You are Here : Home / USA News

ആഘോഷങ്ങളുടെ നിറദീപവുമായി ഡോ. വര്‍ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്കോപ്പാ

Text Size  

Story Dated: Friday, September 19, 2014 12:30 hrs UTC


 
ന്യൂയോര്‍ക്ക് . എല്‍മോണ്ടിലെ സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ വികാരി ഡോ. വര്‍ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്കോപ്പായുടെ സപ്തതിയും പൌരോഹിത്യത്തിന്റെ 43-ാം വാര്‍ഷികവും അദ്ദേഹമെഴുതിയ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനവും സംയുക്തമായി സെപ്റ്റംബര്‍ 13 ന് നടത്തി. 7.30 ന് തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസിന്റെയും അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസിന്റെയും 20 ല്‍ പരം വൈദികരുടെയും സാന്നിധ്യത്തിലും ബന്ധുക്കളും സുഹൃത്തുക്കളുമായി ദൂരെ നിന്നും ചാരെ നിന്നുമെത്തിയ 400 ല്‍ പരം ആള്‍ക്കാരുടെ പ്രാര്‍ഥനയിലും  പ്ലാന്തോട്ടമച്ചന്‍ സെന്റ് ബസേലിയോസ് പളളിയില്‍ കുര്‍ബാന അര്‍പ്പിച്ചു.  തുടര്‍ന്ന് എല്‍മോണ്ടിലുളള സെന്റ് വിന്‍സെന്റ് ഡി. പോള്‍ ചര്‍ച്ചില്‍ പൊതു സമ്മേളനം നടത്തി.

മുത്തുക്കുടകളും താലപ്പൊലിയും ഏന്തിയ കുട്ടികളുടെ അകമ്പടിയോടെയും ജോസ് ജേക്കബിന്റെ നേതൃത്വത്തിലുളള ഗായക സംഘത്തിന്റെ ശ്രുതിമധുരമായ ഗാനാലാപനത്തിലൂടെയും തിരുമേനിമാരെയും വൈദികരെയും സമ്മേളന വേദിയിലേക്കാനയിച്ചു. പോള്‍ പുന്നൂസിന്റെ സ്വാഗത പ്രസംഗ വേളയില്‍ വര്‍ഗീസ് പുഞ്ചമണ്ണില്‍ പ്ലാന്തോട്ടം കോര്‍ എപ്പിസ്കോപ്പായെ പൊന്നാടയണിയിച്ചു. ഗ്രിഗോറിയോസ് തിരുമേനി ഉദ്ഘാടന പ്രസംഗത്തില്‍ പ്ലാന്തോട്ടമച്ചനുമായി സെമിനാരിയില്‍ ഒന്നിച്ചു പഠിച്ച കാലങ്ങളും കാര്യങ്ങളും അയവിറക്കുകയുണ്ടായി. ആ സതീര്‍ത്ഥ്യരുടെ ഇന്നും നിലനില്‍ക്കുന്ന ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു.

ഇടവകാംഗങ്ങള്‍ക്ക് പ്ലാന്തോട്ടമച്ചനോടുളള സ്നേഹാദരവുകളുടെ പ്രതിഫലനമായി അദ്ദേഹത്തിന് സെക്രട്ടറി രാജന്‍ കുരുവിളയും ട്രഷറാര്‍ പോള്‍ പുന്നൂസും ചേര്‍ന്ന് പ്ലാക്ക് സമ്മാനിച്ചു.

ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് സംസാരിച്ചു. ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഇടവകയെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് നയിക്കുന്ന പ്ലാന്തോട്ടമച്ചന്റെ നേതൃപാടവത്തെക്കുറിച്ച് ഡോ. പി. എസ്. സാമുവേല്‍ കോര്‍ എപ്പിസ്കോപ്പ സംസാരിച്ചു. സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷനെ പ്രതിനിധീകരിച്ച് മര്‍ത്തോമ സഭയിലെ റവ. ജോജി കെ. മാത്യു പ്രസംഗിച്ചു. മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗം കോരസണ്‍ വര്‍ഗീസും അമേരിക്കന്‍ ഭദ്രാസനത്തിന്റെ ലേ ട്രസ്റ്റി വര്‍ഗീസ് പോത്താനിക്കാടും ആശംസകളര്‍പ്പിച്ചു. പ്ലാന്തോട്ടമച്ചന്‍ പ്രസിഡന്റായിരുന്ന കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിനെ പ്രതിനിധീകരിച്ച് ഫിലിപ്പോസ് സാം പ്രസംഗിച്ചു. അച്ചന്റെ വന്ദ്യ ഗുരു കെ. ഇ. സാമുവേല്‍ തന്റെ ശിഷ്യഗണങ്ങളില്‍ അഗ്രഗണ്യനായ പി. ജി. വര്‍ഗീസിനെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവച്ചു.

