You are Here : Home / USA News

നസീഷ് നൂറാണിയെ വെടിവച്ച് കൊന്ന കേസില്‍ കാഷിഫ് പര്‍വേയ്സ് കുറ്റക്കാരനെന്ന് കോടതി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, March 09, 2015 10:45 hrs UTC


ന്യുജഴ്സി . ന്യുജഴ്സിയിലെ ബൂണ്‍ടണില്‍ 2011 ഓഗസ്റ്റ് 16 ന്, ഭാര്യ പാക്ക് വംശജയായ നസീഷ് നൂറാണിയെ വെടിവച്ച് കൊന്നകേസില്‍ പാക്ക് വംശജന്‍, ബ്രൂക്ലിനില്‍ ജനിച്ചു വളര്‍ന്ന കാഷിഫ് പര്‍വേയ്സ് (29) കുറ്റക്കാരനെന്ന് മോറിസ്ട്രൌണിലെ സുപ്പീരിയര്‍ കോടതിയില്‍ ജൂറി വിധിച്ചു. കേസില്‍ അറസ്റ്റിലായ കാഷിഫിന്‍െറ കാമുകിയും മലയാളിയുമായ അന്റോണിയറ്റ് സ്റ്റീഫന്‍ മേയ് 2013 ല്‍ കുറ്റസമ്മതം നടത്തിയിരുന്നു. പര്‍വേസിനും അന്റോണിയറ്റ് സ്റ്റീഫനുമെതിരെ കൊലപാതക കുറ്റം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കൊലപാതകക്കേസില്‍ 30 വര്‍ഷവും വധഗൂഢാലോചനക്കേസില്‍ 20 വര്‍ഷവും അടക്കം യഥാക്രമം 50 വര്‍ഷവും 30 വര്‍ഷവും പര്‍വേസിനും അന്റോണിയറ്റ് സ്റ്റീഫനും തടവ് ശിക്ഷ കിട്ടിയേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്റോണിയറ്റ് സ്റ്റീഫന് 28 വയസുണ്ട്. ജഡ്ജി റോബര്‍ട്ട് ഗില്‍സണ്‍ ഏപ്രില്‍ 24 ന് ശിക്ഷാവിധി പ്രഖ്യാപിക്കും.

ഭാര്യയെ കൊലപ്പെടുത്താന്‍ അന്റോണിയറ്റ് സ്റ്റീഫനെ വാടകയ്ക്കെടുത്ത് പര്‍വേസ്, സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന്  കാണിക്കാന്‍ സ്വയം മുറിവേല്‍പിച്ചതായും കുറ്റമുണ്ട്. മൂന്നു വയസുളള കുഞ്ഞിന് മാനസികപീഡനം ഉണ്ടാക്കിയതിനും ആയുധം  കൈവശം വച്ചതിനും കാഷിഫ് കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്.

2011 ഓഗസ്റ്റ് 16 രാത്രി ബൂണ്‍ടണില്‍ വച്ചായിരുന്നു രാജ്യത്തെയും ഇന്ത്യന്‍ സമൂഹത്തെയാകെയും നടുക്കി അന്റോണിയറ്റ്, കാമുകന്‍െറ ഭാര്യയെ വെടിവച്ച് കൊന്നത്. വീട്ടുകാര്‍ക്കൊപ്പം റംസാന്‍ ആഘോഷിക്കാനെത്തിയതായിരുന്നു കാഷിഫും ഭാര്യയും. ഭാര്യാസഹോദരിയുടെ വീട്ടില്‍ നിന്ന് രാത്രി ഭക്ഷണം കഴിച്ച് കാഷിഫും ഇരുപത്തേഴുകാരി ഭാര്യ നസീഷ് നൂറാണിയും മൂന്നു വയസുളള പുത്രന്‍ ഷയാനെ സ്ട്രോളറിലിരുത്തി പുറത്തേക്ക് നടക്കുമ്പോഴായിരുന്നു വെടിവയ്പ്. നെഞ്ചില്‍  വെടിയേറ്റ നൂറാണി ഉടന്‍ വീണു മരിച്ചു. കാഷിഫിനും തോളിലും കൈകളിലും വെടിയേറ്റിരുന്നെങ്കിലും അത് കൊലപാതക കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാനുളള ആസൂത്രിത നീക്കങ്ങളുടെ ഭാഗമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഷയാന് പരിക്കൊന്നുമുണ്ടായിരുന്നില്ല. ഇവര്‍ക്ക് പത്തു വയസുളള മറ്റൊരു പുത്രന്‍ കൂടിയുണ്ട്.

