You are Here : Home / USA News

'നീതിമാന്റെ വെളിച്ചം പ്രകാശിക്കും, ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും'

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, September 15, 2018 02:39 hrs UTC

'നീതിമാന്റെ വെളിച്ചം പ്രകാശിക്കും, ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും' - ബൈബിളിലെ ഈ വാക്യമാണ് സുപ്രീം കോടതിയില്‍ നിന്ന് ഐ‌എസ്‌ആര്‍ഒ ചാരക്കേസിന്റെ വിധി കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്. നീതിമാന്‍ ജയിക്കുകയും ദുഷ്ടന്മാര്‍ പരാജയപ്പെടുകയും ചെയ്യുന്ന കാഴ്ചയ്ക്കാണ് ജനങ്ങള്‍ സാക്ഷിയായത്.

ഇന്ത്യന്‍ സ്പേസ് റിസെര്‍ച്ച് ഓര്‍ഗനൈസേഷനിലെ (ഐ‌എസ്‌ആര്‍‌ഒ) ശാസ്ത്രജ്ഞനും ക്രയോജനിക് എഞ്ചിന്റെ ഉപജ്ഞാതാവുമായിരുന്ന നമ്പി നാരായണനെ 1994-ല്‍ ചാരവൃത്തി ആരോപിച്ച് അറസ്റ്റു ചെയ്ത് ജയിലിലടച്ചതിലൂടെ ആര്‍ക്കെല്ലാമാണ് നേട്ടമുണ്ടായതെന്ന് കേസിന്റെ നാള്‍‌വഴികളിലൂടെ സഞ്ചരിച്ചാല്‍ നമുക്കു മനസ്സിലാകും. 'ഒരു വെടിക്ക് രണ്ടു പക്ഷി' എന്നു പറഞ്ഞതുപോലെ വീണത് നമ്പി നാരായണന്‍ മാത്രമല്ല, കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരാലും ആദരിക്കപ്പെട്ടിരുന്ന അന്നത്തെ കേരള മുഖ്യമന്ത്രി 'ലീഡര്‍' കെ. കരുണാകരനുമായിരുന്നു. ഇവരുടെ രണ്ടുപേരുടേയും രക്തം നക്കിക്കുടിച്ചവര്‍ പിന്നീട് ഉന്നത സ്ഥാനങ്ങളിലെത്തുകയും, ചിലര്‍ കേരള മുഖ്യമന്ത്രിമാരാകുകയും ചെയ്തു. നമ്പി നാരായണനെ അറസ്റ്റു ചെയ്ത അന്നത്തെ ഡിജിപി സിബി മാത്യൂസിന് പ്രോമോഷനുമായി. നമ്പി നാരായണന്റേയും കെ. കരുണാകരന്റേയും വീഴ്ച താത്ക്കാലികമാണെന്നും ആ വെടിക്കു പിറകില്‍ പ്രവര്‍ത്തിച്ചവരെല്ലാം അതേ ഉണ്ട തുളച്ചുകയറി പതനത്തിലേക്ക് കൂപ്പുകുത്താന്‍ പോകുന്നുവെന്നുമുള്ള വാര്‍ത്ത കേള്‍ക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യമുണ്ടാകുന്നത് നമ്പി നാരായണന് തന്നെ. കൂടെ നടന്നവരും കൂടെക്കൂട്ടിയവരുമൊക്കെ കാലുവാരിയപ്പോള്‍ തകര്‍ന്ന മനസ്സുമായി ഡല്‍ഹിക്ക് വണ്ടി കയറിയ കരുണാകരന്റെ പിന്നീടുള്ള രാഷ്ട്രീയ ജീവിതം നമ്മളൊക്കെ കണ്ടതാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ രാഷ്ട്രീയ വേദികളില്‍ തിളങ്ങിനില്‍ക്കുന്നവരെല്ലാം തലയിലൂടെ മുണ്ടിട്ട് നടക്കുന്ന കാഴ്ചയും കാണാമായിരുന്നു.

ഈ കേസില്‍ അച്ഛന് നീതി കിട്ടാതെ പോയി എന്ന് കോണ്‍ഗ്രസ് നേതാക്കളായ മകന്‍ കെ. മുരളീധരനും മകള്‍ പത്മജാ വേണുഗോപാലും പറഞ്ഞതുകൂടി ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. അച്ഛനുവേണ്ടി കുരുക്കുണ്ടാക്കിയവരെല്ലാം ഇന്ന് സംശയത്തിന്റെ നിഴലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നുവെന്നാണ് മുരളീധരന്‍ പറഞ്ഞത്. "ജുഡീഷ്യല്‍ അന്വേഷണത്തില്‍ മൂന്ന് ഉദ്യോഗസ്ഥന്‍മാരെ ചോദ്യം ചെയ്യുന്ന സമയത്ത് ഗൂഢാലോചനകള്‍ പുറത്തുവരും. അതിനു മുമ്പ് ആരാണ് ഇത് ചെയ്തതെന്ന് പറയുന്നത് ശരിയല്ല. അതിനു തെളിവുമില്ല. ചാരവൃത്തിയില്‍ കെ.കരുണാകരനെ രാജിവെപ്പിക്കാന്‍ അവസാനമായി ശ്രമിച്ചത് നരസിംഹ റാവുവാണ്. അതിന് കാരണം ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തിയത് നരസിംഹ റാവുവാണെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആക്ഷേപമുണ്ടായിരുന്നു. റാവുവിന് പകരം മാധ്യമങ്ങളില്‍ വന്ന പേരുകളില്‍ കെ.കരുണാകരന്റെ പേരും ഉള്‍പ്പെട്ടു. മാധ്യമങ്ങളില്‍ വന്ന രണ്ടുപേരെ ഹവാല കേസില്‍ ഉള്‍പ്പെടുത്തി റാവു രാജിവെപ്പിച്ചു. കരുണാകരന്റെ പേരില്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ചാരക്കേസില്‍ കുടുക്കുകയായിരുന്നു." - കെ. മുരളീധരന്റ് ഈ പ്രസ്താവന തന്നെ എല്ലാം തെളിയിക്കുന്നു.

