You are Here : Home / USA News

ഫൊക്കാന സാഹിത്യ മത്സരത്തില്‍ രാജു ചിറമണ്ണിലിന് ഒന്നാം സ്ഥാനം

Text Size  

Story Dated: Tuesday, July 29, 2014 08:19 hrs UTC


ചിക്കാഗോ: പതിനാറാമത് ഫൊക്കാന്‍ ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടത്തിയ സാഹിത്യ മത്സരത്തില്‍ രാജു ചിറമണ്ണില്‍ ന്യൂയോര്‍ക്ക് എഴുതിയ 'അബ്രഹാമും ഏഴു കൂടപ്പിറപ്പുകളും' എന്ന കഥ ഒന്നാം സ്ഥാനത്തിനര്‍ഹമായി. ജൂലൈ നാലുമുതല്‍ ആറുവരെ ചിക്കാഗോയില്‍ നടന്ന കണ്‍വെന്‍ഷനില്‍ വച്ച് പ്രശസ്ത നോവലിസ്റ്റ് ബന്യാമിന്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു.
 
കഴിഞ്ഞ മുപ്പതു വര്‍ഷമായി ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലുള്ള ബ്രോങ്ക്സ്‌വില്ലില്‍ താമസിക്കുന്ന രാജു ചിറമണ്ണിലിന് ഇതിനോടകം ധാരാളം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
 
2014-ല്‍ യു.എസ് മലയാളി ഡോട്ട് കോം നടത്തിയ അന്തര്‍ദേശീയ ചെറുകഥാമത്സരത്തില്‍ യു.എ.ഇ, ജെര്‍മനി, ഇന്‍ഡ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരോടൊപ്പം യു.എസ്.എയില്‍ നിന്നും ചെറുകഥയ്ക്ക് അവാര്‍ഡ് ലഭിക്കുകയുണ്ടായി. 2012-ല്‍ ഫോമാ നടത്തിയ ദേശീയ സാഹിത്യ മത്സരത്തില്‍ 'മൊര്‍ഗെ' എന്ന കഥക്കും, 2011-ല്‍ ഫോമയുടെ ദേശീയ മത്സരത്തില്‍ 'ഗാലോസ്' എന്ന കഥയ്ക്കും ഒന്നാം സമ്മാനം ലഭിച്ചു. കൂടാതെ 200-ല്‍ കേരള ദര്‍ശനത്തിന്റെ ദേശീയ സാഹിത്യ മത്സരത്തില്‍ 'പുനര്‍ജനി' എന്ന കഥക്ക് രണ്ടാം സ്ഥാനം ലഭിക്കുകയുമുണ്ടായി.
 
നാട്ടിലും അമേരിക്കയിലുമുള്ള സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ ധാരാളം ചെറുകഥകളും, ഏതാനും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'സൗരയൂഥത്തിലെ ഭൂമി' എന്ന കവിതയില്‍ ഭൂമിയുടെ നാശവും, അവിടെ നിന്ന് സൂര്യനിലേക്കുള്ള കയ്യേറ്റവുമാണ് വിഷയം.
 
1985-ല്‍ അമേരിക്കയിലെത്തിയ രാജു, ആദ്യകാലങ്ങളില്‍ ന്യൂയോര്‍ക്കില്‍ നിന്ന് ഇറങ്ങുന്ന മലയാളം പ്രസിദ്ധീകരണമായ മലയാളം പത്രത്തില്‍ സ്ഥിരമായി കഥകളെഴുതിയിരുന്നു. സാഹിത്യ-വാരഫലം എം. കൃഷ്ണന്‍ നായരുടെ 'നിഴലും നിലാവും' എന്ന പംക്തിയില്‍ രാജുവിന്റെ കഥകളെക്കുറിച്ച് വിമര്‍ശനങ്ങളും, പരാമര്‍ശനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
 
