You are Here : Home / USA News

ചതിയിലകപ്പെട്ട യുവാവിന് ആശ്വാസ വചനങ്ങളുമായി ജെ.എഫ്.എ. പ്രവര്‍ത്തകര്‍ ന്യൂജെഴ്സി കോടതിയില്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, March 10, 2015 01:49 hrs UTC


 
ചതിയിലകപ്പെട്ട് ന്യൂജേഴ്സിയില്‍ ജയിലിലായ മലയാളി യുവാവിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്, ആശ്വാസവചനവുമായി ന്യൂജെഴ്‌സിയിലെ കോടതിയില്‍ ഹാജരായ മലയാളികളെ പ്രകീര്‍ത്തിച്ച് കേസ് കേള്‍ക്കുന്ന ജഡ്ജി ബഹു. ആദം ഇ. ജേക്കബ്സ്, ജെ.എസ്.സി. നടത്തിയ പരാമര്‍ശം കോടതിമുറിയില്‍ സന്നിഹിതരായവര്‍ക്ക് ആത്മവീര്യം പകര്‍ന്നു. മലയാളികള്‍ 'ഐക്യത്തിന്റെ പ്രതീകമാണെന്ന്' ജഡ്ജിയുടെ പരാമര്‍ശത്തില്‍ വ്യക്തമായതായി ജസ്റ്റിസ് ഫോര്‍ ഓള്‍ പ്രവര്‍ത്തകര്‍ വിലയിരുത്തി. പബ്ലിക് പ്രൊസിക്യൂട്ടറുടെ അതിരുകടന്ന ഒരു പ്രസ്താവനയെ നിരുത്സാഹപ്പെടുത്തിയാണ് ജഡ്ജി പരാമര്‍ശം നടത്തിയത്. 
 
പ്രതികൂല കാലാവസ്ഥയേയും അതിശൈത്യത്തെയും അവഗണിച്ചാണ് ജസ്റ്റിസ് ഫോര്‍ ഓള്‍ പ്രവര്‍ത്തകരും, അനുഭാവികളും മാര്‍ച്ച് 6-ാം തിയ്യതി കോടതിയില്‍ പ്രസ്തുത യുവാവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് ഹാജരായത്. പലരും ഒരു ദിവസത്തെ അവധിയെടുത്താണ് അമേരിക്കയില്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്ത ഈ മലയാളി യുവാവിന് സഹായഹസ്തവുമായി കോടതിയിലെത്തിയതെന്നോര്‍ക്കുമോള്‍, സമൂഹത്തില്‍ നന്മകളും മൂല്യങ്ങളും മരിച്ചിട്ടില്ല എന്നതിന് തെളിവായി കണക്കാക്കാം.
 
തന്റെ ഓപ്പണിംഗ് സ്റ്റേറ്റ്മെന്റില്‍ യുവാവിനെതിരെ ശക്തമായ ഭാഷയില്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ഉന്നയിച്ച കൂട്ടത്തില്‍ 'ഇവര്‍ ഇന്ത്യയിലും ഒരു ക്രിമിനലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു' എന്ന പ്രൊസിക്യൂട്ടറുടെ പരാമര്‍ശത്തെയാണ് ജഡ്ജി നിരുത്സാഹപ്പെടുത്തിയത്. ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായ ഈ അപ്രതീക്ഷിത നീക്കം ഈ കേസില്‍ മുന്‍‌വിധിയോടെയുള്ള പ്രൊസിക്യൂട്ടറുടെ വാദങ്ങള്‍ വംശീയാധിക്ഷേപത്തിനു തുല്യമാണെന്ന് കോടതിക്ക് ബോധ്യമായതായി നിരീക്ഷകര്‍ കരുതുന്നു. പ്രൊസിക്യൂട്ടറുടെ വാദഗതികളെ ഖണ്ഡിച്ചുകൊണ്ട് ജഡ്ജി പുറപ്പെടുവിച്ച താഴെ പറയുന്ന പരാമര്‍ശങ്ങള്‍ ചിന്തനീയമാണ്:
 
