You are Here : Home / USA News

മാര്‍ക്ക്‌ സെമിനാര്‍ ശ്രദ്ധേയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 12, 2014 11:22 hrs UTC

ഷിക്കഗോ: പ്രാഗത്ഭ്യം തെളിയിച്ച പ്രഭാഷകരുടെ സാന്നിധ്യംകൊണ്ടും, റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ ആവേശകരമായ പങ്കാളിത്തംകൊണ്ടും ഏപ്രില്‍ അഞ്ചിന്‌ ശനിയാഴ്‌ച ഷിക്കാഗോയില്‍ നടത്തപ്പെട്ട മാര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ ഏറെ ശ്രദ്ധേയമായി. വൈദ്യ ചികിത്സാ രംഗത്ത്‌ അനുഭവവും പരിജ്ഞാനവും കൈമുതലായുള്ള സമര്‍ത്ഥരായ പ്രൊഫഷണലുകള്‍, തെരഞ്ഞെടുത്ത വിഷയങ്ങളും, ആകര്‍ഷകമായ അവരുടെ അവതരണ ശൈലിയും പങ്കെടുത്ത ഏവര്‍ക്കും സെമിനാര്‍ ആസ്വാദ്യകരമാക്കി. കൃത്യനിഷ്‌ഠയോടുകൂടിയും, കാര്യക്ഷമമായും സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ നൂറില്‍പ്പരം റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ പങ്കെടുത്തു.

 

സ്‌കോക്കി ഹോസ്‌പിറ്റല്‍ ഫാര്‍മസി വിഭാഗം മേധാവി ഹീനാ പട്ടേല്‍ 'മെഡിക്കേഷന്‍സ്‌ ഡ്യൂറിംഗ്‌ എമര്‍ജന്‍സി' എന്ന വിഷയത്തെ ആസ്‌പദമാക്കി എടുത്ത ക്ലാസോടുകൂടി സെമിനാര്‍ ആരംഭിച്ചു. 'കോഡ്‌ബ്ലു' പോലുള്ള നിര്‍ണ്ണായക അടിന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന വിവിധ ജീവന്‍രക്ഷാ ഔഷധങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഹീനാ പട്ടേല്‍ വിശദമായി സംസാരിച്ചു.

അടിയന്തിര ചികിത്സാവേളയില്‍ റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ വഹിക്കുന്ന സുപ്രധാന പങ്ക്‌ അവര്‍ പ്രത്യേകം എടുത്തുപറഞ്ഞു. തുടര്‍ന്ന്‌ `പതോഫിസിയോളജി ഓഫ്‌ റെസ്‌പിരേറ്ററി ഡിസ്‌ട്രസ്‌ ഇന്‍ പ്രിടോ ന്യൂബോണ്‍' എന്ന വിഷയത്തെ ആസ്‌പദമാക്കി ക്ലാസ്‌ എടുത്തത്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ഇല്ലിനോയിസ്‌ മെഡിക്കല്‍ സെന്റര്‍ ശിശുപരിരക്ഷണ വിഭാഗം മേധാവി ഡോ. അനന്തകൃഷ്‌ണന്‍ ഹര്‍ജിത്താണ്‌. പൂര്‍ണ്ണ ഗര്‍ഭസ്ഥ വളര്‍ച്ച ലഭിക്കാതെ പിറക്കുന്ന നവജാത ശിശുക്കളുടെ പരിചരണത്തിലുള്ള വെല്ലുവിളികളും ശിശുക്കളുടെ ശുശ്രൂഷയില്‍ റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ കൈക്കൊള്ളേണ്ട സൂക്ഷ്‌മകളെക്കുറിച്ച്‌ അദ്ദേഹം ആഴത്തില്‍ സംസാരിച്ചു.

 

അമേരിക്കന്‍ മലയാളി സമൂഹത്തിലെ സ്‌പന്ദനങ്ങള്‍ സുസൂക്ഷ്‌മം നിരീക്ഷിക്കുന്ന ഡോ. അനന്തകൃഷ്‌ണന്‍, മാര്‍ക്ക്‌ എന്ന സംഘടനയും, അതിന്റെ പ്രവര്‍ത്തനങ്ങളും അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഒട്ടാകെ അഭിമാനമാണെന്ന്‌ അഭിപ്രായപ്പെട്ടു. `ഒബാമ കെയര്‍ തിംഗ്‌സ്‌ വിഷ്‌ഡ്‌ നോ' എന്ന വിഷയത്തെ ആസ്‌പദമാക്കിയാണ്‌ കുക്ക്‌ കൗണ്ടി ഹെല്‍ത്ത്‌ സിസ്റ്റം എക്‌സിക്യൂട്ടീവ്‌ നേഴ്‌സിംഗ്‌ ഡയറക്‌ടര്‍ ആഗ്‌നസ്‌ തേരാടി സംസാരിച്ചത്‌. ഏതാനും വര്‍ഷമായി അമേരിക്കന്‍ സമൂഹം സജീവമായി ചര്‍ച്ച ചെയ്‌തിട്ടും, ആശങ്കകളും അവ്യക്തതകളും ഇപ്പോഴും നിലനില്‍ക്കുന്ന അഫോര്‍ഡബിള്‍ കെയര്‍ ആക്‌ടിന്റെ സവിശേഷതകള്‍ ആഗ്‌നസ്‌ തേരാടി വിശദീകരിച്ചു. സാധാരണക്കാര്‍ക്ക്‌ ആരോഗ്യപരിരക്ഷണം ഉറപ്പാക്കുന്ന ഈ നിയമം അമേരിക്കന്‍ ജനതയുടെ ആരോഗ്യരംഗത്ത്‌ വരുത്താവുന്ന സമൂല മാറ്റങ്ങളേക്കുറിച്ചും പ്രയോജനങ്ങളെക്കുറിച്ചും ശുഭാപ്‌തി വിശ്വാസത്തോടുകൂടി അവര്‍ സംസാരിച്ചു.

