You are Here : Home / USA News

കോറല്‍സ്‌പ്രിംഗ്‌ ആരോഗ്യമാതാ ദേവാലയത്തിന്‌ ഫൊറോനാ പദവി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 07, 2014 08:34 hrs UTC


    
    

കോറല്‍സ്‌പ്രിംഗ്‌ ആരോഗ്യമാതാ ദേവാലയം ഫൊറോനാ പദവിയിലേക്ക്‌ ഉയരുന്നു. ജൂണ്‍ എട്ടിന്‌ ഞായറാഴ്‌ച 9 മണിക്ക്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി ഇതുസംബന്ധിച്ചുള്ള കല്‍പ്പന കുര്‍ബാന മധ്യേ വായിക്കുന്നതോടെ, 2003 നവംബറില്‍ രൂപീകരിക്കപ്പെട്ട കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ സീറോ മലബാര്‍ ഇടവക ഫൊറോനാ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെടും. ഈ ദേവാലയത്തിന്റെ ഉത്ഭവചരിത്രം പഠിക്കുന്നതിന്‌ നാം 28 വര്‍ഷങ്ങള്‍ പുറകോട്ട്‌ പോകേണ്ടിയിരിക്കുന്നു.

ഫ്‌ളോറിഡ: 1986-ല്‍ ഫാ. ജയിംസ്‌ പാറപ്പള്ളി (ഇപ്പോള്‍ മോണ്‍സിഞ്ഞോര്‍) ഏകദേശം 35 കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ ഫ്‌ളോറിഡ സ്ഥാപിച്ചതോടെയാണ്‌ ഈ ഇടവക പിറവിയെടുക്കുന്നത്‌. അസോസിയേഷന്‍, സൗത്ത്‌ ഫ്‌ളോറിഡയിലെ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളില്‍പ്പെട്ട കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയവും, സഭാപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി സ്ഥലത്തെ ഏതെങ്കിലും ദേവാലയങ്ങള്‍ വാടകയ്‌ക്കെടുത്ത്‌ മാസത്തിലൊരിക്കല്‍ മലയാളം കുര്‍ബാനയും, ക്രിസ്‌മസ്‌- ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങളും സംഘടിപ്പിച്ചു. സമൂഹത്തിന്റെ ആദ്ധ്യാത്മിക പിതാവായിരുന്ന ജയിംസച്ചനെ അന്നത്തെ മയാമി ആര്‍ച്ച്‌ ബിഷപ്പ്‌ എഡ്വേര്‍ഡ്‌ മക്കാത്തി ഇന്ത്യന്‍ കത്തോലിക്കാ സമുദായത്തിന്റെ ചാപ്ലെയിന്‍ ആയി നിയമിച്ചു.

ഈ കത്തോലിക്കാ സമൂഹത്തിന്റെ തീക്ഷണമായ ആഗ്രഹം, ഒരുമിച്ചുകൂടുന്നതിനും, കുര്‍ബാനയും മറ്റ്‌ ചടങ്ങുകളും സംഘടിപ്പിക്കുന്നതിനുമായി സ്വന്തമായ ഒരു സ്ഥാപനം വേണമെന്നുള്ളതായിരുന്നു. ഇതു കണക്കിലെടുത്ത്‌ ഫാ. ജയിംസ്‌ 1997-ല്‍ ഐ.സി.എ.എഫിന്റെ ഒരു ഭാഗമായി, ശ്രീ മാത്യു അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഒരു ബില്‍ഡിംഗ്‌ കമ്മിറ്റി രൂപീകരിച്ചു. ഒരു വിവിധോപയോഗ ഹാള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്ലാനിംഗും ഫണ്ടു പിരിവുമായി ബില്‍ഡിംഗ്‌ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.

