You are Here : Home / USA News

നൂതന പദ്ധതികൾക്ക് മുൻതൂക്കം കൊടുത്തു ഫൊക്കാനയുടെ പുതിയ ഭരണ സമിതി

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Tuesday, August 14, 2018 10:34 hrs UTC

ന്യൂജേഴ്‌സി: ധന സമാഹാരം, കായിക മേഖലയെ പരിപോഷിപ്പിക്കൽ,  കേരളത്തിലെയും അമേരിക്കയിലെയും നഴ് സുമാരെ ആദരിക്കൽ, സാങ്കേതികവികസന പദ്ധതികൾ, തുടങ്ങിയ നൂതന പദ്ധതികൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള  ഫൊക്കാനയുടെ പുതിയ ഭരണ സമിതിയിയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള  പ്രവർത്തന രൂപരേഖ പുറത്തിറക്കി. പ്രവർത്തകരിൽ ആരോഗ്യപരമായ അച്ചടക്കം കൊണ്ടുവരാനുദ്ദേശിച്ചുകൊണ്ടു " സൗഹാർദ്ദവും  ഒത്തൊരുമയും" ( HARMONY AND INTEGRITY) എന്ന മുദ്രാവാക്യത്തോടെയാണ് മാധവൻ ബി.നായർ പ്രസിഡന്റും ടോമി കോക്കാട് സെക്രട്ടറിയുമായുള്ള 2018-2020 ഭരണസമിതി തമ്പി ചാക്കൊ- ഫിലിപ്പോസ് ഫിലിപ്പ് കമ്മിറ്റിയിൽ നിന്ന് അധികാരം ഏറ്റു  വാങ്ങിയത്. അഗുസ്സ്റ് 20നു ന്യൂജേഴ്സിയിലെ എഡിസൺ ഹോട്ടലിൽ വച്ചായിരുന്നു പഴയ കമ്മിറ്റി പുതിയ കമ്മിറ്റിയ്ക്ക് അധികാരം കൈമാറിയത്.

 
 ഫൊക്കാനയുടെ ഒദ്യോഗിക യോഗങ്ങളിലും മറ്റും സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാനുദ്ദേശിച്ചുകൊണ്ട് ആദ്യ പടിയായി മാന്യമായ പെരുമാറ്റച്ചട്ടം കൊണ്ടുവരാനും പ്രഥമ കമ്മിറ്റി യോഗം തീരുമാനിച്ചതായി കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ പ്രസിഡന്റ് മാധവൻ ബി . നായർ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ റീജിയണൽ കമ്മിറ്റികൾക്ക് കൂടുതൽ ശക്തിപകർന്നുകൊണ്ടു അതുവഴിസംഘടനകൾകളുടെ  വളര്ച്ചക്ക് ചടുലമായ വേഗത കൈവരിക്കാനായുള്ള ബഹൃത്തായ പദ്ധതികൾക്കാണ് നാഷണൽ കമ്മീറ്റി രൂപം നൽകിയിട്ടുള്ളത്.ഫൊക്കാനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്തിട്ടുള്ള പദ്ധതികൾ സംഘടനയുടെ വളർച്ചകളെ ഒരു ചരിത്ര സംഭവമായി മാറ്റാൻ  കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണുള്ളതെന്ന് മാധവൻ നായർ പറഞ്ഞു.
 