 

മാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഐ.എസ്‌.ആര്‍.സിയ്‌ക്കുള്ള അംഗീകാരവും അഭിനന്ദനങ്ങളും അറിയിക്കുവാന്‍ സെമിനാറില്‍ പങ്കെടുത്ത ഐ.എസ്‌.ആര്‍.സി പ്രസിഡന്റ്‌ വലേരി ക്ലാന്‍സ്‌ റെസ്‌പിരേറ്ററി പ്രൊഫഷന്‍ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ച്‌ വിശദീകരിച്ചു. റെസ്‌പിരേറ്ററി പ്രൊഫഷണലുകള്‍ക്ക്‌ കൂടുതല്‍ സാധ്യതകള്‍ നല്‍കുന്ന എച്ച്‌.ബി 2619 പോലുള്ള നിയമങ്ങള്‍ പാസാക്കിയെടുക്കുവാന്‍ റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ ഒന്നാകെ എ.എ.ആര്‍.സി എന്ന ദേശീയ സംഘടനയ്‌ക്ക്‌ കീഴില്‍ അണിനിരക്കേണ്ടതിന്റെ ആവശ്യകത അവര്‍ ഊന്നിപ്പറഞ്ഞു. മാര്‍ക്ക്‌ സെമിനാര്‍ തുടര്‍ച്ചയായി സ്‌പോണ്‍സര്‍ ചെയ്യുന്ന `ബോഹിംഗര്‍ ഇംഗള്‍ഹെയിം' പ്രതിനിധി ലവയിന്‍ കുക്ക്‌ സി.ഒ.പി.ഡി, ആസ്‌തമാ ചികിത്സയ്‌ക്ക്‌ ഉപകരിക്കുന്ന പുതിയ ഇന്‍ഹേലറുകളെക്കുറിച്ച്‌ സെമിനാറില്‍ സംസാരിച്ചു. മാര്‍ക്ക്‌ പ്രസിഡന്റ്‌ സ്‌കറിയാക്കുട്ടി തോമസ്‌ സെമിനാറില്‍ സ്വാഗതം ആശംസിച്ചതോടൊപ്പം എം.സിയായി പ്രവര്‍ത്തിക്കുകയും ചെയ്‌തു.

 

 

 

സെക്രട്ടറി വിജയന്‍ വിന്‍സെന്റ്‌, എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റര്‍ റെജിമോന്‍ ജേക്കബ്‌, കോര്‍ഡിനേറ്റര്‍ രെന്‍ജി വര്‍ഗീസ്‌, ഐ.എസ്‌.ആര്‍.സി ചാപ്‌റ്റര്‍ പ്രതിനിധി ജോര്‍ജ്‌ പ്ലാമൂട്ടില്‍ എന്നിവര്‍ പ്രഭാഷകരേയും അതിഥികളേയും പരിചയപ്പെടുത്തി. വൈസ്‌ പ്രസിഡന്റ്‌ റവ. ഹാം ജോസഫ്‌ കൃതജ്ഞത രേഖപ്പെടുത്തി. മാര്‍ക്ക്‌ ഭാരവാഹികളായ സാം തുണ്ടിയില്‍, മാക്‌സ്‌ ജോയി, സണ്ണി കൊട്ടുകാപ്പള്ളി. സനീഷ്‌ ജോര്‍ജ്‌ എന്നിവര്‍ക്കൊപ്പം രാമചന്ദ്രന്‍ ഞാറടയില്‍, സമയാ ജോര്‍ജ്‌ എന്നിവരും സെമിനാറിന്‌ നേതൃത്വം നല്‍കി. അടുത്ത വിദ്യാഭ്യാസ സെമിനാര്‍ ഒക്‌ടോബര്‍ 18-ന്‌ നടക്കും. സെക്രട്ടറി വിജയന്‍ വിന്‍സെന്റ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.