കൊല്ലപ്പെട്ട നൂറാണിയുടെ കുടുംബാംഗങ്ങള്‍ നിറകണ്ണുകളോടെയാണ് വിധികേട്ടത്. കോടതി മുറിക്ക് പുറത്ത്, നൂറാണിയുടെ സഹോദരി ലൂബ്നാര്‍ ചൌധരി, സഹോദരന്‍ കലീം നൂറാണിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. ''തങ്ങള്‍ക്ക നീതി നടപ്പായതില്‍ സന്തോഷമുണ്ട്. കലിം വിധിയെ കുറിച്ച് പറഞ്ഞു.  ''ഇതുകൊണ്ടൊന്നും നസീഷിനെ അവരുടെ കുടുംബത്തിന് ഒരിക്കലും തിരിച്ചു കിട്ടില്ല. നസീഷിന്‍െറ രണ്ടു മക്കള്‍ക്കും അവര്‍ വളരുമ്പോള്‍ അവരുടെ അമ്മയുടെ സാമീപ്യം അനുഭവിക്കാനാവില്ല. എന്തായാലും നീതി നടപ്പാക്കുന്നതില്‍ നസീഷിനെ സ്നേഹിക്കുന്നവര്‍ക്ക് ആശ്വസിക്കാം. മോറിസ് കൌണ്ടി പ്രോസിക്യൂട്ടര്‍ ഫ്രഡറിക് നാപ് വിധിയെ പ്രശംസിച്ച് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

മൂന്നാഴ്ചത്തെ വിചാരണവേളയിലൊക്കെയും കോടതിയിലുണ്ടായിരുന്ന പര്‍വേസിന്‍െറ മാതാപിതാക്കള്‍ വിധി കേള്‍ക്കാനെത്തിയിരുന്നില്ല.  ''ഞങ്ങള്‍ വളരെ നിരാശരാണ്. എങ്കിലും അപ്പീല്‍ നല്‍കാനുദ്ദേശിക്കുന്നു വെന്ന് പര്‍വേസിന്‍െറ അറ്റോര്‍ണി ജോണ്‍ ബ്രൂണോ ജൂണിയര്‍ പറഞ്ഞു.

വിഷം നല്‍കി കൊലപ്പെടുത്താനോ, പാക്കിസ്ഥാനിലേക്കുളള യാത്രയ്ക്കിടെ ഉപേക്ഷിക്കാനോ തുടങ്ങിയ ഏതെങ്കിലും വിധത്തില്‍ നൂറാണിയെ തന്‍െറ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പര്‍വേസ് പലരോടും പറഞ്ഞത് ജൂറി തെളിവായി സ്വീകരിച്ചു.സ്വാര്‍ഥമതി. മൂത്ത മകനെ സിക്കിള്‍ സെല്‍ അനീമിയ ബാധിച്ചിട്ട് ചികിത്സിക്കാന്‍ തയാറാകാത്ത അമ്മയെന്ന് തുടങ്ങി വളരെ മോശമായാണ് പര്‍വേസ്, നൂറാണിയെക്കുറിച്ച് പറഞ്ഞിരുന്നതെന്ന് സാക്ഷികള്‍ പറഞ്ഞതും കോടതി മുഖവിലയ്ക്കെടുത്തു.

