You are Here : Home / USA News

സൌത്ത് വെസ്റ്റ് കോണ്‍ഫറന്‍സ് വിശ്വാസികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, February 28, 2015 01:00 hrs UTC


  
ഡാലസ്. മാര്‍ത്തോമ സൌത്ത് വെസ്റ്റ് റീജിയണ്‍ യുവജന സഖ്യം, സേവികാ സംഘം, ഇടവക മിഷണ്‍ തുടങ്ങിയ സംഘടനകളുടെ സംയുക്ത സമ്മേളനം അനുഗ്രഹീതമായി ഫെബ്രുവരി 21   ശനിയാഴ്ച 4.30 നു സമാപിച്ചു. വളരെ നല്ല രീതിയിലുള്ള അഭിപ്രായങ്ങളാണു സമ്മേളനത്തില്‍ നിന്നും എത്തിയവരില്‍ നിന്നും ലഭിച്ചത്. മാര്‍ത്തോമ സഭ ഇതുവരെ ഡാലസില്‍ നടത്തിയതില്‍ വലിയൊരു ജനാവാലിയെ ഉള്‍കൊള്ളിച്ചു നടത്തിയ സമ്മേളനമായിരുന്നു ഡാലസ് സെന്റ് പോള്‍സ് പള്ളിയില്‍ നടന്നത്. ഹൂസ്റ്റണ്‍, ഒക്ലഹോമ, ലബുക്ക്, ഓസ്റ്റിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി 350 ല്‍പ്പരം മാര്‍ത്തോമ സഭാ  വിശ്വാസികള്‍ പങ്കെടുത്തു. തികഞ്ഞ അച്ചടക്കത്തോടും ചിട്ടയോടും നടത്തിയ മഹാസമ്മേളനം റവ.ഓ.സി കുര്യന്‍, ശ്രീ.വിനോദ് ചെറിയാന്‍ എന്നിവരുടെ പരിപൂര്‍ണ്ണ മേല്‍നോട്ടത്തിലായിരുന്നു.

പ്രവാസ ജീവിതത്തില്‍ ക്രിസ്തീയ സ്വാധീനം എന്ന ചിന്താവിഷയം റവ. കൊച്ചു കോശി എബ്രഹാം(വികാരി ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച്) അവതരിപ്പിച്ചു. ബൈബിളിലെ പഴയ നിയമത്തില്‍ നിന്നും മോശയുടെ പ്രവാസ ജീവിതവും ഇന്നത്തെ മലയാളി പ്രവാസികളുടെ പൂര്‍വ്വ ജീവിതാനുഭവങ്ങളും കോര്‍ത്തിണക്കി വളരെ സരസവും അര്‍ത്ഥ പൂര്‍ണവുമായി വിഷയം അവതരിപ്പിച്ചു. ശ്രോതാക്കളെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു അവതരണ ശൈലി ആയിരുന്നു റവ.കൊച്ചു കോശിയുടേത്. അതി മനോഹരമായ അവതരണത്തിലൂടെ ശ്രോതാക്കളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തതിലൂടെ പ്രവാസ ജീവിതത്തില്‍ ഓരോരുത്തരും അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തില്‍ നിന്നും താല്‍ക്കാലിക മുക്തി ലഭിച്ചുവെന്നു വേണം പറയാന്‍.

കോണ്‍ഫറന്‍സിന്റെ ഓരോ നിമിഷങ്ങളും അനുഗ്രഹിക്കപ്പെട്ട അവസരങ്ങള്‍ ആയിരുന്നു. സമന്വയാധികാരിയായി പ്രോഗ്രമിനു നേതൃത്വം നല്‍കിയ ശ്രീമതി നിഷ ജേക്കബ് എന്തുകൊണ്ടും അഭിനദ്ധനം അര്ഹിക്കുന്നു. സെന്റ് പോള്‍സ് യുവജന സഖ്യം അവതരിപ്പിച്ച കടല്‍ കടന്ന പ്രവാസി എന്ന ലഘു നാടകം സമ്മേളനത്തില്‍ എത്തിയവര്‍ക്ക് ഒരു പ്രത്യക അനുഭവമായി.  ശ്രുതി മധുരമായ ഗാനങ്ങള്‍ ആലപിച്ചു സമ്മേളനം കൊഴുപ്പിച്ച ഗായക സംഘം ശ്രീ.അജു മാത്യുവിന്റെ നേതൃത്വത്തിലുള്ളതായിരുന്നു.ഗാന ഗന്ധര്‍വന്‍ ദാസേട്ടന്റെ ടീമില്‍ ഉണ്ടായിരുന്ന ഷാലു ഫിലിപ് ആയിരുന്നു ഗാനങ്ങള്‍ക്ക് ഈണവും താളവും നല്‍കിയത്.

