You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ കുടുംബവര്‍ഷാചരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 27, 2014 02:14 hrs UTC

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ 2014 ഡിസംബര്‍ 25 മുതല്‍ 2015 ഡിസംബര്‍ 25 വരെ കുടുംബവര്‍ഷമായി രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രഖ്യാപിച്ചു. കുടുംബവര്‍ഷാചരണത്തിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ഡിസംബര്‍ 25-ന്‌ വ്യാഴാഴ്‌ച വിശുദ്ധ കുര്‍ബാനമധ്യേ നടന്നു. രൂപതയിലെ കുടുംബങ്ങളുടെ മാനസീകവും ആത്മീയവുമായ ശാക്തീകരണത്തിന്‌ സഹായകരമാകുന്ന അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇടവക/മിഷന്‍ തലങ്ങളില്‍ കൂടുതല്‍ ഏകീകരണവും, പ്രോത്സാഹനവും നല്‍കുന്നതിനായി സ്ഥാപിതമായിരിക്കുന്ന ഫാമിലി അപ്പോസ്‌തലേറ്റ്‌ ആയിരിക്കും കുടുംബവര്‍ഷാചരണത്തോടനുബന്ധിച്ചുള്ള വ്യത്യസ്‌തങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ രൂപതാ തലത്തില്‍ നേതൃത്വം നല്‍കുന്നത്‌. കുടുംബവര്‍ഷാചരണത്തിന്റെ ഔദ്യോഗീക പ്രഖ്യാപനത്തോടനുബന്ധിച്ച്‌ നല്‍കപ്പട്ട ഇടയലേഖനത്തില്‍ അഭിവന്ദ്യ അങ്ങാടിയത്ത്‌ പിതാവ്‌ കുടുംബത്തെ സംബന്ധിക്കുന്ന ദൈവീക പദ്ധതിയെക്കുറിച്ചും, അതിനെതിരായി നിലകൊള്ളുന്ന വെല്ലുവിളികളെക്കുറിച്ചും വിശ്വാസികളെ ഓര്‍മപ്പെടുത്തുന്നു. ദൈവം മെനഞ്ഞെടുത്ത ഭൂമിയിലെ സ്വര്‍ഗ്ഗമാണ്‌ കുടുംബം. ദൈവസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന പറുദീസ ആയിരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ദൈവം ആദ്യ കുടുംബത്തിന്‌ രൂപംനല്‍കിയത്‌. ദൈവസാന്നിധ്യത്തിന്റെ അടയാളമായ പറുദീസയില്‍ ആയിരുന്നുകൊണ്ട്‌ തന്റെ ജീവതത്തിലും ദൗത്യത്തിലും ആദ്യ ദമ്പതികള്‍ പങ്കുകാരാകണമെന്ന്‌ ദൈവം ആഗ്രഹിച്ചു. ഇതുതന്നെയാണ്‌ ഓരോ കുടുംബത്തേയും സംബന്ധിച്ചുള്ള ദൈവീക പദ്ധതി. ഏദന്‍ തോട്ടത്തില്‍ ആദിമാതാപിതാക്കന്മാരുടെ സൗഭാഗ്യപൂര്‍ണ്ണമായ ജീവിതത്തെ നശിപ്പിച്ച പൈശാചിക ശക്തി, നമ്മുടെ കുടുംബങ്ങളെ ദൈവത്തില്‍ നിന്നും അകറ്റാനായി സദാ പരിശ്രമിക്കുന്നു. ദൈവീക സംവിധാനങ്ങള്‍ക്കും, ക്രിസ്‌തുവിന്റെ തുടര്‍ച്ചയായ സഭയുടെ പ്രബോധനങ്ങള്‍ക്കും അനുസരിച്ച്‌ കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഇന്ന്‌ ക്രൈസ്‌തവ കുടുംബങ്ങള്‍ കടുത്ത വെല്ലുവിളികളും പരീക്ഷണങ്ങളും നേരിടുന്നു. സത്യത്തിന്റെ വസ്‌തുനിഷ്‌ഠതയെ നിരാകരിച്ചുകൊണ്ട്‌, വ്യക്തിപരമായ അഭിപ്രായങ്ങളെ ആവശ്യാനുസരണം വ്യാഖ്യാനങ്ങള്‍ക്ക്‌ വിധേയമാക്കുന്ന, ആധുനിക മനുഷ്യന്റെ മുഖമുദ്രയായ ആപേക്ഷിക സിദ്ധാന്തത്തിന്റെ അതിപ്രസരണവും, സാമൂഹിക-സാംസ്‌കാരിക മണ്‌ഡലങ്ങളിലും, രാഷ്‌ട്രീയ-സാമ്പത്തിക മേഖലകളിലും, സമ്പര്‍ക്ക-മാധ്യമ രംഗങ്ങളിലും കാണുന്ന അപകടകരമായ പ്രവണതകളും കുടുംബ ജീവിതത്തിന്‌ വര്‍ദ്ധിച്ച വെല്ലുവിളികളുയര്‍ത്തുന്നു. ആപേക്ഷിക സിദ്ധാന്തത്തിന്റെ അതിപ്രസരണം വ്യക്തികളെ സഭയില്‍ നിന്നും അകറ്റുന്നതോടൊപ്പം, ധാര്‍മ്മിക അധ:പതനത്തിലേക്കും, ദൈവവും സഹോദരങ്ങളുമായുള്ള ബന്ധങ്ങളുടെ തകര്‍ച്ചയിലേക്കും കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണത്തിലേക്കും നയിക്കുന്നു. മുല്യശോഷണത്തിനും വിശ്വാസ തകര്‍ച്ചയ്‌ക്കും കാരണമാക്കുന്നു. ആധുനിക ലോകത്ത്‌ കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച്‌ സഭ തികച്ചും ബോധവതിയാണ്‌ എന്നതിന്റെ വ്യക്തമായ അടയാളമാണ്‌ `സുവിശേഷവത്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ കടുംബങ്ങള്‍ നേരിടുന്ന അജപാലനപരമായ വെല്ലുവിളികള്‍' എന്ന വിഷയത്തെക്കുറിച്ച്‌ പഠിക്കാനായി 2014 ഒക്‌ടോബര്‍ 5 മുതല്‍ 19 വരെ തീയതികളില്‍ റോമില്‍ വെച്ച്‌ നടന്ന മെത്രാന്മാരുടെ സിനഡ്‌. കുടുംബം നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍, കുടുംബങ്ങളുടെ അജപാലന ശുശ്രൂഷയ്‌ക്ക്‌ മുന്തിയ പരിഗണന നല്‍കുക എന്നത്‌ സഭയുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്‌. കുടുംബ ജീവിതത്തിന്റെ അജപാലന പരമായ ആവശ്യങ്ങള്‍ നിറവേറ്റുക എന്നത്‌ ഇടവക സമൂഹത്തിന്റെ മുഖ്യമായ കടമയാണ്‌. ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.