You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റില്‍ കാത്തോലിക്കാ ദിനം ഉജ്വലമായി

Text Size  

Story Dated: Saturday, March 28, 2015 11:47 hrs UTC

ബിജു ചെറിയാന്‍

 

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ മാര്‍ച്ച്‌ 22-ന്‌ ഞായറാഴ്‌ച കാതോലിക്കാ ദിനം സമുചിതമായി ആചരിച്ചു. നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ അഭി. സഖറിയാസ്‌ മോര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്ത തിരുമനസുകൊണ്ട്‌ വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കുകയും കാതോലിക്കാദിനാചരണ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്‌തു. പരിശുദ്ധമായ വലിയ നോമ്പിലെ മുപ്പത്തഞ്ചാം ഞായറാഴ്‌ചയാണ്‌ കാതോലിക്കാദിനം (സഭാദിനം) ആയി സഭ ആചരിച്ചുവരുന്നത്‌. സഭാദിനാചരണത്തിലൂടെ ക്രിസ്‌തുവിനോടൊപ്പം സ്വര്‍ഗ്ഗീയ സന്തോഷത്തിന്റേയും, സമാധാനത്തിന്റേയും സംതൃപ്‌തിയുടേയും തണലിലായിരുന്നാണ്‌ ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്‌. സഭയ്‌ക്കുവേണ്ടിയും, പരിശുദ്ധസഭയെ മേയ്‌ച്ചുവരുന്ന ദൃശ്യതലവനായ പരിശുദ്ധ കാതോലിക്കാ ബാവയ്‌ക്കും, ഇതര മേല്‍പ്പട്ടക്കാര്‍ക്കും, വൈദീകവൃന്ദത്തിനും വേണ്ടി ഒത്തൊരുമിച്ച്‌ പ്രാര്‍ത്ഥിക്കുവാന്‍ ക്രമപ്പെടുത്തിയിരിക്കുന്ന പുണ്യദിനംകൂടിയാണ്‌ കാതോലിക്കാ ദിനം. ഇടവക വികാരി റവ.ഫാ. അലക്‌സ്‌ കെ. ജോയി ദേവാലയത്തില്‍ എഴുന്നള്ളിവന്ന അഭിവന്ദ്യ തിരുമേനിയെ സ്വീകരിച്ചാനയിച്ചു.

 

 

വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം അഭിവന്ദ്യ തിരുമനസുകൊണ്ട്‌ കാതോലിക്കാ പതാക ഉയര്‍ത്തി. ഇടവക ഗായകസംഘം കാതോലിക്കാ മംഗളഗാനം ആലപിച്ചു. പരിശുദ്ധ സഭ കാതോലിക്കാദിനമായി ആചരിക്കുന്ന ദിവസത്തിന്റെ പ്രത്യേകതയും ചരിത്ര പശ്ചാത്തലവും പ്രതിപാദിച്ചുകൊണ്ട്‌ മോര്‍ നിക്കളാവോസ്‌ അനുഗ്രഹ പ്രഭാഷണം നടത്തി. റവ.ഫാ. അലക്‌സ്‌ കെ. ജോയി സമ്മേളനത്തിലേക്കു മെത്രാപ്പോലീത്തയെ സ്വാഗതം ചെയ്‌തുകൊണ്ട്‌ ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി ഫിലിപ്പ്‌ വര്‍ഗീസ്‌ ചടങ്ങില്‍ സംസാരിച്ചു. ട്രഷറര്‍ റെജി വര്‍ഗീസ്‌ കൃതജ്ഞത പ്രകാശിപ്പിച്ചു. അഭിവന്ദ്യ തിരുമനസുകൊണ്ട്‌ കാതോലിക്കാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, വിശ്വാസി സമൂഹം ആദരവോടെ ഏഴുന്നേറ്റു നിന്നുകൊണ്ട്‌ ഏറ്റുചൊല്ലുകയും ചെയ്‌തു. സഭയുടെ സ്വാതന്ത്ര്യവും പരമാധികാരവും വീണ്ടെടുക്കാന്‍ അനുഗ്രഹിച്ച സര്‍വ്വശക്തനായ ദൈവത്തോടുള്ള നന്ദിയും കടപ്പാടും കരേറ്റുകയും, ക്ലേശങ്ങള്‍ സഹിച്ച്‌ നമ്മെ നയിച്ച പുണ്യപ്പെട്ട പിതാക്കന്മാരെ സ്‌മരിക്കുകയും ചെയ്യുന്നതോടൊപ്പം സഭയുടെ വിവിധങ്ങളായ ജീവകാരുണ്യ- ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നാം ഭാഗഭാക്കാകുകയും ചെയ്യണമെന്ന്‌ മെത്രാപ്പോലീത്ത തദവസരത്തില്‍ ഉത്‌ബോധിപ്പിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായിവരുന്ന പുതിയ ദേവാലയത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്‌തു. ഇടവകയ്‌ക്കുവേണ്ടി ട്രഷറര്‍ റജി വര്‍ഗീസ്‌ അറിയിച്ചതാണിത്‌. Picture

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.