You are Here : Home / USA News

കെയ്‌റോസ്‌ ധ്യാനം അമേരിക്കയിലെ നാല്‌ ഇടവകകളില്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍

Text Size  

Story Dated: Thursday, October 09, 2014 10:25 hrs UTC

ന്യൂജേഴ്‌സി: ക്രസ്‌തുവിനേയും ക്രിസ്‌തുവിന്റെ മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുന്ന `കെയ്‌റോസ്‌' ധ്യാനം അമേരിക്കയിലെ നാല്‌ ഇടവകകളില്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തപ്പെടുന്നു. ഒക്‌ടോബര്‍ 17,18,19 തീയതികളില്‍ മിനിയാപ്പോളിസിലെ സീറോ മലബാര്‍ ക്‌നാനായ മിഷനിലും, ഒക്‌ടോബര്‍ 24,25,26 (വെള്ളി-ഞായര്‍ 9-6) ന്യൂജേഴ്‌സിയിലുള്ള ക്ലിഫ്‌ടണ്‍ ക്‌നാനായ പള്ളിയിലും, ഒക്‌ടോബര്‍ 31, നവംബര്‍ 1,2 തീയതികളില്‍ സീറോ മലബാര്‍ ഡി.സി മിഷന്‍ മേരിലാന്റിലും, നവംബര്‍ 7,8,9 തീയതികളില്‍ ഡാളസ്‌ ക്‌നാനായ യാക്കോബായ പള്ളിയിലും നടത്തപ്പെടും. കെയ്‌റോസ്‌ എന്ന വാക്കിനര്‍ത്ഥം `ദൈവം ഇടപെടുന്ന സമയം' എന്നതാണ്‌. 'ഇതാ ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു എന്നതാണ്‌ ആപ്‌തവാക്യം.

ജീവിതത്തിലും വ്യക്തിജീവിതത്തിലും എങ്ങനെ ദൈവവുമായി ബന്ധം സ്ഥാപിക്കാം, ഒരു പ്രാര്‍ത്ഥനാനുഭവം എങ്ങനെ വ്യക്തിജീവിതത്തിലും കുടുംബങ്ങളിലും കുട്ടികളിലും വളര്‍ത്തിയെടുക്കാം, ജീവിത പ്രതിസന്ധികളില്‍ എങ്ങനെ ദൈവത്തെ കണ്ടെത്താം, ദൈവാരൂപിയിലൂടെ എങ്ങനെ വളരാം, എങ്ങനെ കൂദാശകളിലൂടെ ദൈവീക സാന്നിധ്യം തിരിച്ചറിയാം, ജീവിത വിശുദ്ധി, നിത്യജീവനെക്കുറിച്ചുള്ള ബോധ്യം, ജീവിത അന്തസില്‍ നിന്നുകൊണ്ട്‌ എങ്ങനെ യേശുവിനെ മറ്റുള്ളവരിലേക്ക്‌ പങ്കുവെയ്‌ക്കാം, ക്രിസ്‌തുവിന്റെ മൂല്യം എങ്ങനെ എന്റെ ദിനചര്യകളില്‍ പ്രാവര്‍ത്തികമാക്കാം തുടങ്ങിയ വിഷയങ്ങളിലൂടെ `വ്യക്തിജീവിതത്തില്‍ വലിയ മാറ്റത്തിന്റെ' ദൈവം ഇടപെടുന്ന സമയം ഉയര്‍ത്തിപിടിക്കുകയാണ്‌ `കെയ്‌റോസ്‌' ധ്യാനം.

കെയ്‌റോസ്‌ ധ്യാനത്തിനു നേതൃത്വം നല്‍കുന്നത്‌ പ്രശസ്‌ത ധ്യാനഗുരുവും അതിരമ്പുഴ കാരിസ്‌ ഭവന്‍ ഡയറക്‌ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എം.എസ്‌.എഫ്‌.എസ്‌ ആണ്‌. കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, നിരവധി വിദേശരാജ്യങ്ങളിലും നിരവധി ടിവി പരിപാടികളിലൂടെയും അദ്ദേഹം ക്രിസ്‌തുവിനെ പങ്കുവെയ്‌ക്കുന്നു. സീറോ മലബാര്‍ സഭയിലെ ലോഗ്‌ വില്ല, ജോര്‍ജിയ എന്നീ ഇടവകയില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ച വ്യക്തിയാണ്‌. ക്രിസ്‌തീയ ഗാനരചയിതാവും അനേകം പുസ്‌തകങ്ങളുടെ കര്‍ത്താവുമാണ്‌ അദ്ദേഹം.

