You are Here : Home / USA News

കണക്‌ടിക്കട്ട്‌ സീറോ മലബാര്‍ പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടേയും വി. തോമാശ്ശീഹായുടേയും തിരുനാള്‍ ആഘോഷിച്ചു

Text Size  

Story Dated: Saturday, September 27, 2014 09:45 hrs UTC

ഹാര്‍ട്ട്‌ഫോര്‍ഡ്‌, കണക്‌ടിക്കട്ട്‌: ഹാര്‍ട്ട്‌ഫോര്‍ഡ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ചില്‍ വി. അല്‍ഫോന്‍സാമ്മയുടേയും, വി. തോമാശ്ശീഹായുടേയും തിരുനാളും, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യവും, സ്ഥൈര്യലേപനവും സംയുക്തമായി ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടെ നടത്തി. തിരുനാള്‍ ദിവസമായ സെപ്‌റ്റംബര്‍ 14-ന്‌ സെന്റ്‌ ഹെലേനാ ചര്‍ച്ച്‌ ദേവാലയ കവാടത്തിലെത്തിയ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനെ വികാരിയോടൊപ്പം കൈക്കാരന്‍ തോമസ്‌ ചേന്നാട്‌ ബൊക്കെ നല്‍കി ദേവാലയത്തിലേക്ക്‌ ആനയിച്ചു.

തുടര്‍ന്ന്‌ അഭിവന്ദ്യ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുനാള്‍ കുര്‍ബാനയില്‍ വികാരി റവ. ഡോ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പില്‍, ഫാ. ജോസഫ്‌ പറമ്പത്ത്‌, ഫാ. സിറിയക്‌ മാളിയേക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുര, ഫാ. ജയിംസ്‌ വട്ടക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. അഭിവന്ദ്യ പിതാവ്‌ തിരുനാള്‍ സന്ദേശം നല്‍കി. ഇടവകയിലെ കുട്ടികള്‍ പിതാവില്‍ നിന്നും പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിച്ചു.

നൊവേനയ്‌ക്കുശേഷം മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ വിശുദ്ധരുടെ രൂപവും വഹിച്ചുകൊണ്ട്‌ നഗരവീഥിയിലൂടെ നടന്ന ഭക്തിനിര്‍ഭരവും വര്‍ണ്ണശബളവുമായ പ്രദക്ഷിണത്തിന്‌ ധാരാളം തദ്ദേശവാസികള്‍ കാണികളായി. റിച്ചാര്‍ഡ്‌ ഏബ്രഹാം, ഡാനി ആന്റണി എന്നിവരെ അഭിവന്ദ്യ പിതാവ്‌ അടുത്തവര്‍ഷത്തെ പ്രസുദേന്തിമാരായി വാഴിച്ചു. പാരീഷ്‌ ഹാളില്‍ നടന്ന കുട്ടികളുടെ വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന്‌ എന്നിവയോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.