയത് അനുദിനം വര്‍ദ്ധിച്ചുവരുന്ന പൊതുസമ്മതി മാത്രമായിരുന്നു. ദൈവവനികളില്‍ സഞ്ചരിച്ചപ്പോള്‍ ആത്മീയനേതൃതലത്തില്‍ ലഭിച്ച പൊതുസമ്മതിയാണത്. കത്തീഡ്രല്‍ സഹ വികാരി ഫാ. റോയി മൂലേച്ചാലിലും പങ്കെടുത്തിരുന്നു. സമ്മേളനത്തിന് കൊഴുപ്പേകാന്‍ കലാവിരുന്നും സംഘടിപ്പിച്ചിരുന്നു. എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നി അംഗങ്ങള്‍ ആലപിച്ച സംഘഗാനവും, കുരുന്നു കലാപ്രതിഭകളായ ഗ്രേസ്‌ലിന്‍, ജസ്‌ലിന്‍, ജിസ്സ, ജെന്നി എന്നിവരുടെസംഘനൃത്തവും സദസ്യര്‍ക്ക് ആനന്ദം പകര്‍ന്നു. ഇതൊരു കുടുംബസംഗമം കൂടിയായിരുന്നതിനാല്‍ ഒരു എസ്.ബി അലുംമ്‌നി അംഗത്തിന്റെ മകന്റെ പതിനഞ്ചാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് ആ സന്തോഷം ഏവരുമായി പങ്കുവെയ്ക്കുന്നതിനുമുള്ള ഒരു നിമിത്തമായി. സജി വര്‍ഗീസ് അവതാരകനായിരുന്നു. സെക്രട്ടറി ജോജോ വെങ്ങാന്തറ ഏവര്‍ക്കും നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി സമ്മേളനം പര്യവസാനിച്ചു. ചെറിയാന്‍ മാടപ്പാട്ട്, ആന്റണി ഫ്രാന്‍സീസ്, ബിജി കൊല്ലാപുരം, ജയിംസ് ഓലിക്കര, എബി തുരുത്തിയില്‍, ഷിബു അഗസ്റ്റിന്‍, ഷാജി കൈലാത്ത്, ബോബന്‍ കളത്തില്‍, മോനിച്ചന്‍ നടയ്ക്കപ്പാടം, ജോജോ വെങ്ങാന്തറ, സണ്ണി വള്ളിക്കളം, ഷീബാ ഫ്രാന്‍സീസ്, റെറ്റി കൊല്ലാപുരം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പി.ആര്‍.ഒ ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.