1. സമൂഹത്തിലെ വളരെ നിലയും വിലയുമുള്ളവരാണ് ബന്ധുക്കളോ സുഹൃത്തുക്കളോ ഈ രാജ്യത്ത് ഇല്ലാത്ത, പ്രതിയായി ആരോപിക്കപ്പെട്ടിട്ടുള്ള യുവാവിനു വേണ്ടി കോടതിയില്‍ ഹാജരായിരിക്കുന്നത്.
2. കേസിന്റെ പരിധിയില്‍ വരാത്ത ആരോപണങ്ങള്‍, പ്രത്യേകിച്ചും വംശീയാധിക്ഷേപകരമായ ആരോപങ്ങള്‍, അംഗീകരിക്കാന്‍ സാധ്യമല്ല.
3. ഇത്തരമൊരു കേസില്‍ ഇത്രയും ആളുകള്‍, അതും ആരോപണവിധേയനായ വ്യക്തിയുമായി യാതൊരു ബന്ധവുമില്ലാത്തവര്‍, അയാള്‍ക്കുവേണ്ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോടതിയില്‍ ഹാജരാകുക എന്നത് അത്യപൂര്‍‌വ്വവും അസാധാരണങ്ങളില്‍ അസാധാരണവുമാണ്. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത് ആദ്യത്തെ സംഭവമാണ്.
 
ജഡ്ജിയുടെ പരാമര്‍ശവും കോടതിമുറിയിലെ മലയാളികളുടെ സാന്നിധ്യവും കണ്ടതോടെ പ്രൊസിക്യുട്ടറും അമ്പരന്നു പോയി. എന്നാല്‍, ഈ കേസ് തുടക്കത്തില്‍ കൈകാര്യം ചെയ്ത ഇന്ത്യക്കാരനായ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്ന ഒരു കുറിപ്പിലെ വിവരങ്ങള്‍ ഈ യുവാവിന്റെ കേസിന് വിനയായതായി പറയപ്പെടുന്നു. ആ കുറിപ്പിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ജാമ്യത്തുക കുറയ്ക്കുന്നതിനെ പ്രൊസിക്യൂട്ടര്‍ എതിര്‍ത്തു. എന്നിരുന്നാലും അവസാനം ജാമ്യത്തുക $50,000 കുറച്ചു കിട്ടിയതില്‍ എല്ലാവരും സന്തുഷ്ടരായിരുന്നു. ജാമ്യതുക ഉണ്ടാക്കി യുവാവിനെ മോചിപ്പിക്കുക എന്ന കടമ്പ ഇനിയും കടക്കേണ്ടതുണ്ട്. അമേരിക്കയില്‍ നിരവധി ഇന്ത്യന്‍ അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഇന്ത്യയിലെപ്പോലെ എല്ലാ കേസുകളും എല്ലാ അഭിഭാഷകരും ഇവിടെ കൈകാര്യം ചെയ്യാറില്ല. ക്രിമിനല്‍, സിവില്‍, ഹെല്‍ത്ത്, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷ്വറന്‍സ്, ട്രാഫിക്, ഇമ്മിഗ്രേഷന്‍ എന്നിങ്ങനെ പട്ടികകള്‍ നീളുന്നു. ഈ യുവാവിന്റെ കേസ് ആദ്യം കൈകാര്യം ചെയ്തത് ഒരു ഇമ്മിഗ്രേഷന്‍ അഭിഭാഷകനായിരുന്നു. തന്റെ മേഖലയില്‍പെട്ട കേസ് അല്ല ഇതെന്ന് അറിഞ്ഞിട്ടും പണത്തിനോടുള്ള അത്യാര്‍ത്തിമൂലമോ മറ്റോ ആയിരിക്കാം ആ അഭിഭാഷകന്‍ കേസ് ഏറ്റെടുത്തതും കോടതിയില്‍ കേസ് തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതും. ഇത്തരം അഭിഭാഷകര്‍ക്കെതിരെ പരാതിപ്പെട്ട് നടപടികള്‍ സ്വീകരിക്കണമെന്നാണ് ജസ്റ്റിസ് ഫോര്‍ ഓള്‍ ചെയര്‍മാന്‍ തോമസ് കൂവള്ളൂരിന്റെ അഭിപ്രായം. ഈ യുവാവിന്റെ കൈയില്‍ നിന്ന് വാങ്ങിയ പണം തിരിച്ചുപിടിക്കാനുള്ള നടപടികളും ജെ.എഫ്.എ. കൈക്കൊള്ളുന്നുണ്ട്. ഇപ്പോള്‍ ഈ കേസ് കൈകാര്യം ചെയ്യുന്ന ഫിലിപ്പീന്‍ വംശജനായ അഭിഭാഷകന്‍ മുന്‍പ് പബ്ലിക് പ്രൊസിക്യൂട്ടര്‍ ആയിരുന്നു. ഫീസിന്റെ കാര്യത്തില്‍ അദ്ദേഹം ഒട്ടേറെ വിട്ടുവീഴ്ചകള്‍ ചെയ്യുന്നു എന്നു മാത്രമല്ല, ഈ കേസ് അദ്ദേഹത്തിന്റെ അഭിമാനത്തിന്റെ പ്രശ്നവുമായി കരുതുന്നു എന്ന് തോമസ് കൂവള്ളൂര്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെ ഒരു അഭിഭാഷകനെ ലഭിക്കാന്‍ കഴിഞ്ഞതില്‍ ജെ.എഫ്.എ. അഭിമാനിക്കുന്നു എന്നും കൂവള്ളൂര്‍ പറഞ്ഞു. 
 