ഫൊക്കാനയുടെ ഭാവി പ്രവർത്തനങ്ങൾക്കായി സ്റ്റേജ് ഷോകളിലൂടെ ധനസമാഹാരം നടത്തനാറും കമ്മിറ്റി തീരുമാനിച്ചു. പ്രമുഖ നടൻ ബാലചന്ദ്രമേനോൻ നയിക്കുന്ന സ്റ്റേജ് ഷോ ആയിരിക്കും ആദ്യ ഘട്ടമായി നടത്താൻ പോകുന്ന പരിപാടി. ഫൊക്കാനയുടെ എട്ടു റീജിയണകളുടെ സഹകരണത്തോടെയായിരിക്കും ഷോ നടത്തുക. ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ അമേരിക്കയിൽ കൊണ്ടുവരുന്ന താരങ്ങളുടെ ഷോ റീജിയനുകളുടെ നേരിട്ടുള്ള മേല്നോട്ടത്തിലായിരിക്കും സംഘടിപ്പിക്കുക. ബാല ചന്ദ്രമേനോന്റെ നേതൃത്വത്തിൽ 15 ലേറെ താരങ്ങളാണ് പരിപാടികൾക്കായി എത്തുന്നത്.ഷോകളുടെ നടത്തിപ്പിനായി  റീജിയനുകൾക്കുള്ള  എല്ലാ സഹായങ്ങളും ഫൊക്കാന ചെയ്തുകൊടുക്കും.- മാധവൻ നായർ പറഞ്ഞു.
 
 ഷോയിൽ നിന്നു കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം അതാതു റീജിയനുകൾക്കു തന്നെ ലഭ്യമാക്കുന്ന വിധമാണ് ധനസമാഹാര പരിപാടികൾ  വിഭാവനം ചെയ്തിരിക്കുന്നത്. കൂടുതൽ  വിശദാംശങ്ങൾ പിന്നീട്  അറിയിക്കുന്നതായിരിക്കുമെന്നു ഫൊക്കാന ട്രഷറർ സജിമോൻ ആന്റണി പറഞ്ഞു.
 
യുവജനങ്ങളെ സംഘടനയിലേക്ക് കൂടുതൽ അടുപ്പിക്കുവാൻ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ഫൊക്കാന സ്പോർട്സ് അഥോറിട്ടി (എഫ്.എസ്.എ) ആരംഭിക്കുവാനും തീരുമാനിച്ചു. ക്രിക്കറ്റ് വോളിബാൾ ടൂര്ണമെന്റ്റുകൾ ഒരു പ്രൊഫഷണൽ ക്ലബ്ബ് ടൂർണമെന്റ് മാതൃകയിൽ നടത്തുവാനുദ്ദേശിച്ചിട്ടാണ് ഇത്തരമൊരു ആശയം ഉയർന്നു വന്നതെന്ന് മാധവൻ നായർ പറഞ്ഞു. പ്രൊഫഷണൽ ബോർഡ് പോലെ ആരംഭിക്കുന്ന എഫ്.എസ്.എ യുടെ ആഭിമുഖ്യത്തിൽ റീജിയണലുകൾ തോറുമുള്ള  ടൂർണമെന്റ്റുകളും ദേശീയാടിസ്ഥാനത്തിലുള്ള ടൂര്ണമെന്റ്റുകളും മറ്റു കായിക പ്രോത്സാഹനങ്ങളും ഫൊക്കാന നൽകും.ഫൊക്കാനയുടെ എല്ലാ റീജിയനുകളിലും എഫ്.എസ്.എയുടെ കീഴിൽ ഫൊക്കാന ക്രിക്കറ്റ് ക്ലബ്ബുകളും (എഫ്.സി.സി) ഫൊക്കാന വോളിബാൾ ക്ലബ്ബുകളും (എഫ്.വി.എ) രൂപികരിക്കും.
 
