You are Here : Home / USA News

കവികളും കവയിത്രികളും പെരുകുന്നതെന്തു കൊണ്ട്?

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Friday, April 03, 2015 02:18 hrs UTC

അടുത്ത കാലത്തായി അമേരിക്കയില്‍ കവികളുടേയും കവയിത്രികളുടേയും എണ്ണം ക്രമാതീതമായി പെരുകിയിരിക്കുന്നു. ഒരു പക്ഷേ മലയാള കവിതയ്ക്ക് വളരുവാന്‍ വളകൂറുള്ള മണ്ണായിരിക്കും ഇത്. നമ്മുടെ നാടന്‍ പച്ചക്കറികളായ പച്ചമുളകും, പടവലവും, പാവയ്ക്കായും മറ്റും, നാട്ടിലേക്കാള്‍ പത്തിരട്ടി ശക്തിയോടയാണല്ലോ വേനല്‍ക്കാലത്ത് ഇവിടെ വളരുന്നത്. സാഹിത്യ ലോകത്തേക്കുള്ള ഒരു സുരക്ഷിത വാതായനമായിരിക്കും ഒരു പക്ഷേ കവിത. കുറച്ചു കഠിന പദങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെ നിരത്തിവെച്ചാല്‍ കവിത ആയി എന്നൊരു ധാരണ പലര്‍ക്കുമുള്ളതുപോലെ തോന്നുന്നു.

ഒരു ശ്രീനിവാസന്‍ സിനിമയില്‍, ഗാനവുമായി വരുന്ന കവിയോട്, ഗാനത്തിനിടയിലെ 'ചഞ്ചലചിഞ്ചില കാഞ്ചന' എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് സംഗീത സംവിധായകന്‍ ചോദിക്കുന്നു. അതിനു പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലെന്നും, കവിതക്ക് കൂടുതല്‍ ശക്തി കിട്ടുവാന്‍ വേണ്ടി, അത്തരമൊരു പദം കൂടി കിടക്കട്ടെയെന്നു കരുതിയതാണെന്നും കവി-അതുപോലെയാണ് പല അമേരിക്കന്‍ മലയാള കവികളുടേയും കവിത എന്താണെന്നൊരു എത്തും പിടിയും കിട്ടുകയില്ല. എഴുതിയവര്‍ക്കും, വായിക്കുന്നവര്‍ക്കും.... അമേരിക്കയില്‍ അങ്ങോളമിങ്ങോളം മലയാള സാഹിത്യ സംഘടനകള്‍ ഉണ്ടല്ലോ! അവരുടെ പ്രധാന പരിപാടി കവിതാ പാരായണവും വിശകലനവുമാണ്. ദേശീയ സമ്മേളനങ്ങ, കവിയരങ്ങ്, കവിതാസന്ധ്യ, കവിതാദിനം തുടങ്ങിയ പല പേരുകളില്‍ കവിത കൊണ്ടു ശ്രോതാക്കളെ കുത്തിക്കൊല്ലുന്നത് ഒരു പ്രധാന ഇനമാണ്. ചിലപ്പോള്‍ ഈ കവിയരങ്ങ് ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കും. കവിതയും, ഗദ്യകവിതയും, ആധുനിക കവിതയും കടന്ന് ഇപ്പോള്‍ ഇന്റര്‍നെറ്റു കവിത, ഫേസ്ബുക്ക് കവിത തുടങ്ങി സെല്‍ഫി കവിതയില്‍ വരെ എത്തി നില്‍ക്കുന്നു. ഹൈക്കു കവിതകള്‍ക്കു മലയാളത്തിലേക്കു ഒരു എന്‍ട്രി നല്‍കുവാനുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട് കേരളത്തിലേക്കു ഈ രോഗം പടര്‍ന്നു പിടിച്ചിട്ടുണ്ടോ എന്നറിഞ്ഞുകൂടാ. പകര്‍ച്ച വ്യാധികളുടെ വിളനിലമാണല്ലോ കേരളം-ഡെങ്കിപ്പനി, പക്ഷിപ്പനി, എലിപ്പനി തുടങ്ങി കുരങ്ങു പനി വരെ അവിടെ അരങ്ങു തകര്‍ക്കുന്നു.

 

നേരത്തെ സൂചിപ്പിച്ചതുപ്പോലെ ഇത് എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും ഇതു എന്തു കുന്തമാണെന്നറിഞ്ഞു കൂടാ. ഇത്തരം കവിതകള്‍ ആരെങ്കിലും 'quote' ചെയ്യുമെന്നു കരുതുന്നില്ല- എഴുതിയവര്‍ തന്നെ ഇതു ഓര്‍ത്തിരിക്കുമെന്നോ ഒരാവര്‍ത്തികൂടി വായിക്കുമോ എന്നും സംശയമാണ്. അന്തര്‍ലീനമായി എന്തോ ഈ കവിതകളില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതു കണ്ടുപിടിക്കേണ്ട ചുമതല വായനക്കാരന്റേതാണ്. കണ്ടുപിടിച്ചിട്ട് എന്തു നേടാനാണ് എന്നൊന്നും ചോദിക്കരുത്. ഈ ഹൈക്കു കവിതകളിലൊക്കെ എത്രയോ ഉയരത്തിലാണ് നമ്മുടെ കുഞ്ഞുണ്ണി മാഷിന്റെ കുഞ്ഞുണ്ണിക്കവിതകള്‍

