You are Here : Home / USA News

പുല്ലാങ്കുഴലും മഞ്‌ജീരധ്വനികളും - അവിസ്‌മരണീയ കലാസന്ധ്യയുടെ നേര്‍ക്കാഴ്‌ച വിരിയിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 15, 2014 11:12 hrs UTC

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിലെ തിരുനാളിന്റെ ഭാഗമായി ജൂലൈ അഞ്ചാം തീയതി വൈകിട്ട്‌ ഏഴുമണിക്ക്‌ അരങ്ങേറിയ തിരുനാള്‍ നൈറ്റില്‍ വ്യത്യസ്‌തങ്ങളായ കലാരൂപങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിച്ച `പുല്ലാങ്കുഴലും മഞ്‌ജീരധ്വനികളും' എന്ന പരിപാടി അവിസ്‌മരണീയമായ ഒരു കലാസന്ധ്യയുടെ നേര്‍ക്കാഴ്‌ച വിരിയിച്ച അനുഭവമായി മാറുകയായിരുന്നു. ഫരീദാബ്‌ദ്‌ രൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ഡോ. കുര്യാക്കോസ്‌ ഭരണികുളങ്ങര ഭദ്രദീപം തെളിയിച്ച്‌ കലാസന്ധ്യയ്‌ക്ക്‌ തുടക്കംകുറിച്ചപ്പോള്‍ സീറോ മലബാര്‍ സഭയുടെ പാരമ്പര്യങ്ങളുടേയും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങളേയും ഒരു ചരടില്‍ കോര്‍ത്തിണക്കി- വി തോമാശ്ശീഹാ, വി. അല്‍ഫോന്‍സാമ്മ, വാഴ്‌ത്തപ്പെട്ടവരായ ചാവറയച്ചന്‍, ഏവുപ്രാസ്യാമ്മ എന്നിവരുടെ വേഷപ്പകര്‍ച്ചയും, താലപ്പൊലി, കളരിപ്പയറ്റ്‌, മാര്‍ഗ്ഗംകളി, ചെണ്ടമേളം, മുത്തുക്കുടകള്‍ എന്നിവയും വേദിയില്‍ അണിനിരന്നപ്പോള്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ അക്ഷരാര്‍ത്ഥത്തില്‍ കലയുടെ കേളികൊട്ട്‌ ഉയരുകയായിരുന്നു.

 

''ഷിക്കാഗോയിലെ പ്രശസ്‌ത നൃത്ത കോറിയോഗ്രാഫര്‍ ജിനു വര്‍ഗീസ്‌ കോറിയോഗ്രാഫി നിര്‍വഹിച്ച `നിണമണിഞ്ഞ കാല്‌പാടുകള്‍' എന്ന നൃത്തശില്‍പത്തിന്‌ സീറോ മലബാറിലെ പ്രതിഭാധനരായ കലാകാരികള്‍ ചുവടുവെച്ചപ്പോള്‍ ലാലിച്ചന്‍ ആലുംപറമ്പില്‍ തോമാശ്ശീഹാ ആയും, സിബി ചിറയില്‍ നാടുവാഴിയായും അരങ്ങത്ത്‌ വന്നു. വിന്‍സണ്‍ മാളിയേക്കല്‍ അതിമനോഹരമായി രൂപകല്‍പ്പന ചെയ്‌ത സ്റ്റേജില്‍ സീറോ മലബാര്‍ കത്തീഡ്രലിലെ ഇരുനൂറില്‍പ്പരം കലാകാരന്മാര്‍ തങ്ങളുടെ വ്യത്യസ്‌തങ്ങളായ കലാസൃഷ്‌ടികള്‍ അരങ്ങുതകര്‍ത്തു. യുവജനങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കി അവതരിപ്പിച്ച കലാസന്ധ്യ അതിമനോഹരമായിരുന്നു.