അച്ഛന്റെ പതനത്തിന് കാരണക്കാരായ അഞ്ച് നേതാക്കള്‍ ഇപ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ ഉണ്ടെന്നാണ് പത്മജ പറയുന്നത്. എന്നാല്‍ അവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്ത് പറയില്ലെന്നും ആവശ്യ സമയത്ത് ഇത് വ്യക്തമാക്കുമെന്നും അവര്‍ പറയുന്നു. "തന്റെ അമ്മ മരണപ്പെട്ട സമയത്താണ് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നു വന്നത്. ഭാര്യ നഷ്ടപ്പെട്ട ദുഃഖത്തില്‍ തളര്‍ന്നിരിക്കുന്ന കരുണാകരന് ചുറ്റും കൂടി നിന്നുള്ള ആക്രമണങ്ങള്‍ താങ്ങാനാവാതെ വരികയായിരുന്നു." - പത്മജ പറയുന്നു. കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് പാര്‍ട്ടിക്കാണെന്നും അന്വേഷണം കൃത്യമായി നടന്നാല്‍ സമ്മര്‍ദ്ദം ചെലുത്തിയ രാഷ്ട്രീയ നേതാക്കളുടെ പേര് ഉദ്യോഗസ്ഥര്‍ക്ക് തന്നെ വെളിപ്പെടുത്തേണ്ടി വരുമെന്നും പത്മജ പറയുന്നു. ആ കോണ്‍ഗ്രസ് നേതാക്കള്‍ ആരോക്കെയാണെന്ന് വരുംദിവസങ്ങളില്‍ നമുക്ക് കേള്‍ക്കാം.

ചാരക്കേസില്‍ മറ്റൊരു കുറ്റാരോപിതനായിരുന്നു കരുണാകരന്റെ 'മാനസപുത്രന്‍' എന്ന് വിശേഷിപ്പിച്ചിരുന്ന ഡിജിപി രമണ്‍ ശ്രീവാസ്തവ. അദ്ദേഹത്തിനും സ്ഥാനചലനമുണ്ടായി. അന്ന് പ്രതിപക്ഷം വാണിരുന്ന ഇടതുമുന്നണി രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ച് ആഞ്ഞടിച്ചിരുന്നു. അന്ന് ആഭ്യന്തരം ഭരിച്ചിരുന്ന കരുണാകരനെയും പോലീസിനെയും മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ടാണ് സിപിഎം കടന്നാക്രമിച്ചത്. ചാരക്കഥയില്‍ കെ. കരുണാകരന് താങ്ങായി നിന്ന രമണ്‍ ശ്രീവാസ്തവ സംസ്ഥാന പോലീസിലെ നിര്‍ണ്ണായക പദവികള്‍ വഹിച്ചിരുന്ന കാലമായിരുന്നു അത്. അദ്ദേഹത്തിന്റെ ചെയ്തികള്‍ക്കെതിരെ ഉറഞ്ഞു തുള്ളിയിരുന്നത് സിപിഎമ്മിന്റെ ശക്തനായ നേതാവും ഇന്ന് കേരളം ഭരിക്കുന്നതുമായ പിണറായി വിജയനും. വിധിവൈപരീത്യമെന്നു പറയട്ടേ, ആ പിണറായിയുടെ പോലീസിനെ ഉപദേശിച്ച് നേര്‍വഴി നടത്താന്‍ ഇന്ന് മാന്ത്രിക വടിയുമായി രംഗത്തെത്തിയിരിക്കുന്നത് അന്നത്തെ ശത്രു സാക്ഷാല്‍ രമണ്‍ ശ്രീവാസ്തവയാണ്.

ഐ‌എസ്‌ആര്‍‌ഒ ചാരക്കേസ് ഒരു ഗൂഢാലോചനയുടെ ബാക്കിപത്രമാണെന്ന് നമ്പി നാരായണന്‍ ആവര്‍ത്തിച്ച് പല സ്ഥലങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ ആത്മകഥയില്‍ (ഓര്‍മ്മകളുടെ ഭ്രമണപഥം) അവയെല്ലാം അക്കമിട്ട് നിരത്തിയിട്ടുണ്ട്. 1970-കളില്‍ റോക്കറ്റുകള്‍ക്കായി ദ്രാവക ഇന്ധന സാങ്കേതിക വിദ്യയും ഖര ഇന്ധന സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുത്തതില്‍ പ്രധാനിയായിരുന്നു അദ്ദേഹം. കൂടാതെ അതിശീതീകൃത ദ്രവ ഇന്ധനങ്ങളും അവക്ക് വേണ്ട എഞ്ചിനുകളും വികസിപ്പിക്കുന്നതിലും ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായിരുന്ന സതീശ് ധവാന്റേയും പിന്‍ഗാമിയായ യു.ആര്‍. റാവുവിന്റേയും നേതൃത്വത്തില്‍ നടന്നുപോന്നിരുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയുമായിരുന്ന ഈ ശാസ്ത്രജ്ഞന്‍ ശാസ്ത്രത്തിന്റെ ബാലപാഠം പോലും അറിയാത്ത ഒരു മാലി സ്വദേശിനി മറിയം റഷീദക്ക് ഈ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്നു പറയുമ്പോള്‍ തന്നെ അതില്‍ അതിശയോക്തിയില്ലേ എന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും തോന്നാവുന്നതാണ്. "മാലി ഭാഷ മാത്രമറിയുന്ന ഒരു സ്ത്രീയെ ഇന്ത്യയുടെ ഇല്ലാത്ത രഹസ്യങ്ങളുടെ കടത്തുകാരിയാക്കി ഫ്രെയിം ചെയ്ത പൊലീസുകാരും അവര്‍ക്ക് സത്യത്തിന്റെ പകല്‍ വെളിച്ചത്തില്‍ നിന്ന് സംരക്ഷണക്കുട ചൂടിയ രാഷ്ട്രീയക്കാരും നുണക്കഥ പ്രചരിപ്പിക്കാന്‍ പേനയുന്തിയ പ്രബുദ്ധ പത്രപ്രവര്‍ത്തകരും സി.ഐ.എയുടെ ചാരപ്പണി അറിഞ്ഞോ അറിയാതെയോ ചെയ്തുവെന്ന് തെളിയിക്കുന്നതാണ് എന്റെ കണ്ടെത്തലിലെ വസ്തുതകള്‍" എന്നാണ് നമ്പി നാരായണന്റെ ആത്മകഥയില്‍ അദ്ദേഹം പറയുന്നത്.