ഈ യുവാവിനെ അമേരിക്കയില്‍ കൊണ്ടുവന്നത് ലോകപ്രശസ്തമായ ടാറ്റാ കണ്‍സള്‍ട്ടന്‍സി (ടി.സി.എസ്) എന്ന സ്ഥാപനമാണ്. അവര്‍ യാതൊരു തരത്തിലുമുള്ള സഹായങ്ങളും നാളിതുവരെയും ചെയ്തിട്ടില്ല. ചില മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അവര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ഇന്ത്യന്‍ കമ്പനികള്‍ അവരുടെ ജോലിക്കാരോടുള്ള അവഗണന വിളിച്ചോതുന്നു. കമ്പനി പോളിസിയാണ് അവര്‍ അതിനായി പറയുന്ന കാരണങ്ങള്‍. നിസ്സഹായാവസ്ഥയിലായ ഈ യുവാവിനുവേണ്ടി സാധാരണക്കാരായ ജനങ്ങള്‍ സഹായഹസ്തവുമായി നിലകൊള്ളുമ്പോള്‍ ഒരു ചെറിയ സഹായം ചെയ്തുകൊടുക്കാന്‍ പോലും കമ്പനി തയ്യാറാകുന്നില്ല എന്നത് ഇന്ത്യന്‍ കമ്പനിയുടെ വിശ്വസനീയതയെ ചോദ്യം ചെയ്യുന്നു. തന്നെയുമല്ല, അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് തങ്ങളുടെ ജോലിക്കാരെ അയക്കുന്നതിനു മുന്‍പ് അവര്‍ക്കു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും ബോധവ്തക്കരണം നടത്തിയിരുന്നെങ്കില്‍ ഇങ്ങനെയുള്ള ആപത്തുകളില്‍ ചെന്നു പെടുകയില്ല എന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ തങ്ങളുടെ ജോലിക്കാരെ രക്ഷിച്ചെടുക്കേണ്ട ചുമതല കൂടി അതാതു കമ്പനികള്‍ക്കുണ്ട്. കൂടാതെ, ഒരു ഇന്ത്യന്‍ പൗരന്‍ അമേരിക്കയിലെത്തി ഒരാഴ്ചക്കകം ജയിലില്‍ അകപ്പെട്ടു എന്നറിയുമ്പോള്‍ ഇവിടെയുള്ള ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്കും അവരുടേതായ ചുമതലകളുമുണ്ട്. ഈ യുവാവിന്റെ കാര്യത്തില്‍ ഇവ രണ്ടും സംഭവിച്ചിട്ടില്ല.
 