 

: 'ഒന്ന് എന്നു എങ്ങനെ എഴുതാം ഒന്ന് എന്നു അങ്ങനെ എഴുതാം വളവും വേണ്ട, ചെരിവും വേണ്ട, കുനിവും വേണ്ട കുത്തനെ ഒരു വര, കുറിയ വര ഒന്നായി, നന്നായി, ഒന്നായി നിന്നാല്‍ നന്നായി' ഇതിന്റെ ഏഴയലത്തു വരുന്ന ഒരു ഹൈക്കു കവിത മലയാളത്തില്‍ ആരെങ്കിലും എഴുതിയിട്ടുണ്ടോ? പണ്ടു കവിതകള്‍ എഴുതിയിരുന്നവര്‍ വൃത്തവും പ്രാസവും മറ്റും നോക്കിയിരുന്നു. ഇപ്പോള്‍ അതൊന്നും ആവശ്യമില്ലല്ലോ! നമ്മുടെ മഹാകവികള്‍ ഒരു പക്ഷേ ലക്ഷണമൊത്ത കവിതകള്‍ ലളിതമായി എഴുതിയിരുന്നതു കൊണ്ടാവാം, ചെറുപ്പത്തില്‍ നമ്മള്‍ പഠിച്ച കവിതകള്‍ ഇന്നും ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍ക്കുന്നത്

'അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ

അമ്മ തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടു കണ്ണീര്‍'

(വൈലോപ്പിള്ളി)

'മലയപ്പുലയനാ മാടത്തിന്‍മുറ്റത്ത് മഴ വന്ന നാളൊരു വാഴ നട്ടു'

പൂക്കുന്നിതാ മുല്ല,

പൂക്കുന്നിലഞ്ഞി

പൂക്കുന്നു തേന്മാവു,

പൂക്കുന്നശോകം (കുമാരനാശാന്‍

 

വായില്‍ വന്നത് കോതക്കു പാട്ട് എന്ന മട്ടില്‍ എഴുതിയതല്ല ഇതൊന്നും. അമേരിക്കയില്‍ നല്ല മലയാള കവികള്‍ ഇല്ലെന്നല്ല. പക്ഷേ അവരുടെ എണ്ണം, കൈവിരലുകളുടെ എണ്ണത്തേക്കാള്‍ കുറവാണെന്നുള്ളതാണ് വാസ്തവം. പല കവികള്‍ക്കും, തങ്ങള്‍ക്കു കവിത എഴുതുവാന്‍ കഴിവില്ല എന്നുള്ള തിരിച്ചറിവില്ല എന്നതാണ് സത്യം. കാലത്തെ അതിജീവിക്കുന്ന കവിതകളൊന്നും അമേരിക്കയിലെ ആധുനിക മലയാള കവികളുടെ തൂവല്‍തുമ്പില്‍ നിന്നും ജന്മമെടുത്തിട്ടില്ല എന്നാണ് എനിക്കു തോന്നുന്നത്.

 

അമേരിക്കയില്‍ മാന്‍, കരടി തുടങ്ങിയ മൃഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍, സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ അവയില്‍ കുറെയെണ്ണത്തിനെ വെടിവെച്ചു കൊല്ലാന്‍ ഗവര്‍മെന്റ് അനുമതി നല്‍കാറുണ്ട്- കവിതയുടെ കുത്തൊഴുക്കു നിയന്ത്രിക്കുവാന്‍ പത്രാധിപന്മാര്‍ ഒരു സെന്‍സറിംഗ് നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഏക്കേതാ, പൂക്കേതാ എന്നറിയാത്ത ചില പത്രാധിപന്മാര്‍, കവിതയുടെ മൂല്യം നോക്കാതെ space filling- നായി ഇതുപയോഗിക്കുന്നു. തങ്ങളുടെ കവിതകള്‍ ആരെങ്കിലും വായിക്കുന്നുണ്ടോ ആസ്വദിക്കുന്നുണ്ടോ എന്നു കവികള്‍ ഒന്നു സ്വയം വിലയിരുത്തുന്നതു നന്നായിരിക്കും.

 

കുമ്പസ്സാരം: പേഴ്‌സണലായി പറയുകയാണെങ്കില്‍ കവിതകള്‍ വായിക്കുന്നതിനോട് എനിക്കു വലിയ കമ്പമില്ല. വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢാര്‍ത്ഥങ്ങള്‍ കണ്ടു പിടിക്കുവാന്‍ വേണ്ടി തല പുകയ്ക്കുവാന്‍ താല്പര്യമില്ല. പിന്നെ ഒരു രഹസ്യം- ഒരു കവിതയെ വിലയിരുത്തുവാന്‍ തക്കവണ്ണമുള്ള യോഗ്യതയൊന്നും എനിക്കില്ല so, take it easy!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.