You are Here : Home / USA News

വനിതാദിനാചരണത്തിന് അഴകേകി സ്ത്രീരത്നങ്ങള്‍

Text Size  

Story Dated: Monday, March 09, 2015 10:54 hrs UTC


മിസ്സിസാഗ. സാമൂഹിക, രാഷ്ട്രീയ, കലാ രംഗങ്ങളിലെ സ്ത്രീരത്നങ്ങളുടെ സാന്നിധ്യവും കലാസംഘങ്ങളുടെ മാസ്മരിക പ്രകടനവും ഡാന്‍സിങ് ഡാംസെല്‍സ് ഒരുക്കിയ രാജ്യാന്തര വനിതാ ദിനാചരണത്തിന് തിലകക്കുറി ചാര്‍ത്തി. പ്രതിസന്ധികളെ മറികടന്ന് വിവിധ രംഗങ്ങളില്‍ വെന്നിക്കൊടി പാറിച്ചവരുടെ സംഗമവേദിയെന്ന നിലയിലും ചടങ്ങ് വേറിട്ടതായി. സ്ത്രീശാക്തീകരണത്തിലൂടെ സാമൂഹിക മുന്നേറ്റം സാക്ഷാത്ക്കരിക്കാനും സമസ്ത മേഖലയിലും പ്രാഗത്ഭ്യം തെളിയിക്കാനുള്ള ആഹ്വാനവുമാണ് പ്രസംഗങ്ങളിലുടനീളം മുഴങ്ങിയത്.

ഒന്റാരിയോ പ്രവിശ്യയില്‍ പുരുഷ-വനിതാ വേതന അസമത്വം ഒഴിവാക്കണമെന്ന പ്രീമിയര്‍ കാത് ലിന്‍ വിന്നിന്റെ നിര്‍ദേശം യാഥാര്‍ഥ്യമാക്കാനുള്ള യത്നത്തിലാണെന്ന പ്രൊവിന്‍ഷ്യല്‍ മന്ത്രി കെവിന്‍ ഡാനിയല്‍ ഫ്ളിനിന്റെ പ്രഖ്യാപനത്തെ കരഘോഷത്തോടെയാണ് സദസ് വരവേറ്റത്. ’വനിതയായ എന്റെ ബോസിന്റെ ഉത്തരവാണിത് എന്ന കെവിന്റെ പരാമര്‍ശവും സദസ് നന്നായി ആസ്വദിച്ചു. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി ഒരേ മനസോടെ പ്രവര്‍ത്തിക്കണമെന്നും ലക്ഷ്യപ്രാപ്തിക്കായി പുതുതലമുറയ്ക്ക് പ്രോല്‍സാഹനം നല്‍കണമെന്നും മുഖ്യാതിഥികളായ ഫെഡറല്‍ മന്ത്രി ഡോ. കെല്ലി ലീച്ച്, മിസ്സിസാഗ മേയര്‍ ബോണി ക്രോംബി, പ്രഥമ ഇന്‍ഡോ-കനേഡിയന്‍ വനിതാ സെനറ്റര്‍ ഡോ. ആഷാ സേത്ത് എന്നിവരും ചൂണ്ടിക്കാട്ടി.

വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊവിന്‍ഷ്യല്‍ അസോഷ്യേറ്റ് മിനിസ്റ്റര്‍ ദീപിക ദമര്‍ല, കന്നഡ സംഘ അധ്യക്ഷ ആഷാ വിശ്വനാഥ്, ആനന്ദം ഡാന്‍സ് തിയറ്റര്‍ സ്ഥാപക ബ്രാന്‍ഡി ലിയറി, ത്രേസ്യ തോമസ്, റംമനീക് സിങ്,  രവീന്ദര്‍ മല്‍ഹി, ക്രോസ് കണ്‍ട്രി താരം മലര്‍വില്ലി വരദരാജന്‍, പൂജ അമിന്‍, മിസ്സിസ് ഇന്ത്യ ഇന്റര്‍നാഷനല്‍ ഡോ. ആര്‍തി ശരവണന്‍, മാധ്യമപ്രവര്‍ത്തക ആംഗി സേത്ത്, ഫോട്ടോജേണലിസ്റ്റ് റീന ഡിയോണ്‍, അഭിഭാഷക ലതാ മേനോന്‍ എന്നിവരാണ് പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത്. ആയോധനകലയിലെ നേട്ടങ്ങള്‍ കണക്കിലെടുത്ത് മേരി ഡേവിഡിന് പ്രത്യേക ജൂറി പുരസ്കാരവും നല്‍കി.

