You are Here : Home / USA News

നായര്‍ ബനവലന്റ് അസോസിയേഷന്‍ മന്നം ജയന്തി ആഘോഷിച്ചു

Text Size  

Story Dated: Thursday, January 15, 2015 01:10 hrs UTC


ന്യൂയോര്‍ക്ക്. മന്നത്ത് പത്മനാഭന്‍ 138-ാം ജന്മദിനവും എന്‍.എസ്.എസ്സിന്റെ ശതവാര്‍ഷികവും ജനുവരി 2-നു ആഘോഷിക്കുകയുണ്ടായി. ഇതോടനുബന്ധിച്ച് ജനുവരി 3 ശനിയാഴ്ച്ച ന്യൂയോര്‍ക്കില്‍ നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വച്ച് പ്രത്യേകം ഭജനയും വിശേഷാല്‍ പൂജകളും സെമിനാറും, മീറ്റിങ്ങും നടത്തി.

എന്‍.ബി.എ.യുടെ സ്ഥാപക പ്രസിഡന്റ് ഡോ. രാമചന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുത്ത അനുസ്മരണ യോഗത്തില്‍ ഇപ്പോഴത്തെ പ്രസിഡന്റ് രഘുവരന്‍ നായര്‍ ആമുഖ പ്രസംഗവും അനുസ്മരണ പ്രഭാഷണവും നടത്തി. മുന്‍ പ്രസിഡന്റുമാരായ ഗോപിനാഥ് കുറുപ്പ്, ജി.കെ.നായര്‍, ജയപ്രകാശ് നായര്‍, സുനില്‍ നായര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.  വുമണ്‍സ്  ഫോറം ചെയര്‍പേഴ്സണ്‍ രാജേശ്വരി രാജഗോപാല്‍ സെമിനാറിന് നേതൃത്വം കൊടുത്തു.

4 കെട്ടുകളാണ് സമുദായത്തിന്റെ നാലുകെട്ടുകള്‍ തകര്‍ത്തത് എന്ന് അദ്ദേഹം മനസ്സിലാക്കി. കേസുകെട്ട്, താലികെട്ട്, കുതിരകെട്ട്, വെടിക്കെട്ട് ഇങ്ങനെ സമ്പത്ത് നശിപ്പിച്ചു കൊണ്ടിരുന്ന പ്രവണതകളെ ഇല്ലാതാക്കി  ആയിരത്തി ഒരുനൂറാമാണ്ട് മക്കത്തായ സമ്പ്രദായം നിയമം മൂലം നിലവില്‍ കൊണ്ടുവന്നു. വിദ്യാഭ്യാസം, കൃഷി, വ്യവസായം, കുടിയേറ്റം, സാമ്പത്തികസ്ഥിതി, ആരോഗ്യരംഗം എന്നീ  വിഷയങ്ങളില്‍ സഹപ്രവര്‍ത്തകരുമായി പ്രവര്‍ത്തിച്ച് ഉന്നതി കൈവരിച്ചു.

സജീവ രാഷ്ട്രീയത്തോട് താല്പര്യമില്ലായിരുന്നുവെങ്കിലും സമുദായത്തിന് ദോഷമോ ക്ഷീണമോ വരുന്നുവെന്ന് തോന്നിയ ഘട്ടങ്ങളില്‍ എന്‍.എസ്.എസ്. രാഷ്ട്രീയമായി ഇടപെട്ടിട്ടുള്ളതിനു നിരവധി ദൃഷ്ടാന്തങ്ങള്‍ ഉണ്ട്. ഇന്നും സമുദായോന്നതിക്കായി ഇതേ മാതൃക പിന്തുടരുന്നു. സമദൂരം ഒരു ശരിദൂരം ശരിയല്ല എന്ന് പറയുന്നവരും പ്രസ്ഥാനത്തിന്റെ നന്മയ്ക്കായി  കെട്ടുറപ്പ്  നഷ്ടപ്പെടുത്താതെ ഐക്യത്തോടെ  പ്രവര്‍ത്തിക്കുന്നു. സമുദായ സേവനവും, രാജ്യ സേവനവും രണ്ടല്ല എന്നും അവ ഒരേ സമയം തന്നെ ഒരുമിച്ച് നടത്തുവാന്‍ സാധ്യമാണെന്നുമായിരുന്നു സമുദായാചാര്യന്റെ ആദര്‍ശം. അതില്‍ പൂര്‍ണ്ണമായും വിശ്വസിച്ചുകൊണ്ടാണ് എന്‍.എസ്.എസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇപ്പോഴും തുടരുന്നത്.

2010 മുതല്‍ അമേരിക്കയിലും കാനഡായിലുമുള്ള ഇതര നായര്‍ സംഘടനകളെ ഒരുമിച്ചുകൂട്ടി എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത്  അമേരിക്കയെന്ന പ്രസ്ഥാനം ന്യൂയോര്‍ക്കില്‍ രൂപം കൊടുത്തു. അതിന്റെ ഇപ്പോഴത്തെ പ്രസിഡന്റും മുന്‍ ഫൊക്കാന പ്രസിഡന്റുമായ ജി.കെ. പിള്ളയ്ക്ക് നേരിട്ട അത്യാഹിതത്തില്‍ യോഗം അമര്‍ഷം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനുവേണ്ടി പ്രത്യേകം പൂജകളും പ്രാര്‍ഥനകളും നടത്തുകയുണ്ടായി.

ജി. കെ. പിള്ളയെ വെടിവെച്ച അക്രമിയെ എത്രയും വേഗം കണ്ടുപിടിക്കുകയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കാണിച്ച് ഒരു  നിവേദനം അധികാരികള്‍ക്ക് സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ സമൂഹം ഇതുപോലെ പല ഭീഷണികളും നാനാ ഭാഗങ്ങളിലും നേരിടുന്നുണ്ടെന്നും ലോകത്തിലെവിടെയാണെങ്കിലും ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യോഗം വിലയിരുത്തി.    


വാര്‍ത്ത. ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.