ശ്രീ തോമസ്‌ പടിയറയുടെ അധ്യക്ഷതയില്‍ 1998-ല്‍ അധികാരമേറ്റ ഐ.സി.എ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി പെംബ്രൂക്ക്‌ പൈന്‍സിലെ സെന്റ്‌ മാക്‌സിമില്യന്‍ കോള്‍ബേ ദൈവാലയത്തിന്റെ അസോസിയേറ്റ്‌ പാസ്റ്ററായിരുന്ന ഫാ. ജോസ്‌ മാരൂരിന്റെ സഹായത്തോടെ പ്രസ്‌തുത ദേവാലയത്തില്‍ വെച്ച്‌ എല്ലാ ഞായറാഴ്‌ചകളിലും വൈകുന്നേരം കുര്‍ബാനയര്‍പ്പിക്കുന്നതിനുള്ള ഉടമ്പടിയുണ്ടാക്കി. തദ്‌ഫലമായി സമൂഹത്തിന്റെ കൂട്ടായ്‌മ കൂടുതല്‍ ബലവത്താകുകയും, ദേവാലയ നിര്‍മ്മാണത്തിനുള്ള ആഗ്രഹം കൂടുതല്‍ ശക്തമാകുകയും ചെയ്‌തു.

ജയിംസച്ചന്റേയും ബില്‍ഡിംഗ്‌ കമ്മിറ്റിയുടേയും അവിശ്രാന്തപരിശ്രമ ഫലമായി മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ചിരകാല സ്വപ്‌നം സാക്ഷാത്‌കരിച്ചുകൊണ്ട്‌ 2002-ല്‍ കോറല്‍സ്‌പ്രിംഗിലെ ബാപ്‌റ്റിസ്റ്റ്‌ പ്രെയര്‍ ഹാള്‍ ഏകദേശം 23 ലക്ഷം ഡോളര്‍ ചെലവില്‍ സ്വന്തമാക്കുന്നതിനു അസോസിയേഷന്‌ സാധ്യമായി. മയാമി രൂപതാ ആസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന മോണ്‍സിഞ്ഞോര്‍ ജോര്‍ജ്‌ പുതുശേരിയുടെ വ്യക്തിപരമായ സ്വാധീനവും അന്നത്തെ മയാമി ആര്‍ച്ച്‌ ബിഷപ്പ്‌ മോസ്റ്റ്‌ റവ ജോണ്‍ ഫവലോറയ്‌ക്ക്‌ മലയാളി കത്തോലിക്കാ സമൂഹവുമായുണ്ടായിരുന്ന പ്രത്യേക അടുപ്പവും പള്ളി വാങ്ങുന്നതിന്‌ മോര്‍ട്ട്‌ഗേജ്‌ ലഭ്യമാകുന്നതിന്‌ സഹായകരമായി എന്നത്‌ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തീവ്രഭക്തനായിരുന്ന ജയിംസച്ചന്റെ ആഗ്രഹാനുസരണം പള്ളിക്ക്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ എന്നു നാമകരണം ചെയ്യപ്പെട്ടു. താമസിയാതെ എസ്‌.എ.ബി.എസ്‌ കന്യാസ്‌ത്രീകള്‍ നടത്തുന്ന ഒരു മഠവും സ്ഥാപിച്ചു. അങ്ങനെ നോര്‍ത്ത്‌ അമേരിക്കയില്‍ ആദ്യമായി സ്വന്തം ദേവാലയവും, സ്വന്തം കന്യാസ്‌ത്രീ മഠവുമുള്ള ഒരു കത്തോലിക്കാ സമൂഹമെന്ന ഖ്യാതി നേടി സൗത്ത്‌ ഫ്‌ളോറിഡാ മലയാളികള്‍. തുടര്‍ന്ന്‌, മയാമി ആര്‍ച്ച്‌ ബിഷപ്പ്‌ അതിരൂപതയുടെ മിഷന്‍ പദവി ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ പള്ളിക്ക്‌ നല്‍കി.

2003-ല്‍ ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത ഉടലെടുത്തപ്പോള്‍ ആരോഗ്യമാതാ ദേവാലയത്തിലെ ഭൂരിഭാഗം കുടുംബാംഗങ്ങളും സീറോ മലബാര്‍ റീത്തില്‍പ്പെട്ടവരായിരുന്നതിനാല്‍, ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, കോറല്‍സ്‌പ്രിംഗ്‌ പള്ളി സമൂഹത്തെ സീറോ മലബാര്‍ ഇടവകയായി പ്രഖ്യാപിക്കുകയും ഫാ. ജോണ്‍ മേലേപ്പുറത്തിനെ ആദ്യ വികാരിയായി നിയമിക്കുകയും ചെയ്‌തു.