സുപ്രീം കോടതി വിധിയില്‍ നിര്‍ണ്ണായകമായ പല വിവരങ്ങളുമുണ്ട്. നഷ്ടപരിഹാരമായി നമ്പി നാരായണന് 50 ലക്ഷം രൂപ നല്‍കണമെന്ന് ഉത്തരവിട്ട കോടതി ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ എസ്‌പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവരില്‍ നിന്നുമാണ് നഷ്ടപരിഹാരം ഈടാക്കേണ്ടതെന്നും പറഞ്ഞിട്ടുണ്ട്. നമ്പി നാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്തു പീഡിപ്പിച്ചുവെന്നും, ഈ കേസില്‍ നമ്പിനാരായണനെ ബോധപൂര്‍വ്വം കുടുക്കിയതാണോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ നിയമിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പായി. കോണ്‍ഗ്രസ്സുകാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാകും ഇനി വരാന്‍ പോകുന്നത്. ഈ കേസില്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. രണ്ട് ദശകത്തോളം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് ഉന്നത നീതിപീഠത്തില്‍ നിന്നും വിധി വരുന്നത്. അതുകൊണ്ടു തന്നെ ഈ കേസ് ഇവിടം കൊണ്ട് അവസാനിക്കുകയുമില്ല.

നമ്പി നാരായണന്റെ "ഓര്‍മ്മകളുടെ ഭ്രമണ പഥ"ത്തില്‍ നിന്ന്......

രണ്ട് പതിറ്റാണ്ടിലധികമായി വാര്‍ത്തകളില്‍ നിറഞ്ഞും തെളിഞ്ഞും ആഘോഷിക്കുന്ന ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പിന്നാമ്പുറങ്ങളില്‍ അന്വേഷിച്ചു പോയാല്‍ ആരും ഇതുവരെ കാണാത്ത ഒരു ചാരസുന്ദരിയും രാജ്യംകണ്ട വലിയ ചാരന്‍മാരും ഉറങ്ങിക്കിടക്കുന്നത് കാണാം. ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ കുതിപ്പിന്റെ മൂര്‍ച്ചകെടുത്തി ഐ.എസ്.ആര്‍.ഒ എന്ന ഗവേഷണ കേന്ദ്രത്തെ നിലം പൊത്തിച്ച ചാരക്കേസിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്നത് കേവലം ഒരു മുഖ്യമന്ത്രിയെ തള്ളിയിടാന്‍ ആസൂത്രണം ചെയ്ത അന്തര്‍ നാടകം മാത്രമല്ലെന്ന വിവരമാണ് മനസിലാക്കാന്‍ കഴിഞ്ഞത്. എന്നെയും അതുവഴി ഇന്ത്യയുടെ ശാസ്ത്രകുതിപ്പിനെയും സെമിത്തേരിയിലടക്കാന്‍ കാത്തിരുന്ന ഫ്രാന്‍സ്- അമേരിക്കന്‍ കൂട്ടായ്മയുടെ അവിഹിതസന്തതിയാണ് ചാരക്കേസെന്ന് വിരല്‍ ചൂണ്ടുന്നതാണ് ആ കണ്ടെത്തല്‍.

മാലി സ്വദേശിയായ മറിയം റഷീദ എന്ന യുവസുന്ദരി ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ പാകിസ്ഥാന് കടത്താന്‍ വേണ്ടി ചാരപ്പണി ചെയ്തു. ഐ.എസ്.ആര്‍.ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരെ അതിനായി അവര്‍ ‘വശത്താക്കി. ഇതനുസരിച്ച് ഇന്ത്യന്‍ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ 3, 4, 5 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നെ, പത്രങ്ങളുടെ വായിലേക്ക് വാര്‍ത്തകളുടെ വലിയ വലിയ ഉരുളകള്‍ എറിഞ്ഞുകൊടുത്തു.

1994 ഒക്‌ടോബര്‍ 14ന് തിരുവനന്തപുരത്തെ പൊലീസ് കമ്മീഷണര്‍ ഓഫിസില്‍ തന്റെ വിസ കാലാവധി കഴിഞ്ഞു എന്നറിയിച്ച് എത്തിയതായിരുന്നു മറിയം റഷീദ. ഒരു രാജ്യത്തെ ചാര വനിത സ്വന്തം പാസ്‌പോര്‍ട്ടുമായി ഒരിക്കലും ഈ പണിക്കിറങ്ങില്ല എന്ന സാമാന്യ ധാരണപോലും ഇല്ലാതിരുന്ന പൊലീസുകാര്‍ അവരെ നിരീക്ഷണത്തില്‍ വെച്ചു. സ്വന്തം വിസ കാലാവധി തീര്‍ന്നു എന്നുപറഞ്ഞ് പാസ്‌പോര്‍ട്ടും പൊക്കിപ്പിടിച്ച് ഒരു തീവ്രവാദിയോ ചാരനോ പൊലീസ്‌ സ്‌റ്റേഷനില്‍ വരുമോ? ഇതൊന്നും തിരക്കാന്‍ അവര്‍ക്ക് സമയം കൊടുത്തില്ലെന്നും പറയാം.

ഇതിനിടയില്‍ മറിയം താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് ശാസ്ത്രജ്ഞനായ ശശികുമാരന്റെ വീട്ടിലേക്ക് ഫോണ്‍ കോള്‍ പോയി എന്നും ആ ഫോണ്‍ കോളിന്റെ വെളിച്ചത്തില്‍ നടത്തിയ അന്വേഷണത്തില്‍ എത്തിയ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ശശികുമാരനെ അറസ്റ്റ് ചെയ്തു എന്നുമാണ് പൊലീസ് ഭാഷ്യം. തുടര്‍ന്ന്, മറിയത്തെ കൊണ്ടുവന്ന സുഹൃത്തായ മാലിക്കാരി ഫൗസിയ ഹസന്‍, ഐ.എസ്.ആര്‍.ഒ സീനിയര്‍ ശാസ്ത്രജ്ഞനായ ഞാന്‍, റഷ്യന്‍ കമ്പനിയായ ഗ്ലവ്‌കോസ്‌മോസിന്റെ ലെയ്‌സണ്‍ ഏജന്റ് കെ. ചന്ദ്രശേഖര്‍, സുഹൃത്ത് ശര്‍മ അങ്ങനെ ഒരുനിര ആളുകള്‍ കേരള പൊലീസിന്റെ അനധികൃത അറസ്റ്റിന് വിധേയരായി. അവരെ അപ്പപ്പോള്‍ തന്നെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.

