You are Here : Home / USA News

സപ്തതി പിന്നിട്ടവര്‍ക്ക് ആദരവ് റോക്ക്ലാന്റില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, March 25, 2015 09:30 hrs UTC


സഫേണ്‍ (ന്യുയോര്‍ക്ക്) . ’കുടിയേറ്റ പുത്രന് പുതിയ  കുടിയേറ്റം എന്ന തലക്കെട്ടോടെയാണ് മലയാള മനോരമയില്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ വര്‍ഷങ്ങള്‍ മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയപ്പോള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത.്  കുടിയേറ്റ ഭൂവില്‍ സഭയുടെ ഭദ്രാസനത്തിന്‍െറ വളര്‍ച്ച അഭൂത പൂര്‍വ്വമായിരുന്നു. ഇപ്പോള്‍ സീനിയേഴ്സ് ആയിരിക്കുന്ന നിങ്ങളുടെ പ്രാര്‍ഥനാ നിര്‍ഭരമായ അധ്വാനവും സമര്‍പ്പണ മനോഭാവവുമാണ് എല്ലാത്തിനും കാരണം.  തന്‍െറ മുന്നിലിരിക്കുന്ന സപ്തതി പിന്നിട്ടവര്‍ക്ക് ആദരവ് നേരാന്‍ കൂടിയ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മാര്‍ നിക്കോളോവോസ്.

റോക്ക്ലാന്റ്, വെസ്റ്റ് ചെസ്റ്റര്‍, ബ്രോങ്ക്സ്, അപ്സ്റ്റേറ്റ് ന്യുയോര്‍ക്ക് എന്നിവിടങ്ങളിലെ 17 ഇടവകകളില്‍ നിന്നുളള 107 സീനിയേഴ്സിനെ ആദരിക്കുവാന്‍ സഫേണിലുളള സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വൈദികരും കൌണ്‍സില്‍ അംഗങ്ങളും ഭദ്രാസന പ്രതിനിധികളും നിറഞ്ഞ സദസായിരുന്നു വേദി. ചരിത്രം നില കൊളളുന്നത്  ജീവിതങ്ങളിലാണ്. സീനിയേഴ്സായ നിങ്ങളുടെ ജീവിതം അംഗീകരിക്കപ്പെടേണ്ടതാണ്.  അമേരിക്കയിലെ രണ്ട് ഭദ്രാസനങ്ങളും മലങ്കര സഭയുടെ അഭിമാന ഗോപുരങ്ങളാണ്. സഭയുടെ ഈ പ്രെസ്റ്റീജ് ഭദ്രാസനങ്ങളുടെ ജീവിതാത്മാവ് എന്ന് പറയുന്നത് നിങ്ങളാണ്.

പുതിയ ദേശത്ത് ചരിത്രമെഴുതിയവര്‍ക്ക് വേരുകള്‍ പിടിപ്പിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് മാര്‍ നിക്കോളോവോസ് അധ്യക്ഷ പ്രസംഗം അവസാനിപ്പിച്ചത്.

സെന്റ് മേരീസ് ജൂണിയര്‍ ഗായക സംഘത്തിന്‍െറ പ്രാര്‍ഥനാ ഗാനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുറിയാക്കോസ് ആദരവ് ചടങ്ങ് സമര്‍പ്പിക്കുകയും എന്തിനിത് ചെയ്യുന്നു എന്നതിനെപ്പറ്റി വ്യക്തമായി പ്രതിപാദിക്കുകയും ചെയ്തു.

തുടര്‍ന്ന് ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സിയില്‍ അധിഷ്ഠിതമായ ഐക്കണോഗ്രഫിയില്‍ തീര്‍ത്ത പ്രശംസാഫലകങ്ങള്‍ മാര്‍ നിക്കോളോവോസ് വിതരണം ചെയ്തു. സെന്റ് മേരീസ് ഇടവക സെക്രട്ടറി എലിസബത്ത് വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ ട്രസ്റ്റി ജോണ്‍ ജേക്കബ്, സജി എം. പോത്തന്‍, സജന്‍ എം. പോത്തന്‍ എന്നിവര്‍ പ്രശംസാഫലക വിതരണത്തിന്‍െറ കോ ഓര്‍ഡിനേഷന്‍ നിര്‍വ്വഹിച്ചു.

ആദരിക്കപ്പെട്ടവരെ പ്രതിനിധീകരിച്ച് പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇടവകയിലെ എം. വി. എബ്രഹാം മറുപടി പ്രസംഗം നടത്തി. ഫാമിലി കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ് അനുമോദനങ്ങള്‍ നേര്‍ന്ന് സംസാരിച്ചു. സെന്റ് മേരീസ് ഇടവക വികാരി റവ. ഡോ. രാജു വര്‍ഗീസ് സ്വാഗതവും, പ്രോഗ്രാം ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ഫിലിപ്പോസ് ഫിലിപ്പ് കൃതജ്ഞതയും രേഖപ്പെടുത്തി. ജോര്‍ജ് തുമ്പയില്‍ ആയിരുന്നു എംസി.

കൌണ്‍സില്‍ അംഗങ്ങളായ ഫാ. ഷിബു ഡാനിയേല്‍, ഡോ. സാക്ക് സഖറിയ, അജിത് വട്ടശേരില്‍,  അത്മായ ട്രസ്റ്റി വര്‍ഗീസ് പോത്താനിക്കാട് സഭാ മാനേജിംഗ് കമ്മിറ്റി അംഗം  പോള്‍ കറുകപ്പിളളില്‍ എന്നിവരും വേദിയില്‍ ഉപവിഷ്ടരായിരുന്നു.

ആദരവ് സമ്മേളനം വിജയിപ്പിക്കുവാന്‍ സെന്റ് മേരീസ് ഇടവക ഭരണസമിതിയും ഇടവകാംഗങ്ങളും വിപുലമായ  ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. വിഭവ സമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.