പ്രശസ്‌ത വചന പ്രഘോഷകനായ റെജി കൊട്ടാരമാണ്‌ കെയ്‌റോസ്‌ ധ്യാന ടീമിലെ മറ്റൊരു അംഗം. കോളജ്‌ അധ്യാപകനായി തുടക്കംകുറിച്ച്‌ പരിശുദ്ധാത്മാവിന്റെ അത്ഭുതകരമായ സ്‌പര്‍ശനത്താല്‍ വചനപ്രോഘകനായി പരിശുദ്ധ കത്തോലിക്കാ സഭയില്‍ സ്‌തുതി ആരാധനയ്‌ക്ക്‌ ദൈവാത്മാവിനാല്‍ പ്രേരിതനായി പുതിയ തുടക്കംകുറിച്ച വ്യക്തിയാണ്‌ ബ്ര. റെജി കൊട്ടാരം. പരിശുദ്ധാത്മിന്റെ ദര്‍ശനങ്ങളും വരങ്ങളും വളരെ ശക്തമായി ചൊരിയപ്പെട്ട വ്യക്തിത്വമാണ്‌ ഇദ്ദേഹത്തിന്റേത്‌. ക്രിസ്‌ത്യന്‍ ചാനലുകളില്‍ വചന പ്രഘോഷണത്തിനും സ്‌തുതി ആരാധനയിലും നിറസാന്നിധ്യമാണ്‌ ഇദ്ദേഹം. വിവിധ ധ്യാന കേന്ദ്രങ്ങളിലും ഇടവകകളിലും ധ്യാനഗുരുക്കന്മാരോടൊപ്പം നിരവധി സ്ഥലങ്ങളിലും ഇടവകകളിലും വചനശുശ്രൂഷ നടത്തിയിട്ടുണ്ട്‌. ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലേയും ജനങ്ങള്‍, പ്രത്യേകിച്ച്‌ യുവജനങ്ങള്‍ക്കും ഇന്നും എന്നും ജീവിക്കുന്നവനായ ദൈവത്തിന്റെ ശക്തമായ സ്‌പര്‍ശനവും ദൈവാനുഭവ സൗഖ്യവും ബ്ര. റെജി കൊട്ടാരത്തിലൂടെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്‌.

കെയ്‌റോസിന്റെ മറ്റൊരു നിറസാന്നിധ്യം പ്രശസ്‌ത ഗായകനും, സംഗീതജ്ഞനുമായ പീറ്റര്‍ ചേരാനല്ലൂര്‍ ആണ്‌. പരിശുദ്ധ സഭയിലെ സംഗീതത്തിന്‌ വേറിട്ട മാനം നല്‍കിയ വ്യക്തിയാണ്‌ പീറ്റര്‍ ചേരനല്ലൂര്‍. 20 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പോട്ട ആശ്രമത്തില്‍ ഒരു ഗായകനായി തുടക്കംകുറിച്ച്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ഒരു നിര്‍ണ്ണായക മാറ്റം നല്‍കി ഇന്ന്‌ പരിപൂര്‍ണ്ണമായി ജീവിതം ദൈവത്തിനായി മാറ്റിവെച്ചിരിക്കുകയാണ്‌ ഇദ്ദേഹം. സംഗീതം ശാസ്‌ത്രീയമായി പഠിക്കാതെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു ചെയ്‌ത 750 പാട്ടുകള്‍ എല്ലാംതന്നെ ജനഹൃദയങ്ങള്‍ ഏറ്റെടുക്കുകയും അവരെ ദൈവത്തിങ്കലേക്ക്‌ അടുപ്പിക്കാനും സഭയ്‌ക്ക്‌ ഒരു അനുഗ്രഹമാക്കാനും കഴിഞ്ഞ പ്രശസ്‌ത സംഗീത സംവിധായകന്‍ നിരവധി യുവജന പ്രതിഭാ പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ്‌. ഇദ്ദേഹം ദൈവത്തിന്റെ പ്രത്യേകമായ വിളിക്ക്‌ പ്രത്യുത്തരമായി തന്റെ ജീവിതം ദൈവത്തിനു മാത്രം സമര്‍പ്പിച്ചുകൊണ്ട്‌ നിരവധി രാജ്യങ്ങളിലെ സ്റ്റേജ്‌ ഷോകളും, അള്‍ത്താരകളും, ക്രിസ്‌ത്യന്‍ ചാനലുകളിലും, മറ്റ്‌ ക്രിസ്‌ത്യന്‍ പരിപാടികളും നിറഞ്ഞ സംഗീത പ്രതിഭയാണ്‌ പീറ്റര്‍ ചേരാനല്ലൂര്‍.