ഇന്ത്യയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും ജീവിച്ചിട്ടുള്ള രാജുവിന്റെ കഥകളില്‍ അദ്ദേഹം പ്രവാസിയായി ജീവിച്ചിരുന്ന ആ നാടുകളിലെ ജീവിതാചാര്യ മര്യാദകളും, പ്രണയവും, പ്രണയ ഭംഗങ്ങളും കോര്‍ത്തിണക്കി അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ മണ്ണില്‍ വച്ചെഴുതിയ കഥകളില്‍ കൂടുതലും ഈ നാട്ടിലെ വ്യത്യസ്തതയാര്‍ന്ന ജീവിതത്തിന്റെ പ്രതിഫലനമാണ്. 'ഗാലോസ്' ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന ഒരു മലയാളി ചെറുപ്പക്കാരന്റെ ജീവിതമാണെങ്കില്‍ 'മൊര്‍ഗെ' ആഫ്രിക്കന്‍-സ്പാനിഷ് വര്‍ഗക്കാരുടെ ജീവിതത്തിന്റെ കഥ പറയുന്നു. 'മൊഹാക്ക് താഴ്‌വരയില്‍ ഒരു പെണ്‍കുട്ടിയോടൊപ്പം' എന്ന കഥയില്‍ റെഡ് ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ജീവിതവും, അവരുടെ സംസ്കാരവും വരച്ചു കാട്ടുന്നു. 'സായന്തനത്തിലെ പക്ഷി' ഇറാഖ് യുദ്ധത്തോടനുബന്ധിച്ചു ലോക രാഷ്ട്രങ്ങള്‍ എടുത്ത നിലപാടിനെയും, ഭാവിയുടെ നിലനില്പിന് ഭീഷണിയായിത്തീരുന്ന ലൈംഗീക കൂട്ടുകെട്ടുകളെയും പ്രതിപാദിക്കുന്നു. അങ്ങനെ എത്രയെത്ര സുന്ദരമായ കഥകളും കവിതകളുമാണ് രാജുവിന്റെ തൂലികയിക്കൂടി ഇതിനോടകം പിറവിയെടുത്തത്. ഇതിനോടകം എഴുതിയ അറുപത്തഞ്ചോളം കഥകളില്‍ നിന്നും 'തിരഞ്ഞെടുത്ത കഥകള്‍' എന്ന പേരില്‍ ഒരു ചെറുകഥാ സമാഹാരം തയ്യാറാക്കുന്നതിന്റെ പണിപ്പുരയിലാണ് ശ്രീ. രാജു ചിറമണ്ണില്‍.
 
ശ്രീ രാജു, കന്നഡ നാടകകൃത്തും സംവിധായകനുമായ ബി.വി കാരന്തിനോടൊപ്പം എച്.എം.ടിയില്‍ ആയിരുന്നപ്പോള്‍ നാടക ക്ലബ്ബ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയില്‍ സജീവമായിരുന്നു. അക്കാലത്ത്  അദ്ദേഹം സമകാലീനവും സാമൂഹിക പ്രതിബദ്ധതയുമുള്ള ധാരാളം ലഘുനാടകങ്ങള്‍, സ്കിറ്റുകള്‍ എന്നിവ എഴുതി സ്റ്റേജില്‍ അവതരിപ്പിച്ചിട്ടുണ്ട്.
 
1987-മുതല്‍ ന്യൂയോര്‍ക്കിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച് മെമ്പറായ ശ്രീ. രാജു ഇടവക ട്രസ്റ്റി, സെക്രട്ടറി, അസംബ്ളി മെമ്പര്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ വൈസ് പ്രസിഡന്റ്, ഭദ്രാസന അസംബ്ളി മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
 
കഴിഞ്ഞ രണ്ടര ദശാബ്ദക്കാലമായി ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റില്‍ (എം.ടി.എ) ജോലി ചെയ്യുന്ന രാജുവിന്റെ സ്വദേശം റാന്നിയാണ്. ഭാര്യ കുഞ്ഞുമോള്‍ കോട്ടയം കൊല്ലാട് സ്വദേശിയാണ്. റോബിന്‍, കെവിന്‍ എന്നിവരാണ് മക്കള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.