 

സിനു പലയ്‌ക്കാത്തടം, നിമ്മി നിഷാദ്‌ പള്ളിത്തറ, ജിയോ വെങ്ങാന്തറ എന്നിവര്‍ അവതാരകരായിരുന്നു. സെന്റ്‌ മേരീസ്‌ വാര്‍ഡിലെ എണ്‍പതില്‍പ്പരം അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച്‌ സിനു പാലയ്‌ക്കത്തടത്തിന്റെ രചനയിലും സംഭാഷണത്തിലും സംവിധാനത്തിലും, ആഷാ ജോസഫ്‌ നൃത്ത കോറിയോഗ്രാഫി നിര്‍വഹിച്ച്‌ - ആന്‍ഡ്രൂസ്‌ ആന്‍ഡ്‌ ടെസി പറമ്പേത്ത്‌ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച `തൊമ്മനും അന്നാമ്മയും പിന്നെ അമേരിക്കന്‍ മക്കളും' എന്ന കലാസൃഷ്‌ടി അഭിനയ-നൃത്ത-സംവിധാന മികവുകൊണ്ട്‌ ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയപ്പോള്‍ ഏവര്‍ക്കും ജനിച്ച നാടിന്റെ മനോഹാരിതയിലേക്കും ഓര്‍മ്മകളിലേക്കുമുള്ള ഒരു എത്തിനോട്ടമായിരുന്നു അത്‌ സമ്മാനിച്ചത്‌. മെലഡിയുടെ മുഗ്‌ധലാവണ്യമുള്ള ഒരുപിടി അവിസ്‌മരണീയ ഗാനങ്ങളുമായി സുനില്‍ വാസുപിള്ള, ജെസി കുര്യന്‍ എന്നിവരോടൊപ്പം അടിപൊളി ഗാനങ്ങളുമായി പവിത്രയും കൂടിയായപ്പോള്‍ ശുദ്ധ സംഗീതത്തിന്റെ വശ്യപ്രഭാവത്തിലേക്ക്‌ ശ്രോതാക്കളെ കൂട്ടിക്കൊണ്ടുപോകുന്ന കാഴ്‌ചയാണ്‌ കാണാന്‍ കഴിഞ്ഞത്‌.

 

 

'സംഗീതവും നൃത്തവും ഹാസ്യവും ഇടകലര്‍ന്ന സന്ധ്യാരാവില്‍- ദിവ്യ ചിറയില്‍ കോറിയോഗ്രാഫി നിര്‍വഹിച്ച്‌ സീറോ മലബാറിലെ യൂത്ത്‌ വിംഗ്‌ സ്റ്റേജ്‌ നിറഞ്ഞ്‌ താള വര്‍ണ്ണ വിസ്‌മയം തീര്‍ത്ത മിക്‌സ്‌ ഫ്യൂഷന്‍ ഡാന്‍സും, ബൈജു മേനോന്റെ നര്‍മ്മം വിതറിയ മിമിക്‌സും, ജോ വെളിയത്തുമാലിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഹാസ്യ സ്‌കിറ്റും അതോടൊപ്പം മുന്‍പോട്ടുള്ള കാലങ്ങളില്‍ വിശ്വാസത്തിന്റെ തീജ്വാലകള്‍ ഏറ്റുവാങ്ങുവാന്‍ സധൈര്യം മുന്നോട്ടുവന്ന കത്തീഡ്രല്‍ ദേവാലയത്തിലെ യൂത്ത്‌ വിംഗ്‌ പ്രഘോഷിച്ച്‌ അഭിനയിച്ച `റിമംബറിംഗ്‌ സെന്റ്‌ തോമസ്‌' എന്ന വര്‍ഷിപ്‌ പ്രോഗ്രാമിന്‌ ജീനാ തോമസ്‌ പറമ്പേത്ത്‌ നേതൃത്വം നല്‍കി. ഈവര്‍ഷത്തെ ദുക്‌റാന തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയ സെന്റ്‌ മേരീസ്‌ വാര്‍ഡിന്റെ പ്രസിഡന്റ്‌ സോവിച്ചന്‍ കുഞ്ചെറിയ സ്വാഗതവും, തിരുനാള്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ മാളിയേക്കല്‍ നന്ദിയും അറിയിച്ചു. കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റായ സിനു പാലയ്‌ക്കത്തടം, ജോജോ വെങ്ങാന്തറ, ആന്‍സി ചിറയില്‍ എന്നിവര്‍ മനോഹരമായി തീര്‍ന്ന ഈ കലാസന്ധ്യയ്‌ക്ക്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.