You are Here : Home / USA News

വൃന്ദാവന്‍ സീഡി പ്രകാശനം ചെയ്തു

Text Size  

Story Dated: Thursday, April 24, 2014 09:25 hrs UTC

ജയപ്രകാശ് നായര്‍
 
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മലയാളികള്‍ക്ക് സുപരിചിതനായ ശ്രീ അജിത്‌ എന്‍ നായര്‍ രചിച്ച് സ്റ്റാര്‍ സിംഗര്‍ യു.എസ്.എ.യുടെ പ്രധാന വിധികര്‍ത്താവായിരുന്ന ശ്രീമതി കുമാരി നായര്‍ സംഗീത സംവിധാനം നിര്‍വഹിച്ച് ഇവര്‍ രണ്ടു പേരും ആലപിച്ച 9 മലയാള ലളിതഗാനങ്ങള്‍ അടങ്ങിയ ആല്‍ബം വെസ്റ്റ്‌ചെസ്റ്ററിലും റോക്ക്‌ലാന്റിലും, ക്വീന്‍സ് ലോംഗ് ഐലന്റ് ഭാഗങ്ങളിലും ഒരേ സമയം പ്രകാശനം ചെയ്തു. 
 
ഹൈന്ദവ മതാചാര്യനും ഗീതോപാസകനും ഭഗവത്  ഗീതാദ്ധ്യാപകനുമായ  ശ്രീ വിദ്യാസാഗര്‍  ആണ് വെസ്റ്റ്‌ചെസ്റ്റെറില്‍ ഈ ആല്‍ബം പ്രകാശനം ചെയ്തത്.  മലയാള സംഗീതാസ്വാദകര്‍ക്ക് എന്നും ഓമനിക്കാന്‍ ഒരുപിടി നല്ല ഗാനങ്ങള്‍ കോര്‍ത്തിണക്കി ഇതുപോലൊരു ആല്‍ബം തയ്യാറാക്കിയ ശ്രീ അജിത്തിനെയും ശ്രീമതി കുമാരിയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.  യോങ്കേഴ്‌സില്‍ നിന്നുള്ള ശ്രീമതി മാഗി പാട്ടക്കണ്ടത്തില്‍ പതിനേഴു സീഡികള്‍ ഒരുമിച്ച് ഏറ്റെടുത്ത് ഏവര്‍ക്കും ഒരു മാതൃകയാവുകയും ശ്രീ അജിത്തിന്റെയും ശ്രീമതി കുമാരിയുടെയും ഈ ഉദ്യമത്തിനും ഇതുപോലുള്ള എല്ലാ സംരംഭങ്ങള്‍ക്കും പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം നല്‍കുകയും ചെയ്തു.
 
പൊതുസമ്മതനും സാമൂഹ്യ പ്രവര്‍ത്തകനും റോക്ക്‌ലാന്റ് എച്ച്.കെ.എസ്സിന്റെയും ഭജന ഗ്രൂപ്പിന്റെയും നേതൃത്വം വഹിക്കുന്നതുമായ വിശ്വനാഥന്‍ കുഞ്ഞുപിള്ള എല്ലാവിധ സഹായവും  വാഗ്ദാനം ചെയ്തുകൊണ്ട് റോക്ക്‌ലാന്റില്‍ ഈ മഹത്കര്‍മ്മം നിര്‍വഹിച്ചു. ക്വീന്‍സ് ലോംഗ് ഐലന്റ് ഭാഗങ്ങളിലെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത് നായര്‍ ബനവലന്റ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി വനജ നായര്‍ ആയിരുന്നു. ജാതിമതഭേദമന്യേ ഏവര്‍ക്കും ആസ്വദിക്കുവാനും പഠിച്ച് പാടുവാനും സാധിക്കുന്ന തരത്തിലുള്ള ലളിതമായ ഗാനങ്ങളാണ്‌ ഈ ആല്‍ബത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നും നല്ല പാട്ടുകള്‍ ആസ്വദിക്കുന്ന മലയാളികള്‍ ഈ ആല്‍ബത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. നല്ല സ്പോണ്‍സര്‍മാരെ കിട്ടിയാല്‍ അടുത്തത് ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ആല്‍ബം ആയിരിക്കും എന്ന് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ശ്രീ അജിത്ത് പറഞ്ഞു.  ഈ അവസരത്തില്‍ എച്ച്.കെ.എസ്സിന്റെ സ്ഥാപകരില്‍ ഒരാളായ ഡോ. മധു പിള്ള നല്‍കിയ എല്ലാ സഹായസഹകരണങ്ങളും പ്രത്യേകം നന്ദിയോടെ സ്മരിക്കുകയുണ്ടായി.     

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.