അമേരിക്കയിലുടനീളം പോലീസ് ഡിപ്പാര്‍ട്ട്മെന്റുകള്‍ 'വേശ്യാവൃത്തി' പ്രോത്സാഹിപ്പിക്കുന്നതിനു നിരവധി തെളിവുകളുണ്ട്. പോലീസ് തന്നെ 'നിയമലംഘനം' നടത്തി 'നിയമം നടപ്പിലാക്കുന്ന' ഒരുതരം പ്രാകൃത രീതിയെ 'സ്റ്റിംഗ് ഓപ്പറേഷന്‍' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നു. ഈ ഓപ്പറേഷനില്‍ പങ്കെടുക്കുന്നത് വനിതാ പോലീസുകാരോ അല്ലെങ്കില്‍ അവര്‍ തിരഞ്ഞെടുക്കുന്ന വേശ്യകളോ ആണ്. ഈ വേശ്യകളെ 'ഇന്‍ഫോര്‍മെന്റ്' എന്ന ലേബലിലാണ് പോലീസില്‍ അറിയപ്പെടുന്നത്. അസമയങ്ങളില്‍ റോഡിലൂടെ നടന്നുപോകുന്നവരേയോ, ബാറുകളില്‍ നിന്ന് ഇറങ്ങുന്നവരെയോ അതുമല്ലെങ്കില്‍ ഷോപ്പിംഗ് മാളുകളില്‍ കറങ്ങി നടക്കുന്നവരെയോ ആണ് ഇവര്‍ ഇരകളാക്കുന്നത്. പുരുഷന്മാരുടെ അടുത്തു സൗഹൃദം നടിച്ച് അവരുമായി സല്ലപിക്കുകയും സെക്സിനുവേണ്ടി ഏതെങ്കിലും രഹസ്യ സ്ഥലത്തേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. സമ്മതം മൂളി അവരെ അനുഗമിക്കുന്നവരുടെ പുറകെ പോലീസ് എത്തി അറസ്റ്റു ചെയ്യുന്നു. കോടതിയില്‍ തെളിവായി പോലീസ് സമര്‍പ്പിക്കുന്നത് അവരുടെ സംഭാഷണത്തിന്റെ ശബ്ദരേഖയായിരിക്കും. ഈ വേശ്യകളുടെ ദേഹത്ത് 'റെക്കോര്‍ഡിംഗ് ഡിവൈസുകള്‍' ഘടിപ്പിച്ച് അകലെ പാര്‍ക്ക് ചെയ്തിരിക്കുന്ന പോലീസ് വാഹനത്തില്‍ മറ്റു പോലീസുകാര്‍ റെക്കോഡു ചെയ്ത ശബ്ദരേഖയാണ് കോടതിയില്‍ ഹാജരാക്കുന്നത്. ഇങ്ങനെ 'സ്റ്റിംഗ് ഓപ്പറേഷനില്‍' കുടുങ്ങി നിരവധി പേര്‍ അമേരിക്കയുടെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്.
 