കോണ്‍ഫറന്‍സിലെ പ്രധാന പ്രാസംഗികനായിരുന്ന റവ. സജു മാത്യു പ്രവാസി ജീവിതത്തില്‍ നമ്മുടെ പഴയ കാലം മറക്കരുതെന്നും പുതുതലമുറയ്ക്ക് അത് പറഞ്ഞു കൊടുക്കണമെന്നും വിശ്വാസികളെ ഉല്‍ബൊധിപ്പിച്ചു. ചെറു പ്രായത്തില്‍ നാട്ടില്‍ ഓലപന്തു കളിച്ചതും പ്ളാവില ഉപയോഗിച്ചു പഴുങ്കഞ്ഞി കുടിച്ചതും ചാണകം തളിച്ച തറയില്‍ വെറും പായില്‍ കിടന്നുറങ്ങിയതും. കിണറ്റില നിന്നും വെള്ളം കോരി തലയില്‍ ചുമക്കുന്നതുമായ വിവിധ ചിത്രങ്ങള്‍ പൌവെര്‍  പൊയ്ന്റിലൂടെ പ്രദര്‍ശിപ്പിച്ചു പ്രസംഗിച്ചപ്പോള്‍ ബെന്‍്സിലും ലിങ്കണ്‍, ലെക്സുസ് തുടങ്ങിയ ലക്ഷ്വറി കാറുകളിലും വന്നെത്തിയവര്‍ അവരവരുടെ പൂര്‍വകാല സ്മരണകളിലേക്ക് ഒരു മിനിറ്റ് തിരിഞ്ഞു നോട്ടം നടത്തിയെന്നത് ഓരോരുത്തരുടെയും മുഖ ഭാവങ്ങളില്‍ നിന്നും മനസിലായി.

മെര്‍ലിന്‍ അവാര്‍ഡ് ജേതാവായ ഈ വൈദികന്‍ സംഘാടകരുടെ ആവശ്യം മാനിച്ചു രണ്ടു മൂന്നു ചെറിയ മാജിക്കുകള്‍ തന്റെ പ്രസംഗത്തിനു അനുയോചിതമായി നടത്തി.വളരെ ലളിതമായ ഭാഷാ ശൈലിയില്‍ ഹൃദ്യമായി അവതരിപ്പിച്ച പ്രസംഗം പ്രവാസി മനസ്സുകളെ ആകര്‍ഷിച്ചെന്ന് വേണം പറയാന്‍. കരൊള്‍റ്റണ്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. സാം മാത്യു ആയിരുന്നു കോണ്‍ഫറന്‍സില്‍  ബൈബിള്‍ ക്ളാസ് എടുത്തത്. റവ.ഷിബി.എം എബ്രഹാം, റവ സജി തോമസ്, റവ.മാത്യു ജോസഫ് എന്നീ വൈദികരുടെ സാന്നിധ്യവും, ആത്മീയ പ്രസംഗങ്ങളും നിറഞ്ഞ സദസിനു കൂടുതല്‍ ആത്മീയ ചൈതന്യം ഉളവാക്കി.

പ്രവാസി എന്ന് എങ്ങനെ വിളിക്കാന്‍ കഴിയും...? മൂന്നു കൊല്ലത്തേക്ക് നാട്ടില്‍ നിന്നു വരുന്ന മാര്‍ത്തോമ സഭയിലെ അച്ചന്മാര്‍ക്ക് പ്രവാസികളുടെ പ്രശ്നങ്ങള്‍ എങ്ങനെ മനസിലാക്കാന്‍ കഴിയും....?...പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഉടമ  ശ്രീ.അനില്‍ മാത്യുവിന്റെ  ചോദ്യങ്ങള്‍ക്കാണ് അവതാരകനെ ആശയ കുഴപ്പത്തിലാക്കിയത്. ഇവിടെ ജനിച്ചു വളരുന്ന തലമുറയെ ഏതു തരത്തിലാണ് പ്രവാസികളായി  കാണേണ്ടത് എന്നതായിരുന്നു ശ്രീമതി.ആനുപാ സാമിന്റെ ചോദ്യം?
ചോദ്യങ്ങളെ എല്ലാം ക്രോഡീകരിച്ചു കൊണ്ട് ഏതു സ്ഥലത്ത്   ജീവിക്കുന്നു എന്നതല്ല ജീവിക്കുന്ന സാഹചര്യത്തില്‍ ക്രിസ്തുവിനെ അറിഞ്ഞു കൊണ്ടുള്ള ജീവിതമാണ് മാര്‍ത്തോമ വിശ്വാസികള്‍ക്ക് ഉണ്ടാവേണ്ടത് --- വിഷയ അവതാരകനായ റവ. കൊച്ചു കോശി ചര്‍ച്ചകള്‍ക്ക് അടി വരയിട്ടു കൊണ്ട് ഉപസംഹരിച്ചു.

