You are Here : Home / USA News

ദൈവത്തില്‍ നിന്നും വഴുതിപ്പോകാതിരിക്കാന്‍ കറകള്‍ കഴുകികളയുക

Text Size  

Story Dated: Friday, July 27, 2018 12:11 hrs UTC

രാജന്‍ വാഴപ്പള്ളില്‍

കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍: നാം ദൈവത്തില്‍ നിന്നും വഴുതിപ്പോകാതിരിക്കാന്‍ നാം നമ്മുടെ കറകള്‍ കഴുകി കളയണമെന്ന് റവ.ഡോ.ജേക്കബ് കുര്യന്‍ ഉദ്‌ബോധിപ്പിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഓര്‍ത്തഡോക്‌സ് ഭദ്രാസന കോണ്‍ഫറന്‍സ് മൂന്നാം ദിവസം വൈകുന്നേരം വി.കുമ്പസാരത്തിനു മുന്നോടിയായി ധ്യാനപ്രസംഗം നടത്തുകയായിരുന്നു ജേക്കബ് കുര്യന്‍ അച്ചന്‍. നാം ഏവരും ഈ പ്രാര്‍ത്ഥന സംഗമത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ വിശുദ്ധ കുര്‍ബ്ബാന അനുഭവത്തിലേക്കുള്ള ഒരുക്കത്തിലാണ്. വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം 10:32 ല്‍ ഇങ്ങനെ പറയുന്നു. അവര്‍ യെറുശലേമിലേക്ക് യാത്ര ചെയ്യുകയായിരുന്നു. യേശു മുന്നില്‍ നടന്നു ശിഷ്യന്മാര്‍ വിസ്മയിച്ചു. അനുഗമിക്കുന്നവരോ ഭയപ്പെട്ടു. യെറുശലേമിലേക്ക് യാത്ര ചെയ്യുന്ന ഒരു സമൂഹം. അതായിരുന്നു അന്ന് കര്‍ത്താവിനോടൊപ്പം അവരൊരു തീര്‍ത്ഥയാത്രയിലായിരുന്നു. അവര്‍ക്കായി മുന്‍പായി യേശു നടന്ന ഈ ദിനങ്ങളില്‍ ഈ മണിക്കൂറുകളില്‍ യേശു നമുക്കു മുന്‍പായി നടന്നുവെന്ന് നാം ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ടാകും.