അച്ചന്റെ സഹോദരന്‍ പ്രൊഫ. മാത്യു ജോര്‍ജും മക്കള്‍ ഓമനയും സോണിയും അച്ചന്റെ ജീവിത പന്ഥാവിനെ കുറിച്ച് വിവരിച്ചപ്പോള്‍ സദസ്യ ഹൃദയങ്ങളെ തരളിതമാക്കി. അച്ചന്റെ ചെറുപ്പമുതലുളള ഫോട്ടോകളുടെ പ്രദര്‍ശനം ഈ വാക്കുകള്‍ക്ക് മാറ്റുകൂട്ടി.

അച്ചന്‍ എഴുതിയ അഞ്ച് പുസ്തകങ്ങള്‍ ഗ്രിഗോറിയോസ് തിരുമേനി പ്രകാശനം ചെയ്തു. എഴുത്തിന്റെ പാതയിലെ അച്ചന്റെ വിജയ ഗാഥയെക്കുറിച്ച് പുസ്തക പ്രകാശനത്തിന് ചുക്കാന്‍ പിടിച്ച ലിസ ജോര്‍ജ് വിവരിച്ചു. സ്നേഹ തോമസിന്റെ പ്രാര്‍ഥനാ ഗാനവും ജസ്ലിന്‍ വില്‍സന്റെ  അച്ചനെ കുറിച്ചെഴുതിയ മംഗളഗാനവും സണ്‍ഡേസ്കൂള്‍ കുട്ടികളുടെ വെല്‍ക്കം ഡാന്‍സും പരിപാടികള്‍ക്ക് മോടി കൂട്ടി. ഇന്നോളം നടത്തിയ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്ലാന്തോട്ടമച്ചന്‍ മറുപടി പ്രസംഗം ആരംഭിച്ചു. ഗതകാല സ്മരണകളെ അയവിറക്കി. കഴിഞ്ഞു പോയ എഴുപത് വര്‍ഷങ്ങളിലെ ഓരോ ഘട്ടങ്ങളിലും സഹായിച്ചവരെയും സഹകരിച്ചവരെയും സ്മരിച്ചു കൊണ്ട് സെന്റ് ബസേലിയോസ് ദേവാലയത്തിലെ ഓരോ വ്യക്തികള്‍ക്കുമുളള സ്നേഹ വായ്പുകള്‍ക്കു നന്ദി പറഞ്ഞുകൊണ്ട് അച്ചന്റെ വാക്കുകള്‍ അവസാനിപ്പിച്ചു. ഈ പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റേഴ്സ് ജോമോനും (ചെറിയാന്‍ ജോര്‍ജും) മിനി വര്‍ഗീസനുമൊപ്പം എല്ലാ ഇടവകാംഗങ്ങളും ഒരുപോലെ കൈകോര്‍ത്ത് നിന്നതുകൊണ്ടാണ് ഈ സംരഭം വിജയിച്ചതെന്ന് നന്ദി പറഞ്ഞ സാജു വര്‍ഗീസ് ഓര്‍മ്മിപ്പിച്ചു. പ്രോഗ്രാമിന്റെ എംസിയായി പ്രവര്‍ത്തിച്ചത് അനുപ ജോര്‍ജ് ബെഞ്ചമിന്‍ തോമസും ആയിരുന്നു. എല്ലാവര്‍ക്കും തോമസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്നേഹ വിരുന്ന് നല്‍കി.

വാര്‍ത്ത. ജോമോന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.