You are Here : Home / USA News

വിന്‍സണ്‍ പാലത്തിങ്കല്‍ വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നിന്നും ഫോമയുടെ ശക്തനായ സാരഥി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 26, 2014 01:29 hrs UTC

വാഷിംഗ്‌ടണ്‍ ഡി.സി: വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നിന്നും ഫോമയുടെ തിലകക്കുറിയായി മാറുവാന്‍ ശക്തനായ ഒരു സാരഥിയായി വിന്‍സണ്‍ പാലത്തിങ്കല്‍ രംഗത്തുവരുന്നു. ഫെബ്രുവരി 22-ന്‌ ഫോമയുടെ ക്യാപ്പിറ്റല്‍ റീജിയന്റെ യോഗം വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ചെറുപ്പിലിന്റെ അധ്യക്ഷതയില്‍ നാരായണന്‍കുട്ടിയുടേയും സ്‌മിതയുടേയും ഭവനത്തില്‍ സംഘടിപ്പിക്കപ്പെട്ടു. മേരിലാന്റ്‌- വാഷിംഗ്‌ടണ്‍ പ്രദേശത്ത്‌ വളരെ ശക്തമായി പ്രവര്‍ത്തിക്കുന്ന മൂന്ന്‌ മലയാളി സംഘടനകളായ കെ.എ.ജി.ഡബ്ല്യു, കെ.സി.എസ്‌, കൈരളി ഓഫ്‌ ബാള്‍ട്ടിമോര്‍ എന്നിവയുടെ ശക്തമായ പ്രാതിനിധ്യംകൊണ്ട്‌ സംഗമം ശ്രദ്ധേയമായി. ചര്‍ച്ചകളെ സജീവമാക്കിയ ഏക വിഷയം അമേരിക്കന്‍ മലയാളി സംഘടനകളുടെ കൂട്ടായ്‌മയ്‌ക്ക്‌ ബീജാവാപം നടത്തിയ-കളമൊരുക്കിയ ഈ ഭൂവിഭാഗത്തുനിന്നും ശക്തനായ ഒരു സാരഥി ഫോമയില്‍ ഉണ്ടാവണം എന്നതായിരുന്നു. കറപുരളാത്ത സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായ വിന്‍സണ്‍ പാലത്തിങ്കലിനെ ഫോമയുടെ വൈസ്‌ പ്രസിഡന്റ്‌ പദത്തിലേക്ക്‌ എത്തിക്കണമെന്ന തീരുമാനം ഐക്യകണ്‌ഠ്യേന സ്വീകരിക്കപ്പെട്ടു.

 

യോഗത്തിന്റെ തീരുമാനം വിന്‍സണ്‍ ഏറ്റെടുക്കുന്നതായി അറിയിച്ചു. കുശാഗ്രബുദ്ധിയും കറപുരളാത്ത്‌ സേവനപരതകളുടെ കര്‍മ്മകാണ്‌ഡങ്ങള്‍ രചിച്ച വിന്‍സണ്‍ ഫോമയുടെ സുഗമമായ മുന്നേറ്റത്തിന്‌ ഒരു മുതല്‍ക്കൂട്ടാവും. അര്‍പ്പണമനോഭാവവും വ്യവസ്ഥാപിതമല്ലാത്ത സമര്‍പ്പണവും ശാസ്‌ത്ര-സാങ്കേതിക -വാണിജ്യ ലോകത്തെ വര്‍ഷങ്ങളുടെ വിജ്ഞാനവും വിന്‍സനെ ഫോമയുടെ കിരീടത്തില്‍ ചൂടുന്ന സുവര്‍ണ്ണ തൂവലായിരിക്കും എന്നതില്‍ രണ്ടുപക്ഷമില്ല. കര്‍മ്മത്തിന്റെ പ്രവാചകന്‍, ഫോമയെ പുതിയ വിതാനങ്ങളിലേക്ക്‌ നയിക്കുവാന്‍ ശേഷിയുള്ള കെല്‍പ്പുറ്റ ഒരു സംഘാടകന്‍. 1980-കളില്‍ എന്‍ജിനീയറിംഗില്‍ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ പ്രശസ്‌തമായ സ്ഥാപനങ്ങള്‍ക്കുവേണ്ടി സേവനം അനുഷ്‌ഠിച്ചു. തുടര്‍ന്ന്‌ ഹ്രസ്വകാലം സൗദി അറേബ്യയില്‍. 1992-ല്‍ നവോഡ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി.

