You are Here : Home / USA News

ഡോ. ജോസ് കാനാട്ട് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

Text Size  

Story Dated: Sunday, March 30, 2014 10:47 hrs UTC

 
ന്യൂയോര്‍ക്ക്: ഡോ. ജോസ് കാനാട്ട് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതായി അദ്ദേഹം ഒരു പ്രസ്താവനയില്‍ അറിയിച്ചു.
 
വാഗ്മിയും, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനും, സംഘാടകനും, വരുമാനത്തിന്റെ നാലിലൊരുഭാഗം തന്റെ ഉടമസ്ഥതയിലുള്ള കെ.വി.എം ചാരിറ്റിയിലൂടെ കേരളത്തിലെ പാവങ്ങള്‍ക്കായി വിനിയോഗിക്കുന്ന മനുഷ്യസ്‌നേഹിയാണ്‌ ഡോ. കാനാട്ട്‌. 
 
അദ്ദേഹം സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ മുന്‍ വൈസ്‌ പ്രസിഡന്റ്‌, സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 2004ലെ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍, മുന്‍ ഇന്‍ഡ്യ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍  പ്രവാസി മലയാളി അസോസിയേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍, കേരള സമാജം ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ്, ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ജോയിന്റ്‌ സെക്രട്ടറി, ലോംങ്‌ ഐലന്‍ഡ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
 
സര്‍വ്വജനസ്സമ്മതനും, വിവിധോന്മുഖമായ പ്രവര്‍ത്തനങ്ങളില്‍ കൂടെ കഴിവുതെളിയിച്ചിട്ടുള്ള ആളുമായ ഡോ. ജോസ് കാനാട്ട് യു.എസ്.മലയാളി ഡോട്ട് കോമിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ്.
 
പാലാ സെന്റ്‌ തോമസ്‌ കോളേജില്‍ നിന്നു മാസ്‌റ്റേഴ്‌സും, റാഞ്ചി സര്‍വ്വകലാശാലയില്‍ നിന്ന്‌ ഡോക്ടറേറ്റും നേടി, കഴിഞ്ഞ ഇരുപത്തിയൊന്ന്‌ വര്‍ഷമായി അമേരിക്കയില്‍ ലോംങ്‌ ഐലന്‍ഡില്‍ ജീവിക്കുന്ന അദ്ദേഹം ബയോമെഡിക്കല്‍ ബിസിനസ്സ്‌ രംഗത്ത്‌ വിജയിച്ചയാളും, കേരളത്തില്‍ വാഗമണ്ണിലുള്ള ഇന്‍ഡോ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ചെയര്‍മാനുമാണ്‌. 
 
പ്രവര്‍ത്തി പരിചയം കൊണ്ടും, പ്രാഗല്‍ഭ്യം കൊണ്ടും മറ്റാരെക്കാളും ആ സ്ഥാനത്തിന് താന്‍ യോഗ്യനാണെന്നും, കൂടുതല്‍ ജനോപകാരപ്രദാനമായ പ്രവര്‍ത്തനങ്ങളില്‍ കൂടി ഫൊക്കാനയെ നയിക്കാനും, ജനഹൃദയങ്ങളില്‍ എത്തിക്കാനും തന്നാലാവുംവിധം ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഇതിനോടകം തന്നെ ന്യൂയോര്‍ക്ക് മേഖലയിലുള്ള നിരവധി സംഘടനകളുടെ എന്‍ഡോഴ്സ്മെന്റ്സ് തനിക്ക് ലഭിച്ചത് തന്റെ ജനസമ്മതിയുടെ വിജയമാണെന്നും അടുത്ത ഇലക്ഷനില്‍ എല്ലാവരും തങ്ങളുടെ വോട്ടുകള്‍ നല്‍കി തന്നെ വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നതായി ഡോ. ജോസ് അറിയിച്ചു.
 
ഈ വര്‍ഷം ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ആഗോള കണ്‍വെന്‍ഷനോട് അനുബന്ധിച്ചാണ് ഇലക്ഷന്‍ നടക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.