You are Here : Home / USA News

പ്രവീണ്‍ വര്‍ഗീസിന്റെ വേര്‍പാടില്‍ നീതി തേടി സര്‍വ്വകക്ഷി യോഗവും അനുസ്‌മരണവും

Text Size  

Story Dated: Friday, February 28, 2014 11:46 hrs UTC

 

ന്യൂയോര്‍ക്ക്‌: സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന മോര്‍ട്ടന്‍ഗ്രോവ്‌ സ്വദേശി പ്രവീണ്‍ വര്‍ഗീസിന്റെ ആകസ്‌മികമായ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനും, മരണത്തിന്‌ കാരണമായ സാഹചര്യങ്ങളെപ്പറ്റിയുള്ള തുടര്‍ നടപടികള്‍ വിശകലനം ചെയ്യുന്നതിനുമായി ഡെസ്‌പ്ലെയിന്‍സിലുള്ള ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ ഫെബ്രുവരി 26-ന്‌ വൈകിട്ട്‌ ഏഴുമണിക്ക്‌ യോഗം ചേര്‍ന്നു. യോഗത്തില്‍ എത്തിച്ചേര്‍ന്ന വന്‍ ജനപങ്കാളിത്തം പ്രവീണിന്റെ കുടുംബത്തിന്‌ എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്‌തു.

ഷിക്കാഗോ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച്‌ വൈദീകവൃന്ദം, എല്ലാ സംഘടനകളുടേയും നേതാക്കളും പ്രതിനിധികളും, ഇടവകാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിന്‌ മറിയാമ്മ പിള്ള, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, റവ ഡാനിയേല്‍ തോമസ്‌, സണ്ണി വള്ളിക്കളം, ജോയിച്ചന്‍ പുതുക്കുളം എന്നിവര്‍ നേതൃത്വം നല്‍കി. പ്രവീണിന്റെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ തന്റെ മകന്റെ വേര്‍പാട്‌ യുവതലമുറയില്‍ ഒരു മാറ്റംവരുത്താന്‍ ഇടയാകട്ടെ എന്ന്‌ മാതാവ്‌ ലൗലി വര്‍ഗീസ്‌ ഓര്‍മ്മിപ്പിച്ചു. പ്രവീണിന്റെ മരണത്തോടനുബന്ധിച്ചുള്ള അവ്യക്തത നീക്കുന്നതിനും, യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരുന്നതിനുമുള്ള യോഗത്തിന്റെ ശ്രമത്തിന്‌ ഇല്ലിനോയി ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ ഷീലാ സൈമണ്‍, ഡെമോക്രാറ്റിക്‌ നേതാവ്‌ ലതാ ആന്‍ കാലായില്‍, ഷിക്കാഗോ ആള്‍ഡര്‍മാന്‍ അമേയാ പവാര്‍, പൊതുപ്രവര്‍ത്തകനും
ലോയറുമായ രാജാകൃഷ്‌ണമൂര്‍ത്തി എന്നിവര്‍ എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്യുകയും, കുടുംബത്തോടുള്ള അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു.

സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ജനപ്രാതിനിധ്യംകൊണ്ട്‌ ശ്രദ്ധേയമായ സദസിന്റെ നിരവധി ചോദ്യങ്ങള്‍ക്ക്‌ വിശിഷ്‌ടാതിഥികള്‍ ഉത്തരം നല്‍കി. മുന്നോട്ടുള്ള നടപടികള്‍ക്കായി പത്തിലധികം അംഗങ്ങള്‍ വീതമുള്ള വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. അഡ്വ. ടോം ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി, പ്രിയാ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഫണ്ട്‌ റൈസിംഗ്‌ കമ്മിറ്റി, റവ. ബിജു പി. സൈമണിന്റെ അധ്യക്ഷതയില്‍ ഒപ്പുശേഖരണ കമ്മിറ്റി, റവ. ജോര്‍ജ്‌
സ്റ്റീഫന്‍സണിന്റെ അധ്യക്ഷതയില്‍ പ്രിവന്‍ഷന്‍ കമ്മിറ്റി,ജോയിച്ചന്‍ പുതുക്കുളം, ബിജു സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ പബ്ലിസിറ്റി കമ്മിറ്റി, ഇവയുടെ ജനറല്‍ കോര്‍ഡിനേറ്റേഴ്‌സായി മറിയാമ്മ പിള്ളയും, ഗ്ലാഡ്‌സണ്‍ വര്‍ഗീസും പ്രവര്‍ത്തിക്കും.

ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന യോഗം ഷിക്കാഗോയിലെ മലയാളി സമൂഹത്തിന്റെ പൊതുവികാരം പ്രകടിപ്പിക്കാനുള്ള ഒരു വേദിയായി മാറി.

തങ്ങളുടെ പ്രിയപ്പെട്ട മകന്‍ പ്രവീണിന്റെ വേര്‍പാടില്‍ നേരിട്ടും അല്ലാതെയും ഞങ്ങളെ ആശ്വസിപ്പിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്‌ത എല്ലാ തിരുമേനിമാര്‍ക്കും, വൈദീകര്‍ക്കും, രാഷ്‌ട്രീയ സാമുദായിക, സംഘടനാ നേതാക്കള്‍ക്കും, പത്രപ്രവര്‍ത്തകര്‍ക്കും, പ്രത്യേകിച്ച്‌ പ്രവീണിനെ കാണാതായ ദിവസം മുതല്‍ കണ്ടുപിടിക്കുന്നതിനുവേണ്ടി രാപകലില്ലാതെ ഊണും ഉറക്കവുമുപേക്ഷിച്ച്‌ അദ്ധ്വാനിച്ച മാര്‍ത്തോമാ പള്ളി ഇടവകാംഗങ്ങള്‍ക്കും, സ്‌നേഹിതര്‍ക്കും പ്രവീണിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും പ്രത്യേകം നന്ദി അറിയിച്ചു.

ജസ്റ്റീസ്‌ ഫോര്‍ ഓള്‍ (ജെ.എഫ്‌.എ) എന്ന സംഘടനയ്‌ക്കുവേണ്ടി ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂര്‍, ജനറല്‍ സെക്രട്ടറി ചെറിയാന്‍ ജേക്കബ്‌, സണ്ണി വള്ളിക്കളം എന്നിവരുടെ നേതൃത്വത്തില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കുവേണ്ടി ഈ സമ്മേളനം ഫോണില്‍കൂടി ശ്രവിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നു.

ഏഷ്യാനെറ്റ്‌, എ.ബി.സി ലോക്കല്‍ ചാനല്‍ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഷിജി അലക്‌സ്‌ അറിയിച്ചതാണിത്‌.

 
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.