വൈസ് കോണ്‍സല്‍ ജനറല്‍ ഉഷ വെങ്കടേശന്‍, പനോരമ ഇന്ത്യ ചെയര്‍ അനു ശ്രീവാസ്തവ, സൌെത്ത് ഏഷ്യന്‍ വുമണ്‍സ് സെന്‍റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ കൃപ ശേഖര്‍, റോയല്‍ ഒന്റാരിയോ മ്യൂസിയം സീനിയര്‍ ക്യുറേറ്റര്‍ ഡോ. ദീപാലി ദെവാന്‍, സാംപ്രദായ ഡാന്‍സ് ക്രിയേഷന്‍സ് സ്ഥാപക ലതാ പാദ, സംഗീതജ്ഞ ശോഭാ ശേഖര്‍, പ്രിന്‍സ് മാര്‍ഗരറ്റ് ആശുപത്രി കാന്‍സര്‍വിഭാഗം മേധാവി ഡോ. കലാ ശ്രീധര്‍, മിസ്സിസാഗ ആര്‍ട്സ് കൌെണ്‍സില്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അനു വിറ്റല്‍, സംഗീതജ്ഞ സന്ധ്യ ശ്രീവല്‍സന്‍, ആരോഗ്യമന്ത്രിയുടെ പാര്‍ലമെന്ററി അസിസ്റ്റന്റ് ഇന്ദിര നായിഡു ഹാരിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഡാന്‍സിങ് ഡാംസെല്‍സ് മാനേജിങ് ഡയറക്ടര്‍ മേരി അശോക് അതിഥികളെ വരവേറ്റു. തോമസ് കെ. തോമസ്, മേഴ്സി ഇലഞ്ഞിക്കല്‍, ജേക്കബ് വര്‍ഗീസ്, മോക്ഷി വിര്‍ക്, കെ. വരദരാജന്‍, നിര്‍മല തോമസ്, ജയാ ബാലു, ദിവാകരന്‍, ജോയ് വര്‍ഗീസ്, അമിത് രവീന്ദ്രന്‍ തുടങ്ങിയവര്‍ അതിഥികളെ പൊന്നാട അണിയിച്ചു. മനോജ് കരാത്ത, മാധ്യമപ്രവര്‍ത്തകന്‍ ജയ്സണ്‍ മാത്യു തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു. മിനു ജോസ്, ബിന്ദു മാത്യു എന്നിവരായിരുന്നു അവതാരകര്‍.

എട്ട് മാസം പ്രായമായ കുഞ്ഞുമായി വേദിയിലെത്തിയ മോമി ആന്‍ഡ് ബേബി ഫിറ്റ്നസ് സംഘം സദസിന്റെ മനംകവര്‍ന്നു. ഒന്റാരിയോ ഹാര്‍ട് ലാന്‍ഡ് കോറസ്, റോ തായ്കോ ഡ്രമ്മേഴ്സ്, ടൊറന്റോ സ്ട്രിങ്സ്, ബെല്ലി അപ്പ്, സുംബാ തുടങ്ങിയ സംഘങ്ങള്‍ ഒരുക്കിയ കലാവിരുന്നും മേരി ഡേവിഡും മകന്‍ അലക്സാണ്ടറും ഒരുക്കിയ കരാടി പ്രദര്‍ശനവും ചടങ്ങിന് മോടികൂട്ടി.

വാര്‍ത്ത.വിന്‍ജോ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.