You are Here : Home / USA News

കെ.എച്ച്‌.എന്‍.എ, 2015 ഗീതാ പ്രചാരണ വര്‍ഷമായി ആചരിക്കുന്നു

Text Size  

Story Dated: Thursday, February 12, 2015 12:41 hrs UTC

രഞ്‌ജിത്‌ നായര്‍

 

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ എല്ലാ മലയാളി ഹിന്ദു ഭവനങ്ങളിലും ഭഗവദ്‌ഗീത എന്ന ലക്ഷ്യത്തോടെ 2015 ഗീതാപ്രചരണ വര്‍ഷമായി ആചരിക്കാന്‍ കെ.എച്ച്‌.എന്‍.എ ഭരണ സമിതിയുടെ യോഗം തീരുമാനിച്ചു .ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമാര്‍ന്നതുമായ മഹത്തായ പ്രാമാണിക ആദ്ധ്യാത്മികഗ്രന്ഥം എന്നതിനുമപ്പുറം ഭഗവദ്‌ഗീതക്ക്‌ ലോകമാകമാനം കൈ വന്നിരിക്കുന്ന സമകാലിക പ്രസക്തി വളരെ വലുതാണെന്ന്‌ യോഗം വിലയിരുത്തി . സമ്പൂര്‍ണ മനുഷ്യരാശിയെ നന്മയിലേക്ക്‌ നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിന്റെ മുഴുവന്‍ നന്മയ്‌ക്കും വേണ്ടിയാണ്‌ ശ്രീമദ്‌ ഭഗവദ്‌ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.വിശ്വ വിഖ്യാത ശാസ്‌ത്രകാരന്‍മാരും , സാഹിത്യ കുലപതികളും മുതല്‍ രാഷ്ടതന്ത്രജ്ഞരെയും വരെ സ്വാധീനിച്ച ചരിത്രമുള്ള ഈ ഗ്രന്ഥം ,അമേരിക്കയില്‍ ജനിച്ചു വളരുന്ന പുതിയ തലമുറയ്‌ക്ക്‌ അനുഭവ വേദ്യമാകുവാന്‍ വേണ്ടിയുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവാന്‍ കെഎച്ച്‌എന്‍എ മുന്‍കൈ എടുക്കും .

 

 

ഇതിനായി അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കും .അമേരിക്കയിലെ വിവിധ സ്‌കൂളുകളിലും സര്‍വകലാശാലകളിലും ഇപ്പോള്‍ തന്നെ ഗീത പഠന വിഷയമാണ്‌ .ഇത്‌ കൂടാതെ ബിസിനസ്‌ മാനേജ്‌മെന്റിനു ഉത്തേജനം നല്‌കുന്നു എന്ന നിലയില്‍ കോര്‍പ്പറേറ്റ്‌ സെക്ടറിലും പ്രിയങ്കരമായിക്കൊണ്ടിരിക്കുന്നു ഭഗവദ്‌ ഗീത. ഗീതാ പ്രചാരണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി വൈസ്‌ പ്രസിഡന്റ്‌ ,ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം സുരേന്ദ്രന്‍ നായര്‍ ഡിട്രോയിട്ട്‌ ,ജോയിന്റ്‌ സെക്രട്ടറി രഞ്‌ജിത്‌ നായര്‍ ഹ്യുസ്റ്റണ്‍ ,ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം കൃഷ്‌ണരാജ്‌ ന്യൂയോര്‍ക്ക്‌ എന്നിവരെ യോഗം ചുമതലപ്പെടുത്തി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.