സംഭവം പത്രമാധ്യമങ്ങള്‍ കാര്യമായിത്തന്നെ ആഘോഷിച്ചു. മാലിയിലും ദല്‍ഹിയിലും തിരുവനന്തപുരത്തും അപസര്‍പ്പക കഥകള്‍ മെനഞ്ഞ് പത്രപ്രവര്‍ത്തകര്‍ സംഭവത്തെ ഉഷാറാക്കി. പൊലീസിന് കേസെടുക്കാന്‍ അധികാരമില്ലാത്തൊരു കുറ്റത്തിന്മേല്‍ വലിഞ്ഞു കയറിവന്ന് കേസെടുത്തു, രഹസ്യമായി കൈകാര്യം ചെയ്യേണ്ട അതിപ്രധാന സംഭവം ചന്തപ്പാട്ടുപോലെ ഐ.ബിക്കാര്‍ വിളിച്ചുപറഞ്ഞു. പിന്നെ, മുതലെടുക്കാന്‍ കാത്തു നിന്ന രാഷ്ട്രീയക്കാര്‍ക്ക് പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ പറഞ്ഞു കൊടുത്തു. ഇവിടെയൊന്നും സി.ഐ.എ എന്ന ചാരന്മാരുടെ സാന്നിധ്യം പൊടിപോലുമില്ലെന്ന് നമുക്ക് തോന്നി. അങ്ങനെ തോന്നിപ്പിക്കുന്നതില്‍ അവര്‍ ഇപ്പോഴും വിജയിച്ചുകൊണ്ടിരിക്കുന്നു.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ആണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഉണ്ടാക്കിയെടുത്തത് എന്നു പറഞ്ഞാല്‍ അതില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടാകും. എന്നാല്‍ സി.ഐ.എ ചെയ്തത് എന്ന അനുമാനത്തില്‍ എത്താവുന്ന കുറേ സംഭവങ്ങള്‍ എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യ-റഷ്യ സഹകരണത്തോടെ ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യയിലെത്തിയാല്‍ വലിയ അപകടമുണ്ടാകുമെന്ന് ധരിച്ച് 350 കോടി ഡോളറിന് വിദേശ രാജ്യങ്ങള്‍ക്ക് ക്രയോജനിക് റോക്കറ്റിന്റെ സേവനം വിറ്റു കാശുണ്ടാക്കാന്‍ നാസ (NASA) പദ്ധതിയിടുന്ന കാലത്താണ് ഇന്ത്യ ആ സാങ്കേതിക വിദ്യക്ക് റഷ്യയുമായി കരാറില്‍ ഏര്‍പ്പെടുന്നത്. അന്ന് ഫ്രാന്‍സും ഇതൊരു കച്ചവടമാക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍, ഇന്ത്യ- റഷ്യ കരാര്‍ തങ്ങളുടെ കച്ചവട താല്‍പര്യത്തിനേറ്റ വലിയ ക്ഷീണമായി കരുതിയ അമേരിക്കന്‍ ഗവണ്മെന്റ് കരാര്‍ തകര്‍ക്കാന്‍ നേരിട്ടുതന്നെ ഇടപെട്ടു. ക്രയോജനിക് ടെക്‌നോളജി ഡയറക്ടറായ ഞാനും റഷ്യന്‍ ഗ്ലവ്‌കോസ്‌മോസിലെ ക്രയോജനിക് മേധാവി പ്രൊഫ. ദുനൈവും ഒപ്പുവെച്ച കരാര്‍ മണത്തറിഞ്ഞ അമേരിക്ക ആ ഉടമ്പടി മരവിപ്പിക്കാന്‍ ഔദ്യോഗികമായിതന്നെ അറിയിപ്പ് നല്‍കി. അമേരിക്കയെ ഭയന്ന് ആ കരാര്‍ മരവിപ്പിക്കാന്‍ തന്നെ റഷ്യ തീരുമാനിച്ചു. എന്നാല്‍, ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ആത്മബന്ധത്തിന്റെ പേരില്‍ മരവിപ്പിക്കല്‍ പ്രാബല്യത്തില്‍ ആകും മുന്നേ ക്രയോജനിക് ഹാര്‍ഡ്‌വെയറുകള്‍ നല്‍കാന്‍ റഷ്യ സമ്മതിച്ചു.

ഈ യന്ത്രങ്ങള്‍ വിമാനമാര്‍ഗം എത്തിയെങ്കിലും സാങ്കേതിക വിദ്യ നമുക്ക് പൂര്‍ണ്ണമായും കിട്ടിയില്ല. അത് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ കൂട്ടായി ഇരുന്ന് സ്വായത്തമാക്കേണ്ട ഒന്നായിരുന്നു. അത് കൊണ്ടുവന്ന് ഇവിടെ അത്രയും വര്‍ഷം കഠിനമായി ശ്രമിച്ചാലേ നമുക്ക് ക്രയോജനിക്ക് എഞ്ചിന്‍ ഉണ്ടാക്കാന്‍ കഴിയൂ. എന്നാല്‍ നമ്മുടെ ക്രയോജനിക്ക് സ്വപ്‌നങ്ങള്‍ വിജയിക്കാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് അമേരിക്കയാണ്. അങ്ങനെ അവര്‍ നമ്മുടെ ഓര്‍ഗനൈസേഷനെ കളങ്കപ്പെടുത്താമെന്ന ചിന്തയില്‍ എത്തി ചേര്‍ന്നുകാണും. എങ്കിലും തദ്ദേശീയ ക്രയോജനിക്ക് എന്ന ആശയവുമായി നമ്മള്‍ മുന്നോട്ട് പോയി.

ആ സമയത്താണ് മറിയം റഷീദയെന്ന മാലിക്കാരി വനിത അറസ്റ്റിലാവുന്നത്. ഒരു സാധാരണ കേസായി രജിസ്റ്റര്‍ ചെയ്ത ഈ കേസിന് രഹസ്യ ചോര്‍ച്ചയുടെ മാനം നല്‍കിയത് ഐ.ബിയുടെ ഇടപെടലിലൂടെയാണ്. അന്വേഷണ വേളയില്‍ ഐ.ബി ഉദ്യോഗസ്ഥരും കേരള പോലീസും നൂലില്‍ കെട്ടിയിറക്കിയ ചില കള്ളക്കഥകളാണ് യഥാര്‍ഥത്തില്‍ ചാരക്കേസ്.

