You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റില്‍ മലയാളി അസോസിയേഷന്‍ ഒരുക്കുന്ന ഉജ്വല ഓണാഘോഷം ഞായറാഴ്‌ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 31, 2014 11:51 hrs UTC

ന്യൂയോര്‍ക്ക്‌: സമത്വത്തിന്റേയും സമൃദ്ധിയുടേയും സാഹോദര്യത്തിന്റേയും സന്ദേശം നല്‍കുന്ന മലയാളിയുടെ ഉത്സവമായ തിരുവോണത്തെ വരവേല്‍ക്കുവാന്‍ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി സമൂഹം ഒരുങ്ങി. മലയാളി അസോസിയേഷന്‍ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരുന്ന ഓണാഘോഷങ്ങള്‍ ഞായറാഴ്‌ച (ഓഗസ്റ്റ്‌ 31-ന്‌) ഔവര്‍ ലേഡി ഓഫ്‌ മൗണ്ട്‌ കാര്‍മല്‍ (285 ക്ലവേര്‍ഡ്‌) ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യയോടെ സമാരംഭിക്കും. തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഫോമയുടെ പുതിയ സാരഥിയായി തെരഞ്ഞെടുക്കപ്പെട്ട ആനന്ദന്‍ നിരവേല്‍ (ഫ്‌ളോറിഡ) മുഖ്യാതിഥിയായിരിക്കും.

സ്വാമി ബോധിതീര്‍ത്ഥാനന്ദ (ശിവഗിരിമഠം വര്‍ക്കല) റവ.ഫാ. അലക്‌സ്‌ കെ. ജോയി (സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി) എന്നിവര്‍ തദവസരത്തില്‍ തിരുവോണ സന്ദേശം നല്‍കുന്നതാണ്‌. പ്രമുഖ നൃത്തപരിശീലന കേന്ദ്രമായ ന്യൂജേഴ്‌സി മയൂര സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിലെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന `നൃത്തോത്സവ്‌ 2014' ആണ്‌ മുഖ്യകലാവിരുന്ന്‌. കൂടാതെ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി സമൂഹത്തിലെ അനുഗ്രഹീത കലാപ്രവര്‍ത്തകരുടെ പരിപാടികളും ഉണ്ടായിരിക്കും. അമേരിക്കയിലെ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനമേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആനന്ദന്‍ നിരവേല്‍ ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ്‌ ഫോമയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. ഭഗവത്‌ഗീതയിലും വേദ ഉപനിഷത്തുക്കളിലും ഗുരുദേവ കൃതികളിലും അഗാധ പാണ്‌ഠിത്വമുള്ള സ്വാമി ബോധിതീര്‍ത്ഥാനന്ദ ഇംഗ്ലീഷ്‌ സാഹിത്യം- ഫിലോസഫി എന്നിവയില്‍ ബിരുദാനന്തര ബിരുദവും മനശാശാസ്‌ത്രത്തില്‍ ഉന്നത പഠനവും നടത്തിയിട്ടുള്ള ഗുരുശ്രേഷ്‌ഠനാണ്‌. ഗുരുനിത്യചൈതന്യയതി, സംപ്രസാദാനന്ദസ്വാമിജി എന്നിവരുടെ ശിഷ്യനാണ്‌. ആദ്ധ്യാത്മിക രംഗത്തും സാമൂഹ്യ രംഗത്തും നിറഞ്ഞ സാന്നിധ്യമായ റവ.ഫാ. അലക്‌സ്‌ കെ ജോയി അനുഗ്രഹീത കലാകാരനും മികച്ച സംഘാടകനുംകൂടിയാണ്‌.

 

ദിവ്യമായ സംഗീതം ആരാധനാ ശുശ്രൂഷകളിലും സാമൂഹ്യവേദികളിലും കാത്തുസൂക്ഷിക്കുന്ന അദ്ദേഹം ഓര്‍ത്തഡോക്‌സ്‌ ഫാമിലി കോണ്‍ഫറന്‍സുകളിലും കണ്‍വന്‍ഷനുകളിലും സംഗീതവിഭാഗത്തിന്റെ ചുമതലക്കാരനായി തിളങ്ങിയ വ്യക്തിപ്രഭാവനാണ്‌. സ്റ്റാറ്റന്‍ഐലന്റിലെ മലയാളി സമൂഹത്തിന്‌ അഭിമാനിക്കാവുന്ന ഏറ്റവും വലിയ ദേവാലയ നിര്‍മ്മിതിയുടെ ചുമതലയും നിര്‍വഹിച്ചുവരുന്നു. പ്രഗത്ഭരായ മൂന്നു വിശിഷ്‌ടാതിഥികളുടെ സാന്നിധ്യവും സന്ദേശവും ഇത്തവണത്തെ തിരുവോണാഘോഷങ്ങള്‍ക്ക്‌ പകിട്ടേകുമെന്നുറപ്പാണ്‌. പ്രസിഡന്റ്‌ എസ്‌.എസ്‌ പ്രകാശിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പരിപാടികളുടെ ഉജ്വല വിജയത്തിനായി പരിശ്രമിക്കുന്നു. അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയായ റജി വര്‍ഗീസ്‌ ആണ്‌ ഈവര്‍ഷത്തെ ഓണം പ്രോഗ്രാം കോര്‍ഡിനേറ്റര്‍. അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയായ പുഷ്‌പ മൈലപ്ര തിരുവോണ സദ്യയ്‌ക്ക്‌ മേല്‍നോട്ടം വഹിക്കുന്നു. അമേരിക്കന്‍ പ്രവാസി സമൂഹത്തിലെ അറിയപ്പെടുന്ന കലാസംഘാടകനും സംവിധായകനുമായ ഫ്രെഡ്‌ എഡ്വേര്‍ഡ്‌ (ഫ്രെഡ്‌ കൊച്ചിന്‍) കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. തിരുവോണ സദ്യയും ഇതര ഓണാഘോഷ പരിപാടികളും ആസ്വദിക്കുവാന്‍ ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നുവെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

റെജി വര്‍ഗീസ്‌ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 646 708 6070, എസ്‌.എസ്‌. പ്രകാശ്‌ (പ്രസിഡന്റ്‌) 917 301 8885, ജോസ്‌ വര്‍ഗീസ്‌ (സെക്രട്ടറി( 917 817 4115, ബോണിഫസ്‌ ജോര്‍ജ്‌ (ട്രഷറര്‍) 917 415 6883, റോഷിന്‍ മാമ്മന്‍ (വൈസ്‌ പ്രസിഡന്റ്‌) 646 262 7945, ഫുഷ്‌പ മൈലപ്ര (ഫുഡ്‌ കോര്‍ഡിനേറ്റര്‍) 646 469 2562, ഫ്രെഡ്‌ കൊച്ചിന്‍ (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 908 414 0114, സാമുവേല്‍ കോശി (ജോ. സെക്രട്ടറി) 917 829 1030. ബിജു ചെറിയാന്‍ (പബ്ലിസിറ്റി) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.