ഫാ. ജോണ്‍ ഇടവകയെ, 24 പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും, നാലു കൈക്കാരന്മാരും നയിക്കുന്ന 12 വാര്‍ഡുകളായി തിരിച്ചു. തുടര്‍ന്ന്‌ ബാപ്‌റ്റിസ്റ്റ്‌ പ്രാര്‍ത്ഥനാലയത്തെ പരിഷ്‌കരിച്ച്‌ മദ്‌ബഹയും അള്‍ത്താരയും, മാമോദീസാ തൊട്ടിയും ഉള്‍ക്കൊള്ളുന്ന കത്തോലിക്കാ ദേവാലയമാക്കി മാറ്റി. വികാരിമാര്‍ക്ക്‌ താമസിക്കുന്നതിനുള്ള റെക്‌ടറിയും പള്ളിക്ക്‌ സ്വന്തമായി.

എന്നാല്‍ 2009 നവംബറില്‍ സ്ഥാനമേറ്റ ഫാ. സക്കറിയാസ്‌ തോട്ടുവേലിയാണ്‌ ആരോഗ്യമാതാ ദേവാലയത്തെ ഇന്നത്തെ നിലയില്‍ ആര്‍ക്കും അസൂയജനിപ്പിക്കുന്നവിധം വ്യത്യസ്‌തമാക്കിയത്‌. കേരളത്തിലെ ദേവാലയങ്ങളുടെ മാതൃകയില്‍ മദ്‌ബഹ രൂപാന്തരപ്പെടുത്തി. ഇരുളടഞ്ഞ ജനലുകള്‍ മാറ്റി ചിത്രാങ്കിതമായ കണ്ണാടി ജാലകങ്ങള്‍ സ്ഥാപിച്ചു. ഇരിപ്പിടങ്ങളില്‍ മുട്ടുകുത്തുവാനുള്ള സൗകര്യംകൂടി കൂട്ടിച്ചേര്‍ത്ത്‌ പ്രവേശന കവാടങ്ങള്‍ വിപുലീകരിച്ചും, കുഞ്ഞുകുട്ടികളുള്ള മാതാപിതാക്കള്‍ക്ക്‌ മറ്റുള്ളവര്‍ക്ക്‌ അസൗകര്യമുണ്ടാകാത്തവിധം കുര്‍ബാന കാണുന്നതിനു കണ്ണാടിപ്പാളികളും, ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ടിവി സ്‌ക്രീനും ഉള്ള ലെറി റൂമും സ്ഥാപിച്ചു. കൂടാതെ ഫാ. ജയിംസിന്റെ ചിരകാല അഭിലാഷമായിരുന്ന വേളാങ്കണ്ണി മാതാവിന്റെ ഗ്രോട്ടോ നിര്‍മ്മിക്കുന്നതിലും ഫാ. സക്കറിയാസ്‌ വിജയംകണ്ടു.

യോഗം ചേരുന്നതിനും കലാപരിപാടികള്‍ നടത്തുന്നതിനും ഉപയുക്തമാകുന്നവിധം പാരീഷ്‌ ഹാള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏറെക്കുറെ പുര്‍ത്തിയാക്കിയിരുന്നു സക്കറിയാസച്ചന്‍ 2013 നവംബറില്‍ ഹൂസ്റ്റണിലേക്ക്‌ സ്ഥലംമാറി പോകുമ്പോള്‍. പുതിയ വികാരിയായി നിയമിതനായ ഫാ. കുര്യാക്കോസ്‌ ഉടനടി പാരീഷ്‌ ഹാളിന്റെ തുടര്‍ന്നുള്ള നിര്‍മ്മാണ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമത്തിലാണിപ്പോള്‍.

ഫൊറോനാ തലത്തിലേക്ക്‌ ഉയര്‍ത്തപ്പെടുന്ന ഈ അവസരത്തില്‍, കോറല്‍ സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ ചര്‍ച്ച്‌ എല്ലാവിധത്തിലും ആ പദവിക്ക്‌ ഉചിതവും അര്‍ഹവുമായ സ്ഥാനം പ്രാപിച്ചിട്ടുണ്ടെന്ന്‌ സൗത്ത്‌ ഫ്‌ളോറിഡയിലെ മലയാളി സമൂഹം അഭിമാനപുരസരം അവകാശപ്പെടുന്നു. ലൂക്കോസ്‌ പൈനുങ്കന്‍ അറിയിച്ചതാണിത്‌.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.