You are Here : Home / USA News

ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ വാര്‍ഷിക കുടുംബസംഗമം വര്‍ണാഭമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 02, 2019 12:54 hrs UTC

പി. പി ചെറിയാന്‍.
 
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ (എച്ച്ആര്‍എ) ഈ വര്‍ഷത്തെ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടു ശ്രദ്ധേയമായി.
 
ഏപ്രില്‍ 27നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള ദേശി ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വച്ച് നടത്തപ്പെട്ട സംഗമത്തില്‍ പ്രസിഡണ്ട് ജീമോന്‍ റാന്നി അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം റാന്നിയില്‍ നടത്തിയ പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അകമഴിഞ്ഞ് സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.
 
തുടര്‍ന്ന് സംഗമത്തില്‍ മുഖ്യാതിഥിയായി എത്തിയ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് 3 ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട് ഉജ്ജ്വല വിജയം കൈവരിച്ച ജഡ്ജ് ജൂലി മാത്യുവിനെആദരിച്ചു. വനിതാ പ്രതിനിധികളായ ആഷാ റോയിയും ഷീജ ജോസും ചേര്‍ന്ന് ജൂലിയെ പൊന്നാട നല്‍കി ആദരിച്ചു. ഹൂസ്റ്റണിലെ മലയാളീ പ്രവാസി സമൂഹത്തിന്റെ സ്‌നേഹവുംആദരവുമൊക്കെ ലഭിക്കുമ്പോള്‍ താന്‍ കൂടുതല്‍ വിനയാന്വിതായി മാറുകയാണെന്ന് ജൂലി പറഞ്ഞു. ഹൂസ്റ്റണിലെ ഏറ്റവും പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ എച്ച്ആര്‍എയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് ജഡ്ജ് ജൂലി കുടുംബസംഗമം ഉത്ഘാടനം ചെയ്തു. 
 
 സംഗമത്തോടനുബന്ധിച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി ജിന്‍സ് മാത്യു കിഴക്കേതില്‍ 201819 ലെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ റോയ് തീയാടിക്കല്‍വാര്‍ഷിക കണക്കും അവതരിപ്പിച്ചു.
 
 റവ. ഏബ്രഹാം സഖറിയ (ജെക്കു അച്ചന്‍), ജോയ് മണ്ണില്‍ (ഉപരക്ഷാധികാരി), ബാബു കൂടത്തിനാലില്‍ (ഉപരക്ഷാധികാരി), ഈശോ ജേക്കബ്, സി.ജി. ദാനിയേല്‍,  തുടങ്ങിയവര്‍
ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
 
 കഴിഞ്ഞ വര്‍ഷം ഹൈടവര്‍ ഹൈസ്‌കൂളില്‍ നിന്നും വാലിഡക്ടോറിയന്‍ പദവി കരസ്ഥമാക്കിയ അസ്സോസിയേഷന്‍ അംഗം ഷാരോണ്‍ സഖറിയയെ യോഗത്തില്‍ അനുമോദിച്ചു. ഷാരോണ്‍ സഖറിയയ്ക്കുള്ള മെമെന്റോ ജെക്കു അച്ചനില്‍ നിന്ന് ഷാരോണിന്റെ സഹോദരി  ഐറിന്‍  സഖറിയ ഏറ്റുവാങ്ങി.
 
സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവര്‍ അംഗങ്ങളായുള്ള റാന്നി മുക്കുഴി മാര്‍ത്തോമാ ഇടവകയിലെ ജനങ്ങളുടെയും, ആ ഗ്രാമത്തിലെ ജനങ്ങളുടെയുംചിരകാലാഭിലാഷമായിരുന്ന  ദേവാലയത്തിലേക്കുള്ള സഞ്ചാരയോഗ്യമായ ഒരു റോഡ് യാഥാര്‍ഥ്യമാക്കിയ ഉപരക്ഷാധികാരി ബാബു കൂടത്തിനാലിന്റെ ജീവകാരുണ്യപ്രവര്‍ത്തങ്ങളെ മുക്തകണ്ഠം പ്രശംസിച്ചതോടൊപ്പം അദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തനത്തിന്  സംഘടനയുടെ പൊന്നാട പ്രസിഡണ്ട് ജീമോന്‍ റാന്നി അണിയിച്ചു. റോഡിനാവശ്യമായ വലിയ വില കൊടുത്ത് സ്ഥലം വാങ്ങി നല്‍കിയതു കൂടാതെ അത് പണിതു നല്‍കിയതും ബാബുവാണ്.          
 
 ജനുവരിയില്‍ റാന്നിയില്‍ വച്ച് നടന്ന പ്രത്യേക ചടങ്ങില്‍ പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു രാജു എബ്രഹാം എംഎല്‍എയില്‍ നിന്ന് സ്വീകരിച്ച ഗുഡ് സമരിറ്റന്‍അവാര്‍ഡ് ജീമോന്‍ റാന്നി സെക്രട്ടറി ജിന്‍സ്  മാത്യുവിനെ ഏല്പിച്ചു. 10,000 ഡോളറില്‍ അധികം സമാഹരിച്ച അസ്സോസിയേഷന്‍ റാന്നി ഗുഡ് സമരിറ്റന്‍ ട്രസ്റ്റിനോട് ചേര്‍ന്ന് ഏഴുലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് റാന്നിയില്‍ നടത്തിയത്.
 
അസ്സോസിയേഷന്‍ അംഗങ്ങളും ഹൂസ്റ്റണിലെ പ്രശസ്ത ഗായകരുമായ ജോസ് മാത്യു, മീര സഖറിയ എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങളും റോയ് തീയാടിക്കലിന്റെ കവിതയുംസംഗമത്തിന് മാറ്റ് കൂട്ടി.
 
ജോ.സെക്രട്ടറി ബിനു സഖറിയ നന്ദി പറഞ്ഞു. ജെക്കു അച്ചന്റെ പ്രാര്‍ത്ഥനയ്ക്കും  വിഭവസമൃദ്ധമായ ഡിന്നറിനും ശേഷം കുടുംബസംഗമം സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.