ഐ.ബിയുടെ നാടകത്തിനുപിന്നിലെ ശക്തികേന്ദ്രം ആരെന്ന് തിരിച്ചറിഞ്ഞാലേ അമേരിക്കയുടെ ഇടപെടലിന്റെ വഴിയും സ്വഭാവവും വ്യക്തമാക്കാനാവൂ. 1996 നവംബര്‍ 17ന് ഇന്റലിജന്‍സ് ബ്യൂറോയുടെ ക്രാക്കൗണ്ടര്‍ വിഭാഗത്തിന്റെ മേധാവി രത്തന്‍ സെഗാളിനെ ഐ.ബി ഡയറക്ടര്‍ അരുണ്‍ ഭഗത് വിളിച്ചുവരുത്തി. അമേരിക്കക്കാരിയായ സി.ഐ.എ ഏജന്റായ സ്ത്രീക്കൊപ്പം രത്തന്‍ സെഗാള്‍ യാത്ര ചെയ്തതിന്റെയും കൂടികാഴ്ചകളുടെയും വീഡിയോ ടേപ്പുകള്‍ കാണിക്കാനായിരുന്നു അരുണ്‍ ഭഗത് വിളിച്ചുവരുത്തിയത്.

ചാരക്കേസ് നടക്കുമ്പോള്‍ ‘കിടപ്പുമുറിയിലെ ട്യൂണ’യെന്ന് മറിയം റഷീദയെക്കുറിച്ചെഴുതിയ വാര്‍ത്തകള്‍ പത്രക്കാര്‍ക്ക് എത്തിച്ചു കൊടുത്ത അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്നു അന്ന് രത്തന്‍ സെഗാള്‍. അദ്ദേഹത്തിന്റെ പിന്നാലെ ഏതാനും വര്‍ഷങ്ങളായി നടന്നു പകര്‍ത്തിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രത്തന്‍ ഒരു പൂര്‍ണ സി.ഐ.എ ചാരനാണെന്ന് ഐ.ബിക്ക് ബോധ്യമായതായി അരുണ്‍ ഭഗത് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍വിസ് ബാക്കിനില്‍ക്കെ സ്വയം വിരമിച്ചു പോകാന്‍ അറിയിച്ചു.

ഒരു ഷോകോസുപോലും നല്‍കാതെ 27 വര്‍ഷത്തെ സര്‍വീസുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ആരും ചോദ്യം ചെയ്തില്ല. പുറത്തുപറയാന്‍ കഴിയാത്തത്രയും രഹസ്യങ്ങളുടെ താവളമായിരുന്ന രത്തന്‍ സെഗാളിനെ പിരിച്ചുവിട്ടതിലൂടെ ആഭ്യന്തര വകുപ്പ് വലിയൊരു തലവേദന ഒഴിവാക്കുകയായിരുന്നു. ഐ.ബിയുടെ അടുത്ത ഡയറക്ടര്‍ ആകേണ്ട വ്യക്തിയെ ചാരവൃത്തിക്ക് അറസ്റ്റ് ചെയ്യപ്പെടുകയോ മറ്റോ ചെയ്താല്‍ അത് ഇന്ത്യയുടെ അഭിമാനത്തിന് ക്ഷതമാവുമെന്ന ഭയം തന്നെയായിരുന്നു ആഭ്യന്തര വകുപ്പു വഴി അരുണ്‍ ഭഗത്തിനെക്കൊണ്ട് രഹസ്യമായി പിരിച്ചുവിടല്‍ കര്‍മം നടത്തിച്ചത്. ഒന്നുകില്‍ സ്വയം വിരമിച്ചുപോവുക. അല്ലെങ്കില്‍ നാഷണല്‍ സെക്യൂരിറ്റി ആക്ട് (എന്‍.എസ്.എ) പ്രകാരം അറസ്റ്റ് വരിക്കുക. ഈ രണ്ടു കാര്യങ്ങളാണ് രത്തന്‍ സെഗാളിനു മുന്നില്‍ വെച്ചത്. എന്നാല്‍, അദ്ദേഹം സ്വമേധയാ വിരമിക്കാന്‍ സന്നദ്ധത കാട്ടി മാപ്പിരന്നു എന്നാണ് പത്ര വാര്‍ത്തകളില്‍ കണ്ടത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം തകരാതിരിക്കാന്‍ സി.ഐ.എ ഏജന്റായ ആ സ്ത്രീയെ അറസ്റ്റ്‌ ചെയ്യുകയോ അവരുടെ പേരില്‍ കേസെടുക്കുകയോ ചെയ്തില്ല.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് നടക്കുന്ന 1994 കാലഘട്ടത്തില്‍ രത്തന്‍ സെഗാള്‍ ഐ.ബിയുടെ തലപ്പത്തുണ്ടായിരുന്നു എന്നതാണ് ഇവിടെ പ്രസക്തമായ കാര്യം. അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന്മാര്‍ പറഞ്ഞതനുസരിച്ചാണ് ഇവിടെ അനധികൃതമായി അറസ്റ്റും വാര്‍ത്തകളും ഉണ്ടായത്. സെഗാളിന്റെ ഒപ്പമുള്ള ഐ.ബി ജോയിന്റ് ഡയറക്ടര്‍ ആകേണ്ട എം.കെ. ധര്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷണം നടക്കുമ്പോള്‍ കേരളത്തില്‍ വന്നുപോയിട്ടുണ്ട്. ആ കാലത്ത് ഐ.എസ്.ഐ ഏജന്റ് എന്ന് മുദ്രകുത്തി ഉത്തര്‍ പ്രദേശില്‍നിന്ന് ഒരു മൗലവിയെ അറസ്റ്റ് ചെയ്ത് വന്‍ വാര്‍ത്ത സൃഷ്ടിച്ചതിന്റെ സൂത്രധാരനായിരുന്നു എം.കെ ധര്‍. പിന്നെ നടത്തിയ അന്വേഷണത്തില്‍ മൗലവി നിരപരാധിയാണെന്ന് ബോധ്യമാവുകയും അദ്ദേഹത്തെ വെറുതേ വിടുകയും ചെയ്തു. മൗലവി അറസ്റ്റുമായി ബന്ധപ്പെട്ട് വര്‍ഗീയത അഴിച്ചുവിടാന്‍ ശ്രമം നടത്തി എന്ന ആരോപണം ഉണ്ടായതിനെതുടര്‍ന്ന് നടപടി വരുമെന്ന ഘട്ടത്തിലാണ് ധര്‍ കേരളത്തിലേക്ക് വന്നത്.

