You are Here : Home / USA News

ലോകം നന്മ കൈവരിക്കാനുള്ള പ്രാര്‍ത്ഥനയോടെ ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, March 10, 2015 10:40 hrs UTC

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സാര്‍വ്വദേശീയമായി കൊണ്ടാടുന്ന ലോക പ്രാര്‍ത്ഥനാദിനം അനുഗ്രഹീതമായി നടത്തപ്പെട്ടു. മാര്‍ച്ച്‌ 7-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള ചിക്കാഗോ മാര്‍ത്തോമാ ദേവാലയം പ്രാര്‍ത്ഥനയ്‌ക്ക്‌ വേദിയായി. 170-ല്‍പ്പരം രാജ്യങ്ങളില്‍ പൊതുവായി ഓരോ വര്‍ഷവും ഒരു പ്രത്യേക രാജ്യത്തിനായി കൈകോര്‍ത്ത്‌ നടത്തപ്പെടുന്ന പ്രാര്‍ത്ഥനയ്‌ക്ക്‌ ഈവര്‍ഷം തെരഞ്ഞെടുത്തത്‌ ബഹാമസിനെയാണ്‌. വനിതകള്‍ നേതൃത്വം നല്‍കി ക്രമീകരിക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തിന്റെ നന്മയ്‌ക്കും അനുഗ്രഹത്തിനും, ലോക നന്മയ്‌ക്കും സമാധാനത്തിനുമായി വേര്‍തിരിച്ചിരിക്കുന്നു. ചിക്കാഗോ മാര്‍ത്തോമാ സേവികാസംഘം ആതിഥ്യമരുളിയ പ്രാര്‍ത്ഥനാദിന പരിപാടികള്‍ വ്യത്യസ്‌തത നിറഞ്ഞതും പങ്കെടുത്ത ഏവര്‍ക്കും അനുഗ്രഹപൂര്‍ണ്ണവുമായിരുന്നു.

 

ചിക്കാഗോ എക്യൂമെനിക്കല്‍ ഇടവകകളില്‍ നിന്നും ധാരാളം പേര്‍ ഈ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കുകയും വിവിധ പ്രാര്‍ത്ഥനകളില്‍ പങ്കാളികളാകുകയും ചെയ്‌തു. `ഞാന്‍ നിങ്ങള്‍ക്കു ചെയ്‌തത്‌ ഇന്നതു എന്നു അറിയുന്നുവോ?' (യോഹ: 13:12) എന്ന പ്രത്യേക വിഷയം ഈവര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്കായി തെരഞ്ഞെടുക്കുകയും,അതിനാസ്‌പദമായ പ്രാര്‍ത്ഥനകള്‍ ക്രമീകരിക്കുകയും ചെയ്‌തു. ബഹാമസിന്റെ സാമൂഹ്യവും സാംസ്‌കാരികവും ഭൂമിശാസ്‌ത്രപരമായ അറിവുകളും പങ്കുവെച്ചുള്ള പഠനങ്ങള്‍ക്കും പ്രാര്‍ത്ഥനാദിനം സഹായകരമായി. എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ റവ. ഡാനിയേല്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പ്രാര്‍ത്ഥനാ ദിന പരിപാടികള്‍ക്ക്‌ ഷിക്കാഗോ മാര്‍ത്തോമാ സുവിശേഷ സേവികാസംഘം ജനറല്‍ സെക്രട്ടറി സൂസന്‍ ശാമുവേല്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ദുഖിക്കുന്ന ജനവിഭാഗത്തിന്‌, പ്രത്യേകിച്ച്‌ ബഹാമസിലെ ജനതയ്‌ക്ക്‌ ഈ പ്രാര്‍ത്ഥന ഒരു അനുഗ്രഹമായിത്തീരട്ടെ എന്ന ആശംസയുമായി കൗണ്‍സില്‍ പ്രസിഡന്റ്‌ റവ. ഡാനിയേല്‍ ജോര്‍ജ്‌ അധ്യക്ഷ പ്രാസംഗം നടത്തുകയും തുടര്‍ന്ന്‌ സുജാത ഏബ്രഹാം ഈ പ്രാര്‍ത്ഥനകളുടെ ക്രമീകരണങ്ങളെക്കുറിച്ച്‌ ആമുഖമായി വിശദീകരിക്കുകയും ചെയ്‌തു. ലോക പ്രാര്‍ത്ഥനാദിനത്തിന്റെ ചരിത്രത്തെയും മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും 2015-ലെ മുഖ്യ ചിന്താവിഷയത്തെയും കുറിച്ച്‌ ആനി ഏബ്രഹാം വിശദീകരിച്ചത്‌ പ്രാര്‍ത്ഥനയുടെ പ്രധാന്യം മനസിലാക്കുവാന്‍ ഏവര്‍ക്കും ഇടയായി.

 

 

തുടര്‍ന്ന്‌ മുഖ്യപ്രഭാഷകയായി എത്തിയ ഷിജി അലക്‌സ്‌ വിഷയത്തെ ആസ്‌പദമാക്കി വിശദമായി സംസാരിച്ചു. ഒറ്റപ്പെടലുകളില്‍ നമ്മെ തേടി എത്തുന്ന അവാച്യമായ ക്രിസ്‌തുവിന്റെ സ്‌നേഹം തിരിച്ചറിയുവാനും പ്രവൃത്തിയില്ലാത്ത പ്രാര്‍ത്ഥന നിഷ്‌ഫലമാണെന്നുമുള്ള സത്യത്തെ മനസിലാക്കുവാനും തന്റെ പ്രഭാഷണങ്ങളിലൂടെ ഷിജി അലക്‌ സന്ദേശം നല്‍കി. എക്യൂമെനിക്കല്‍ സംഘടനകളെ പ്രതിനിധീകരിച്ച്‌ വിവിധ സഭകളില്‍ നിന്നും റവ. ഡാനിയേല്‍ ജോര്‍ജ്‌ (കൗണ്‍സില്‍ പ്രസിഡന്റ്‌), റവ സോനു സ്‌കറിയ (വൈസ്‌ പ്രസിഡന്റ്‌), റവ. ഡാനിയേല്‍ തോമസ്‌, റവ. ഹാം ജോസഫ്‌, റവ. ഷാജി തോമസ്‌, റവ. ബിനോയ്‌ ജേക്കബ്‌, റവ ജോര്‍ജ്‌ ചെറിയാന്‍ എന്നിവര്‍ പങ്കെടുക്കുകയും വിവിധ പ്രാര്‍ത്ഥനകള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്‌തു.

 

ചിക്കാഗോ മാര്‍ത്തോമാ ഇടവക നേതൃത്വം നല്‍കിയ ശ്രുതിമധുരമായ ഗാനങ്ങള്‍ പ്രാര്‍ത്ഥയ്‌ക്ക്‌ ആത്മീയ ഉണര്‍വ്വ്‌ നല്‍കി. എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളും ഭാരവാഹികളും പ്രാര്‍ത്ഥനയുടെ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ്‌ പണിക്കര്‍ യോഗത്തിനെത്തിയ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു. റവ. ഹാം ജോസഫിന്റെ പ്രാര്‍ത്ഥനയോടെ അനുഗ്രഹീതമായി പര്യവസാനിച്ച ലോക പ്രാര്‍ത്ഥനാദിനത്തിന്‌ എത്തിയ ഏവര്‍ക്കും സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.