You are Here : Home / USA News

ഡാലസില്‍ കേരളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, September 28, 2013 11:07 hrs UTC

ഡാളസ് : കേരളാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 21 ശനിയാഴ്ച ഡാലസിലെ മലയാളികള്‍ ഓണമാഘോഷിച്ചു. ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഹിന്ദു ടെമ്പിള്‍ ഓഡിറ്റോറിയത്തിലായിരുന്നു വര്‍ണശബളമായ പരിപാടികള്‍. ജാതിമതഭേദമന്യേ ഡാലസ്‌ ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ലെക്‌സിലെ ആയിരത്തിഅഞ്ഞൂറോളം മലയാളികള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു. ഡാലസിലെ പ്രവാസിസമൂഹത്തിനൊപ്പം മൂന്നു പതിറ്റാണ്ടായി നടത്തിവരുന്ന പാരമ്പര്യമാണ് കേരളാ അസോസിയേഷന്റെ ഓണം. അസോസിയേഷന്‍ അംഗങ്ങളായ ആന്‍സി ജോസഫ് , ബ്രിന്ദ അനി എന്നിവര്‍ ചേര്‍ന്നു നിലവിളക്ക് തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ടിഫനി ആന്റണി , ഷാരോണ്‍ , ബെന്‍, സിനി എന്നിവര്‍ ചേര്‍ന്നാലപിച്ച അമേരിക്കന്‍ ഇന്ത്യന്‍ ദേശീയ ഗാനങ്ങളോടെ പരിപാടികള്‍ ആരംഭിച്ചു. പ്രസിഡന്റ് ചെറിയാന്‍ ചൂരനാട് സ്വാഗതമാശംസിച്ചു. പ്രശസ്ത ഡോക്ടറും സാമൂഹികപ്രവര്‍ത്തകനും വാഗ്മിയുമായ ഡോ. എം വി പിള്ള മുഖ്യാതിഥിയായി എത്തി ഓണസന്ദേശം നല്‍കി.

 

ഡാലസിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച വിവിധ കലാരൂപങ്ങളും റിഥം ഓഫ് ഡാലസ്, ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ്, ഇന്‍ഫ്യൂസ്ഡ് പെര്‍ഫോര്‍മിംഗ് ആട്‌സ് എന്നീ നൃത്തവിദ്യാലങ്ങളുടെ നേതൃത്വത്തില്‍ നടന്ന നൃത്തപരിപാടികളും വേദിയില്‍ അരങ്ങേറി. ഓണപ്പാട്ട് , തിരുവാതിര എന്നിവയും ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സ്റ്റാന്‍ലി, ഹരിദാസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു വിവിധ ഗ്രേഡുകളില്‍ ഉന്നത വിജയം നേടുന്ന മലയാളി വിദ്യാര്‍ത്ഥികളെ അനുമോദിക്കുവാന്‍ ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എജുക്കേഷന്‍ സെന്ററുമായി ചേര്‍ന്ന് കേരളാ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എജുക്കേഷന്‍ ! അവാര്‍ഡ് ദാനം ചടങ്ങില്‍ നടക്കുകയുണ്ടായി. കേരളാ അസോസിയേഷന്‍ സെക്രട്ടറി ബാബു മാത്യു, ചെറിയാന്‍ ചൂരനാട്, ബോബന്‍ കൊടുവത്ത്, ബ്രിന്ദാ അനി, ജേക്കബ് സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് ഉന്നത വിജയം നേടിയ വിവിധ ഗ്രേഡുകളിലെ കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ഇര്‍വിംഗ് ഡിഎഫ് ഡബ്ല്യൂ ഇന്ത്യന്‍ ലയന്‍സ് ക്ലബ് , രമണി ആന്‍ഡ് സുരേഷ് കുമാര്‍, മന്‍മഥന്‍ നായര്‍ , ജോസഫ് ചാണ്ടി , സണ്ണി ജേക്കബ് എന്റര്‍പ്രൈസസ്, ജേക്കബ് സൈമണ്‍ എന്നിവരാണ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

 

ആഡംബരപ്രൗഡിയോടെ എഴുന്നള്ളിയ മാവേലിമന്നനെ താലപ്പൊലിയേന്തിയ മങ്കമാര്‍ ഘോഷയാത്രയോടെ സ്‌റ്റേജിലേക്ക് ആനയിച്ചു. ഘോഷയാത്രയെ അനുഗമിച്ചുനടന്ന പുലികളിയും, കാവടിയും, ചെണ്ടവാദ്യമേളവും , ആര്‍പ്പുവിളികളും നാലു ചുവരുകള്‍ക്കുള്ളില്‍ ഒരു കൊച്ചു കേരളം തീര്‍ത്തു പ്രവാസികള്‍ക്ക് അവിസ്മരണീയമായ ഓണക്കാഴ്ച ഒരുക്കി. തുടര്‍ന്ന് വേദിയില്‍ നടന്ന തിരുവാതിരകളിയും ഏറെ ശ്രദ്ധേയമായി. കേരളത്തനിമയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്. ആര്‍ട്‌സ് ക്ലബ് ഡയറക്ടര്‍ ജോയ് ആന്റണി ഓണാഘോഷപരിപാടികളുടെ കോഓര്‍ഡിനേറ്റര്‍ ആയിരുന്നു. സുനിതാ ഹരിദാസ്, ഹരിദാസ്, സുധീര്‍ എന്നിവര്‍ ചേര്‍ന്ന് മനോഹരമായ ഓണപൂക്കളം ഒരുക്കി. ജിജി മഹാബലിയായി വേഷമണിഞ്ഞു. ജോക്കുട്ടി, കോശി വൈദ്യന്‍ എന്നിവര്‍ ചെണ്ടമേളത്തിനു ടീമിനെ അണിനിരത്തി. പുതിയതലമുറയെ പങ്കെടുപ്പിച്ചു ബെന്‍സി തോമസ് തിരുവാതിരക്കു നേതൃത്വം നല്‍കി. ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ ഫുഡ് കോഓര്‍ഡിനേറ്ററായി നേതൃത്വം നല്‍കി. നൂറ്റി ഇരുപത്തിയഞ്ചു അസോസിയേഷന്‍ അംഗങ്ങളുടെ സഹകരണത്തോടെയാണ് ഇത്തവണ ഓണസദ്യയുടെ വിഭങ്ങള്‍ തയ്യാറാക്കിയത്. സെക്രട്ടറി ബാബു മാത്യു നന്ദി പ്രകാശനം നടത്തി. ബേബി ഉതുപ്പ് ഫാര്‍മേഴ്‌സ് ഇന്‍ഷുറന്‍സ് (ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ) ബിജു ലോസണ്‍ ട്രാവെല്‍സ് എന്നിവരായിരുന്നു സ്‌പോണ്‍സേഴ്‌സ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.