ആദ്യ യാത്രയില്‍ ചാരക്കേസ് നടത്തിയിട്ടില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ദല്‍ഹിയില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ പറയുന്നത് ചാരക്കേസ് നടന്നു എന്നാണ്. ഇതും കൂട്ടിവായിക്കേണ്ട ഒരു തെളിവാണ്. റിട്ടയര്‍മെന്റ് സമയം എത്തിയതിനാല്‍ ഒരു എക്‌സ്റ്റന്‍ഷന്‍ ആഗ്രഹിച്ച ധര്‍ അന്ന് കാട്ടികൂട്ടിയതാണ് മൗലവി അറസ്റ്റ്. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ അദ്ദേഹം ചെയ്തത് ചാരക്കേസില്‍ ഒരു കൈ നോക്കാമെന്നാണ്. എന്നാല്‍ ചാരക്കേസിലേക്ക് താന്‍ എത്തിയത് എങ്ങനെ എന്ന് എം.കെ ധര്‍ ന്റെ “ഓപ്പണ്‍ സീക്രട്ട്‌സ്” എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നുണ്ട്. അതില്‍ തന്നെ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മകന്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്, ഇത്  ആദ്യം ഐ.ബി വഴി റാവുവിനെ അറിയിച്ചു. എന്നിട്ട് എക്‌സ്റ്റന്‍ഷന്‍ നല്‍കിയാല്‍ താന്‍ ഇടപെട്ട് രക്ഷിക്കാമെന്ന് ഉറപ്പുകൊടുക്കുന്നു. പക്ഷേ റാവു അതിനെ ചെവികൊണ്ടില്ല. ഇങ്ങനെ പെട്ടെന്ന് അവസരങ്ങള്‍ക്ക് വേണ്ടി പലനിറം മാറിയ എം.കെ ധര്‍ ന്റെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും അദ്ദേഹത്തിന്റെ സ്വാധീനം ചാരക്കേസിനെ എങ്ങനെ ബാധിച്ചു എന്ന്.

ചാരക്കേസ് നടന്നിട്ടില്ല എന്ന് ആദ്യം പറഞ്ഞ ധര്‍, രണ്ടാം വട്ടം കേരളത്തില്‍ വന്നു പോയപ്പോള്‍ ചാരക്കേസ് നടന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തു. അതിലെ യുക്തി പരിശോധിച്ചാലും മനസിലാകും എം.കെ ധര്‍ എന്ന ഐ.ബി ഉദ്യോഗസ്ഥന്റെയും രത്തന്‍ സെഗാളിന്റെയും കണക്ഷനുകള്‍.

പ്രതിരോധ രഹസ്യം ചോര്‍ത്തിയവരെ അറസ്റ്റ്‌ചെയ്യാന്‍ പൊലീസിന് അധികാരമുണ്ട്. പക്ഷേ, ആ വിവരം ചെണ്ടകൊട്ടി ആഘോഷിക്കാന്‍ ഒരു അന്വേഷണ ഏജന്‍സിക്കും അധികാരമില്ല. ആ കാര്യം മാനിക്കാതെ രഹസ്യങ്ങളുടെ ചുരുള്‍ എന്ന രീതിയില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ ഐ.ബി വിജയിച്ചു. അതിനു പിന്നില്‍ സെഗാളിനെ വലയിലാക്കിയ സി.ഐ.എ വനിതയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് സെഗാള്‍ കേസ് പരിശോധിച്ചാല്‍ ബോധ്യമാകും.

രത്തന്‍ സെഗാള്‍ സി.ഐ.എക്കുവേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു എന്ന സത്യം ഐ.ബി തന്നെ തുറന്നുപറയുകയും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തതിലൂടെ ആ ഉദ്യോഗസ്ഥന്റെ അന്വേഷണ വഴികളും പരിശോധിക്കേണ്ടതായിരുന്നു. രത്തന്‍ സെഗാള്‍ നിര്‍ത്തിയ ഇടത്തുനിന്ന് പൊലീസ് നായ മണപ്പിച്ചു തുടങ്ങിയാല്‍ ഐ.ബിയിലെ പലരുടെയും തൊപ്പികളില്‍ ആ അന്വേഷണമെത്തും.

ഐ.ബിയിലെ അന്നത്തെ ഉദ്യോഗസ്ഥര്‍ നേരിട്ട് സംവദിച്ച കേരള പൊലീസിലെ സിംഹങ്ങളെക്കൂടി ചോദ്യം ചെയ്താല്‍ സി.ഐ.എയും രത്തന്‍ സെഗാളും എം.കെ ധറും ഒരുമിച്ചിരുന്ന് സംവിധാനം ചെയ്തതാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസെന്ന് നിസ്സംശയം തെളിയും.

രത്തന്‍ സെഗാള്‍ സി.ഐ.എ വനിതയുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ഐ.ബി ഉദ്യോഗസ്ഥര്‍ കേസില്‍ സ്വാധീനം ചെലുത്തി. അതില്‍ കേരളാ പൊലീസ് അവരുടെ ഭാഗം ചെയ്തുകൊടുത്തു. ചാരക്കേസായി ചിത്രീകരിക്കാനുള്ള വിത്തിട്ടത് ഐ.ബിയുടെ ഇടപെടല്‍മൂലമാണ്. അതായത്, അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെ പിടിച്ച് എന്നെ ചോദ്യം ചെയ്തപോലെ ചോദ്യം ചെയ്താല്‍ അവര്‍ പറയും നമ്മള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ആ സത്യം.