പോലീസിന്റെ മറ്റൊരു കെണിയാണ് 'സൈബര്‍ ചാറ്റിംഗ്'. കം‌പ്യൂട്ടറില്‍ ചാറ്റ് ചെയ്യുന്നവരെ ലക്ഷ്യമിട്ട്, അഡള്‍ട്ട് ചാറ്റിംഗ് സൈറ്റും, കോള്‍ ഗേള്‍സ് ചാറ്റിംഗ് സൈറ്റും, പോപ് അപ് വിന്റോകളുമൊക്കെ സൃഷ്ടിച്ചെടുത്ത് അവയില്‍കൂടി ഇരകളെ വശീകരിച്ച് ചാറ്റിംഗ് നടത്തുന്നതാണ് ഈ വിദ്യ. മിക്കവാറും എല്ലാ പോലീസ് ഡിപ്പാര്‍ട്ട്മെന്റുകളിലും ഇതിന് പ്രത്യേകം ടീമുകള്‍ തന്നെയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍‌കുട്ടികളുടേയോ കാണാന്‍ കൊള്ളാവുന്ന സ്‌ത്രീകളുടേയോ ഫോട്ടോകള്‍ കാണിച്ച് പുരുഷന്മാരെ വശീകരിച്ച് കുരുക്കുന്നത് പോലീസ് സൈബര്‍ ഡിറ്റക്റ്റീവുകളായിരുക്കും. വീടിന്റെ സ്വകാര്യതയിലിരുന്ന് ചാറ്റുന്നത് പെണ്‍‌കുട്ടികളോടാണെന്ന് ധരിച്ച് പലരും പെണ്‍കുട്ടികളെ നേരില്‍ കാണാന്‍ ആഗ്രഹിക്കും. അതവര്‍ പറഞ്ഞുകഴിഞ്ഞയുടനെ മോണിട്ടറില്‍ ഒരു പെണ്‍‌കുട്ടിയുടെ ചിത്രം (നഗ്ന ഫോട്ടോ ആയിരിക്കും മിക്കവാറും) പ്രത്യക്ഷപ്പെടുകയായി. ഉടനെ പെണ്‍‌കുട്ടിയെ കാണാനും സമയം ചിലവഴിക്കാനും റിക്വസ്റ്റ് ചെയ്യും. ഏതെങ്കിലും റസ്റ്റോറന്റിലോ പാര്‍ക്കിലോ അല്ലെങ്കില്‍ വീട്ടിലോ എത്താനായിരിക്കും പെണ്‍‌കുട്ടി പറയുക. അങ്ങനെ ഇറങ്ങിത്തിരിച്ച് അവസാനം പോലീസിന്റെ പിടിയിലാകുന്ന നിരവധി കേസുകള്‍ അമേരിക്കയിലെ പല ഭാഗങ്ങളിലും നടക്കുന്നത് നിത്യസംഭവമാണ്. പെണ്‍‌കുട്ടി പറഞ്ഞ സ്ഥലത്ത് ചെല്ലുമ്പോള്‍ പോലീസായിരിക്കും കാത്തു നില്‍ക്കുന്നത്. പോലീസ് തന്നെയാണ് ഈ ചതിക്കുഴി ഒരുക്കുന്നത്. ഒരുപക്ഷെ ഈ വിധത്തിലാകണം ഈ കഥയിലെ യുവാവിനെ കുടുക്കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ഈ കഥയിലെ പെണ്‍‌കുട്ടി ഇതിനു മുന്‍പും പലരേയും ചാറ്റിംഗിലൂടെ വീട്ടിലേക്ക് ക്ഷണിച്ച് സെക്സിന് പ്രേരിപ്പിച്ചിട്ടുണ്ടെന്നും, പല കേസുകളും ഈ പെണ്‍‌കുട്ടിയുടെ പേരില്‍ ഉണ്ടെന്നും പറയുന്നു. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ഈ യുവാവിന് നീതി ലഭിക്കണമെന്നാണ് ജെ.എഫ്.എ. ചെയര്‍മാന്‍ തോമസ് കൂവള്ളൂരും പ്രവര്‍ത്തകരും പറയുന്നത്. പോലീസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും, നിരപരാധികളെ അപരാധികളാക്കുന്ന ജുഗുപ്സാവഹമായ പ്രവര്‍ത്തികളെ നിരുത്സാഹപ്പെടുത്താനുള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്തിയില്ലെങ്കില്‍ ഇനിയും പലരും അവരുടെ ചതിക്കുഴിയില്‍ വീഴാന്‍ സാധ്യതയുണ്ട്. ഓരോ കേസിലും മില്യന്‍ കണക്കിന് ഡോളര്‍ ജാമ്യത്തുക നിശ്ചയിച്ച് അത് കൈവശപ്പെടുത്തി ജൂഡിഷ്യറിക്ക് പണമുണ്ടാക്കിക്കൊടുക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊരു പ്രാധാന്യവും ഇത്തരത്തിലുള്ള കേസുകള്‍ക്കില്ല. 
 
