You are Here : Home / USA News

സ്ത്രീക്കും പുരുഷനും തുല്യാവകാശം - മാതൃകയായി നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 08, 2014 11:42 hrs UTC


വാഷിങ്ടണ്‍. വൈദിക സൃഷ്ടിയുടെ അത്യുത്തമ ഉദാഹരണമാണ് സ്ത്രീയും പുരുഷനും, സ്ത്രീയെ കൂടാതെ പുരുഷനും പുരുഷനെ കൂടാതെ  സ്ത്രീയും ഇല്ല. ഈ അലംഘനീയമായ സത്യം ലോകസ്ഥാപനം മുതല്‍ നിലനില്ക്കുന്നതാണ്. ദൈവ മക്കള്‍ എന്ന വിശേഷണത്തില്‍ സ്ത്രീക്കും പുരുഷനും  ഒരേ സ്ഥാനമാണുള്ളത്. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ പല ക്രൈസ്തവ മതവിഭാഗങ്ങളും വിമുഖത കാണിക്കുന്നു എന്നത് വേദനാ ജനകമാണ്.

മാറി വരുന്ന കാലഘട്ടങ്ങള്‍ക്കനുസൃതമായി പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊളളുവാന്‍ പാശ്ചാത്യ സഭാ വിഭാഗങ്ങള്‍ മത്സരിക്കുന്നതിനോട് ഒരു പരിധിവരെ പ്രതിബദ്ധത പ്രകടിപ്പിക്കുവാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ മുക്ത കണ്ഠം പ്രശംസിക്കാതിരിക്കുവാന്‍ കഴിയുമോ ?

കേരള മണ്ണില്‍ തായ് വേരുറപ്പിച്ച് ലോകത്തിന്‍െറ അഞ്ചു വന്‍കരകളിലും പടര്‍ന്ന് പന്തലിച്ച മാര്‍ത്തോമ സഭയുടെ ശാഖകളില്‍ ഒന്നായ നോര്‍ത്ത് അമേരിക്കാ - യൂറോപ്പ് ഭദ്രാസനം സ്വീകരിക്കുന്ന പുരോഗനാത്മക നടപടികള്‍ മറ്റു ഭദ്രാസനങ്ങള്‍ക്കോ ആകമാന മാര്‍ത്തോമ സഭയ്ക്കോ ഇതര ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ക്കോ മാതൃകയാകാന്‍ കഴിഞ്ഞാല്‍ അതില്‍ പ്രശംസക്ക് അര്‍ഹതയുളള ഏകവ്യക്തി നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപനാണെന്ന്  തറപ്പിച്ചു തന്നെ പറയാം.

മാര്‍ത്തോമ സഭയുമായി ഐക്യത്തില്‍ പ്രവര്‍ത്തിക്കുന്ന സിഎസ്ഐ, സിഎന്‍ഐ സഭകളില്‍ സ്ത്രീ പട്ടത്വം അതര്‍ഹിക്കുന്ന ഗൌരവത്തോടു തന്നെ അംഗീകരിച്ചു കഴിഞ്ഞതാണ് ഈ പുരോഗമന നടപടികള്‍ പൂര്‍ണ്ണമായും   അംഗീരിക്കുന്നതില്‍ അല്പം വൈമനസ്യം ഉണ്ടെങ്കിലും ആദ്യപടിയായി മദ്ബഹായില്‍ വിശുദ്ധ കുര്‍ബാന അനുഷ്ഠിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ധൂപ കലശം വീശുന്നതിനും (ലെ ലീഡര്‍) ആത്മായ ശുശ്രൂഷക സ്ഥാപനത്തിന് അസിസ്റ്റ് ചെയ്യുന്നതിനും നല്‍കിയ അനുമതി ഒരു പക്ഷേ മാര്‍ത്തോമ സഭ ഭാവിയില്‍ സ്ത്രീകള്‍ക്ക് പട്ടത്വം നല്‍കുമെന്നതിന്‍െറ ശുഭ സൂചനയായി വ്യാഖ്യാനിക്കാം. ഒക്ടോബര്‍ രണ്ട് മുതല്‍ അഞ്ച് വരെയുളള തീയതികളില്‍ വാഷിങ്ടണില്‍ നടന്ന പതിനഞ്ചാമത് സേവികാ സംഘം ദേശീയ സമ്മേളനത്തിന്‍െറ സമാപന ദിവസം നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയിലാണ് സ്ത്രീകള്‍ക്ക് ഈ അപൂര്‍വ്വ ബഹുമതി നല്‍കപ്പെട്ടത് എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.

മാര്‍ത്തോമ സഭയുടെ നൂറ്റാണ്ടുകളായി നിലവിലുളള കീഴ് വഴക്കങ്ങളും, പാരമ്പര്യങ്ങളും അടിസ്ഥാന ദൈവിക പ്രമാണങ്ങളില്‍ നിന്നും വ്യതിചലിക്കാതെ കലാനുസൃതമായി തിരുത്തിയെഴുത്തോ സമയം സമാഗതമായിരിക്കുന്നു എന്നതാണ് ഈ സംഭവത്തിലൂടെ  പരോക്ഷമായി  അംഗീകരിക്കപ്പെടുന്ന യാഥാര്‍ത്ഥ്യം.

