You are Here : Home / USA News

ഫിലാഡല്‍ഫിയായില്‍ ആഗോളപ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് 7 ന്

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Tuesday, February 03, 2015 01:13 hrs UTC


                        
ഫിലാഡല്‍ഫിയ. എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലാഡല്‍ഫിയ വനിതാഫോറത്തിന്റെ നേതൃത്വത്തില്‍ വിശാല ഫിലാഡല്‍ഫിയ റീജിയണിലെ ക്രൈസ്തവ സമൂഹം മാര്‍ച്ച് 7 ശനിയാഴ്ച്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ രാവിലെ 9:30 മുതല്‍ ഒരുമണിവരെ നടക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് നിരവധി വൈദികരും, ഫെല്ലോഷിപ് ഭാരവാഹികളും, വനിതാ വോളന്റിയര്‍മാരും നേതൃത്വം നല്‍കും.

ഫെബ്രുവരി 8 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 നു ബെന്‍സേലത്തുള്ള സെ. ഗ്രിഗോറിയോസ് മലങ്കര ഓത്തഡോക്സ് പള്ളിയില്‍ വച്ച് ഒരു പ്ലാനിങ് മീറ്റിങും, ആദ്യത്തെ കൊയര്‍ പ്രാക്ടീസും ഉണ്ടായിരിക്കും. എല്ലാ അംഗദേവാലയങ്ങളും കുറഞ്ഞത് രണ്ടു വനിതാ പ്രതിനിധികളെ ഇതിനായി അയക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

വിശ്വാസസംഹിതകളിലും, ആചാരാനുഷ്ഠാനങ്ങളിലും, പാരമ്പര്യങ്ങളിലും വൈവിധ്യമുള്ള ക്രിസ്തീയവനിതകളുടെ ആഗോളതലത്തിലുള്ള ഒരു എക്യൂമെനിക്കല്‍ കൂട്ടായ്മയാണു വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ എന്നപേരില്‍ അറിയപ്പെടുന്നത്. 19ാം നൂറ്റാണ്ടില്‍ പലരാജ്യങ്ങളിലായി ചെറിയരീതിയില്‍ തുടക്കമിട്ട് 1927 ല്‍ ഔദ്യോഗികമായി ആരംഭംകുറിച്ച ഈ ക്രിസ്തീയ വനിതാമുന്നേറ്റം ഇന്നു വളര്‍ന്നു പന്തലിച്ച് ഇന്ത്യയുള്‍പ്പെടെ 172 ല്‍ പരം രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നു. വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ എന്ന ക്രിസ്തീയവനിതകളുടെ ആഗോളപ്രസ്ഥാനത്തിന്റെ 88 ാം വാര്‍ഷികമാണു ഈ വര്‍ഷം ആചരിക്കുന്നത്.

വടക്കേഅമേരിക്കയിലും യു.കെ.യിലും വനിതാചരിത്രമാസമായി എല്ലാവര്‍ഷവും ആചരിക്കുന്ന മാര്‍ച്ചിലെ ആദ്യവെള്ളിയാഴ്ചയാണു ആഗോളതലത്തില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. അന്നേ ദിവസം ക്രൈസ്തവവനിതകളുടെ നേതൃത്വത്തില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കുട്ടികളും, പുരുഷന്മാരും, സ്ത്രീകളൂം ഉള്‍പ്പെടെയുള്ള ക്രൈസ്തവവിശ്വാസികള്‍ പൊതുവായ ഒരു സ്ഥലത്ത് ഒത്തുകൂടി സാര്‍വലൌകികസ്നേഹത്തിന്റേയും, സൌഹാര്‍ദ്ദത്തിന്റെയും പ്രതീകമായി ക്രിസ്തീയ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ലോകനന്മക്കായി കൈകോര്‍ക്കുന്നു.

