You are Here : Home / USA News

കേരളാ റൈറ്റേഴ്‌സ്‌ ഫോറം ചര്‍ച്ചാ സമ്മേളനം -മാര്‍ത്താണ്‌ഡവര്‍മ്മ മുതല്‍ മണ്‍റൊ വരെ

Text Size  

A. C. George

AGeorge5@aol.com

Story Dated: Friday, February 06, 2015 02:19 hrs UTC

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ്‌ ഫോറം ജനുവരി 31-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ പ്രതിമാസ ചര്‍ച്ചാ സമ്മേളനം നടത്തി. കേരളാ റൈറ്റേഴ്‌സ്‌ ഫോറം പ്രസിഡന്റ്‌ ജോണ്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ പതിവുപോലെയുള്ള ബിസിനസ്‌ മീറ്റിംഗില്‍ സെക്രട്ടറി മാത്യു മത്തായി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. തുടര്‍ന്നുള്ള സാഹിത്യ-സാംസ്‌ക്കാരിക ചര്‍ച്ചാ സമ്മേളനത്തില്‍ അധ്യക്ഷനായി ഡോക്‌ടര്‍ മാത്യു വൈരമണ്‍ യോഗനടപടികള്‍ നിയന്ത്രിച്ചു. ഇപ്രാവശ്യത്തെ മുഖ്യവിഷയം മാര്‍ത്താണ്‌ഡവര്‍മ്മ മുതല്‍ മണ്‍റൊ വരെ എന്ന തിരുവിതാംകൂര്‍ രാജഭരണത്തെ ആസ്‌പദമാക്കിയുള്ള ഒരു ചരിത്രാവലോകനമായിരുന്നു. എഴുത്തുകാരനും ചരിത്രപണ്‌ഡിതനുമായ ഡോക്‌ടര്‍ സണ്ണി എഴുമറ്റൂര്‍ ഈ വിഷയത്തെപ്പറ്റി മുഖ്യപ്രഭാഷണം നടത്തി. തിരുവിതാംകൂര്‍ ഭരണചരിത്രത്തിലെ ഏറ്റവും ശക്തനായ മാര്‍ത്താണ്‌ഡവര്‍മ്മ മഹാരാജാവ്‌, എട്ടുവീട്ടില്‍ പിള്ളമാര്‍ തുടങ്ങിയ എല്ലാ വിമതരേയും വധിച്ചും ഒതുക്കിയും തിരുവിതാംകൂറിനു സമീപമുള്ള കൊച്ചു കൊച്ചു രാജ്യങ്ങളെ കീഴടക്കി തിരുവിതാംകൂറിന്റെ വിസ്‌തൃതി വര്‍ദ്ധിപ്പിച്ചു.

 

അതീവ കര്‍ക്കശക്കാരനും സൂത്രശാലിയും അഭ്യാസിയുമായ വേലുത്തമ്പിയെ അദ്ദേഹം ദളവയായി നിയമിച്ചു. എന്നാല്‍ ശത്രുക്കളുടെ പിടിയില്‍ പെടാതി രിക്കാന്‍ വേലുത്തമ്പിക്ക്‌ അത്മഹത്യ ചെയ്യേണ്ടി വന്നു. മാര്‍ത്താണ്‌ഡവര്‍മ്മക്കു ശേഷം ധര്‍മ്മരാജാവും ബാലരാമവര്‍മ്മ രാജാവും തിരുവിതാംകൂറില്‍ പല ഭരണപരിഷ്‌ക്കാരങ്ങളും വരുത്തി. തുടര്‍ന്നു വന്ന റാണി ഗൗരി ലക്ഷ്‌മിഭായ്‌ തന്റെ മുഖ്യ ദളവായായിരുന്ന ഉമ്മിണി തമ്പിയെ ഡിസ്‌മിസ്‌ ചെയ്‌തു ബ്രിട്ടീഷുകാരനായ കേണല്‍ ജോണ്‍ മണ്‍റോയെ തന്റെ മുഖ്യ ഉപദേശകനാക്കി. ദളവാ എന്ന പദത്തിനു പകരം മുഖ്യ ഉപദേശകനും ഭരണകര്‍ത്താവുമായ വ്യക്തിയെ ദിവാന്‍ജി എന്നു വിളിച്ചു. അങ്ങനെ തിരുവിതാംകൂര്‍ രാജഭരണത്തിലെ ആദ്യത്തെ ദിവാന്‍ജിയായി കേണല്‍ മണ്‍റൊയുടെ വരവോടെ ഭരണസംവിധാനത്തില്‍ വേഗതയും നീതിനിഷ്‌ഠയും അല്‍പ്പമെങ്കിലും ദൃശ്യമായി. ദിവാന്‍ ബ്രാഹ്മണന്‍ ആയിരിക്കണമെന്ന നിബന്ധനയെ മറികടന്നാണ്‌ മണ്‍റൊയെ റാണി ആ സ്ഥാനത്ത്‌ നിയമിച്ചത്‌. സമൂഹത്തിലെ താഴ്‌ന്ന ജാതിക്കാര്‍ക്കും ദുര്‍ബലര്‍ക്കും മാത്രമായി ചുമത്തിയിരുന്ന തികച്ചും അന്യായ നികുതികളായ തലക്കരം, വലക്കരം, മുലക്കരം, വള്ളക്കരം തുടങ്ങിയവ നിര്‍ത്തലാക്കി.

