You are Here : Home / USA News

സ്‌മൃതിസരണിക്ക്‌ സെന്റ്‌ തോമസില്‍ തുടക്കമായി

Text Size  

Story Dated: Tuesday, September 30, 2014 09:23 hrs UTC


`സ്‌മൃതിസരണി' എന്ന ഡോക്യുമെന്ററി പരമ്പരയ്‌ക്ക്‌ ലെംബാര്‍ഡ്‌ സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ഇടവകയില്‍ തുടക്കമായി. മനുഷ്യസംസ്‌കാരത്തിലുടനീളം മൂല്യങ്ങളും വിജ്ഞാനങ്ങളും മാതാപിതാക്കളുടേയും ഗുരുക്കന്മാരൂടേയും കഥകളിലൂടെയാണ്‌ ചെറുമക്കള്‍ക്ക്‌ കൈമാറി പോന്നത്‌. മുത്തച്ഛന്മാരില്‍ നിന്നും മുത്തശ്ശിമാരില്‍ നിന്നും അകന്ന്‌ അമേരിക്കയില്‍ വളരുന്ന ചെറുമക്കള്‍ക്ക്‌ അന്യംനിന്നുപോകുന്ന ഈ പാരമ്പര്യത്തിന്‌ പുതുജീവന്‍ നല്‍കുകയാണ്‌ `സ്‌മൃതിസരണി'യിലൂടെ.

അറുപതും എഴുപതും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മലയാളക്കരയില്‍ വളര്‍ന്ന തങ്ങളുടെ ബാല്യകാല ഓര്‍മ്മകളും കഥകളും അല്‍പം പൊങ്ങച്ചവും അപ്പച്ചന്മാരും അമ്മച്ചിമാരും മുന്നില്‍ ചമ്രം പടഞ്ഞിരിക്കുന്ന പേരക്കുട്ടികളുമായി പങ്കിടുകയും അവരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയും ചെയ്യുന്ന തികച്ചും സ്വാഭാവികമായ പശ്ചാത്തലത്തിലാണ്‌ `സ്‌മൃതിസരണി' വിഭാവനം ചെയ്‌തിരിക്കുന്നത്‌.

സെപ്‌റ്റംബര്‍ 20-ന്‌ ബാര്‍ടുലെറ്റില്‍ വെച്ച്‌ നടന്ന പ്രാരംഭ ചിത്രീകരണത്തില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും, മാതാപിതാക്കളും അടക്കം അമ്പതിലേറെ പേര്‍ പങ്കെടുത്തു. ആറേഴ്‌ പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ നമുക്ക്‌ എന്നന്നേയ്‌ക്കും നഷ്‌ടമാകുന്ന കേരളത്തിലെ ഓര്‍മ്മകള്‍ ഭാവി തലമുറയ്‌ക്കുവേണ്ടി പരിരക്ഷിക്കുന്നത്‌ ഇടവകയ്‌ക്കും സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടാവുമെന്ന്‌ സെന്റ്‌ തോമസ്‌ ഇടവക വികാരി റവ. ഷാജി തോമസ്‌ അഭിപ്രായപ്പെട്ടു. മാര്‍ത്തോമാ ഇടവകകളില്‍ തന്നെ ഇങ്ങനെയൊരു സംരംഭം ഇദംപ്രഥമമാണെന്ന്‌ താന്‍ കരുതുന്നതായും അച്ചന്‍ പ്രസ്‌താവിച്ചു.

ഇതര സംഘടനകളുടെ സഹകരണത്തോടെയാണ്‌ സെന്റ്‌ തോമസ്‌ ഇടവക മിഷന്‍ `സ്‌മൃതിസരണി' യാഥാര്‍ത്ഥ്യമാക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.