ഇതയും വലിയ ഒരു ജനക്കൂട്ടത്തെ കോണ്‍ഫറന്‍സില്‍ എത്തിച്ചതിന്റെ പിന്നില്‍ സേവിക സംഘം സൌത്ത് വെസ്റ്റ് ട്രഷറര്‍ ശ്രീമതി ജോളി ബാബുവിന്റെ കഠിന പ്രയത്നം ഉണ്ടായിരുന്നു. ഇടവക സെക്രടറി ജെഫ് തോമസ്,വിവിധ  കമ്മറ്റിയുടെ പ്രധിനിധികളായ സജി ജോര്‍ജ്,കോശി തോമസ്, തോമസ് ജോര്‍ജ്, മാത്യുകുട്ടി ഗീവര്‍ഗീസ്, എബ്രഹാം കോശി,വിജു വര്‍ഗീസ്, ജേക്കബ് എബ്രഹാം ,ബിന്ദു കോശി,മേരി കോശി, ശലോമി ഉമ്മന്‍ എന്നവരുടെ സേവനം സ്തുത്യര്‍ഹമായിരുന്നു.     യഥാ സമയം രുചികരമായ ഭക്ഷണം ക്രമീകരിച്ചതിന്റെ പിന്നില്‍ സിബു ജോസഫ്, ബാബു പി. സൈമോണ്‍, എബ്രഹാം മേപ്രത്ത് തുടങ്ങിയവരുടെ സേവനം എടുത്തു പറയത്തക്കതായിരുന്നു.കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ക്ക് പര്‍പ്പിട സൌെകര്യം ഒരുക്കിയതില്‍ ശ്രീ. ജോണ്‍ ഉമ്മനും, യാത്ര സൌെകര്യം തരപ്പെടുത്തുന്നതില്‍ എബ്രഹാം മേപ്രത്തും, സി.സി ജേക്കബും നടത്തിയ കൂട്ടായ യത്നം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുന്നതായിരുന്നു. നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ ഭദ്രാസന അധിപന്റെ അനുഗ്രഹാശംസയോടു കൂടി നടന്ന ഈ കോണ്‍ഫറന്‍സില്‍ തിരു മനസിന്റെ അഭാവം വിശ്വസികള്‍ക്ക് വലിയ ഒരു നഷ്ടം തന്നെയായിരുന്നു.എന്നാല്‍ ഭദ്രാസന ട്രഷറര്‍ ശ്രീ ഫിലിപ്പ് തോമസ് സിപിഎയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

മെര്‍ലിന്‍ അവാര്‍ഡ് ജേതാവായ റവ. സജു മാത്യുവിനെ അഭിനന്ദനങ്ങള്‍ അറിയിച്ചതോടൊപ്പം സമ്മേളനത്തില്‍ എത്തിയവര്‍ക്കും സമ്മേളനം വിജയപ്രദമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സെന്റ് പോള്‍സ് ഇടവക വൈസ് പ്രസിഡന്റ് എബി തോമസ് കൃതജ്ഞത രേഖപ്പെടുത്തി.

കോണ്‍ഫറന്‍സ് കഴിഞ്ഞു പിരിയുമ്പോള്‍ സംബന്ധിച്ച ഓരോരുത്തരുടെയും മുഖത്തു ആത്മീയ സംതൃപ്തിയുടെ പരിവേഷം തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു.വന്നു സംബന്ധിച്ചതില്‍ നന്ദി വാക്ക് പറയുന്നതിനിടയില്‍ കോണ്‍ഫറന്‍സിനെ പറ്റിയുള്ള   പ്രതികരണം ശ്രീ. വിനോദ് ചെറിയാന്‍ ചോദിച്ചറിഞ്ഞു.

സൌത്ത് വെസ്റ്റ് റീജിയണിലുളള മാര്‍ത്തോമ വിശ്വസികള്‍ക്കു ലഭിച്ച അനുഗ്രഹിക്കപ്പെട്ട രണ്ടു ദിവസങ്ങളായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.