യഥാസ്ഥതികരായ സഭാ വിശ്വാസികളില്‍ ചിലരെങ്കിലും ഈ നടപടിയില്‍ അല്പം നീരസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം സഭാ വിശ്വാസികള്‍ ഈ നടപടിയെ സഹര്‍ഷം സ്വാഗതം ചെയ്യുന്നുണ്ടെന്നാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിപ്ലവകരമായ മാറ്റങ്ങള്‍ നെഞ്ചിലേറ്റുന്ന നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിലെ ഒറ്റപ്പെട്ട ഒരു സംഭവമായി മാത്രമേ ഇതിനെ ചിത്രീകരിക്കാനാവില്ല. മാര്‍ത്തോമ സഭയും യുവതലമുറയും തമ്മിലുളള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും യുവജനങ്ങളെ സഭയുടെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കപ്പെട്ടിട്ടുളളത് യുവജനങ്ങളുടെ അംഗീകാരവും പ്രശംസയും നേടിയെടുക്കുവാന്‍ പര്യാപ്തമായിട്ടുണ്ട്. യുവജനങ്ങളുടെ സമര്‍പ്പണത്തിന്‍െറ അടയാളമായി അവര്‍ തയ്യാറാക്കി. ക്രിസ്തുവിന്‍െറ വലിയൊരു ഛായ ചിത്രം മനോഹരമായ ഒരു ദേവാലയത്തിന്‍െറ ഹാള്‍വേയില്‍ സ്ഥാപിക്കുവാന്‍ പ്രത്യേക കല്പന വഴി അനുമതി നല്‍കിയ സംഭവം അതിലൊന്നു മാത്രമാണ്. നവീകരണ സഭയായ മാര്‍ത്തോമ സഭയുടെ ചരിത്രത്തില്‍ ഒരു പക്ഷേ ഇത്തരത്തിലുളള കല്പന ആദ്യത്തേതായിരിക്കാം.

സഭയുമായുളള ബന്ധത്തിലാണ് മുകളിലുദ്ധരിച്ച സംഭാവനകളെങ്കില്‍ സാമൂഹിക - സാംസ്കാരിക രംഗങ്ങളിലും നോര്‍ത്ത് അമേരിക്കാ - യൂറോപ്പ് ഭദ്രാസനം ചലനാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുളളത് അഭിനന്ദനാര്‍ഹമാണ്.  ലോക ജനത പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ടു  കഷ്ടമനുഭവിക്കുമ്പോള്‍ ഭദ്രാസനത്തില്‍ ധനസമാഹരണം നടത്തി. അത് അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തിച്ചത് സ്തുതര്‍ഹമായ കാരുണ്യ പ്രവര്‍ത്തനമായി തന്നെ കാണേണ്ടിയിരിക്കുന്നു. മാര്‍ത്തോമ സഭയുമായി പാശ്ചാത്യ സഭകളില്‍ ഏറ്റവും അടുത്ത ബന്ധം വെച്ചു പുലര്‍ത്തുന്ന എപ്പി സ്കോപ്പല്‍ ചര്‍ച്ച് ഉന്നതാധികാര സമിതി അമേരിക്കയില്‍ സജ്ജീവമായ ചര്‍ച്ച ചെയ്യപ്പെടുന്ന ആനുകാലിക വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ കൂടി പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍, നൂറ്റാണ്ടിന് മുന്‍പ് പൂര്‍വ്വ പിതാക്കന്മാര്‍ നവീകരണത്തിലൂടെ ക്രിസ്തീയ വിശ്വാസാചരങ്ങളില്‍ പുതിയ മാനങ്ങള്‍ പകര്‍ന്നു നല്‍കിയ മാര്‍ത്തോമ സഭാ മറ്റൊരു നവീകരണത്തിന്‍െറ പാതയിലൂടെ ദ്രുതഗതിയില്‍ സഞ്ചരിക്കുന്നു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.

ഒരു വര്‍ഷം നീണ്ടു നിന്ന നോര്‍ത്ത് അമേരിക്കാ - യൂറോപ്പ് ഭദ്രാസനത്തിന്‍െറ രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട് ആത്മീയ ചൈതന്യവും പാട്രിക് മിഷന്‍ ഉള്‍പ്പെടെ വിവിധ പ്രൊജക്ടുകള്‍ പൂര്‍ത്തീകരിക്കുവാന്‍ എടുത്ത പ്രതിജ്ഞയും നിറവേറ്റുന്നതിന് ധീരമായ തീരുമാനങ്ങളുമായി. പരിവര്‍ത്തന കാഹളം മുഴക്കി പതറാതെ മുന്നേറുന്ന നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം ആകമാനം മാര്‍ത്തോമ സഭക്കും ഇതര ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ഒരു മാതൃകയായി മാറുമെന്ന് പൂര്‍ണ്ണമായും പ്രതീക്ഷിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.