കേരളത്തിലെയും അമേരിക്കയിലെയും ആതുര സേവന രംഗത്ത് മികച്ച സേവനം കാഴ്ചവെച്ചിട്ടുള്ള നഴ്‌സുമാരെ അർഹിക്കുന്ന പ്രാധാന്യത്തോടെ  ആദരിക്കാൻ തീരുമാനിച്ചു . 2019  ജനവുവരി 30നു തിരുവന്തപുരത്തു നടക്കുന്ന  ഫൊക്കാനയുടെ കേരള കൺവെൻഷനിൽ കേരളത്തിൽ നിന്നുള്ള നഴ്സുമാരേയും 2020 ഇൽ ന്യൂ ജേഴ്‌സിയിൽ നടക്കുന്ന ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷനിൽ അമേരിക്കയിലെ നഴ്സുമാരെയുമെ ആദരിക്കും. വിദേശ മലയാളികളുടെ ഏറ്റവും വലിയ തൊഴിൽ മേഖലയായ നഴ്‌സിംഗ് രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ മലയാളികൾക്കുമുള്ള ഒരു അംഗീകാരമായിരിക്കും "നൈറ്റിൻഗേൾ അവാർഡ്" എന്ന പേരിൽ ഏർപ്പെടുത്തിയ സ്വപ്‌ന തുല്യമായ ഈ അവർഡ്. ഏറെ പ്രാധാന്യം നൽകിക്കൊണ്ട് സമ്മാനിക്കുന്ന ഈ അവാർഡ് നിശ മലയാളികളുടെ ഓസ്ക്കാർ നിശായായി മാറും. - മാധവൻ നായർ പറഞ്ഞു.ഫൊക്കാനയുടെ വിമൻസ് ഫോറം നാഷണൽ നേഴ്സസ് അസോസിയേഷൻ. റീജിയണൽ നഴ്സസ് അസോസിഐഷൻ എന്നിവയുമായി ചേർന്നായിരിക്കും അവാർഡ് ജേതാക്കളെ തീരുമാനിക്കുക.
 
ഫൊക്കാനയുടെ സ്വപ്‌ന പദ്ധതിയായി ആവിഷ്‌ക്കരിക്കാനുദ്ദേശിച്ചു പ്രഖ്യാപിച്ച  മറ്റൊരു പദ്ധതിയാണ് ഫൊക്കാന ഏഞ്ചൽ  കണക്ട് (എഫ്.എ.സി) കേരള കൺവെൻഷനുമായി ബന്ധപ്പെട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.കേരളത്തിലെ പുതിയ സംരംഭങ്ങൾ,ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങൾ ചെറുകിട സംരംഭങ്ങൾ എന്നിവയിൽ നേരിട്ട് അമേരിക്കൻ മലയാളികൾക്ക് ഭാഗഭാക്കാകാൻ കഴിയുന്നതാണ് എഫ്.എ.സി. കേന്ദ്ര- സംസ്ഥാന സർക്കാരുകളുമായി ഇതിന്റെ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. മാധ്യമങ്ങളിലൂടെ അപേക്ഷകൾ ക്ഷണിക്കുന്ന ഈ പദ്ധതിയിലേക്ക് ഫൊക്കാനയുടെ കേരള കോർഡിനേറ്റർ ആയിരിക്കും യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുക.ഫൊക്കാനയുടെ കേരള കൺവെൻഷന്റെ മുഖ്യാകര്ഷണമായിരിക്കും ഈ പദ്ധതി.
 
 
ഫൊക്കാനയുടെ സംഘടനാ യോഗങ്ങൾക്കും പ്രവർത്തനങ്ങൾക്കും അച്ചടക്ക സ്വഭാവം നിലനിർത്താനും പ്രായോഗികമായ കാര്യങ്ങൾക്കു കൂടുതൽ ശ്രദ്ധ കൊടുക്കാനും തീരുമാനിച്ചു. കൺവെൻഷാനിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചുള്ള പ്രവർത്തനമല്ല ഫൊക്കാന മുന്നോട്ടുവയ്ക്കുന്നതെന്നും മറിച്ചു സമഗ്ര മേഖലകളിലും വ്യത്യസ്ത മാർഗത്തിലൂടെയുള്ള ചരിത്രപരമായ മാറ്റമാണ് സംഘടന ലക്ഷ്യമിടുന്നതെന്നു പറഞ്ഞ സെക്രട്ടറി ടോമി കോക്കാട് സംഘടനയുടെ  വളർച്ച മറ്റു സംഘടനകളെയും മാനിച്ചുകൊണ്ടായിരിക്കുമെന്നും അറിയിച്ചു. ഫോമയുടെ ഭാരവാഹികളെ അടുത്ത കൺവെൻഷനിൽ അതിഥികളായി ക്ഷണിക്കുമെന്നും അവർക്കു പൂർണ ബഹുമതിയും അർഹതപ്പെട്ട അംഗീകാരവും നൽകുമെന്നും പറഞ്ഞു.
ഫൊക്കാനയുടെ ആസ്ഥാന മന്ദിരം ന്യൂജേഴ്‌സിയിൽ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായിപറഞ്ഞ മാധവൻ നായർ മാധ്യമങ്ങളുമായി എന്നും നല്ല ബന്ധം പുലർത്തുന്ന ഫൊക്കാന എ ബന്ധം കൂടുതൽ ഊഷ്‌മളമാക്കുമെന്നും പറഞ്ഞു.
 