 

 

സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്ക്‌ അല്‍പ്പമെങ്കിലും ആശ്വാസം പകര്‍ന്നത്‌ കേണല്‍ മണ്‍റൊയുടെ ഭരണപരിഷ്‌ക്കാരങ്ങളായിരുന്നുവെന്ന്‌ ഡോക്‌ടര്‍ സണ്ണി എഴുമറ്റൂര്‍പറഞ്ഞു. . തുടര്‍ന്ന്‌ ഒക്കല്‍ഹോമയില്‍ നിന്നെത്തിയ പ്രമുഖ എഴുത്തുകാരന്‍ ജോണ്‍ എബ്രഹാം ആ കാലഘട്ടത്തെക്കുറിച്ച്‌ പ്രചുര പ്രചാരത്തിലുള്ള പല ചരിത്രസംഭവങ്ങളേയും വിശകലനം ചെയ്‌തു സംസാരിച്ചു. കേരളത്തിലെ പുരാവസ്‌തുക്കളേയും കലകളേയും ഉപകരണങ്ങളേയും പറ്റിയുള്ള ഒരു എക്‌സിബിഷന്‍ അമേരിക്കയിലങ്ങോളമിങ്ങോളം സംഘടിപ്പിക്കുന്ന ഒരു ദൗത്യം സ്വയം ഏറ്റെടുത്തിരിക്കുകയാണെന്ന്‌ അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ശ്രോതാക്കള്‍ കയ്യടിയോടെ അദ്ദേഹത്തിന്റെ ഈ നവീന ദൗത്യത്തിന്‌ പിന്‍തുണ അറിയിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ സാമൂഹ്യ-സാംസ്‌ക്കാരിക മണ്‌ഡലങ്ങളിലെ പ്രമുഖരും എഴുത്തുകാരുമായ ടി.ജെ. ഫിലിപ്പ്‌, ജോണ്‍ മാത്യു, എ.സി.ജോര്‍ജ്‌, ബാബു കുരവക്കല്‍, മേരി കുരവക്കല്‍, ദേവരാജ്‌ കുറുപ്പ്‌, പീറ്റര്‍ ജി. പൗലോസ്‌, സുരേന്ദ്രന്‍ കോരന്‍, മാത്യു മത്തായി, ഈശൊ ജേക്കബ്‌, ജോസഫ്‌ തച്ചാറ, ജോസഫ്‌ മണ്ടപം, ബോബി മാത്യു, ടൈറ്റസ്‌ ഈപ്പന്‍, ചാക്കൊ മുട്ടുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്നത്തേതുപോലെ അക്കാലത്ത്‌ ചരിത്രം രേഖപ്പെടുത്താന്‍ ശരിയായ മാര്‍ഗങ്ങളില്ലായിരുന്നുവെന്നു മാത്രമല്ല ഭരണകര്‍ത്താക്കളുടേയും വരേണ്യവര്‍ഗത്തിന്റെയും അഭീഷ്‌ടങ്ങള്‍ അനുസരിച്ചാണ്‌ ചരിത്രങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന്‌ എല്ലാവരും അഭിപ്രായപ്പെട്ടു. വിവിധ തരത്തില്‍ മാധ്യമങ്ങള്‍ ഇത്രയധികം വളര്‍ന്നിട്ടുപോലും നമ്മുടെ കണ്‍മുമ്പില്‍ വെച്ചു തന്നെ വാര്‍ത്തകളും ചരിത്രങ്ങളും മാറിമറയുന്നില്ലെ, വളച്ചൊടിക്കപ്പെടുന്നില്ലെ, വെള്ളം ചേര്‍ക്കപ്പെടുന്നില്ലേയെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചോദിച്ചു. ഏകദേശം മൂന്നു മണിക്കൂറോളം ഈ ചര്‍ച്ചാസമ്മേളനം നീണ്ടുനിന്നു.

    Comments

    Kurian Kalappurayil ( K.C. Kurian ) February 10, 2015 06:32

     

    It is very consoling that our folks-malayalees-are gathering at least groupwise for the upkeep of our culture.Hope  & pray that the malayalees -regardless of their " PALLY " would have a common forum to adress their issues-to maintain our culture-the Association-do good .3m


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.