You are Here : Home / USA News

പാറ്റേഴ്‌സണ്‍ സെന്റ്‌ ജോര്‍ജ്‌ സീറോ മലബാര്‍ ദേവാലയത്തിലെ ചാരിറ്റി ഡിന്നര്‍ വന്‍വിജയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 13, 2015 12:46 hrs UTC

ന്യൂജേഴ്‌സി: കൊടുംതണുപ്പിലും പാവങ്ങളെ സഹായിക്കുവാനുള്ള ആകാംക്ഷയോടുകൂടി പാറ്റേഴ്‌സണ്‍ സീറോ മലബാര്‍ പള്ളിയിലെ 250-ഓളം അംഗങ്ങള്‍ ഫെബ്രുവരി ഏഴിന്‌ ശനിയാഴ്‌ച ഒന്നിച്ചുകൂടി. ഗാര്‍ഫീല്‍ഡില്‍ നിന്ന്‌ പാറ്റേഴ്‌സണില്‍ സ്വന്തമായി വാങ്ങിയ ദേവാലയത്തിലേക്ക്‌ മാറിയ സമൂഹം ആദ്യമായി നടത്തിയ പരിപാടി പാവങ്ങള്‍ക്കുവേണ്ടിയായത്‌ ശ്രദ്ധേയമായി. ഈ സമൂഹത്തില്‍ ആറ്‌ വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റിയാണ്‌ പരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌.

 

 

ഡിന്നറിന്‌ തുടക്കംകുറിച്ചത്‌ പൊതുസമ്മേളനത്തോടുകൂടിയായിരുന്നു. സൊസൈറ്റിയുടെ പ്രസിഡന്റ്‌ ബിനുമോന്‍ ജോണ്‍ സ്വാഗതം പറഞ്ഞു. ഇടവകയിലെ എല്ലാ കുടുംബങ്ങളും, നാട്ടിലെ അവശത അനുഭവിക്കുന്ന ഒരു കുടുംബത്തെയെങ്കിലും കണ്ടുപിടിച്ച്‌ സഹായം ചെയ്യുവാന്‍ സ്വാഗത പ്രസംഗത്തില്‍ ആഹ്വാനം ചെയ്‌തു. തുടര്‍ന്ന്‌ ഇടവക വികാരി ക്രിസ്റ്റിയച്ചന്‍, 182 വര്‍ഷങ്ങളായി ലോകമെമ്പാടും പ്രവര്‍ത്തിച്ചുവരുന്ന വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ വിവരിച്ചു സംസാരിച്ചു. ദിവസേന 21,000 -ല്‍ പരം സഹജീവികളാണ്‌ ദാരിദ്ര്യം മൂലം ഈ ലോകത്തോട്‌ വിടപറയുന്നത്‌. ദൈവാനുഗ്രഹം ധാരാളമായി ലഭിച്ചിട്ടുള്ള സമൂഹം കഴിയുന്നവിധത്തില്‍ പാവങ്ങളെ സഹായിക്കേണ്ടതിന്റെ ഉത്തരവാദിത്വം ക്രിസ്റ്റിയച്ചന്‍ എല്ലാവരേയും ഓര്‍മ്മിപ്പിച്ചു. `ഈ ഏറ്റവും എളിയവരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണ്‌ ചെയ്യാതിരുന്നത്‌' എന്ന മത്തായി 25:45 സുവിശേഷഭാഗം അച്ചന്‍ എടുത്തുപറഞ്ഞു.

 

 

തുടര്‍ന്ന്‌ സംസാരിച്ച റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുവാനുള്ള മനസ്സ്‌ കിട്ടുന്നത്‌ ഒരു ദൈവാനുഗ്രഹമാണെന്നും, ആ മനസ്സുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വിന്‍സെന്റ്‌ ഡി പോള്‍ അംഗങ്ങള്‍ സമൂഹത്തിന്റെ സമ്പത്താണെന്നും എടുത്തുപറഞ്ഞു. തുടര്‍ന്ന്‌ അലക്‌സ്‌ പോള്‍ സൊസൈറ്റിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പവര്‍പോയിന്റ്‌ പ്രസന്റേഷന്‍ നടത്തി. കേരളം മുതല്‍ ഹെയ്‌റ്റി വരേയും സഹായ സഹസ്‌തങ്ങള്‍ നീട്ടുന്ന സൊസൈറ്റി നിവാര്‍ക്കിലെ സൂപ്പ്‌ കിച്ചണില്‍ തുടര്‍ച്ചയായി സേവനം ചെയ്‌തുവരുന്നു. പൊതുസമ്മേളനം നടക്കുന്നതിനിടയില്‍ സൊസൈറ്റി അംഗങ്ങള്‍ സദസിലിരിക്കുന്നവര്‍ക്ക്‌ മൂന്നുകോഴ്‌സ്‌ ഡിന്നര്‍ നാടന്‍ സ്റ്റൈലില്‍ വിളമ്പിക്കൊണ്ടിരുന്നു. സമ്മേളനത്തിനുശേഷം കലാപരിപാടികള്‍ അരങ്ങേറി. പിഞ്ചു കുഞ്ഞുങ്ങള്‍ തുടങ്ങി മുതിര്‍ന്നവര്‍ വരെ നടത്തിയ പാട്ടുകളും, ഡാന്‍സുകളും കാണികളുടെ മനംകവര്‍ന്നു. ശില്‌പ ഫ്രാന്‍സീസും, ആല്‍വിന്‍ ജോര്‍ജും പ്രോഗ്രാമിന്‌ നേതൃത്വം നല്‍കി. ഫിലിപ്പ്‌ സ്റ്റീഫന്റെ നന്ദി പ്രസംഗത്തോടുകൂടി പരിപാടികള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.