വിവിധ പ്രശ്നങ്ങളില്‍ പെട്ടുഴലുന്ന അനേകര്‍ അമേരിക്കയിലുണ്ട്. അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുക അസാധ്യവുമാണ്. എന്നാല്‍, നാം വിചാരിച്ചാല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തുകൊടുക്കാം എന്ന് തെളിയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ജെ.എഫ്.എ.യും ആ സംഘടനയെ പിന്തുണച്ച് ന്യൂജെഴ്‌സി കോടതിയിലെത്തിയവരും ചെയ്തത്. ഈ കേസില്‍ മാത്രമല്ല, ഏറെ പ്രമാദമായ ആനന്ദ് ജോണ്‍ കേസ് അടക്കം നിരവധി കേസുകള്‍ക്ക് (എല്ലാം ഇന്ത്യന്‍ വംശജര്‍ക്കു വേണ്ടി)ജെ.എഫ്.എ. കൈത്താങ്ങായിട്ടുണ്ട്. കൂടാതെ നിരവധി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുകയും ഇതര മനുഷ്യാവകാശ സംഘടനകളുമായി കൈകോര്‍ത്ത് പ്രതിഷേധ റാലികളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മാതൃകാപരമായ ഇത്തരം പ്രവര്‍ത്തികളേയും അത് നടപ്പിലാക്കുന്ന സന്നദ്ധപ്രവര്‍ത്തകരേയും ഇതര സംഘടനകള്‍ക്ക് മാതൃകയാക്കാവുന്നതാണ്. ന്യൂജെഴ്‌സിയിലെ നിരവധി സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജെ.എഫ്.എ.യ്ക്ക് പിന്തുണയുമായി എത്തിയതെന്നതില്‍ തങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടെന്ന് ജെ.എഫ്.എ. ചെയര്‍മാന്‍ തോമസ് കൂവള്ളൂരും ട്രഷറര്‍ അനില്‍ പുത്തന്‍‌ചിറയും പറഞ്ഞു.
 
ജസ്റ്റിസ് ഫോര്‍ ഓള്‍ ചെയര്‍മാന്‍ തോമസ് കൂവള്ളൂരിനോടൊപ്പം ജെ.എഫ്.എ. അഡ്വൈസറി ചെയര്‍മാന്‍ സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നുള്ള വര്‍ഗീസ് മാത്യു, ജെ.എഫ്.എ. പി.ആര്‍.ഒ. ആനി ജോണ്‍, ജെ.എഫ്.എ. ട്രഷററും കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി ജനറല്‍ സെക്രട്ടറിയുമായ അനില്‍ പുത്തന്‍‌ചിറ, ന്യൂയോര്‍ക്കില്‍ നിന്നുള്ള മെഴ്‌സി ജോസഫ്, സിസിലി കൂവള്ളൂര്‍, ന്യൂജെഴ്സിയില്‍ നിന്ന് ജോണ്‍ തോമസ് (റെഡ് ക്രോസ്), ജയ്സണ്‍ അലക്സ് (പ്രസിഡന്റ്, കീന്‍), സോബിന്‍ ചാക്കോ, ഷാജി വര്‍ഗീസ് (പ്രസിഡന്റ്, മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി), ഡോ. ഗോപിനാഥന്‍ നായര്‍ (ശാന്തിഗ്രാം ഗ്രൂപ്പ് ഓഫ് കമ്പനീസ്), സുധീര്‍ നമ്പ്യാര്‍ (വൈസ് പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍), അനിയന്‍ ജോര്‍ജ്ജ് (മുന്‍ ഫോമ സെക്രട്ടറി, എ.എ.പി. ലീഡര്‍), മോളി ജോണ്‍ (മനുഷ്യാവകാശ പ്രവര്‍ത്തക) തുടങ്ങി നിരവധി പേരാണ് കോടതിയില്‍ ഹാജരായത്. കൂടാതെ, കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നവര്‍ അവരുടെ പൂര്‍ണ്ണ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 
 
തങ്ങളുടെ കര്‍ത്തവ്യം നന്മനിറഞ്ഞ മനസ്സോടെ നിര്‍വഹിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ജെ.എഫ്.എ. പ്രവര്‍ത്തകരും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവരും കോടതി മുറിയില്‍ നിന്ന് പുറത്തിറങ്ങിയത്. ഇത് ഒരു സംഘടനയുടെ മാത്രം വിജയമല്ല, മറിച്ച് ഒരു കൂട്ടായ്മയുടെ വിജയമാണ്. "പരസ്പരം പഴിപറഞ്ഞും, സദ്‌പ്രവര്‍ത്തികളെ വിമര്‍ശിച്ചും ശീലമാക്കിയിട്ടുള്ളവര്‍ ഒരു നിമിഷം ശാന്തമായി ചിന്തിക്കേണ്ട സമയമാണിത്. മറ്റുള്ളവര്‍ക്കു വേണ്ടി - കൂട്ടുകാര്‍ക്ക്, ബന്ധുക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്ക് എല്ലാം വേണ്ടി നാം നിരവധി സഹായങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍, തീര്‍ത്തും അപരിചിതനായ ഒരു വ്യക്തിക്കുവേണ്ടി, അല്ലെങ്കില്‍ ഒരു സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ എന്തിന് അത് ചെയ്യുന്നവരെ വിമര്‍ശിക്കണം ?" ജെ.എഫ്.എ.യുടെ സന്ദേശമാണിത്.
 