 

അതിനുശേഷമുള്ള പ്രവര്‍ത്തനം വാഷിംഗ്‌ടണ്‍ ഡി.സി സര്‍ക്കാരിനൊപ്പം. 1999- മുതല്‍ സ്വന്തമായി സ്ഥാപിച്ച വിവരസാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവന്‍. അതോടൊപ്പം ലോകം മുഴുവന്‍ അമേരിക്കന്‍ ഉത്‌പന്നങ്ങളെത്തിക്കുന്ന ഒരു കയറ്റുമതി-ഇറക്കുമതി സ്ഥാപനത്തിന്റെ സാരഥി. 2013-ല്‍ ഈ സ്ഥാപനത്തിന്‌ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പ്രത്യേക പുരസ്‌കാരങ്ങള്‍ ലഭിച്ചു. തിരക്കേറിയ ഈ ജീവിതചര്യയോടൊപ്പം വാഷിംഗ്‌ടണിലെ മലയാളി സംഘടനയുടെ പ്രസിഡന്റ്‌, മുഖ്യകാര്‍ദര്‍ശി എന്നീ പദവികളില്‍ സ്‌തുത്യര്‍ഹമായ പ്രകടനം. അദ്ദേഹത്തിന്റെ നേതൃത്വത്തിലൂടെ വാഷിംഗ്‌ടണ്‍ കിംഗ്‌ കോബ്രാ സ്‌പോര്‍ട്‌സ്‌ ഫൗണ്ടേഷന്റെ ജനനം. ഇപ്പോള്‍ ജിമ്മി ജോര്‍ജ്‌ വോലിബോള്‍ മത്സരങ്ങളുടെ വാഷിംഗ്‌ടണ്‍ ഏരിയയിലെ മുഖ്യ സംഘാടകന്‍. അമേരിക്കയിലും ഭാരതത്തിലും അനേകം സന്നദ്ധ സഹായ സംഘടനകള്‍ക്ക്‌ രൂപം നല്‍കി, അവയിലെ സജീവ പ്രവര്‍ത്തകന്‍.

 

വാഷിംഗ്‌ടണില്‍ കേരളത്തിന്റെ അമ്പതാം പിറന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയും, പതിനായിരങ്ങള്‍ പങ്കെടുക്കുകയും ചെയ്‌ത ആ മഹോത്സവത്തിന്റെ ശില്‍പി. അമേരിക്കയും ഭാരതവും തമ്മിലുള്ള സൗഹൃദം സുദൃഢമാക്കുവാന്‍ `വാഷിംഗ്‌ടണ്‍ ചലോ' എന്ന സംരംഭത്തിലൂടെ അമ്പത്തഞ്ചില്‍പ്പരം കോണ്‍ഗ്രസ്‌ അംഗങ്ങളും സെനറ്റര്‍മാരുമായി സംവേദിച്ച ഒരു പ്രതിഭ. ഫോമാ എന്ന സംഘടനയുടെ ഉല്‍പ്പത്തി മുതല്‍ ഈ നിമിഷം വരെ അദ്ദേഹം അതിന്റെ ഒരു സജീവ പ്രവര്‍ത്തകനാണ്‌. ഇത്ര ബഹൃത്തായ ഒരു സംഘടനയുടെ നിയമാവലി രൂപപ്പെടുത്തുവാന്‍ വലിയ സഹായമാണ്‌ വിന്‍സണ്‍ സമര്‍പ്പിച്ചത്‌. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഫോമയുടെ ഉപദേശക സംഘത്തിന്റെ മുഖ്യകാര്യദര്‍ശിയും അദ്ദേഹം തന്നെ. ശക്തമായ നേതൃവാസനയും അനേക വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയവുമുള്ള വിന്‍സണ്‍ ഫോമയുടെ ഒരു ശക്തികേന്ദ്രം തന്നെയാകുമെന്ന്‌ പ്രതീക്ഷിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.