You are Here : Home / USA News

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി ചാപ്‌റ്റര്‍ വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 20-ന്‌

Text Size  

Story Dated: Monday, February 23, 2015 03:43 hrs UTC

ന്യൂജേഴ്‌സി: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി ചാപ്‌റ്ററിന്റെ ഇരുപതാമത്‌ വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 20-ന്‌ ശനിയാഴ്‌ച സൗത്ത്‌ എഡിസണിലുള്ള റിനയസെന്‍സ്സ്‌ വുഡ്‌ ബ്രിഡ്‌ജ്‌ ഹോട്ടലില്‍ വെച്ച്‌ പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ ആന്‍ഡ്രൂ പാപ്പച്ചനും, പ്രസിഡന്റ്‌ ടി.വി. ജോണും സംയുക്തമായി അറിയിച്ചു. മലയാളി സമൂഹത്തോട്‌ ചേര്‍ന്ന്‌ നിന്ന്‌ പ്രവര്‍ത്തിച്ചുവരുന്ന ഈ സംഘടനയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും മുക്തകണ്‌ഠം പ്രശംസ പിടിച്ചുപറ്റുകയും ചെയ്‌തു. വ്യത്യസ്‌തവും സാമൂഹിക പ്രതിബദ്ധത നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ എന്നും വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മറ്റ്‌ സംഘടനകളില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നുവെന്ന്‌ സെക്രട്ടറി ജോണ്‍ സക്കറിയ പറഞ്ഞു.

 

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ ലക്ഷ്യമാക്കിയുള്ള `നവകേരള വില്ലേജ്‌ അഡോപ്‌ഷന്‍ പ്രൊജക്‌ട്‌', സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഹൃദ്രോഗികള്‍ക്ക്‌ സൗജന്യ ചികിത്സ നല്‍കുന്ന `ഹൃദയരാഗം പ്രൊജക്‌ട്‌', വൃക്കരോഗികള്‍ക്കുവേണ്ടി `കിഡ്‌നി ഡയാലിസിസ്‌ പ്രൊജക്‌ട്‌' പ്രവാസി കേരളീയര്‍ക്ക്‌ ഒന്നിച്ചുകൂടാന്‍ `എന്‍.ആര്‍.കെ കുടുംബസംഗമം' എന്നിവ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലത്‌ മാത്രം. യുവതലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ അവരെ പ്രാപ്‌തരാക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ എന്നും വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മുമ്പന്തിയിലായിരുന്നു.

 

അതില്‍ ഏറ്റവും ശ്രദ്ധേയമായത്‌ കേരളം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന 'ആള്‍ട്ടിയൂസ്‌ എംപവര്‍മെന്റ്‌ പ്രൊജക്‌ട്‌' ആണ്‌. അതിന്റെ ചുവടു പിടിച്ച്‌ അമേരിക്കന്‍ മലയാളി സമൂഹത്തിലേക്ക്‌ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ന്യൂജേഴ്‌സി കേന്ദ്രീകരിച്ച്‌ പിന്റോ ചാക്കോയുടെ നേതൃത്വത്തില്‍ `ഡബ്ല്യൂ.എം.സി യൂത്ത്‌ വിംഗ്‌' രൂപപ്പെടുകയും ചെയ്‌തു. പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിക്കുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യുന്നവരെ ആദരിക്കാനും അവരെ സമൂഹത്തിന്‌ പരിചയപ്പെടുത്താനും മുമ്പന്തിയില്‍ നിന്നിട്ടുള്ള വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി ചാപ്‌റ്റര്‍ ഇത്തവണയും വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച്‌ ട്രൈസ്റ്റേറ്റ്‌ കേന്ദ്രീകരിച്ചുള്ള പ്രതിഭകള്‍ക്ക്‌ `എക്‌സലന്‍സ്‌ അവാര്‍ഡ്‌' നല്‌കുന്നതാണെന്ന്‌ അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ സണ്ണി മാത്യൂസ്‌ അറിയിച്ചു.

 

വാര്‍ഷിക സമ്മേളനത്തില്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ വിതരണത്തോടൊപ്പം സ്ഥാപക നേതാക്കളെ ആദരിക്കുകയും ചെയ്യും. യൂത്ത്‌ വിംഗിന്റെ നേതൃത്വത്തില്‍ നടത്തുന്ന വ്യത്യസ്‌തവും മികവുറ്റതുമായ കലാപരിപാടികള്‍ വാര്‍ഷിക സമ്മേളനത്തിന്റെ മുഖമുദ്രയായിരിക്കുമെന്ന്‌ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജിനി സക്കറിയ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.