You are Here : Home / USA News

എസ്എംസിസി ഫിലഡല്‍ഫിയ ചാപ്റ്റര്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Saturday, August 30, 2014 11:28 hrs UTC


 
ഫിലഡല്‍ഫിയ. ഷിക്കോഗോ സിറോ മലബാര്‍ കത്തോലിക്ക രൂപതയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അല്‍മായ സംഘടനയായ സിറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്എംസിസി) പോഷക ഘടകമായ ഫിലഡല്‍ഫിയ സെന്റ് തോമസ് സിറോ മലബാര്‍ ചാപ്റ്റര്‍ പൊതുജന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായുളള ആദ്യത്തെ സെമിനാര്‍ ഓഗസ്റ്റ് 24 ഞായറാഴ്ച്ച നടത്തി.

ഞായറാഴ്ച്ച കുര്‍ബാനയ്ക്കുശേഷം ചാപ്റ്റര്‍ പ്രസിഡന്റ് സാബു ജോസഫ് സിപിഎയുടെ അധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ എസ്എംസിസി സ്ഥാപക നേതാവ് ഡോ. ജെയിംസ് കുറിച്ചി മുഖ്യപ്രഭാഷണം നടത്തി. എസ്എംസിസി സ്പിരിച്വല്‍ ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി തന്റെ ഉദ്ഘാടന സന്ദേശത്തില്‍ എസ്എംസിസി നടപ്പിലാക്കി വരുന്ന ജനോപകാര പ്രദമായ പരിപാടികളില്‍ ഇടവകയിലെ എല്ലാവരും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഉത്ബോധിപ്പിച്ചു. അതോടൊപ്പം തന്നെ രൂപതയുടെയും ഇടവകയുടെയും ഭരണ കാര്യങ്ങളിലും നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും അല്‍മായര്‍ക്കുളള പങ്കിനെക്കുറിച്ചും നാം ബോധവാന്മാരായിരിക്കണം. കൂടുതല്‍ ആളുകള്‍ എസ്എംസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം പ്രസംഗത്തില്‍ ഊന്നിപറഞ്ഞു. അല്‍മായരുടെ നേതൃത്വ വികസനവും യുവജന ശാക്തീകരണവും ഈ സംഘടനയുടെ ലക്ഷ്യങ്ങളാണ്.

പൊതുജനബോധവല്‍ക്കരണത്തിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളില്‍ എസ്എംസിസി നടപ്പിലാക്കിയ ജനോപകാരപ്രദമായ കര്‍മ്മപരിപാടികളും മുന്‍പോട്ട്  പ്രവര്‍ത്തിപഥത്തില്‍ കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തന പരിപാടികളും പ്രസിഡന്റ് സാബു ജോസഫ് തന്റെ അധ്യക്ഷപ്രസംഗത്തില്‍ വിശദീകരിച്ചു. ഇടവകയിലെ യുവജന വിഭാഗത്തെ ശക്തിപ്പെടുത്തുക, കമ്മ്യുണിറ്റി പ്രവര്‍ത്തനങ്ങളില്‍ ഗവ. ഏജന്‍സികളെ സഹായിക്കുക, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമായി പങ്കെടുക്കുക. കൌമാര പ്രായക്കാരായ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി കൌണ്‍സിലിങ് ഏര്‍പ്പെടുത്തുക. കുട്ടികള്‍ക്ക് ട്യൂട്ടറിങ് നടത്തുക തുടങ്ങി നിരവധി കര്‍മ്മപരിപാടികള്‍ ബ്രെയിന്‍സ്റ്റോമിങ്ങ് സെഷനില്‍ പൊതുജനങ്ങളില്‍ നിന്നും ലഭിച്ചു.

ഒക്ടോബര്‍ 11 ശനിയാഴ്ച ദേശീയ തലത്തില്‍ ഫിലഡല്‍ഫിയ ചാപ്റ്റര്‍ നടത്താനുദ്ദേശിക്കുന്ന കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റിനുളള തയാറെടുപ്പുകള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നതായി ട്രഷറര്‍ ടോമി അഗസ്റ്റ്യന്‍ പറഞ്ഞു.

പ്രസിഡന്റ് സാബു ജോസഫ് സ്വാഗതവും സെക്രട്ടറി ജോര്‍ജ് പനക്കല്‍ നന്ദിയും പറഞ്ഞു. ജോസഫ് കൊട്ടുകാപ്പളളില്‍ മുന്‍ കമ്മിറ്റി മീറ്റിങില്‍ എടുത്ത തീരുമാനങ്ങളുടെ സംക്ഷിപ്തരൂപം അവതരിപ്പിച്ചു. വിഷയാവതരണത്തിനുശേഷം നടന്ന ചോദ്യോത്തരവേളയില്‍ അംഗങ്ങള്‍ വളരെ സജീവമായി പങ്കെടുത്തു.

കൈക്കാരന്മാരായ ബിജി ജോസഫ്, വിന്‍സെന്റ് ഇമ്മാനുവല്‍, എസ്എംസിസി മുന്‍പ്രസിഡന്റ് ജോസ് മാളേയ്ക്കല്‍, ട്രഷറര്‍ ടോമി അഗസ്റ്റിന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് ഓലിക്കല്‍, ജോസഫ് കൊട്ടുകാപ്പളളില്‍, ജോയി കരുമത്തി, ദേവസിക്കുട്ടി വറീദ്, പാരീഷ് കൌണ്‍സില്‍ അംഗങ്ങളായ ജോജി ചെറുവേലില്‍, സിബിച്ചന്‍ മുക്കാടന്‍, സണ്‍ഡേ സ്കൂള്‍ ടീച്ചര്‍മാരായ ജാന്‍സി ജോസഫ്, ജോസഫ് ജെയിംസ്, മരിയന്‍ മദേഴ്സ് പ്രസിഡന്റ് സൂസന്‍ ഡൊമിനിക് എന്നിവര്‍ പരിപാടികളില്‍ ആദ്യന്തം പങ്കെടുത്ത് എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തു. ഉച്ച ഭക്ഷണത്തോടെ യോഗം പിരിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.