ഫൊക്കാനയുടെ റീജിയണൽ ഘടന വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി റീജിയണൽ വൈസ് പ്രസിഡന്റുമാരുടെ കീഴില്ക് 5 അംഗ കോർ കമ്മിറ്റിയും 5 അംഗ പേട്രൺ കമ്മിറ്റിയും രൂപം നൽകും.ഒരു വര്ഷം കുറഞ്ഞത് 4 കോർ മീറ്റിംഗുകൾ എങ്കിലും ഓരോ റീജിയനുകളും നടത്തും.എല്ലാ റീജിയനുകളിലെയും കോർ-പേട്രൺ കമ്മിറ്റികളിൽ നിന്നും ഇവന്റ് കമ്മിറ്റിയെയും തെരെഞ്ഞെടുക്കുന്നതാണ്.
 
ഫൊക്കാന തെരെഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽവൈകുന്നതിന് പരിഹാരമായി അടുത്ത വര്ഷം മുതൽ ഇലക്ട്രോണിക് വോട്ടിംഗ് സമ്പ്രദായം നടപ്പിലാക്കാൻ കമ്മിറ്റി തീരുമാനിച്ചതായി എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു. രജിസ്റ്റർ ചെയ്ത ഡെലിഗേറ്റുമാർ മാത്രം വോട്ടർമാർ എന്നത്. നിർബന്ധമാക്കും.തെരെഞ്ഞെടുപ്പിനു മുൻപ് തന്നെ തെരഞ്ഞെടുപ്പ് പ്രക്രീയയുടെ സുതാര്യത ഉറപ്പു വരുത്തും. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ ആരെന്നു കൺവെൻഷന്റെ അവസാന ദിവസം മാത്രമായിരിക്കും അറിയിക്കുക. തോറ്റവരും ജയിച്ചവരും ചേർന്നുള്ള ഒരു സംയുക്ത വിരുന്ന് അന്നു തന്നെ നടത്തുവാനും അതുവഴി ഇരു കൂട്ടരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും കമ്മിറ്റി തീരുമാനിച്ചതായി മാധവൻ നായർ പറഞ്ഞു.
 
ഫൊക്കാനയുടെ നിലവിലുള്ള കർമ്മ പദ്ധതികളായ ഭാഷക്കൊരു ഡോളർ, ഭാവന നിർമ്മാണം, കുട്ടമ്പുഴ ആദിവാസി കോളനിയിൽ നടത്തിവരുന്ന അടിസ്ഥാന- ആരോഗ്യ മേഖലകളിലെ വികസനം എന്നിവ കാലോചിത്തമായി തന്നെ പൂർത്തിയാക്കുമെന്ന് പറഞ്ഞ മാധവൻ നായർ കഴിഞ്ഞ ഭരണസമിതി പൂർത്തിയാക്കാതെ  വന്ന പദ്ധതികൾ പൂർത്തിയാക്കാൻ മുൻഗണന നൽകുമെന്നും അറിയിച്ചു.
 