ഐ.ബി നിര്‍ദേശമനുസരിച്ചാണ് എന്നെയും ശശികുമാരനെയും ചന്ദ്രശേഖറിനെയുമെല്ലാം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തെളിവുകളില്ലാതെ ചെയ്ത കുറ്റമെന്തെന്നറിയാതെ പ്രതികളെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരില്‍ ആരെങ്കിലും ഒരാള്‍ സി.ഐ.എയുടെ ചാരപ്പണിയുടെ നേരിട്ടുള്ള ഇടപാടുകാരായിരിക്കണം. ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങളും ശാസ്ത്ര രഹസ്യങ്ങളും രാഷ്ട്രീയ വിഷയങ്ങള്‍ മാത്രമായി നിസ്സാരവത്കരിച്ച് പത്രങ്ങള്‍ക്ക് വാര്‍ത്ത പടച്ചുനല്‍കിയ അന്നത്തെ രാഷ്ട്രിയ നേതാക്കളിലും സംഘടനാ നേതാക്കളിലും ആരോ ഒരാള്‍ അറിഞ്ഞോ അറിയാതെയോ സി.ഐ.എയുടെ ഏജന്റായിരുന്നിരിക്കണം.

ഗ്ലവ്‌കോസ്‌മോസിലെ ക്രയോജനിക് വിഭാഗം മേധാവി അലക്‌സ് സി. വാസിന്‍,പ്രോജക്ട് ഡയറക്ടറായ ഞാന്‍, ഡെപ്യൂട്ടി. ഡയറക്ടര്‍ ശശികുമാരന്‍, ഗ്ലവ്‌കോസ്‌മോസിന്റെ ഏജന്റ് ചന്ദ്രശേഖര്‍, എം. ടി.എ.ആര്‍ രവീന്ദ്രറെഡ്ഡി എന്നിവരടങ്ങുന്ന സംഘമാണ് ക്രയോജനിക് ടെക്‌നോളജിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍. റഷ്യയുടെ പക്കല്‍ മാത്രമുള്ള, അമേരിക്കയ്ക്ക് അറിയുന്ന ഈ ലിസ്റ്റ് എങ്ങനെ കേരള പൊലീസിന് ലഭിച്ചു എന്ന് അന്വേഷിച്ചാല്‍ ബോധ്യമാവും ചാരക്കേസ് ആര്, ആര്‍ക്കുവേണ്ടി ഫ്രെയിം ചെയ്തതാണെന്ന്.

ഇന്ത്യാ-റഷ്യാ ക്രയോജനിക് ടെക്‌നോളജി ട്രാന്‍സ്ഫര്‍ കരാര്‍ ഒപ്പിട്ട കാലയളവില്‍, അതായത് 1992 മേയില്‍, ബുഷ് ഭരണകൂടം ISRO, Glavkosmos എന്നിവയുടെ മേല്‍ അമേരിക്കന്‍ ഉപരോധങ്ങള്‍ രണ്ടു വര്‍ഷത്തേക്ക് പ്രാബല്യത്തില്‍ വരുത്തി. അപ്പോള്‍ ഇന്ത്യയും റഷ്യയും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ട ക്രയോജനിക്ക് എഞ്ചിന്‍ വലിയ പ്രതിസന്ധിയിലായി. ആ സമയം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള യാത്രയെക്കുറിച്ചുള്ള കരാര്‍ അമേരിക്കയും റഷ്യയും ചര്‍ച്ചചെയ്യുകയായിരുന്നു. ഇന്ത്യയുമായുള്ള കരാര്‍ നഷ്ടപ്പെട്ടാല്‍ റഷ്യക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അവര്‍ അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

‘മിര്‍’ ബഹിരാകാശ നിലയത്തിലേക്കുള്ള ഏഴ് ബഹിരാകാശ യാത്രകള്‍ക്ക് അമേരിക്ക 400 മില്ല്യന്‍ ഡോളര്‍ റഷ്യക്ക് നല്‍കി. ഈ തുകയില്‍ റഷ്യയ്ക്കുണ്ടായ ഇന്ത്യാ-റഷ്യാ കരാറിന്റെ നഷ്ടവും പരിഹരിക്കപ്പെട്ടതായി വിഖ്യാത ശാസ്ത്രജ്ഞന്‍ ബ്രയാന്‍ ഹാര്‍വി തന്റെ ‘Russia in Space: The Failed Frontier?’ എന്ന പുസ്തകത്തില്‍ പറയുന്നു.

ആ പുസ്തകത്തിന്റെ വരികള്‍ക്കിടയില്‍ പറയാതെയും പറഞ്ഞും പോകുന്നത് വായിച്ചാല്‍ ചാരക്കേസ് സങ്കീര്‍ണ്ണമാക്കിയതിലെ അമേരിക്കന്‍ കൈകള്‍ മനസ്സിലാകും.  ചാരക്കേസിന്റെ ചരിത്രമെഴുതുമ്പോള്‍ കേസില്‍ നേരിട്ട് ബന്ധമില്ലാത്തവരുടെ തെറ്റായ ഇടപെടലുകള്‍ പലതും വേദന നല്‍കിയിട്ടുണ്ട്. കേസിനെകുറിച്ച് പഠിക്കാന്‍ ശ്രമിക്കാതെയുള്ള പ്രതികരണം പലപ്പോഴും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തെറ്റായ ചിന്ത ജനങ്ങളില്‍ ജനിപ്പിക്കാനും കാരണമായി. വി.എസ്. അച്യുതാനന്ദനെ എനിക്ക് വലിയ ബഹുമാനമായിരുന്നു. അദ്ദേഹം നേരിനൊപ്പം എല്ലാ കാലത്തും നില്‍ക്കുന്ന ഒരാളായി ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ചാരക്കേസിന്റെ പല ഘട്ടങ്ങളിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്റെ മനസിലെ വിഗ്രഹം ഉടച്ചു.

