You are Here : Home / USA News

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഭക്തിസാന്ദ്രമായ ഓശാനപെരുന്നാള്‍

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, March 30, 2015 03:30 hrs UTC

ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ ഞായറാഴ്‌ച്ച നടന്ന ഓശാനത്തിരുനാള്‍ ആചരണത്തോടെ ക്രിസ്‌തുനാഥന്റെ പീഡാസഹനവും, കുരിശുമരണവും, മഹത്വപൂര്‍ണമായ ഉത്ഥാനവും അനുസ്‌മരിക്കുന്ന പീഡാനുഭവവാരതിരുക്കര്‍മ്മങ്ങള്‍ക്ക്‌ തുടക്കമായി. ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ യേശുക്രിസ്‌തുവിന്റെ ജറുസലേം രാജകീയപ്രവേശനത്തിന്റെ ഓര്‍മ്മപുതുക്കി ഓശാനത്തിരുനാള്‍ ആചരിച്ചതിനൊപ്പം ഫിലാഡല്‍ഫിയ സീറോമലബാര്‍ ഫൊറോനാപള്ളിയിലും ആശീര്‍വദിച്ച കുരുത്തോലകള്‍ കൈകളിലേന്തി ഓശാനഗീതങ്ങള്‍ ഈണത്തില്‍പാടി ഇടവകജനങ്ങള്‍ ഭക്തിനിര്‍ഭരമായി ഓശാനത്തിരുനാള്‍ ആചരിച്ചു. ഞായറാഴ്‌ച രാവിലെ പത്തുമണിക്കു ഇടവകവികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ഓശാന ശുശ്രൂഷയിലും, ദിവ്യബലിയിലും ഇടവകയിലെ 450 ല്‍ പരം കുടുംബങ്ങള്‍ പങ്കെടുത്തു.

 

 

പ്രത്യേക പ്രാര്‍ത്ഥനാപൂര്‍വം ആശീര്‍വദിച്ചുനല്‍കിയ കുരുത്തോലകള്‍ വഹിച്ചുകൊണ്ട്‌ പള്ളിക്കുവെളിയിലൂടെയുള്ള കുരുത്തോലപ്രദക്ഷിണവും, `വാതിലുകളെ തുറക്കുവിന്‍' എന്നുല്‍ഘോഷിച്ചു കൊണ്ടു പ്രധാനദേവാലയകവാടം മുട്ടിത്തുറന്നുള്ള ദേവാലയ പ്രവേശനത്തിനും ഫാ. ജോണിക്കുട്ടിയും കൈക്കാരന്മാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവരും നേതൃത്വം നല്‍കി. വിന്‍സന്റ്‌ ഡിപോള്‍ പ്രവര്‍ത്തകര്‍ പാര്‍ക്കിംഗ്‌ ക്രമീകരിച്ചു. പീഡാനുഭവവാരതിരുക്കര്‍മ്മങ്ങള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍: വൈകുന്നേരം ഏഴുമണി: വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴി. പെസഹാ വ്യാഴം: രാവിലെ ഒമ്പതു മണി മുതല്‍ പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെസഹാ അപ്പം തയാറാക്കല്‍. വൈകുന്നേരം ഏഴുമണിമുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ പ്രദക്ഷിണം. പെസഹാ അപ്പം പങ്കുവക്കല്‍. വൈകിട്ട്‌ ഒന്‍പതുമുതല്‍ പന്ത്രണ്ടു വരെ ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളി: രാവിലെ ഒമ്പതു മണി മുതല്‍ പീഡാനുഭവശൂശ്രൂഷ, ഭക്തിപൂര്‍വമുള്ള കുരിശിന്റെ വഴി, കുരിശുവണക്കം, ഡിവൈന്‍മേഴ്‌സി നൊവേന, ഒരുനേരഭക്ഷണം.

 

ഉച്ചകഴിഞ്ഞ്‌ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പാനവായന. ദുഃഖശനി: രാവിലെ ഒമ്പതു മണി പുത്തന്‍ വെള്ളം, പുതിയ തിരി വെഞ്ചരിപ്പ്‌, ജ്ഞാനസ്‌നാനവൃത നവീകരണം, കുര്‍ബാനയും മാതാവിന്റെ നോവേനയും. തുടര്‍ന്ന്‌ 10:30 കുട്ടികള്‍ക്കുള്ള ഈസ്റ്റര്‍ എഗ്‌ ഹണ്ടിങ്ങ്‌ മല്‍സരം. ഈസ്റ്റര്‍ വിജില്‍ സര്‍വീസ:്‌ ശനിയാഴ്‌ച വൈകുന്നേരം ഏഴുമണിമുതല്‍ ഉയിര്‍പ്പു തിരുനാളിന്റെ ചടങ്ങുകള്‍, മെഴുകുതിരി പ്രദക്ഷിണം, കുര്‍ബാന. ഉയിര്‍പ്പു ഞായര്‍: രാവിലെ ഒമ്പതു മണി വിശുദ്ധ കുര്‍ബാന വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക്‌ വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി നേതൃത്വം നല്‍കും. റവ. ഡോ. ജോസഫ്‌ ആലഞ്ചേരി (ഗുഡ്‌ ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, തലശേരി) പെസഹാ വ്യാഴം മുതല്‍ ഉയിര്‍പ്പു ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ സഹായത്തിനുണ്ടാവും.?ശനിയാഴ്‌ച്ച മതാധ്യാപകര്‍ക്ക്‌ അദ്ദേഹം ക്ലസെടുക്കും. ഉയിര്‍പ്പു ഞായര്‍ മതബോധനസ്‌കൂളിനു അവധിയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി 916 803 5307, ട്രസ്റ്റി സണ്ണി പടയാറ്റി 215 913 8605, ട്രസ്റ്റി ഷാജി മിറ്റത്താനി 215 715 3074, സെക്രട്ടറി ടോം പാറ്റാനിയില്‍ 267 456 7850 ഫോട്ടോ: ജോസ്‌ തോമസ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.