കാരണം, എല്ലാം അവിടുത്തെ കൃപയാലും ക്രമീകരണങ്ങളാലും ഇത്രത്തോളം പൂര്‍ത്തീകരിക്കപ്പെട്ട മനോഹരമായ ക്വയര്‍ ഗാനാലാപം, വിവിധങ്ങളായ സെഷനുകള്‍, അനുഗ്രഹകരമായ പ്രവര്‍ത്തനം, ചര്‍ച്ചകളില്‍ ആത്മാര്‍ത്ഥമായ പങ്കാളിത്തം, ക്രമീകരണങ്ങള്‍ കുറ്റമറ്റതായി തീര്‍ന്ന ഒരനുഭവം, എല്ലാത്തിനുമുപരി പരിശുദ്ധാത്മാവിന്റെ നടത്തിപ്പിന്റെ ഒരു തിരിച്ചറിവ്. അതു കൊണ്ട് ന്നു ശിഷ്യന്മാര്‍ക്ക് ഉണ്ടായിരുന്നതു പോലെയുള്ള അനുഭവമായിരിക്കട്ടെ ഇന്ന് ഇതിനു നേതൃത്വം നല്‍കുന്ന സഖറിയ മാര്‍ നിക്കോളോവോസ് തിരുമേനിക്കും, വൈദികര്‍ക്കും ഉള്ളത്. അവരോടൊപ്പം യാത്ര ചെയ്യുന്ന ദൈവജനത്തിന് സ്‌നേഹം നിറഞ്ഞ ഭക്തി നിറഞ്ഞ ഒരു ഭയം, ദൈവഭയം അവരുടെ മനസ്സില്‍ ഉണ്ടാകണം. ദൈവഭയത്തിന് ഒരനുഭവം ഉള്ളിടത്ത് ആരം പറയാതെ മനനം പാലിക്കാനും ആരും നിര്‍ബന്ധിക്കാതെ അന്തരംഗങ്ങളില്‍ ദൈവാത്മാവ് പ്രവര്‍ത്തിച്ച് അനുതാപത്തിന്റെ ഫലങ്ങള്‍ ഉണ്ടാകുവാനും ഇടയാകണം. ഞാനും നിങ്ങളും ജീവിതാനുഭവങ്ങളില്‍ ലോകപ്രകാരം ചിലതൊക്കെ നേടിയാലും ആന്തരികമായിട്ട് താളടികള്‍ ആയിട്ട് കിടക്കുന്ന അവസരങ്ങളും അനുഭവങ്ങളും സാഹചര്യങ്ങളുമുണ്ടാകാം. എന്നാല്‍ ഭയപ്പെടേണ്ട, നമ്മുടെ ജീവിതാവസ്ഥയിലേക്ക് ഇറങ്ങി വന്ന് നമ്മെ തൊട്ട് ശുദ്ധീകരിച്ച് നമ്മെ രൂപാന്തരപ്പെടുത്തുന്ന ദൈവം തമ്പുരാന്റെ കൃപയില്‍ നമ്മെ ഏല്‍പ്പിക്കാം. ലോയി സി. ഡഗ്ലസ് എന്നു പറയുന്ന എഴുത്തുകാരനെക്കുറിച്ച് നിങ്ങള്‍ കേട്ടു കാണും. മനോഹരമായ ആത്മീയകൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അതില്‍ ഒരു പ്രസിദ്ധമായ കൃതിയാണ്, മേലങ്കി. വേറൊരു കൃതിയാണ് കണ്ണാടി. ഈ കണ്ണാടിയെന്നു പറയുന്ന കഥയ്ക്കുള്ളില്‍ കര്‍ത്താവ് യേശു മിശിഹായും, ചുങ്കകാരനായ സഖായിയും തമ്മിലുള്ള ഇടപെടല്‍, ബന്ധം അതാണ് ചിത്രീകരിച്ചിരിക്കുന്നത്. നമുക്കറിയാം, ചുങ്കക്കാരനായ സഖായിയുടെ കഥ എന്താണെന്ന്. അവനില്‍ ഒരു വലിയ രൂപാന്തരമുണ്ടായി. ആ കഥയില്‍ കര്‍ത്താവിനോടു സഖായി ചോദിക്കുന്നത് രേഖപ്പെടുത്തിയിരിക്കുന്നു. സഖായി എന്തു കൊണ്ടാണ് നിനക്ക് ഇത്രമാത്രം മാറ്റം. നിന്റെ സ്വത്തില്‍ പകുതി ദരിദ്രന് കൊടുക്കാന്‍ അപഹരിച്ച് എടുത്തുവെന്നുവിചാരിക്കുന്നത് നാലിരട്ടി തിരിച്ചു കൊടുക്കാന്‍ നീ തീരുമാനിച്ചതിന്റെ പിന്നില്‍ എന്താണെന്നു പറയാമോയെന്നു കര്‍ത്താവ് തന്നെ ചോദിക്കുന്നു. അവന്‍ ഒരു ഉത്തരമാണ് പറഞ്ഞത്. ഗുരുവേ, നീ ആ അത്തിമരത്തിന്റെ ചുവട്ടില്‍ വന്ന് മുകളിലേക്ക് നോക്കി എന്റെ പേര് ചൊല്ലി വിളിച്ചപ്പോള്‍ രൂപാന്തരപ്പെട്ടവനായ സഖായിയുടെ ചിത്രം എന്നെ സ്‌നേഹപൂര്‍വ്വം നോക്കുവാനായി നിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടു. ഇന്നിതാ ഇവിടെ സ്‌നേഹത്തോടെ, നോക്കുന്ന ഒരു തമ്പുരാന്‍ ഇവിടെയുണ്ട്. അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ ഒന്നേ നമുക്കു കാണാനാകുന്നുള്ളു. നാം എങ്ങനെയായി തീരണമെന്നുള്ള ചിത്രം. എന്റെ കുടുംബത്തില്‍, ഔദ്യോഗിക മേഖലയില്‍, എന്റെ വ്യക്തി ജീവിതത്തില്‍, എന്റെ സഭാജീവിതത്തില്‍ ഞാന്‍ എങ്ങനെ ആയിരിക്കണം. കഷ്ടതയുടെ അനുഭവത്തില്‍ നിന്ന് സഹിഷ്ണുത പഠിക്കണമെന്നും സഹിഷ്ണുതയില്‍ കൂടി സിദ്ധതയിലേക്ക് പ്രവേശിക്കണമെന്നും സിദ്ധതയില്‍ കൂടി പ്രത്യാശയുടെ അനുഭവം ഉണ്ടായിരിക്കണമെന്നും ദൈവവചനം നമ്മെ ഉത്‌ബോധിപ്പിച്ചുവെങ്കില്‍ അതിനു അനുസൃതമായിരിക്കുന്ന ഒരു ആന്തരിക പരിവര്‍ത്തനം നമ്മില്‍ ഉണ്ടാകണം. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തില്‍ നമ്മില്‍ രൂപാന്തരപ്പെടുന്ന ഒരു അവസ്ഥയുണ്ട്. അതിനു പറയുന്ന പേരാണ് ദൈവഭയം. വിശുദ്ധ കുര്‍ബ്ബാനയിലൂടെ കര്‍ത്താവ് നമ്മെ തന്നെ അതിലേക്ക് തരുമ്പോള്‍ നമുക്ക് അങ്ങോട്ട് കൊടുക്കാന്‍ എന്തെങ്കിലും വേണമല്ലോ, അതാണ് നമ്മെ തന്നെ അവനില്‍ അര്‍പ്പിക്കുന്ന അനുഭവം. അതു കൊടുക്കാന്‍ കൊടുക്കേണ്ട രീതിയില്‍ കൊടുക്കാന്‍ നമുക്കു കഴിയണം. നിങ്ങള്‍ തമ്പുരാന്റെ കൈകളില്‍ ഉപയോഗിക്കേണ്ട പാത്രങ്ങളാണ്. സ്വാര്‍ത്ഥതയുടെയും അഹങ്കാരത്തിന്റെയും കറകള്‍ നിങ്ങളില്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ കര്‍ത്താവിന്റെ കൈകളില്‍ നിന്നും വഴുതിപ്പോകും. ആ കറകള്‍ എല്ലാം കഴുകികളഞ്ഞ് നിര്‍മ്മലീകരിക്കാനുള്ള അവസരമാണ് വിശുദ്ധ കുമ്പസാരത്തിലൂടെയുള്ള കുര്‍ബ്ബാനാനുഭവം. ഇതൊരു തീര്‍ത്ഥാടനമായിരുന്നു; വിനോദസഞ്ചാരമായിരുന്നില്ലെന്നും കോണ്‍ഫറസിനെ പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഒ.വി. വിജയന്റെ 'ഗുരുസാഗരം' എന്ന കൃതി പരാമര്‍ശിച്ച് സെമിനാരിയില്‍ തന്റെ ശിഷ്യനായിരുന്ന റവ.ഡോ. വറുഗീസ് എം. ഡാനിയേലിനെ നോക്കി 'ശിഷ്യ നീ ആകുന്നു ഗുരു' എന്നു പറഞ്ഞത് നിറക്കണ്ണുകളോടെയാണ് വറുഗീസ് അച്ചന്‍ നമ്രശിരസ്‌കനായി ഏറ്റെടുത്തത്. വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു അത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.