വനിതകള്‍ നേതൃത്വം നല്‍കി മുമ്പോട്ടു പോകുന്ന ഈ പ്രാര്‍ത്ഥനാകൂട്ടായ്മ വര്‍ഷത്തില്‍ ഒരു ദിവസം ആഗോളതലത്തില്‍ പൊതുവായ പ്രാര്‍ത്ഥനാ ദിനാചരണം എന്ന ആശയത്തിലൂടെ പല ജാതി, ഭാഷ, വര്‍ഗ, പ്രാദേശിക വ്യത്യാസങ്ങളുള്ള വനിതകള്‍ക്കുതമ്മില്‍ സ്നേഹത്തിലൂന്നിയ നല്ലൊരു കൂട്ടായ്മ ഉണ്ടാക്കുന്നതിനും, പരസ്പരം കൂടുതല്‍ അറിയുന്നതിനും, ഒന്നിച്ചു  പ്രവര്‍ത്തിക്കുന്നതിനും ലക്ഷ്യമിടുന്നു. അന്നേദിവസം ആദ്യത്തെ സൂര്യോദയം ദൃശ്യമാകുന്ന രാജ്യത്തു തുടങ്ങി അവസാനമായി സൂര്യന്‍ അസ്തമിക്കുന്ന രാജ്യം വരെ സൂര്യന്റെ ഗതിയനുസരിച്ചു മാറി മാറി ഒരു പ്രാര്‍ത്ഥനാചങ്ങല തീര്‍ക്കുന്നു. വിവിധ രാജ്യങ്ങളിലുള്ള വനിതകള്‍ യേശുക്രിസ്തുവിലുള്ള അവരുടെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും, അവരുടെ പ്രയാസങ്ങളും, പ്രതീക്ഷകളും, സന്തോഷങ്ങളും, ആവശ്യങ്ങളും മറ്റുള്ളവരുമായി പങ്കുവക്കുകയും, തങ്ങളില്‍ അന്തര്‍ലീനമായ കഴിവുകള്‍ സമൂഹനന്മക്കുവേണ്ടി ഉപയോഗിക്കുകയും, മറ്റുരാജ്യക്കാരുടെ വിശ്വാസതീവ്രത ഉള്‍ക്കൊള്ളുകയും ചെയîുന്നു.

ഓരോ രാജ്യത്തെയും വനിതാകമ്മിറ്റികള്‍ മാറിമാറിയാണു പ്രാര്‍ത്ഥന എഴുതിതയാറാക്കുന്നത്.  ബഹാമസ് ദീപിലെ വനിതാകമ്മിറ്റി എഴുതിതയാറാക്കിയ 2015 ലെ വര്‍ഷിപ്പ് സര്‍വീസിന്റെ ചിന്താവിഷയം ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിചുംബിച്ചശേഷം യേശു അവരോടു ചോദിച്ചു ഞാനെന്താണു നിങ്ങള്‍ക്ക് ചെയ്തതെന്ന് നിങ്ങള്‍ അറിയുന്നുവോ? (യോഹ 13:12) എന്ന ബൈബിള്‍വാക്യത്തെ ആധാരമാക്കിയുള്ളതാണ്.

ഇംഗ്ലീഷിലും, മലയാളത്തിലുമുള്ള പ്രാര്‍ത്ഥനാസര്‍വീസുകള്‍, ക്രിസ്തീയ ഭക്തിഗാനശുശ്രൂഷ, മുഖ്യാതിഥിയുടെ സന്ദേശം, ഫോക്കസ് രാജ്യമായ ഈജിപ്റ്റിനെക്കുറിച്ചുള്ള പവര്‍പോയിന്റ് പ്രസന്റേഷന്‍, ബൈബിള്‍ സ്കിറ്റ്, സ്നേഹവിരുന്ന് എന്നിവയായിരിക്കും ദിനാചരണത്തിന്റെ പ്രധാന ഇനങ്ങള്‍.  മിസ്സിസ് സീനാ എബ്രാഹം, കാര്‍മ്മല്‍ എം. ടി. സി. ബോസ്റ്റണ്‍ ആണു ഈ വര്‍ഷത്തെ മുഖ്യാതിഥിയും, ബൈബിള്‍ പ്രഭാഷകയും.

ആഗോളപ്രാര്‍ത്ഥനാദിനം സമുചിതമായി ആചരിക്കുന്നതിനുവേണ്ടി ചെയര്‍മാന്‍ റവ. ഷാജി എം. ഈപ്പന്‍, കോ ചെയര്‍മാന്‍ റവ. ഫാ. ഷിബു വി. മത്തായി, റലിജിയസ് ആക്ടിവിറ്റീസ് ചെയര്‍മാന്‍ റവ. ഡെന്നിസ് എബ്രാഹം, സെക്രട്ടറി ആനി മാത്യു, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍മാരായ സുമാ ചാക്കോ, സാലു യോഹന്നാന്‍, വേള്‍ഡ് ഡേ പ്രെയര്‍ കോര്‍ഡിനേറ്റര്‍ നിര്‍മ്മല എബ്രാഹം എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്

റവ. ഷാജി എം. ഈപ്പന്‍: 610 644 3044
ആനി മാത്യു: 215 673 7545
സുമാ ചാക്കോ: 215 268 2963
സാലു യോഹന്നാന്‍: 215 322 8222
നിര്‍മ്മല എബ്രാഹം: 302 239 7119

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.