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെ കണ്ട് കേസ് വീണ്ടും അന്വേഷണം നടത്തണമെന്ന് വി.എസ്. പറഞ്ഞിരുന്നു. പിന്നെ കോടതിയില്‍ ഒന്നിലധികം തവണ ചാരക്കേസ് നടന്നുവെന്ന രീതിയില്‍ കേസുകള്‍ ഫയല്‍ ചെയ്തു. യഥാര്‍ഥത്തില്‍ നടന്നതെന്തെന്ന് അന്വേഷിക്കാതെ നടത്തിയ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അന്ന് മാധ്യമങ്ങളും ജനങ്ങളും വിശ്വസിച്ചു. പക്ഷേ നടക്കാന്‍ സാധ്യതയില്ലാത്ത കേസ് നടന്നു എന്ന് പറയുന്നവരുടെ കൂട്ടത്തില്‍ ഒരു മുതിര്‍ന്ന പൊതുപ്രവര്‍ത്തകന്‍ വന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

ചാരക്കേസിന്റെ അന്വേഷണത്തിനായി കേരള പോലീസ് നിയോഗിച്ച സംഘത്തിന്റെ തലവനായിരുന്ന സിബി മാത്യൂസുമായി കുറച്ചുനാള്‍ മുന്‍പൊരു കൂടിക്കാഴ്ച നടന്നു. എന്റെയൊരു സുഹൃത്ത് നിര്‍ബന്ധിച്ചിട്ട് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള വീട്ടില്‍ വെച്ചാണ് കണ്ടത്. നിരന്തരം നിര്‍ബന്ധിച്ചതിനാലാണ് ഞാന്‍ സൂഹൃത്തിന്റെ വീട്ടിലെ കൂടിക്കാഴ്ചക്ക് സമ്മതിച്ചത്. അവിടെ സിബി മാത്യൂസും അദ്ദേഹത്തിന്റെ ഭാര്യയും എന്നെ കാണാന്‍ വന്ന് നില്‍പ്പുണ്ടായിരുന്നു. എനിക്ക് ആ കൂടിക്കാഴ്ചയില്‍ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. കാരണം എന്നെ അറസ്റ്റ് ചെയ്ത സമയത്തും ചോദ്യം ചെയ്യല്‍ വേളയിലും ഞാനദ്ദേഹത്തെ കാണാനും സംസാരിക്കാനും എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനും ശ്രമിച്ചിരുന്നു. പക്ഷേ അന്ന് അദ്ദേഹം കേവലം രണ്ടര മിനിറ്റ് മാത്രമാണ് എന്നെ ചോദ്യം ചെയ്യാന്‍ ചെലവിട്ടത്. എങ്കിലും സുഹൃത്തിന്റെ ആ വീട്ടില്‍ ഞാനെന്റെ മാന്യത പുലര്‍ത്തി സിബി മാത്യൂസിനെ കാണാന്‍ തയാറായി.

താന്‍ ഈ കേസില്‍ അറിയാതെ പെട്ടതാണെന്നും അന്നത്തെ ഡി.ജി.പി മധുസൂദനന്‍ ബോധപൂര്‍വ്വം കേസ് അന്വേഷണ ചുമതല തന്റെ തലയില്‍ കെട്ടിവെച്ചതാണെന്നും സിബി മാത്യൂസ് എന്നോട് പറഞ്ഞു. അദ്ദേഹം എന്നെ ദ്രോഹിക്കാന്‍ ബോധപൂര്‍വ്വം ഒന്നും ചെയ്തിട്ടില്ലാ എന്നും പറഞ്ഞു.

ഞാന്‍ അതിന് പ്രതികരിച്ചില്ല. ഏറെ നേരത്തെ മൗനത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ എന്നോട് സംസാരിച്ചു.

എന്റെ ഭാര്യ മീന പതിവായി അമ്പലങ്ങളില്‍ പോകുന്ന കാര്യം അവര്‍ക്കറിവുണ്ട്. മീന അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കുന്നതിനാല്‍ സിബി മാത്യൂസിനും കുടുംബത്തിനും ദോഷങ്ങള്‍ ഉണ്ടാകും എന്നവര്‍ ഭയക്കുന്നു. അവര്‍ കടുത്ത ദൈവ ഭയത്തിലാണെന്നും അവരോട് ഞാന്‍ ക്ഷമിക്കണമെന്നും അവര്‍ പറഞ്ഞു.

”ക്ഷമിക്കണോ എന്ന് തീരുമാനിക്കാന്‍ എനിക്കിപ്പോള്‍ ആകില്ല. മാപ്പ് തരാന്‍ ഞാന്‍ ദൈവവുമല്ല. അവള്‍ എന്നും അമ്പലത്തില്‍ പോകാറുണ്ട് പ്രാര്‍ഥിക്കാറുണ്ട്, പക്ഷേ ആരും നശിച്ചുപോകണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കാറില്ല”

 അവര്‍ മറുപടി ഒന്നും പറഞ്ഞില്ല.

പിന്നെയും കുറേ സംസാരിച്ചു. പക്ഷേ ഞാന്‍ അധികം സംസാരങ്ങള്‍ക്ക് നില്‍ക്കാതെ കൂടികാഴ്ചക്ക് വേദിയൊരുക്കിയ സുഹൃത്തിന് നന്ദി പറഞ്ഞ് പുറത്തേക്കിറങ്ങി നടന്നു. പൂജപ്പുരയിലെ ലാക്റ്റസ് ഗസ്റ്റ് ഹൗസില്‍ നിന്നും എന്നെ രണ്ടര മിനിറ്റ് മാത്രം ചോദ്യം ചെയ്തു പുറത്തുപോയ ഉദ്യോഗസ്ഥനെപ്പോലെയല്ല, രണ്ടര മണിക്കൂര്‍ അദ്ദേഹത്തിന് പറയാനുള്ളത് കേട്ടശേഷമാണ് ഞാന്‍ മടങ്ങിയത്.

അന്ന് എന്നെ ചോദ്യംചെയ്യുമ്പോള്‍ പോലീസും ഐ.ബി ക്കാരും വിചാരിച്ചില്ല ഞാന്‍ പുറത്തുവരുമെന്ന്. അവര്‍ നല്‍കുന്ന കള്ളതെളിവുകള്‍ സ്വീകരിച്ച് കോടതി എന്നെ ശിക്ഷിക്കും. ആ ശിക്ഷയോടെ ഞാനും എന്റെ ലോകവും അവസാനിക്കും എന്നവര്‍ തെറ്റിദ്ധരിച്ചിരുന്നിരിക്കണം. പക്ഷേ സത്യത്തിന് ഒരുനാള്‍ പുറത്തുവരാതെ സാധിക്കില്ലല്ലോ…? കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും.

അവലംബം: ഓര്‍മ്മകളുടെ ഭ്രമണപഥം (നമ്പി നാരായണന്റെ ആത്മകഥ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.