ഫൊക്കാന ഉൾപ്പെടെയുള്ള നാഷണൽ സംഘടനകൾ പ്രസ് ക്ലബ്ബുമായി നല്ല ബന്ധം കത്ത് സൂക്ഷിക്കാൻ മൂന്ന് മാസത്തിലൊരിക്കൽ ഒരു ലൈസൻ കമ്മിറ്റി കൂടണമെന്നു ഐ.പി.സി.എൻ.എ പ്രസിഡന്റ് മധു കൊട്ടാരക്കര നിർദ്ദേശിച്ചു. ഇതിനുള്ള മുൻകൈ പ്രസ് ക്ലബ് തന്നെ എടുക്കാമെന്ന് പറഞ്ഞ മധു ഈ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളെ സംഘടനകൾ തന്നെ  നിർദ്ദേശിക്കണമെന്നും പറഞ്ഞു.
 
ജില്ലാക്കോരു വീട് എന്ന പദ്ധതി പ്രകാരം നാലു വീടുകൾ പൂർത്തിയായതായി പദ്ധതിക്ക് ചുക്കാൻ പിടിച്ച ഫൊക്കാനയുടെ മുൻ  എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്റും ഇപ്പോഴത്തെ നാഷണൽ കമ്മിറ്റി അംഗവുമായ ജോയ് ഇട്ടൻ അറിയിച്ചു. 
ഫൊക്കാനയിൽ കൂടുതൽ അംഗസംഘടനകളെ കൊണ്ടുവരാനുള്ള കർമ്മ പദ്ധതികളും ആവിഷ്കരിക്കുന്നുടെന്നു വൈസ് പ്രസിഡണ്ട് ഏബ്രഹാം കളത്തിൽ പറഞ്ഞു 10  പുതിയ സംഘടനകളെങ്കിലും പുതുതായി ഫൊക്കാനയിൽ അംഗങ്ങളാക്കി ചേർക്കും.
 
ഫൊക്കാനയുടെ കണക്കു പുസ്‌തകം തുറന്ന പുസ്തകമാണെന്നു പ്രസ്താവിച്ച മുൻ ട്രഷറർ ഷാജി വര്ഗീസ് കണക്കുകൾ സുതാര്യമായതിനാൽ വിവാദങ്ങൾ ഇല്ലാതെയാണ് ഇറങ്ങുന്നതെന്നു പറഞ്ഞു. എന്നാൽ ഇക്കാര്യത്തെ കുറിച്ചുള്ള പുതിയ ട്രഷററുടെ അഭിപ്രായം എങ്ങും തൊടാതെയായിരുന്നു. പുതിയ കമ്മിറ്റിയ്ക്ക് പുതിയ നയങ്ങളും പ്രവർത്തനരീതികളുമാണ് ഉള്ളതെന്ന് വ്യക്തമാക്കിയ ട്രഷറർ  സജിമോൻ ആന്റണി  ആ കണക്കു പുസ്തകം നോക്കിയിട്ടില്ലെന്നാണ് പറഞ്ഞത്.
പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് രാജു പള്ളത്ത് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് ജോർജ് തുമ്പയിൽ മോഡറേറ്റർ ആയിരുന്നു.
 ഫൊക്കാന അസ്സോസിയേറ്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ പേഴ്സൺ ലൈസി അലക്സ്, നാഷണൽ കമ്മിറ്റി അംഗംങ്ങളായ അലക്സ് ഏബ്രഹാം , ദേവസി പാലാട്ടി എന്നിവരും  പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
ഫൊക്കാന മുൻ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്, വിമൻസ് ഫോറം മുൻ പ്രസിഡന്റ് ലീല മാരേട്ട്, ഫൊക്കാന ചാരിറ്റി ചെയർ പോൾ കറുകപ്പള്ളിൽ, അഡ്വൈസറി കമ്മിറ്റി ചെയർമാൻ ടി.എസ്. ചാക്കോ, അലക്സ് തോമസ് എന്നിവർ സംസാരിച്ചു.
 
ചിത്രങ്ങൾ: മഹേഷ് കുമാർ 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.