You are Here : Home / USA News

എസ്‌.എം.സി.സി സുവനീര്‍ പ്രകാശനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 17, 2014 02:21 hrs UTC


ഷിക്കാഗോ: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എം.എം.സി.സി) സുവനീര്‍, ഡിസംബര്‍ ആറിന്‌ ഷിക്കാഗോ കത്തീഡ്രല്‍ ഹാളില്‍ വെച്ച്‌ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രകാശനം ചെയ്‌തു.

എസ്‌.എം.സി.സി ദേശീയ പ്രസിഡന്റ്‌ സിറിയക്‌ കുര്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, സഹായ മെത്രന്‍ മാര്‍ ജോയ്‌ ആലപ്പാട്ട്‌, ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി അരുണ്‍ ദാസ്‌, വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, ബോര്‍ഡ്‌ ചെയര്‍മാന്‍ മാത്യു തോയലില്‍, ട്രഷറര്‍ സിജില്‍ പാലയ്‌ക്കലോടി, എസ്‌.എം.സി.സി നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, വിവിധ ചാപ്‌റ്റര്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. എസ്‌.എം.സി.സി ഷിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസഫ്‌ തോട്ടുകണ്ടത്തില്‍ ചടങ്ങിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്‌തു.

അത്മായ പ്രേക്ഷിതത്വം സജീവമാക്കേണ്ടത്‌ സഭയുടെ വളര്‍ച്ചയ്‌ക്ക്‌ എത്രമാത്രം അനിവാര്യമാണെന്ന്‌ സുവനീര്‍ ഏറ്റുവാങ്ങിക്കൊണ്ട്‌ നടത്തിയ പ്രസംഗത്തില്‍ മാര്‍ അങ്ങാടിയത്ത്‌ ഊന്നിപ്പറഞ്ഞു. സഭയുടെ വളര്‍ച്ചയ്‌ക്ക്‌ എസ്‌.എം.സി.സിക്ക്‌ വലിയ ഉത്തരവാദിത്വങ്ങളാണ്‌ ഉള്ളതെന്ന്‌ തുടര്‍ന്ന്‌ സംസാരിച്ച മാര്‍ ജോയ്‌ ആലപ്പാട്ട്‌ ഓര്‍മ്മിപ്പിച്ചു. എസ്‌.എം.സി.സിക്കുവേണ്ടി ബോര്‍ഡ്‌ ചെയര്‍മാന്‍ മാത്യു തോയലില്‍ പിതാവ്‌ ജോയ്‌ ആലപ്പാട്ടിന്‌ പ്രശംസാഫലകം നല്‍കി ആദരിച്ചു.

തുടര്‍ന്ന്‌ ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കപ്പറമ്പില്‍, എസ്‌.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു. ബോര്‍ഡ്‌ വൈസ്‌ ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ്‌ ചടങ്ങില്‍ എം.സിയായിരുന്നു. ട്രഷറര്‍ സിജില്‍ പാലയ്‌ക്കലോടിയുടെ നന്ദി പ്രമേയത്തോടെ രാവിലത്തെ സെഷന്‍ അവസാനിച്ചു.

ഉച്ചയ്‌ക്ക്‌ ലഞ്ചിനുശേഷം നടന്ന നാഷണല്‍ ഗവേണിംഗ്‌ കൗണ്‍സില്‍ മീറ്റിംഗിന്‌ പ്രസിഡന്റ്‌ സിറിയക്‌ കുര്യന്‍ അധ്യക്ഷതവഹിച്ചു. എസ്‌.എം.സി.സിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തു. സേവനാധിഷ്‌ഠിത നേതൃത്വം എന്ന വിഷയത്തെ ആസ്‌പദമാക്കി എസ്‌.എം.സി.സി ഡയറക്‌ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ തുടര്‍ന്ന്‌ ക്ലാസെടുത്തു. കാലത്തിനനുസൃതമായ ക്രാന്തദര്‍ശിത്വമുള്ള ആശയങ്ങള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവണമെന്നും, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ച സ്‌നേഹത്തിന്റെ സംസ്‌കാരം (Civilization of Love) സഭയില്‍ ശക്തമാകാന്‍ ലക്ഷ്യമിട്ടുള്ളതാവണം നമ്മുടെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന്‌ ജനറല്‍ സെക്രട്ടറി അരുണ്‍ ദാസ്‌ 2013-ലെ ഗവേണിംഗ്‌ കൗണ്‍സില്‍ മീറ്റിംഗിന്റെ മിനിറ്റ്‌സും, 2014-ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അതിനുശേഷം 2013-ലെ കണക്കുകള്‍ മുന്‍ ട്രഷറര്‍ ഏലിക്കുട്ടി ഫ്രാന്‍സീസും, 2014-ലെ കണക്കുകള്‍ സിജില്‍ പാലയ്‌ക്കലോടിയും അവതരിപ്പിച്ചു.

അരുണ്‍ ദാസിന്റെ നേതൃത്വത്തില്‍ വിവിധ ചാപ്‌റ്റര്‍ പ്രതിനിധികളുമായുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനം തുടര്‍ന്ന്‌ നടക്കുകയുണ്ടായി. ഗവേണിംഗ്‌ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ജോര്‍ജുകുട്ടി പുല്ലാപ്പള്ളി നന്ദി പറഞ്ഞു. എസ്‌.എം.സി.സിയുടെ യോഗം വിജയകരമായി നടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഷിക്കാഗോ എസ്‌.എം.സി.സി ഭാരവാഹികളായ കുര്യാക്കോസ്‌ തുണ്ടിപ്പറമ്പില്‍, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോസഫ്‌ തോട്ടുകണ്ടത്തില്‍, ആന്റോ കവലയ്‌ക്കല്‍ എന്നിവര്‍ക്ക്‌ എസ്‌.എം.സി.സി ദേശീയ നേതൃത്വം നന്ദി അറിയിച്ചു. എസ്‌.എം.സി.സി ഷിക്കാഗോ ചാപ്‌റ്ററിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ചടങ്ങില്‍ ഡോ. സാല്‍ബി പോള്‍ അവതരിപ്പിച്ചു. എസ്‌.എം.സി.സി പി.ആര്‍.ഒ ജയിംസ്‌ കുരീക്കാട്ടില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.