You are Here : Home / USA News

ഭൂസ്വത്തുക്കളെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച

Text Size  

Story Dated: Thursday, September 26, 2013 10:27 hrs UTC

ന്യൂയോര്‍ക്ക്‌: പ്രവാസികള്‍ ഇന്‍ഡ്യയിലും അമേരിക്കയിലും അഭിമുഖീകരിക്കുന്ന ഭൂസ്വത്തുക്കളെ സംബന്ധിക്കുന്ന വിപുലമായ ചര്‍ച്ച ന്യൂയോര്‍ക്ക്‌ ഇന്‍ഡ്യന്‍ കോന്‍സുലേറ്റില്‍ സംഘടിപ്പിച്ചു. രണ്ടു രാജ്യങ്ങളിലെയും വസ്‌തുവകകളുടെ ക്രയവിക്രയങ്ങളെക്കുറിച്ചും നീയമങ്ങളെക്കുറിച്ചും പ്രവാസി ഇന്ത്യാക്കാരെ ബോധവത്‌ക്കരിക്കുക എന്നതായിരുന്നു ചര്‍ച്ചയുടെ ഉദ്ദേശം. സെപ്‌റ്റംബര്‍ 12 വ്യാഴാഴ്‌ച്ച കോണ്‍സുലേറ്റ്‌ ജനറല്‍ ജ്ഞാനേശ്വര്‍ മുലേയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡപ്യൂട്ടി കോണ്‍സുലേറ്റ്‌ ജനറല്‍ ദേവയാനി കോബ്രഗേഡ്‌ സ്വാഗതം ആശംസിച്ചു. സമിതി അംഗങ്ങളായ രാഹുല്‍ ചിറ്റ്‌നിസ്‌, ഡൊമെനികൊ ബസുച്ചൊ, ആനന്ദ്‌ അഹുജ, സൊണാലി ചന്ദ്ര എന്നിവര്‍ സംബന്ധിച്ചു. ഭാരതത്തിലെ വ്യാവസായിക അവസരങ്ങളെക്കുറിച്ചും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വിവിധോന്മുഖമായ വ്യാവസായിക ബന്ധങ്ങളെക്കുറിച്ചും കോണ്‍സുലേറ്റ്‌ ജനറല്‍ വിവരിച്ചു. ഭാരതത്തില്‍ വസ്‌തുവകകള്‍ വാങ്ങുന്നതിനുള്ള നീയമക്കുരുക്കുകളെക്കുറിച്ചും വില്‍പ്പത്രങ്ങളുടെ നടപടിക്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടു.

നിലവില്‍ 500 രൂപയുടെ സ്റ്റാമ്പ്‌ പേപ്പറില്‍ കോണ്‍സുലേറ്റില്‍ നിന്ന്‌ ലഭിക്കുന്ന മുക്ത്യാര്‍ പ്രകാരം ഭാരതത്തിലെ വസ്‌തുവകകള്‍ ക്രയവിക്രയം ചെയ്യുന്നതിന്‌ സാധിക്കും. ക്രയവിക്രയം നടന്നു കഴിഞ്ഞാലുടന്‍ തന്നെ സ്ഥാവരവസ്‌തുക്കളുടെ മൂല്യത്തിന്റെ 6 ശതമാനത്തിനുള്ള സ്റ്റാമ്പ്‌ പേപ്പറുകള്‍ വാങ്ങി അത്‌ അടുത്തുള്ള സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും അറിയിച്ചു. മുക്ത്യാറിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പായിത്തന്നെ മുഴുവന്‍ ക്രയവിക്രയ തുകയും കൈപ്പറ്റിയിരിക്കണം. മുക്ത്യാറില്‍ രണ്ടു സാക്ഷികള്‍ ഒപ്പു വച്ചിരിക്കണമെന്നും സമിതി അറിയിച്ചു. ന്യൂയോര്‍ക്കിലെ നീയമപ്രകാരം ഒരു മില്ല്യണില്‍ കൂടുതല്‍ മൂല്യമുള്ള ഭൂസ്വത്തുക്കള്‍ക്ക്‌ എസ്‌റ്റേറ്റ്‌ ടാക്‌സ്‌ നല്‍കണം. അമേരിക്കന്‍ പൗരത്വം ഇല്ലാത്തവര്‍ക്ക്‌ ഇത്‌ വളരെ കൂടുതലായിരിക്കും.

 

ജീവിത പങ്കാളിയെ നഷ്ടപ്പെടുന്നവര്‍ക്ക്‌ 9 മാസം വരെ ടാക്‌സ്‌ ഇളവ്‌ ഉണ്ട്‌. ആ കാലയളവിനുള്ളില്‍ അവര്‍ പൗരത്വം എടുത്തിരിക്കണം. ഇന്ത്യയെ അപേക്ഷിച്ച്‌ അമേരിക്കയില്‍ സ്ഥാവരവസ്‌തു നീയമങ്ങള്‍ പല സംസ്ഥാനങ്ങളിലും വ്യത്യസ്ഥമാണ്‌. ഇവിടെ താമസ്സിക്കുന്ന നിങ്ങള്‍ നീയമപ്രകാരമോ അല്ലാത്തവരോ ആണെങ്കിലും എല്ലാവിധ നികുതികളും അടച്ചിരിക്കണം. സ്ഥാവരവസ്‌തു നിക്ഷേപ നീയമങ്ങള്‍ ഇന്ത്യയിലിപ്പോള്‍ പ്രാരംഭ ദിശയിലാണ്‌. അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ തൃപ്‌തികരമായ വേതനം ഉറപ്പു വരുത്തുന്നതിനും, ഇടപാടുകള്‍ സുതാര്യമാക്കുന്നതിനുമായി 2013 ഓഗസ്റ്റില്‍ പുതിയ ഭൂനീയമം നടപ്പിലാക്കി. അതിന്‍ പ്രകാരം ഭൂസ്വത്തുക്കള്‍ ക്രയവിക്രയങ്ങള്‍ നടത്തുന്ന എല്ലാ ദല്ലാളുമാരും നീയമപരമായി അനുമതി ഉള്ളവരായിരിക്കണമെന്നു നിര്‍ബന്ധപ്പെടുത്തിയിട്ടുണ്ട്‌. ഇപ്രകാരം പ്രവാസി ഭാരതീയര്‍ അറിഞ്ഞിരിക്കേണ്ട പല വിലപ്പെട്ട വിവരങ്ങളും ചര്‍ച്ചയില്‍ കൂടി മനസ്സിലാക്കുവാനിടയായി. മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച്‌ ലീലമാരാട്ട്‌ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.