നൂറാണിയെ ഇല്ലാതാക്കിയാല്‍ മാത്രമേ കുട്ടികളുടെ കസ്റ്റഡി പര്‍വേസിന് ലഭിച്ച് കുട്ടിക്ക് ചികില്‍സ  സാധ്യമാവൂ എന്നും കരുതിയതായും കുട്ടിയുടെ ചികില്‍സയ്ക്ക് താന്‍ 12000 ഡോളര്‍ നല്‍കിയതായും അന്റോണിയറ്റ് സ്റ്റീഫന്‍ പറഞ്ഞു. എന്നാല്‍ കുട്ടിക്ക് അങ്ങനെയൊരു അസുഖമേ ബാധിച്ചിട്ടില്ലന്നാണ് കുട്ടിയെ പരിശോധിക്കുന്ന പീഡിയാട്രീഷന്‍ പറഞ്ഞത്.

കൊലപാതകം ആസൂത്രണം ചെയ്ത് പര്‍വേസും അന്റോണിയറ്റും നടത്തിയ ടെക്സ്റ്റ് മെസേജുകള്‍ ജൂറി വായിച്ചു കേട്ടു. കൊലപാതകത്തിന് രണ്ടാഴ്ചമുമ്പ് ഇരുവരും ഷൂട്ടിംഗ് പരിശീലനം നടത്തുന്നതിന്‍െറ വീഡിയോയും ജൂറി കണ്ടു.

ഭീകരര്‍ എന്നാക്രോശിച്ച് ഒരു ആഫ്രിക്കന്‍ അമേരിക്കനും ഒരു വെളളക്കാരനും മറ്റൊരാളും ചേര്‍ന്നാണ് തനിക്കും ഭാര്യയ്ക്കും നേരേ വെടിയുതിര്‍ത്തെന്ന് കാഷിഫ്  മൊഴി നല്‍കിയതോടെയാണ് സംഭവം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടത്. മൂന്ന് ആഫ്രിക്കക്കാര്‍ മാത്രമേ ഉണ്ടായിരുന്നുളളൂ വെന്നയാള്‍ പിന്നീട് മാറ്റിപ്പറഞ്ഞത് സംശയത്തിനിടയാക്കി. വീണ്ടും ചോദ്യം ചെയ്തപ്പോള്‍, അതൊരു കൈയബദ്ധമായിരുന്നെന്നു മൊഴി നല്‍കി. വിശദമായ ചോദ്യം ചെയ്യലില്‍ പര്‍വേസ് കുറ്റം സമ്മതിക്കുകയായിരുന്നു.

അന്റോണിയറ്റിന് കൊലപാതകക്കേസിലെ കുറഞ്ഞ ശിക്ഷാ കാലാവധിയായ 30 വര്‍ഷത്തെ തടവുശിക്ഷ ലഭിക്കുമെന്ന് കരുതുന്നു.

അന്റോണിയറ്റിന്‍െറ സഹോദരി സാന്ദ്രാ സ്റ്റീഫനെയും കോടിതി വിസ്തരിച്ചിരുന്നു. സാന്ദ്രാ നാട്ടില്‍ പോയ സമയത്ത് ഫേസ് ബുക്കിലൂടെ ഭാര്യ നൂറാണിയെ കൊല്ലാന്‍ പറ്റുന്ന വിഷം വാങ്ങി വരാമോ എന്ന് കാഷിഫ് ചോദിച്ചിരുന്നുവത്രേ. താന്‍ അതിന് മുതിര്‍ന്നില്ല എന്ന് സാന്ദ്ര മൊഴി നല്‍കി. മാസച്ചുസെറ്റ്സിലെ ബെല്ലിരിക്കയില്‍ താമസിക്കുന്ന അന്റോണിയറ്റ് ബെസ്റ്റ് ബൈ ഇലക്ട്രോണിക്സ് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.