കെയ്‌റോസിലെ മറ്റൊരു ശ്രദ്ധേയന്‍ ബ്രദര്‍ വി.ഡി. രാജുവാണ്‌. ഗായകന്‍, കീബോര്‍ഡ്‌ പ്ലെയര്‍ എന്നീ മേഖലകളില്‍ കഴിഞ്ഞ 23 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരക്കണക്കിന്‌ ദൈവജനത്തെ ആത്മീയ കൃപയിലേക്ക്‌ ഗാനശുശ്രൂഷയിലൂടെ നയിച്ചുകൊണ്ടിരിക്കുന്ന ബ്ര. വി.ഡി. രാജുവിന്റെ ഗാനശുശ്രൂഷ ദൈവാനുഭവത്തിലൂടെ കടന്നുവരുന്ന എല്ലാവരുടേയും ഹൃദയങ്ങളില്‍ അനുഗ്രഹത്തിന്റെ അഭിഷേകം വര്‍ഷിക്കപ്പെടുന്നു. ആലപ്പുഴ ജില്ലയിലെ എടത്വ വടശേരിചിറയില്‍ ദേവസ്യ- പെണ്ണമ്മ ദമ്പതികളുടെ ഒമ്പത്‌ മക്കളില്‍ എട്ടാമനായി ജനിച്ചു. 1990-ല്‍ രാജു ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നടന്ന ഒരു ധ്യാനത്തില്‍ പങ്കെടുക്കുകയും അവിടെവെച്ച്‌ പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകം രാജുവിലേക്ക്‌ കടന്നുവരികയും അന്നു മുതല്‍ പാടുവാനുള്ള തന്റെ കഴിവ്‌ ആത്മാവ്‌ ഹൃദയത്തില്‍ കൊടുത്ത പ്രേരണയനുസരിച്ച്‌ തന്റെ ജീവിതം കര്‍ത്താവിനുവേണ്ടി മാത്രം പാടുവാന്‍ അദ്ദേഹം മാറ്റിവെച്ചു.

കുടുംബങ്ങളുടെ അവിഭാജ്യഘടകമായ ദേവാലയത്തെ അടിസ്ഥാനപ്പെടുത്തിയ ഇടവക ധ്യാനം `കെയ്‌റോസ്‌ 2014' വെള്ളിയാഴ്‌ച (മുഴുവനായോ/ഉച്ചകഴിഞ്ഞോ), ശനി, ഞായര്‍ ദിവസങ്ങളില്‍ മുഴവനും നടത്തപ്പെടുന്നു.

കെയ്‌റോസിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ഫീല്‍ഡ്‌ ഇവാഞ്ചലൈസേഷന്‍ ആണ്‌. ധ്യനത്തിനു മുമ്പുള്ള ഇടദിവസങ്ങളില്‍ വിവിധ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍, വിവിധ ഫാമിലി കൂട്ടായ്‌മകള്‍, യൂത്ത്‌- ടീനേജ്‌ ഗ്രൂപ്പുകള്‍, മറ്റ്‌ സംഘടനാ കൂട്ടായ്‌മകള്‍ എന്നിവകളിലേക്ക്‌ ഇറങ്ങിച്ചെന്നുകൊണ്ടുള്ള ഗ്രൗണ്ട്‌ ലെവല്‍, ഡോര്‍ ടു. ഡോര്‍ ഇവാഞ്ചലൈസേഷന്‍. വചനം പങ്കുവെച്ചും, സ്വന്തം ജീവിതാനുഭവങ്ങള്‍ സാക്ഷ്യങ്ങള്‍ പറഞ്ഞും ദൈവത്തിനു സ്‌തുതി ആരാധന അര്‍പ്പിച്ചും അവനെ പാടിപുകഴ്‌ത്തിയും ആത്മനിവൃതി നേടുന്ന ശുശ്രൂഷകള്‍, മനസ്സിനെ തൊട്ടുണര്‍ത്തുന്ന കൗണ്‍സിംഗ്‌, വിടുതല്‍ - സൗഖ്യ പ്രാര്‍ത്ഥകള്‍ ഇതൊക്കെ കെയ്‌റോസിന്റെ മാത്രം പ്രത്യേകതകളാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.