ജാതിമതചിന്തകള്‍ക്കതീതമായി പ്രതിസന്ധികള്‍ തരണം ചെയ്ത് ദൃഢമായ ശുഭാപ്തി വിശ്വാസത്തോടെ തങ്ങള്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കുന്ന ജെ.എഫ്.എ. എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. അറിവും ജ്ഞാനവും തലയ്ക്കകത്തിരുന്നിട്ട് പ്രയോജനമില്ല; അത് ലോക നന്മയ്ക്കായി വിനിയോഗിക്കുമ്പോഴാണ് ആ അറിവും ജ്ഞാനവും അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. മേല്‍ ഉദ്ധരിച്ച യുവാവിന്റെ മോചനം കൂടുതല്‍ സങ്കീര്‍ണ്ണമാകാതെ ശുഭപര്യവസായിയായി തീരുമെന്ന പ്രാര്‍ത്ഥനയിലാണ് ഈ സന്നദ്ധ സേവക സംഘവും അവര്‍ക്ക് ധാര്‍മ്മിക പിന്തുണ നല്‍കുന്നവരും. നിങ്ങള്‍ക്കും ഈ സന്നദ്ധ സേവക സംഘവുമായി സഹകരിക്കാം; നിങ്ങളുടെ വിലയേറിയ ഉപദേശ നിര്‍ദ്ദേശങ്ങളും സഹായ സഹകരണങ്ങളും അവര്‍ക്കു നല്‍കാം.... ഒരുപക്ഷേ നിങ്ങളിലാര്‍ക്കെങ്കിലും നാളെ ഈ അവസ്ഥ ഉണ്ടായിക്കൂടെന്നില്ല.... ഒരു നിമിഷത്തെ ചിന്തയാണ് നമ്മെ പുരോഗതിയിലേക്കോ അധോഗതിയിലേക്കോ നയിക്കുന്നത്. ആ ചിന്ത നന്നെങ്കില്‍ നാം നന്മയിലേക്ക് തിരിയുന്നു. മോശമെങ്കില്‍ അധോഗതിയിലേക്കും. ചിന്ത പ്രവൃത്തിയിലേക്ക് നയിക്കുന്നു. പ്രവൃത്തിയാകട്ടെ ഫലത്തിലേക്കും വഴിയൊരുക്കുന്നു. അപ്പോള്‍ ചിന്ത നല്ലതെങ്കില്‍ ഫലവും നല്ലതാകും. അതായത് നല്ല ഫലം കിട്ടാന്‍ നല്ല ചിന്ത വേണമെന്നര്‍ത്ഥം. അപ്പോള്‍ എന്തുകൊണ്ട് നമുക്കൊരുമിച്ച് കൈകോര്‍ത്ത് സമൂഹനന്മയ്ക്കായി പ്രവര്‍ത്തിച്ചുകൂടാ....?
 
ജെ.എഫ്.എ.യെക്കുറിച്ച് കൂടുതല്‍ അറിയുവാനും സഹകരിക്കുവാനും ബന്ധപ്പെടുക: തോമസ് കൂവള്ളൂര്‍ 914 409 5772 tjkoovalloor@live.com, അനില്‍ പുത്തന്‍‌ചിറ (732) 319-6001  anil@puthenchira.com
 
റിപ്പോര്‍ട്ട് തയ്യാറാക്കിയത്: മൊയ്തീന്‍ പുത്തന്‍‌ചിറ
ചെറിയാന്‍ ജേക്കബ് (ജനറല്‍ സെക്രട്ടറി), ജെ.എഫ്.എ.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.